ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012 സെപ്റ്റംബർ 1, ശനിയാഴ്‌ച

അമ്മയുടെ ഉദരത്തിലേക്ക് ഒരു മടക്കയാത്ര

ഇല്ലിക്കൽ കൊടുമുടിയിലേക്ക് പ്രകൃതി@കേരള പ്രവർത്തകർ നടത്തിയ ഒരു യാത്രയുടെ വിവരണം

ഇതൊരു സചിത്ര യാത്രാവിവരണമാണ്. ഇത്രയേറെ ചിത്രങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കുന്നതിനും വിവരണം നൽകുന്നതിനുമുള്ള സാങ്കേതിക തടസ്സങ്ങളാണ് പ്രകൃതി കേരളയുടെ ഫേസ് ബുക്ക് പേജിലേക്ക് ലിങ്ക് കൊടുക്കുന്നതിനുള്ള കാരണം. 

"കുടക്കല്ല് 1980-കളുടെ ഒടുവിൽ മാത്രം ഏതാനും ധൈര്യശാലികൾ കീഴടക്കിയെങ്കിലും ഇന്നും നിഗൂഡതകളൊളിപ്പിക്കുന്നു. ചെങ്കുത്തായ ഈ പാറക്കെട്ടിൽ സന്ധ്യ നിഴലിക്കുമ്പോൾ ആകാശമധ്യേ താപസപ്പക്ഷി ചിറകുവിടർതി നിശ്ചലമായി ധ്യാനത്തിലാണ്ട് നിൽകും"-

കൂടുതൽ ചിത്രങ്ങളും വിവരണങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പിന്തുടരുക

http://www.facebook.com/photo.php?fbid=355427521173207&set=a.355414661174493.76337.329769630405663&type=3&theater

2012 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

അനാമിക- നാളെ റിപ്പോർടർ ടി വിയിൽ




ഇന്ന് അഞ്ചരക്ക് റിപ്പോർടർ ടി വി-യിൽ അനാമിക- ദ് പ്രേ..? എന്ന നമ്മുടെ ലഖുചിത്രം പ്രദർശിപ്പിച്ചു. 



അനാമിക-ക്ക് ഗുരുവിന്റെ (ശ്രീ കമൽ സർ) വിലപ്പെട്ട വിമർശങ്ങളും അഭിനന്ദനങ്ങളും പെയ്തിറങ്ങിയത് ആത്മഹർഷത്തോടെ ടീം അനാമിക കണ്ടിരുന്നു. ഇത്രമാത്രം വിലയേറിയ ഒരു നിരൂപണം ഈ കൊച്ച് ചിത്രത്തിനു ലഭിച്ചത് തന്നെയാണ് അനാമികക്കുള്ള അംഗീകാ‍രം.


 ഞങ്ങൾ കൃതാർത്ഥരാണ്. ശ്രീ സിദ്ധാർത്ഥ് ഭരതന്റെ വിഷയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള നിരീക്ഷണങ്ങളും,അഭിപ്രായങ്ങളും എല്ലാം അനാമിക എന്ന ലഖുചിത്രത്തിനുള്ള അംഗീകാരം മാത്രമല്ല അനാമിക നേരിട്ട വിഷയങ്ങളോടൂം ചിത്രീകരിക്കാൻ ശ്രമിച്ച പ്രശ്നങ്ങളോടുമുള്ള ക്രിയാതമകമായ ഇടപെടലായി കാണാനും ഞങ്ങൾ താല്പര്യപ്പെടൂന്നു. നന്ദിയുണ്ട് റിപ്പോർട്ടർ ചാനലിനോടൂം അതിന്റെ ഭാരവാഹികളോടൂം എല്ലാം. കാരണം ലഖുചിത്രങ്ങളെ ഇത്രമാത്രം പ്രാധാന്യത്തോടെ നോക്കിക്കാണുവാനും വിലയിരുത്തുവാനും ഒരു വേദി മലയാള ടെലിവിഷൻ രംഗത്ത് ഇത് ഇദം പ്രധമം. നന്ദി. 



“അനാമിക” - ഇന്ന് റിപ്പോർട്ടർ ടി വിയിൽ കണ്ട എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും റിപ്പോർടർ ഫേസ്ബുക് പേജിൽ അനാമികയുടെ പോസ്റ്ററിനു താഴെ രേഖപ്പെടുത്തുമല്ലോ.  ചിത്രം ഇന്ന് കാണാൻ സാധിക്കാതിരുന്നവർ നാളെ രാവിലെ 9.25 മുതൽ കമൽ സാറിന്റെ വിലയിരുത്തലും ശ്രീ സിദ്ധാർത്ഥ് ഭരതൻ ടീം അനാമികയുമായി നടത്തിയ അഭിമുഖത്തോടുമൊപ്പം ചിത്രം പ്രദർശിപ്പിക്കുന്നത് കാണുക. റിപ്പോർടറിൽ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും പങ്കുവയ്കുക താഴെ കൊടുക്കുന്ന ലിങ്കിൽ




എല്ലാ കൂട്ടൂകാരോടും ഒരിക്കൽ കൂടി.. നന്ദി. 







