ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

ഒരുവട്ടം കൂടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഒരുവട്ടം കൂടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഭൂതകാല ചിത്രങ്ങള്‍











" പൊട്ടി വിരിയുന്നു  വീണ്ടും 
പൂനിലാവും മാമ്പൂക്കളും
കെട്ടിപിടിച്ചുമ്മവെക്കും ആതിര രാത്രി -
നുകവും കലപ്പകളും വിശ്രമിച്ചു
പാടങ്ങളില്‍ മകരപ്പോന്‍ വിള
മഞ്ഞ പട്ടു വിരിച്ചു..."
( ആതിര നിലാവ് - പി . കുഞ്ഞിരാമന്‍ നായര്‍ )

പെയ്തു തീരാത്ത മഴക്കാലം എനിക്ക് ഓര്‍മ്മകളുടെ ഒരു പെരുമഴ ക്കാലമാണ് ..
ഓരോ മഴത്തുള്ളിയും നനഞ്ഞു ഇറങ്ങുന്നത് സ്വപ്നങ്ങളുടെ ചൂടുപറ്റി കിടക്കുന്ന ബാല്യ കാലങ്ങളിലേക്കാന് ..
മണ്ണിന്റെ മണമുള്ള കഴിഞ്ഞ കാലങ്ങളിലേക്ക് നമുക്ക് തിരിച്ചു നടക്കാം..
വയലുകളിലേക്ക്... മലമുകളിലേക്ക്.. കാക്ക പൂവും അരി പൂവും കൈത കാടുകളും തേടി ...
പതുക്കെ.. പതുക്കെ.. അങ്ങനെ.. അങ്ങനെ..

ഒന്ന് : നടവഴി
നീണ്ടുകിടക്കുന്ന ചെമ്മണ്‍  വഴികള്‍ ..
കാട്ടു പൊന്തയും വേലി പച്ചയും അതിരുകള്‍ തീര്‍ത്ത വീട്ടിലേക്കുള്ള വഴി.. ഈ നടവഴികളും പച്ചപ്പും ഓര്‍മ്മകളില ആദ്യ ചിത്രം.. വസന്ത കാലം വെളിചെടികളിലും തൊടിയിലും മുറ്റത്തും പൂക്കള്‍ വിരിയിച്ചപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് പൂക്കളുടെ നിറമായിരുന്നു .. നീണ്ടു കിടക്കുന്ന പാടങ്ങളുടെ പച്ചപ്പുകല്‍ക്കിടയിലൂടെ നടവരമ്പ്. പെയ്തിറങ്ങുന്ന മഴയത് ഈ നടവഴികളിലൂടെ നടന്നും ഓടിയും കിതച്ചും സ്കൂളില്‍ നിന്നു വീട്ടിലേക്ക് .. ഇന്നും എന്റെ മുറിയുടെ ജാലകം തുറക്കുന്നത് ഈ നടവഴികളിലെക്കാന്. രാത്രി മിന്നി തിളങ്ങുന്ന മിന്നാമിനുങ്ങിനെ പിടിക്കുന്നതും മങ്ങിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അച്ഛന്‍ നടന്നു വരുന്നതും ഈ വഴിയിലൂടെ ആയിരുന്നു..

രണ്ടു : കടലാസ് തോണി 
മഴ പെയ്ത വഴികളിലൂടെ ഒരു പുഴ ഒഴുകുമ്പോള്‍ ആ പുഴയിലേക്ക് പുതുമണം ഉള്ള  പുസ്തകത്തിന്റെ കടലാസ് കീറി തോണി ഉണ്ടാക്കി ഒഴുക്കുംപോള്‍ ഒരു കടലോളം സ്വപ്നവും ഒരു കപ്പലോളം ആഗ്രഹവും ഉണ്ടായിരുന്നു.. ഇപ്പോള്‍ ഒരു സങ്കട പെരുംകടളിലെക്ക് തോണി ഇറക്കി കളിക്കാമല്ലോ ...

മൂന്നു : ചൂണ്ട
മഴ ഒഴുക്കില്‍ ചൂണ്ടയില്‍ ഇര കോര്‍ത്ത്‌ കൈത ചെടിയുടെ മറ പറ്റി മാലാനും മുഷിയും പിടിക്കുന്നവര്‍ .. മഴ പെയ്യുമ്പോള്‍ കാട്ടുചേമ്പില തലയില്‍ കമഴ്ത്തി , മണ്ണിരയുടെ പാല പാത്രം കൈകൊണ്ടു അടച്ചു പിടിച്ചു കാത്തിരിക്കും.. ചൂണ്ടാലനങ്ങുംപോള്‍ ആവേശത്തോടെ വലിക്കും .. ഒരു ഞണ്ട്.. അല്ലെങ്കില്‍ ഒരു പഴയ ചെരുപ്പ്.. പിന്നെ തോട്ടിലേക്ക് മുങ്ങാന്‍ കുഴി ഇടും..

നാല് : മരപ്പാലം
ഇപ്പൊഴു ഓര്‍മയില്‍ ആ പഴയ മരപ്പാലം തങ്ങി നില്‍ക്കുന്നു . മഴയും വെയിലും കൊണ്ട്  പഴകിയ മര പലകകള്‍ അടര്‍ന്ന ആ പാലത്തിലൂടെ ഏറെ ഞാന്‍ സഞ്ചരിചിട്ടില്ലെങ്കിലും നടന്നു പോയ ദിവസങ്ങള്‍ , അത് എന്റെ ഓര്മ ചിത്രങ്ങളില്‍ ചിതലെടുക്കാതെ നിലനില്‍ക്കും.. ഇളകിയ മരപലകകള്‍ക്ക് താഴെ ചിലപ്പോള്‍ കലങ്ങി മറിഞ്ഞു ഒഴുകുന്ന തോട് കാണാം . ചിലപ്പോള്‍ ശാന്ത മായ തെളിനീരും പരല്‍മീനുകളും.. പാലം മുട്ടെ വെള്ളം കയറുമ്പോള്‍ അമ്മ പറയും " ഇതുപോലൊരു മഴ കിട്ടില്ല.. "

അഞ്ചു : മയില്‍പീലി
നീ തന്ന പഴയ പുസ്തകം, എന്റെ മയില്‍പ്പീലികള്‍ പെറ്റുപെരുകാന്‍ ഒരിടം. നീലയും പച്ചയും കണ്ണുകളുള്ള മയില്‍ പീലിയുടെ സുതാര്യതയില്‍ ഒരുപാട് ഭൂതകാല ചിത്രങ്ങള്‍ ഞാന്‍ കാണുന്നു. നിറ തെറ്റിയ അക്ഷരങ്ങള്‍ വരച്ചു ചേര്‍ത്ത അക്ഷര താളുകള്‍ക്കിടയില്‍ സൂക്ഷിച്ച സൌഹൃദ സമ്മാനം പോലെ ഒരു മയില്‍ പീലി. ഞാന്‍ ആഗ്രഹിക്കുന്നു.. അടുത്ത ജന്മത്തില്‍ ഒരു മയില്‍ പീലി ആയിരുന്നെന്കിലെന്നു...

- കവിത പടിയൂര്‍ ( കണ്ണൂര്‍ )

2010, ഡിസംബർ 29, ബുധനാഴ്‌ച

ഗള്‍ഫില്‍ നിന്നും ഉമ്മക്ക് എഴുതിയ ആദ്യ കത്ത് ...


19/01/1987 
അല്‍ ബഹ .

        ഒബില്ലാഹി  തൌഫീക്ക്
                    
എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉമ്മയും  ശേഷം പുരയില്‍  എല്ലാവരും വായിക്കുവാന്‍ വേണ്ടി മകന്‍ എഴുത്ത് എന്തെന്നാല്‍ ഞാന്‍ പതിനാറാം തിയതി രാവിലെ ഇവിടത്തെ സമയം പത്തു മണിക്ക് സുഖമായി  എത്തി .