ടീം അനാമിക

2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച

അനാമിക-ദ പ്രേ..?

മൈമഹാരാജാസ് ഡോട്കോം പ്രവർത്തകരുടെ പുതിയ ഒരു ഉദ്യമം പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ. നമ്മുടെ പ്രവർത്തകരായായ ഡോക്ടർ സിജു വിജയൻ, റെനീഷ് പി എൻ, ശ്രീജ രാമചന്ദ്രൻ, ജീയോ ക്രിസ്റ്റി ഈപ്പൻ എന്നിവർ ചേർന്ന് ഒരു ലഖുചലചിത്രം ഇന്ത്യൻ സമൂഹത്തിനുമുന്നിലെത്തിക്കുകയാണിവിടെ. ബ്ലോഗ് സോഷ്യൽ നെറ്റ്വർക്കിങ് സൌഹൃദങ്ങളെ ക്രീയാത്മകമായി സമൂഹ നന്മക്കായി ഉപയോഗിക്കുകയായിരുന്നു ഞങ്ങൾ.


 ഈ ബ്ലോഗിലൂടെ തുടങ്ങിയ ഓൺലൈൻ സൌഹൃദം ഓർക്കുട് ഫേസ്ബുക്ക് വഴി വളർന്ന് റിപ്പോർടർ ചാനലിന്റെ സ്റ്റൂഡിയോ ഫ്ലോറിലേക്ക് എത്തിനിൽകുമ്പോൾ ആ കൂട്ടൂകെട്ടിന് ഒരു സിനിമയുടെ ചന്തവും ഗരിമയും ഉണ്ട്. സിനിമ ഉൾപ്പെടെ ആകാശത്തിനു കീഴിലും മേലെയും എല്ലാത്തിനെയും ചർച ചെയ്ത് സമയം കൊല്ലാൻ മാത്രമല്ല ഈ നാൽവർ സംഘത്തിന് തോന്നിയത്. അതിനെ ഒരു സിനിമക്കഥക്ക് സമം അവിശ്വസനീയമായ ഒരു അനുഭവത്തിലേക്ക് എത്തിക്കാനായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഈ നാല് പേർ കേരളത്തിലെ നാല് വ്യത്യസ്ത ജില്ലക്കാരാണ്.  ഒരാൾ ഡോക്ടർ, ഒരാൾ സർക്കാർ സ്കൂൾ അദ്ധ്യാപിക,  മറ്റൊരാൾ എം എൻ സി ജീവനക്കാരൻ, ഒരാൾ കേന്ദ്രസർക്കാർ തൊഴിലാളി. ശാരീരികമായ പ്രയാസങ്ങളോ കാലമോ ദൂരമോ ഇവരെ തെല്ലും ബാധിക്കാറില്ല. സൌഹൃദത്തെയും അതിൽനിന്നുണ്ടാകുന്ന കൂട്ടായ പ്രവർത്തനത്തെയും. 

പറഞ്ഞുവന്നത് പടം പിടിത്തത്തെ പറ്റി. അതെ ഈ നാൽവർ സംഘം ഒരു പടം പിടിച്ചു. ഒരു പാതിരാത്രി റെനിയുടെ കോൾ ഡോക്ടർ സിജുവിന് എത്തുന്നു. “ദേ.റിപ്പോർട്ടർ ചാനൽ ‘സർഗവസന്തം’ എന്ന പേരിൽ ഷോർട് ഫിലിൽ ഫെസ്റ്റ് നടത്തുന്നു. നാളെ സിനോപ്സിസ് അയക്കണം. ലാസ്റ്റ് ഡേറ്റ് ആണെ.” എന്ന്. ഡോക്ടർ സിജു കേട്ട പാതി കേൾക്കാത്ത പാതി കൃസ്റ്റിക്ക് കൊടുക്കുന്നു ഒരു കോൾ. ശ്രീജയുമായ് ചേർന്ന് രൂപപ്പെടുത്തിയ ഒരു ത്രെഡ് മനസ്സിലിട്ട് പോളിഷ് ചെയ്യുന്ന ക്രീസ്റ്റി  ഡോക്ടർ സിജുവിന് കഥ പറഞ്ഞ് കൊടുക്കുന്നു. അല്പസമയത്തിനുള്ളിൽ റെനിയുടെ കോൾ ക്രിസ്റ്റിക്ക്. അങ്ങനെ കഥ റെഡി. പിറ്റേന്ന് ഉച്ചക്ക് മുൻപ് സിനോപ്സിസ് റിപ്പോർടറുടെ മെയ്ല്ബോക്സിലേക്ക്. കൃത്യം ഒരാഴ്ച. റിപ്പോറ്ടറിൽ നിന്ന് ഒരു കോൾ. നാൽവർ സംഘത്തിന്റെ കഥ “മികച്ച 25 സിനോപ്സിസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു” എന്ന്.ചിത്രത്തിന്റെ പേര്..Anamika-The Prey..?