കത്ത് എഴുതാന്‍ താമസിച്ചതില്‍ വെസനമുണ്ട്  ഇവിടെ ഞാന്‍ ഒരു ഓഫീസിലാന്നുള്ളത്    എന്‍റെ അറബി വന്നിട്ടില്ല  അയാള്‍ വന്നാല്‍ പണിയെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോക്കും എന്ന് ഇവിടെ ഉള്ളവര്‍ പറഞ്ഞു . ഓഫീസില്‍ പണിയെടുക്കുന്ന ഒരു തമിഴന്‍ ഉണ്ട്  അവന്‍റെ കൂടെ ആണ് ഇന്നലെയും മേനിഞാന്നും കയിച്ചുകൂട്ടിയത് ഭക്ഷണം ഒക്കെ ഇവിടെന്നു കിട്ടുന്നുണ്ട്‌ .
തമിഴന്‍റെ കയ്യില്‍ എന്‍റെ അടുത്ത് ബാക്കി ഉണ്ടായിരുന്ന പൈസ കൊടുത്തു അവനത്  റിയാലക്കി തന്നു. അതുകൊണ്ടാന്നു    കത്ത് എഴുതാന്‍ കടലാസും കവറും  മേടിച്ചത് . ഈ കൂട്ടത്തില്‍ തന്നെ  ഉപ്പക്കും  എന്‍റെ ചങ്ങായിമാര്‍ക്കും   കത്തുകള്‍ എഴുതുന്നുണ്ട് .



പിന്നെ ഫോണ്‍ ചെയ്യാന്‍  തൊനെ  പൈസവേണ്ടി വരും  ആയതിനാല്‍ ഞാന്‍ പണി എടുക്കുന്ന സ്ഥലത്ത് എത്തിട്ടു ബീവി അമ്മായിന്‍റെ  അവിടേക്ക്
വിളിക്കുന്നതാണ്.  അമ്മായിന്‍റെ  അവിടത്തെ നമ്പര്‍ എന്‍റെ അടുത്തുണ്ട് .
പിന്നെ ഉമ്മച്ചിയെ, ഇബടെ ഭയങ്കര തണുപ്പാണ്.. ഐസ് മഴ പെയ്യുന്നു..!! പുറത്തേക്ക്‌ നോക്കിടൊന്നും കാണുന്നില്ലിയാ  ആകെ മഞ്ഞു മൂടികിടക്കുന്നു. ഞാന്‍ ഈ കത്ത് എഴുതുന്നത്‌ ഓഫിസിലെ ഒരു ഹീറ്റെര്‍ന്‍റെ  മുന്‍പില്‍  ഇരുന്നാണ് .

പിന്നെ റിയാദ് വരെ ബിമാനത്തില്‍ നല്ല രസമായ്യിരുന്നു നരികുനി ഉള്ള ഒരു ഇകാക്കയും കുടുംബവും ഇണ്ടായിരുന്നു അവര്‍ എന്നേ നല്ലോണം സഹായിച്ചു അവര്‍  ഒരു ഹിന്ദിക്കാരനെ പരിജയപെടുത്തി തന്നു മുപ്പര് എന്നേ അല്‍ ബഹയിലേക്ക് ബിമാനം കേറുന്ന സ്ഥലത്ത് ആക്കി തന്നു .എയര്‍പോര്‍ട്ടില്‍ കുറച്ചു ബുദ്ധിമുട്ടായി കാരണം ബിമാനം ആറ് മണികൂര്‍ കയിഞ്ഞാണ് എന്ന്‌ പറഞ്ഞിരുന്നു പിറ്റേന്നു  പുലര്‍ചക്കാണ് അവിടെന്നു പുറപ്പെട്ടത്‌  മാത്രവുമല്ല അവര്‍ എന്‍റെ പേര് ബിളിക്കുന്നത്‌ തലകുത്തനെയായ്യിരുന്നു . അങ്ങിനെ കുറച്ചു സുയ്പ്പായി.