ഒരാഴ്ചക്ക് ശേഷം റിപ്പോർടറിൽ നിന്ന് ആദ്യ ഫോൺ കോൾ. “അനാമിക” മികച്ച 25 സിനോപ്സിസുകളിൽ ഇടം പിടിച്ചിരിക്കുന്നു എന്ന്. ടീമംഗങ്ങൾ ജൂലൈ 10ന് റിപ്പോർടർ സ്റ്റൂഡിയോ ഫ്ലോർ കൊച്ചിയിൽ നടക്കുന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കണം എന്ന്. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. അങ്ങനെ ജൂലൈ പത്തിന് ഞങ്ങൾ റിപ്പോർട്ടറിൽ. ശ്രീ നികേഷ് കുമാറിന്റെ      സ്വതസിദ്ധമായ വാക്ചാതുരിയിൽ ഞങ്ങൾക്കുള്ള സന്ദേശം. തദ്ദേശ്ശീയ ചാനലുകളിൽ നിന്നും വ്യത്യസ്തമായി റിപ്പോർട്ടർ മുന്നിട്ടുവയ്ക്കുന്ന ആശയങ്ങൾ. വാർത്താ ചാനലുകളിൽ നിന്നും ഫിക്ഷൻ അകന്നുപോയത് എങ്ങിനെ എന്നതിനെ സംബന്ധിച്ച് ഒരു അവലോകനം. ഫിക്ഷൻ സമൂഹ നന്മക്ക് വേണ്ടി ഉപയുക്തമാക്കാൻ റിപ്പോർട്ടർ മുന്നിട്ടിറങ്ങുന്നുവെന്ന ആശാവഹമായ വിവരവും അദ്ദേഹം കൈമാറി. തുടർന്ന് ശ്രി കമൽ ചലചിത്രത്തിന്റെ മാസ്മരികതയിലേക്ക് കൂട്ടിക്കൊണ്ടുപോയ നാഴിക. ഞങ്ങളുൾപ്പെടെ 25 ടീമുകൾ ഇരു ചെവിയും കൂർപ്പിച്ചിരുന്ന നാഴിക. ചലചിത്രസംവിധാനം ബൃഹത്തെങ്കിലും അതിന്റെ ഒരംശം വസ്തുതകളും ടെക്നിക്കുകളും കൈമാറാൻ മലയാളത്തിന്റെ പ്രിയ സംവിധായകനായി. നന്ദി സർ. 

തുടർന്ന് മറ്റൊരു ഗുരു. ചലചിത്രമെഴുത്തിന്റെ കുറിപ്പടികളുമായി ശ്രീ ജോൺ പോൾ. എഴുത്തുപോലെ  സുന്ദരമായ അദ്ദേഹത്തിനെ സംസാരം. ഒരു കഥപറച്ചിൽ പോലെ മായികം. ഒരു ടെക്നിക്കൽ സെഷനെക്കാൾ ഒരു സത്സംഗം കേൾക്കുന്നതുപോലെയോ മുത്തശ്ശൻ കഥപറയുന്നതിന്റെ ഗൃഹാതുരത്വം പോലെയോ ഒക്കെ തോന്നി. എഴുത്തിന്റെ വഴികൾ, ഗുരു ചലചിത്രമെഴുത്തിലേക്കെത്തിയ കഥകൾ ഒക്കെ ഞങ്ങൾക്ക് അമൃതാവുകയായിരുന്നു. 
മറ്റൊരു ഗുരു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുത്രൻ ശ്രി ജെയിൻ ജോസഫ്. ഛായാഗ്രഹണത്തിന്റെ സൂത്രവിദ്യകളിലൂടെ ഞങ്ങളെ കൊണ്ടുപോയി. തുലോം പരിമിതമായ മുതൽ മുടക്കിൽ ഷോർട് ഫിലിൽ പിടിക്കാനിറങ്ങുന്ന ഞങ്ങൾക്ക് പ്രതിബന്ധങ്ങളും പരിമിതികളും മാത്രമാണുള്ളതെന്ന് മനസ്സിലാക്കിത്തന്നത് അദ്ദേഹം. പക്ഷെ ഈ പോരായ്മയിൽ നിന്നുകൊണ്ട് എങ്ങിനെ ഒരു മികച്ച ചിത്രമെടുക്കാം എന്ന് ഒരു മാന്ത്രികന്റെ മനസ്സോടെ അദ്ദേഹം ഓതിത്തന്നത് ഞങ്ങൾക്ക് വിലപ്പെട്ട പാഠം. 

സംവിധായകൻ ശ്രി പ്രമോദ് പയ്യന്നൂരിന്റെ സന്ദേശവും നിർദേശങ്ങളും ഏറ്റുവാങ്ങി ഞങ്ങൾ റിപ്പോർട്ടറിൽ നിന്നും മടങ്ങി. 

പിന്നീടാ‍ണ് പരീക്ഷണകാലം. ജൂലൈ 25 എന്ന ഡെഡ്ലൈനിൽ ചിത്രം പൂർത്തിയാക്കി ആവശ്യമായ സാങ്കേതിക പൂർണതകളോടെ സമർപ്പിക്കണം. അവസാന പത്തിലേക്കെത്താൻ.  അത്തം മുതൽ തിരുവോണം വരെയുള്ള ഓണം നാളുകളിൽ ടെലിക്കാസ്റ്റ് ചെയ്യും ഈ ചിത്രങ്ങൾ. പടം പിടിത്തം തുടങ്ങാൻ ഇനി എന്തൊക്കെ വേണം. സ്ക്രിപ്റ്റ്, കാസ്റ്റ്, ടെക്നികൽ സ്റ്റാഫ്, ക്യാമറ, കോസ്റ്റ്യൂംസ്,  പ്രോപർടീസ്, ലൈറ്റ്സ്, വാഹന സൌകര്യങ്ങൾ അങ്ങനെ എന്തെല്ലാം.. ഇതൊക്കെ വേണമെങ്കിൽ മൂലധനവും വേണമല്ലോ. അതെല്ലെ എല്ലാം. 

പക്ഷെ പിന്മാറൻ ഞങ്ങൾക്കായില്ല. നുള്ളിപ്പെറുക്കിയ 15,000 രൂപയുമായി പണി തുടങ്ങി. അവിടെ ദൈവം കൊണ്ടുത്തന്നു ഒരു പ്രൊഡ്യുസറെ. കണ്ണൂറ് എയിറോസിസ് കോളജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം. എയിറോസിസിലെ ചുണക്കുട്ടീകളെയും “അനാമിക”-യിൽ ഭാഗഭാക്കാക്കിക്കൊണ്ട് ജൂലൈ 21 ശനിയാഴ്ച ഞങ്ങൾ ഷൂട് തുടങ്ങി. രാത്രിയും പകലും. 22 ഞായറാഴ്ച രാത്രി കൊണ്ട് ഔട്ഡോർ തീർത്ത് 23 പുലർചെ 3 മണിക്ക് ഇൻഡോർ ഷൂട് ഫിനിഷ്ഡ്. പിറ്റേന്ന് എഡിറ്റിങ് ഫസ്റ്റ് കട്ട്. 25ൻ ഫൈനൽ എഡിറ്റ്, ബീ ജി മിസ്കിങ്. ഷൈൻ കൃഷ്ണ, കണ്ണൻ എന്നിവരുടെ ക്യാമറക്കണ്ണിലൂടെ “അനാമിക-ദ പ്രേ..?” എന്ന തിരക്കഥ ചലചിത്ര രൂപം പ്രാപിച്ചു. മുഖ്യ കഥാപാത്രമായ അനാമികക്കൊപ്പം. സംവിധായകന്മാർ കഥാപാത്രങ്ങളായി. അസി. ക്യാമറാമാൻ, അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്മാൻ, പ്രൊഡക്ഷൻ കണ്ട്രോളർതുടങ്ങിയവരും അഭിനേതാക്കളായി. യൂണിറ്റ് വാഹനങ്ങളായ ബൈക്കും, മാരുതി 800-ഉം, ഒരു ഓട്ടോറിക്ഷയും സ്ക്രീനിലെത്തി. കൂടാതെ മഹാരാജാസ്സിൽ നിന്ന് ശരവണനും (ബിനീഷ്), പോൾസനും, ലോകോളജിൽ നിന്ന് (മഹരാജാസ് പൂർവവിദ്യാർത്ഥി) ശരത്, എയിറോസിസിലെ വിദ്ധ്യാർത്ഥികൾ തുടങ്ങിയവരും ഉൾപ്പെടെ ഉള്ളവർ വേഷമിട്ട ചിത്രം, മറൈൻ ഡ്രൈവ്, കുണ്ടന്നൂർ, തമ്മനം, ലൂർദ് ഹോസ്പിറ്റൽ പരിസരം, ഹൈകോർട്, ഏറണാകുളം മാർകറ്റ്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചു. സ്വാഭാവിക ലൈറ്റും, സ്ട്രീറ്റ് ലൈറ്റും, നാചുറൽ ആമ്പിയൻസും പരമാവധി ഉപയോഗിച്ച് ചെയ്ത ചിത്രം ഒരു സ്പൈക്യാം വീഡിയോ സ്റ്റൈലിൽ പിന്തുടരുന്നതായി തോന്നും. പരിമിതികളിലൂടെ ഒരു ചിത്രം.