പിന്നെ ഉപ്പച്ചി ബോംബയില്‍ ഞാന്‍ താമസിച്ച  ലോഡ്ജിലേക്ക് കുറെ പ്രാവശ്യം ഫോണ്‍ ചെയ്തിരുന്നു നാട്ടിലേക്ക് തന്നെ മടങ്ങാന്‍ പറഞ്ഞു. കോയട്ടിക്കനോട് ഇപ്പച്ചി സംസാരിച്ചു  പിന്നെ വയക്കൊന്നും പറഞ്ഞില്ല . മുവായിരം ഉറുപ്പിക കോയട്ടിക്കന്‍റെ  പേരില്‍  പെട്ടന്ന് കിട്ടുന്ന വിതത്തില്‍ അയച്ചു തന്നിരുന്നു . അതുകൊണ്ട് ഞാനും കോയട്ടിക്കയും ബോംബായി മൊത്തം കറങ്ങി കണ്ടു  ഹാജി അലിപള്ളി കടലിന്‍റെ ഉള്ളിലാ അവിടെയും ഞങ്ങള്‍ പോയിരുന്നു . ബോംബയിലെ  സ്ഥലങ്ങള്‍ എന്ത് രസമാ കാണാന്‍ . ബലിയ ബലിയ കെട്ടിടങ്ങള്‍ എന്ത് ബലിയ റോഡ്കള്‍ ഹ ഭയങ്കര രസമായിരുന്നു .

പിന്നെ എന്‍റെ രണ്ടു പിടികയിലും  ഇടക്ക് ഇടക്ക് പോയിനോക്കാന്‍ അബൂബകര്‍ കോയനോട് പറയണം ട്ടോ .പിന്നെ എന്‍റെ മേശന്‍റെയും,  അലമാരയുടെയും  താക്കോല്‍  നടോകത്തു റെക്കിന്‍റെ മുകളില്‍  ഉണ്ട്.  അത് പോരുമ്പോ ഉമ്മചിക്ക് തെരാന്‍ നോക്കിയപ്പോള്‍ ഉമ്മച്ചി ഉശാര്‍ത്തു ഇല്ലാതെ കിടക്കയിരുന്നു   താക്കോല്‍ ഉമ്മച്ചി എടുത്തു വെക്കണട്ടോ .പിന്നെ  കുഞാച്ചുഉമ്മനോടും  ഇഞാമ്മരോടും    മുത്താപ്പമാരോടും അമ്മയിമാരോട് എന്‍റെ എല്ലാ ചങ്ങായിമാരോടും എന്‍റെ സലാം പറയണം കുഞ്ഞാമുകാക്കനെ പ്രത്യേക്കം അന്വേസിച്ചതായി പറയണം ഇകക്ക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കരയുകയായിരുന്നു .



 പിന്നെ എന്നേ  അന്വേസിക്കുന്നവരോടൊക്കെ എന്‍റെ അന്വേസണം പറയാന്‍  മറക്കരുത് .
 എന്‍റെ മുഴലുകളെ നല്ലോണം നോക്കണം സൈക്കിള്‍ അറയിലേക്ക് എടുത്തു ബെക്കണം ട്ടോ .പിന്നെ ഈ കത്ത് ന്‍റെ അഡ്രസ്സില്‍ മറുപടി അയക്കണ്ട കാരണം അറബി വന്നാല്‍ എന്നെ ബേറെ സ്ഥലത്തേക്ക് കൊണ്ട് പോക്കും ആയതുകൊണ്ട് എന്‍റെ അടുത്ത കത്തിന്നു മറുപടി അയച്ചാല്‍ മതി .

ഖത്തര്‍ലേക്ക് ഫോണ്‍ ചെയ്യാന്‍ കുറച്ചു പൈസ മതിന്നാ തമിഴന്‍ പറഞ്ഞത് .എന്‍റെ കയ്യില്‍ ഇനിയും ഇന്ത്യന്‍ പൈസ ബാക്കി ഉണ്ട് അത് മാറിട്ടു ഞാന്‍ ഉപ്പച്ചിക്ക് ഫോണ്‍ ചെയ്യുന്നതാണ്‌ . പിന്നെ   മജിദ്‌ എളാപ്പക്കും  ബഷീര്‍ കാക്കക്കും വിളിച്ചിട്ടില്ല അവരൊക്കെ  ഇവിടെന്നു കൊറേ ദൂരെയാണ് .