അങ്ങനെ “അനാമിക-ദ പ്രേ..?” ഇപ്പോൾ റിപ്പോറ്ടറിൽ. ചിത്രം മികച്ച പത്തിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചലചിത്രനിർമാണം ഇത്ര കുഴപ്പം പിടിച്ച പണിയാണോ..? എന്ന് ഈ ചെറിയ സെറ്റപ്പിൽ പോലും ശങ്കിച്ചവരും തിരിച്ചറിഞ്ഞവരും ഞങ്ങളിലുണ്ട്. അതിന്റെ വേദനയും നോവും അധ്വാനവും, വിയർപ്പും, വിശപ്പും, വിഷമതകളും അറിയുകയും ചെയ്തു. ചലചിത്രം ആസ്വദിക്കേണ്ടതെങ്ങിനെ എന്ന് മനസ്സിലാക്കാനും സാധിച്ചു എന്നത് വലിയ കാര്യം. ഇവിടെ പ്രിയ വായനക്കാരുടെ ആശീർവാദങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്കാവശ്യമാണ്. ഈ ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ ഏകദേശവിവരണം ഇതോടൊപ്പമുള്ള ട്രെയ്ലറിന്റെ യൂട്യൂബ് ലിങ്കിൽ ഉണ്ട്. കേരളത്തിൽ സമീപകാലത്ത് നടന്ന സ്ത്രീപീഠനങ്ങളും കൊലപാതകങ്ങളും പരാമർശിക്കുന്ന ചിത്രത്തിൽ ആ സ്ഥലങ്ങളിൽ, അതേ സമയത്ത് (നാളുകൾക്ക് ശേഷം) അതേ സാഹചര്യങ്ങൾ നേരിടാൻ എത്തുകയാണ് അനാമിക. റിപോർടറുടെ വിധിപ്രഖ്യാപനത്തിനു ശേഷം ചിത്രം ചാനലിലൂടെ നിങ്ങൾക്ക് മുന്നിലെത്തും എന്ന ശുഭപ്രതീക്ഷയോടെ..  


(കുറിപ്പ്: ഇതോടൊപ്പമുള്ള 3ഡി ട്രെയ്ലർ കാണാൻ റെഡ് സയാൻ 3ഡി കണ്ണടകൾ ഉപയോഗിക്കുക)


2012 ജൂലൈ 17, ചൊവ്വാഴ്ച

ഉപകാരസ്മരണ/റോബർട് ബ്രൂസ് ഇൻ 2012

ഉപദേശിച്ച് നന്നാക്കിയ ശിഷ്യൻ ആശാന്റെ പെങ്ങൾക്ക് കുട്ടിയുണ്ടാക്കാനിറങ്ങി
ജീവിതത്തോണി തുഴയാൻ പഠിപ്പിച്ചവന് ചങ്ങായി വക നിത്യേന ഉപദേശം
 പരീക്ഷ ജയിപ്പിക്കാൻ പെടാപ്പാട്പെട്ട മുൻബഞ്ചനെ പിൻ ബഞ്ച്കാരി കോമ്പസ്സിനു കുത്തി പട്ടിണിക്കോലത്തിൽ പടിപ്പുര മുട്ടീയവന് കൊടുത്ത ജോലി പിന്നെ ശമ്പളപ്പരാതിയായി തിരിച്ച് കൊത്തി
ഉടപ്പിറപ്പെന്ന് കരുതി കട്ടിലിൽ ഒപ്പമുറക്ക് വളർത്തിയവൾ പിറ്റേന്ന് ആരന്റെ കൂടെ അഴിഞ്ഞാടാൻ പുറപ്പെട്ട് പോയി
 ഇന്നലെ പത്തുറുപ്യടെ പച്ചച്ചോറ് പങ്കിട്ടവൻ ഇന്ന് പതിനായിരത്തിന് ശമ്പളക്കാരൻ
അവന് ഞാനിന്ന് മണ്ടൻ ജീവിക്കാനറിയാത്തവൻ
ആപത്തിലും ആകായ്കയിലും എനിക്ക് കൂട്ടാമാത്മസഹിക്കും ഞാനിന്ന് പോഴൻ, ഓട്ടക്കയ്യൻ.

ഞാനാരാണ് ഉവ്വേ...? നീ തന്നെ പറ..പടച്ചവനേ...
(നിങ്ങൾ എന്തു വിളിക്കും എന്നെ പൊന്നു ചങ്ങായീ..?)