ഉമ്മച്ചിയെ കത്ത് എഴുതിട്ടു കയ്യി കടയുന്നു വേറെ വിശേസങ്ങള്‍ ഒന്നുമില്ല . ഉമ്മചിക്കും കുഞ്ഞോക്കും ബാവക്കും ഓരോ ചൂടുള്ള മുത്തം നല്‍കികൊണ്ട്
നിര്‍ത്തുന്നു. !


എന്ന് സ്വന്തം മകന്‍  ഉമ്മര്‍ കോയ.    അസ്സലാമു അലൈക്കും !!!



2010, ഡിസംബർ 17, വെള്ളിയാഴ്‌ച

സസ്നേഹം കൂട്ടുകാരന്‍...

                                                                                            

  

 ഞാന്‍ നിന്റെ കൂട്ടുകാരന്‍ ..
നിലാവിനെ പ്രണയിച്ച,
കൂരിരുട്ടിന് കൂട്ടിരുന്ന,
പെരുമഴയില്‍
നിന്നോടൊപ്പം നനഞ്ഞ,
പുഴകളോടും
പൂക്കളോടും കിന്നാരം
പറഞ്ഞു നടന്ന നിന്റെ
 അതെ
കൂട്ടുകാരന്‍ ..
മാറ്റം ഇന്നെന്റെ
ശരീരത്തിന് മാത്രം..
മനസ്സിന് മാറ്റമില്ല..
ഓര്‍ക്കുന്നുണ്ടോ നീ?.
കാലുകീറിയ കറുത്ത

പാന്റിനുള്ളില്‍ വിയര്‍പ്പോട്ടിയ മുഷിഞ്ഞ കീശയില്‍ നിറച്ചു
ഞാന്‍ നിനക്ക് കൊണ്ട് തന്ന കടലപിണ്ണാക്ക് ഇടവഴിയിലും,കലശംകോണം പാലത്തിനടിയിലും,തൊട്ടടുത്ത
പാലമരച്ചോട്ടിലും ഒരുമിച്ചിരുന്നു പങ്കുവെച്ച് തിന്നത്..
അതിനെന്തു രുചിയായിരുന്നു അല്ലെ.!!
ഒരിക്കല്‍ നീ പറഞ്ഞു ഈ പാലമരത്തില്‍ യക്ഷിയുണ്ടെന്ന്..
അതോര്‍ത്തു ഞാനെത്ര രാത്രികളില്‍ യക്ഷികളെ സ്വപനം കണ്ടു
ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്..
പറണ്ടോടന്‍ ഉപ്പാപ്പയുടെ കാട്ടുവേലി കെട്ടിമറച്ച പറമ്പിനുള്ളിലെ
ചാമ്പക്കകള്‍ പഴുത്തുതുടുത്ത് നമ്മെ നോക്കി കൊതികാട്ടി
നിന്നപ്പോള്‍ പറിച്ചെടുത്തു നിനക്ക് മതിയാവോളം ഞാന്‍ തന്നതും,
ഉറുമ്പ്‌ കടിയേറ്റു പുളഞ്ഞ എന്റെ ദേഹത്ത് നീ കരണ്ടകംചിറയിലെ
തണുത്തവെള്ളം കോരി ഒഴിച്ചതും നീയിന്നും ഓര്‍ക്കുന്നുണ്ടോ?..
അപ്പോഴും,നീ ഒന്നുമാത്രം കാണാതെ പോയി..
ബട്ടന്‍സ് പൊട്ടിയ എന്റെ ആ കറുത്ത പാന്റ്സിനുള്ളില്‍
ചാക്കുനൂല്‍ കൊണ്ട് വരിഞ്ഞു കെട്ടിയ
വിശന്നോട്ടിയ എന്റെ വയറിനെ..
അതെ,നിന്നെ എനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നു..