റോബർട് ബ്രൂസ് ഇൻ 2012
പുറത്ത് ആരവമുണ്ട്, പടയോട്ടം നിലച്ചിട്ടേയില്ല, തലകൾ വെട്ടിയെടുക്കപ്പെടുകയും മുഖങ്ങൾ വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്നു. പടനായകർ പിന്നിൽ നിന്ന് പടനയിക്കുകയും കാലാൾ മുന്നണിപ്പോരാളികളായി മരിച്ച് വീഴുകയും ചെയ്യുന്നു. അവിടെ ഗ്രീഷ്മമെന്നോ ശിശിരമെന്നോ വ്യത്യാസമില്ല, പോരാട്ടത്തിനു ചൂടും ചൂരും എരിവും കൂടൂകതന്നെയായിരിക്കും. ഇത്രയേറെ തലകൾ വെട്ടിമാറ്റപ്പെട്ടുകൊണ്ടേയിരുന്നിട്ടൂം (കാലങ്ങളായി) കാലാളുകളുടെ എണ്ണം കുറയുന്നതേയില്ലല്ലോ..? പുതു തലമുറകൾ മൂപ്പെത്തുന്നതിനൊപ്പിച്ച് അവരിൽ നിന്നും പുതിയ പടയാളികളെ റിക്രൂട് ചെയ്യുന്നുണ്ടാവം സൈന്യങ്ങൾ. പക്ഷെ ഈ യുദ്ധം അവസാനിക്കുന്നതേയില്ലല്ലോ.? ആരും തോൽകുന്നതുമില്ല. ജയഭേരി അതിനാൽ തന്നെ താൽകാലികം.

ഇവിടെ ഈ ഗുഹക്കുള്ളിൽ ഞാനുണ്ട് ബ്രൂസ്. റോബർട് ബ്രൂസ്. എനിക്ക് ബുദ്ധിയുടെ വല നെയ്ത് കാണിക്കാൻ, പരിശ്രമപാഠം തരാൻ ഒരു ചിലന്തിയുമുണ്ട്. പ്രതീക്ഷകളും, പദ്ധ്ധതികളുമെല്ലാം ഈ ഇരുളിൽ എന്റെ തലക്കുള്ളിൽ മിന്നിമായുന്നുണ്ട്. സോഷ്യൽ നെറ്റ്വർക്കുകളിലെ അതീവ ഗുരുതരന്മാരായ പടനായകരുടെ ഉദ്ബോധനങ്ങൾ ചെവികളിൽ മുഴങ്ങുന്നുമുണ്ട്. പക്ഷെ ഈ ചിലന്തിക്ക് ഒരു കാര്യം എനിക്ക് പ്രഞ്ഞുതരാനാകുന്നില്ലല്ലോ. കഷ്ടം. ഞാൻ ഈ ഗുഹക്കുള്ളിലേക്ക് പാഞ്ഞുകയറുന്നതിനു മുന്നേ ഞാൻ ഒരു പടയാളിയായിരുന്നെന്ന് മാത്രം ഞാനോർക്കുന്നു. ഒരു പക്ഷേ പടനായകനായിരുന്നിരിക്കണം. എന്തിനായിരുന്ന് എന്റെ യുദ്ധം..? ആരോടായിരുന്നു ഞാൻ വാളെടുത്തത്..? ഞാൻ ഏത് പക്ഷത്തായിരുന്നു..? “ഇത്രയും” ഞാൻ മറന്നുപോയിരിക്കുന്നു. പുതിയ ഊർജവും, ആർജവവുമായി ഞാൻ ഈ ഗുഹവിട്ട് പുറത്തേക്കിറങ്ങിയേ പറ്റൂ. അവിടെ പുതിയ ഉണർവുമായി യുദ്ധം ചെയ്യുകയും വേണം. പക്ഷെ എനിക്ക് ആരുണ്ട് പറഞ്ഞു തരാൻ. ഞാൻ ഏത് പക്ഷത്തെന്ന്.? എന്നെ സ്വീകരിക്കാനെത്തുന്നത് ശത്രുവോ മിത്രമോ..? എന്നെ കാത്തിരിക്കുന്നത് പൂച്ചെണ്ടുകളോ ഇരുതല മൂർചയുള്ള വാളോ..?

ഈ ചിലന്തി ഒന്നും മിണ്ടുന്നില്ലല്ലോ..? അയ്യോ അത് വലകെട്ടൂകയായിരുന്നു എന്ന് ഞാൻ മറന്നു. എന്റെ ഹൃദയത്തിന്റെ ഭീത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വല. എന്റെ പ്രജ്ഞയിൽ നിന്ന് തൂങ്ങുന്ന ഒറ്റ നാരിൽ തൂങ്ങി ആടുകയാണാ ചിലന്തി.


2012 ജൂലൈ 6, വെള്ളിയാഴ്‌ച

പുതിയ ചുവടുവയ്പ്, പുതിയ തീരുമാനം , പുത്തനുണർവ്. പുതിയ ഡാമിനുള്ള അംഗീകാരം ഉന്നതാധികാര സമിതിയിൽ നിന്ന്

ഉന്നതാധികാര സമിതി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് അംഗീകരിച്ചിരിക്കുന്നു എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചത് എത്രമാത്രം സന്തോഷം ദശലക്ഷക്കണക്കിനു ഹൃദയങ്ങളിൽ കുളിർമഴയാകുന്നു. ഇനി കേന്ദ്ര സർക്കാരിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുകൂല തീരുമാനങ്ങളും ഉത്തരവുകളും നടപടികളുമാണ്. സംസ്ഥാന സർക്കാർ ഇനി കാലവിളംബം കൂടാതെ പ്രവർത്തികുകയും ചെയ്യണം. കക്ഷിഭേദമെന്യേ ഒരുമിച്ച് പ്രവർത്തിച്ച് ഉദാത്തമായ ഒരു പൊളിറ്റിക്കൽ മോഡൽ നാം കാണിച്ചു കൊടുക്കുക. ലോകം നമ്മെ മാതൃകയാക്കട്ടെ. ഇതിനു പ്രതികൂലമായി തമിഴ്നാടിലെ ചില തല്പരകക്ഷികൾ മറുവാദം ഉന്നയിക്കുന്നതിനും ഈ തീരുമാനത്തെ അട്ടിമറിക്കുകയും അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഒരു സ്റ്റേയോ മറിച്ചൊരുത്തരവോ നേടാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. അവിടെയും കർമകുശലതയും സംയോചിതമായ ഇടപെടലും നമുക്ക് മുന്തൂക്കം തരും. പ്രകൃതി ദുർബല പ്രദേശം എന്ന വാദം ഒരു ഇടങ്കോലാകാനുള്ള സാധ്യതയും നിലനിൽകുന്നു. “പ്രകൃതി സംരക്ഷണം“- എന്നതും “അനേക ലക്ഷം മനുഷ്യജീവനുമേൽ നിലനിൽകുന്ന ആപത്ത്” എന്ന വസ്തുതയും ഒരു തുലാസ്സിന്റെ ഇരു തട്ടൂകളിലും വച്ചാൽ അവിടെ “മുൻഗണന” മനുഷ്യ ജീവന്റെ മൂല്യം തന്നെ എന്ന തത്വം കണക്കിലെടുത്ത് വേണം നാം മുന്നോട്ട് നീങ്ങാൻ. ഏറ്റവും ബഹുമാന്യരായ പരിസ്ഥിതി വാദികളും ശാസ്ത്രകാരന്മാരും “പുതിയ ഡാം” എന്ന നിലനില്പ് സംബന്ധിയായ ആവശ്യത്തെ “യാതൊരു വിധത്തിലും” ഹനിക്കുന്നതായ പ്രസ്താവനകളോ നിർദേശങ്ങളോ വക്കാലത്തുകളോ നിർവഹിക്കാൻ ശ്രമിക്കാതിരിക്കുകയാണ് അഭികാമ്യം. 30 ലക്ഷം ജീവനുകൾ കേരളത്തിലും അത്രത്തോളം ജീവനുകൾ തമിഴ്നാട്ടിലും ഈ മുല്ലപ്പെരിയാർ ഡാമിൽ പുതിയ ഡാം എന്ന തീരുമാനത്തോട് അവരുടെ ജീവനും സ്വത്തും കൊണ്ട് കടപ്പെടുമ്പോൾ ഈ പുതിയ തീരുമാനം എത്രത്തോളം പ്രാധാന്യമുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇവിടെ നാം ഒരു സുപ്രധാന ചുവടുകൂടി മുന്നോട്ട് വച്ചിരിക്കുന്നു. വിശ്രമിക്കാറായില്ല. പ്രവർത്തനം തുടങ്ങുന്നതേയുള്ളു. എവേക് യുണൈറ്റ് ആന്റ് ആക്ട്. സേവ് മുല്ലപ്പെരിയാർ സേവ് അവർ ലൈവ്സ്

2012 മേയ് 28, തിങ്കളാഴ്‌ച

പിണറായി ഒട്ടൂം മോശമല്ല കേട്ടോ



അമ്മമ്മമ്മോ. കേരള രാഷ്ട്രീയ നഭോമണ്ഠലത്തിൽ വിളങ്ങി വിരാജിക്കുന്ന ‘പിണറായി’ എന്ന സ്ഥലനാമധേയത്തെ അത്യധികം ആശ്ചര്യത്തോടും അതിലേറെ അസ്സൂയ്യയ്യോടെയും നോക്കിക്കാണുന്നതിനിടയിൽ ‘ഇടുക്കി’ എന്നൊരു സ്ഥലനാമധേയം വെള്ളിടിപോലെ പത്ര, ചാനൽ മാധ്യമങ്ങളിൽ സവിശേഷമായൊരു ‘ഹും’-കാരത്തോടെ ഉയർന്നു വരുന്നത് സാമൂഹ്യൻ കണ്ടു. 