എബനീസര്‍ അണ്ണന്റെ സൈക്കിള്‍ കടയില്‍ നിന്നും
മണിക്കൂറിനു രണ്ടുരൂപ വാടകയ്ക്ക് എടുത്ത അര സൈക്കളില്‍
ഞാനും,നീയും ചവിട്ടാന്‍ പഠിച്ചു..
പെരുമഴയത്ത് നിറഞ്ഞോഴുകുകയായിരുന്ന മുണ്ടണിതോട്ടില്‍
ഒരു ദിവസം നമ്മള്‍ രണ്ടാളും സൈക്കിളിനോടൊപ്പം വീണു..
എന്റെ നെറ്റി പൊട്ടി രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെങ്കിലും
ഇടങ്കൈ കൊണ്ട് അതു പൊത്തി പിടിച്ച് ആ കുത്തൊഴുക്കില്‍
ഞാനാദ്യം തിരഞ്ഞത് നിന്നെ ആയിരുന്നു..
ഭാഗ്യം,നിനക്കൊന്നും പറ്റിയില്ലല്ലോ..!

തിളക്കമുള്ള നിന്റെ കുപ്പായങ്ങളില്‍ തുന്നിച്ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍ കണ്ടു ഞാനും കൊതിച്ചിട്ടുണ്ട്..എനിക്കും
അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിലെന്ന്..അത് വെറും ആഗ്രഹം മാത്രമായിരുന്നു..
ഇന്ന് വിലകൂടിയ വസ്ത്രങ്ങള്‍ എന്റെ ശരീരത്തോട് ചേര്‍ന്ന്
കിടക്കുമ്പോഴും
അന്ന് നിനക്കുണ്ടായിരുന്ന ഭംഗി എനിക്ക് കിട്ടുന്നില്ല..
എന്റെ കണ്ണുകളില്‍ ഇന്നും നിന്റെ ആ രൂപമാണ്..

കളഞ്ഞുപോയ ഒറ്റരൂപ നാണയം തിരിച്ചുകിട്ടില്ലെന്നു
ഉറപ്പായപ്പോള്‍
നീ എനിക്ക് പകരം ഒരു ഒറ്റരൂപ നാണയംതന്നു..
അന്നെനിക്കത് വെറും ഒറ്റരൂപ ആയിരുന്നില്ല..
ഒരു ദിവസത്തെ അധ്വാനത്തിന്റെ വിലയായിരുന്നു.
ഇന്ന്,
ശീതീകരിച്ച മുറിക്കുള്ളിലിരുന്നു ഇരുപത്തിഅഞ്ചു രൂപയുടെ
ജ്യൂസ്‌ കുടിക്കുമ്പോഴും,
എമ്പത് രൂപയുടെ മട്ടന്‍ബിരിയാണി കഴിക്കുമ്പോഴും ഞാനത്
ഓര്‍ക്കാറുണ്ട്..
എങ്ങനെ ഓര്‍ക്കാതിരിക്കും..
വക്കുകള്‍ചപ്പിച്ചുനുങ്ങിയ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍
എന്റെ ഉമ്മ ഉച്ചക്ക് കഴിക്കാന്‍ തരുമായിരുന്ന റേഷനരിചോറും,
തേങ്ങാചമ്മന്തിയും നിനക്കും ഇഷ്ട്ടമായിരുന്നു..
എന്നും എന്റെ ചോറ്റുപാത്രത്തില്‍ അതുമാത്രമായിരുന്നു..
നിന്റെ പാത്രത്തിലെ പൊരിച്ചമീന്‍ കഷണങ്ങള്‍ക്ക്
ഞാനും പങ്കുകാരനായി..
ചില ദിവസങ്ങളില്‍ നീ അറിയാതെ ഞാന്‍ വിശപ്പിന്റെ
വിളി അറിഞ്ഞു..
ഇരുമ്പിന്റെ ചുവയുള്ള പൈപ്പ് വെള്ളം കുടിച്ച്ഞാനെത്രനാള്‍
വിശപ്പ്‌ അകറ്റിയിരിക്കുന്നു..

നാലാം ക്ലാസ്സിലെ സുന്ദരിപെണ്ണിനോട്
നിനക്ക് പ്രണയം തോന്നിയപ്പോഴും,
പരീക്ഷകളില്‍ വടിവൊത്ത
അക്ഷരങ്ങള്‍ പതിഞ്ഞ
എന്റെ ഉത്തരകടലാസ്സുകള്‍ പകര്‍ത്തി എഴുതാന്‍
നിനക്ക് നല്‍കിയപ്പോഴും,
നീയും എന്നെപ്പോലെ ഒന്നാമനയപ്പോഴും
അഭിമാനത്തോടെ കൂടെനിന്ന അതെ കൂട്ടുകാരന്‍...
ക്ലാസ്സില്‍ നീകാട്ടിയ കുറുമ്പ് ഞാന്‍
ഏറ്റുവാങ്ങിയപ്പോള്‍
ബാബു സര്‍ എന്റെ കുഞ്ഞു കൈവെള്ളയില്‍
പകര്‍ന്നു തന്ന
ചൂരല്‍പ്രയോഗം രക്തതുള്ളികളായി നിലത്തേക്ക്
അടര്‍ന്നു വീണപ്പോഴും കരയാതെ നിന്നെ
ഞാനെന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു..
അല്ല അതിനുള്ളിലെ ആര്‍ദ്രമായ
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...
കാരണം,നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍...
ഇന്നും ഞാന്‍ നിന്നെ എന്റെ
ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു...
മറക്കില്ല ഞാന്‍ ആ ബാല്യകാലം...
അങ്ങനെ മറക്കാനാകുമോ...?

-asim kottoor

2010, ഡിസംബർ 11, ശനിയാഴ്‌ച

ഓര്‍മകളില്‍ ഒരു അരയാലില.


ആ ഒരു ആലില എന്‍റെ ചുവന്ന കടലാസ്സ്‌ അട്ടിയുള്ള പുസ്തകത്തിന്‍റെ താളുകള്‍ക്കിടയില്‍ വച്ചത് നീയായിരുന്നോ...? സ്മരണകളുടെ ആ പുസ്തകം ഞാനിന്നു തുറന്നു. ഹൃദ്യമായ ഒരു സുഗന്ധം, ഇരുളും വെളിച്ചവും കൂടിക്കലര്‍ന്നു കിടക്കുന്ന പൂത്ത അശോകമരച്ചില്ലകള്‍ പടര്‍ന്നു കിടക്കുന്ന ഹിസ്റ്ററി വിഭാഗത്തില്‍ എന്‍റെ ക്ലാസ്സ്മുറിയില്‍ ഞാനറിയാതെ നീ വച്ച ആ തളിരില ഇന്ന് ഹരിതകം ചോര്‍ന്നു ഇളം മഞ്ഞ ഞരമ്പുകള്‍ മാത്രമുള്ള ഓര്‍മ്മകളുടെ ഫോസ്സില്‍ മാത്രമായി തീര്‍ന്നിരിക്കുന്നു എങ്കിലും സമരമരത്തിന്‍ കീഴില്‍, കരിയില ചിതറിക്കിടക്കുന്ന ലൈബ്രറി വരാന്തയില്‍, നിന്‍റെ ബോട്ടണി ക്ലാസ്സില്‍.... എവിടെയൊക്കെയോ നമ്മുടെ സൌഹ്രദത്തിന്റെ ,  തിരിച്ചുവരാത്ത ഒരു കാലത്തിന്റെ, നിറം മങ്ങിയ ഒരു കനവായി നമ്മുടെ കലാലയം വീണ്ടും ഓര്‍മകളെ തടുത്തുകൂട്ടുന്നു എന്‍റെ സുഹൃത്തേ ഇനി ഒരു പുനര്‍ജനി ഇവിടെ ഈ കലാലയത്തില്‍ നമുക്കൊരുമിച്ചു കിട്ടുമോ...?  


-മുരുകേഷ്
      
Related Posts Plugin for WordPress, Blogger...