തലശ്ശേരിയിൽ കൊടുവള്ളിപ്പാലം കയറി വലത്തേക്ക് തിരിഞ്ഞ് സാക്ഷാൽ പിണറായിക്കുള്ള മാർഗമധ്യേ അതി വിശേഷമായ ‘കേരരസം’ (നീര, തെങ്ങിൻ കള്ള് എന്നൊക്കെ പര്യായം) കണ്ടൽക്കാടുകൾക്കിടയിലിരുന്ന പാനം ചെയ്യാവുന്ന ടോഡി ഷാപ്പ് ‘ കാളി’ എന്ന സ്ഥലത്തുണ്ടത്രെ. ഹൌ. അതിനു ശേഷമല്ലേ പിണറായി. ഉപ്പ് രസം കലർന്ന പുഴക്കാറ്റ് കള്ളിന്റെ പിടിത്തം അല്പം കൂട്ടുന്നതായും രേഖകളുണ്ട്. ഞണ്ട്, കരളു കറി, നാടൻ ബീഫ് ഒലത്തിയത്, അപ്പൊ പിടിച്ച ചെമ്മീൻ മുളകിട്ടത് പിന്നെ നമ്മുടെ സ്വന്തം കിഴങ്ങും എല്ല് കറിയും ഇത്യാതി സംഭവങ്ങൾ കാറ്റിന്റെ ഉപ്പ് രസവും ചേർത്ത് വിളമ്പിയങ്ങ് വച്ചാൽ സെക്കന്റ് വച്ച് ആവിയായി ഉദരാന്തർഭാഗത്തേക്ക് നീങ്ങുകയും അവിടെ സായുധ കലാപവും നാടൻ ബോംബേറും ഒക്കെയായി ഫാഷിസപ്രത്യയ ദഹനപ്രക്രിയ ആരംഭിക്കും. കാളിക്ക് കിഴക്ക് മാറി വടക്കുമ്പാട്ടേക്ക് ചെന്നാൽ അപ്പൊച്ചെത്തിയിറക്കിയ നാടൻ തെങ്ങിൻ രസം മോന്തിയാൽ തനി മാവോയിസ്റ്റ് രീതിയിലാണ് തലക്കകത്ത് അക്രമണം നടക്കുക. എല്ലാം പിണറായിയുടെ സ്വന്തം തത്വസംഹിതക്ക് ചേരുമ്പടിയാണത്രെ.

 ഈ വിപ്ലവങ്ങൾക്ക് കയറിൽ തൂങ്ങിയ മറ്റൊരു സംഘശക്തി കൂടി സീസണലായി അകമ്പടി സേവിക്കാറുണ്ട്. കല്ലുമ്മേക്കായ. ജലോപരിതലത്തിലും അടിത്തട്ടീലുമല്ലാതെ (പാർശ്വവൽകരിക്കപ്പെട്ടവരല്ല) ഏതാണ്ട് മധ്യേ കയറിൽ തൂങ്ങി വിപ്ലവത്തിലേർപ്പെടുന്ന ഇവർക്ക് തൊലിക്കട്ടി കൂടുതലാണേങ്കിലും തൂക്ക് മന്ത്രിസഭയിൽ നിന്ന് വേർപെട്ട് ചൂടുവെള്ളത്തിൽ വീഴുമ്പോൾ വാപൊളിയുകയും ഉള്ളിലുള്ളവൻ നല്ല രുചികരമായ തൊട്ട് കൂട്ടാനവുകയും ചെയ്യും. നല്ലത്. അതീവ ആസ്വാദ്യകരമായ അച്യുവിസ്റ്റ്  രുചി. 

ഇത്തരത്തിലെല്ലാം വിപ്ലവാത്മകമായ ‘പിണറായി’ മോശമാകുമോ കൊച്ചാട്ടാ.? 

പക്ഷെ ഇന്നലെ രാത്രി സംഭവം മാറി മറിഞ്ഞ്. ടോട്ടൽ അലമ്പായി. 
പതിനൊന്നിന്റെ വണ്ടിക്ക് ഇടുക്കിയിൽ നിന്ന് നേരെ കണ്ണൂരേക്ക് വച്ച് പിടിച്ച സാമൂഹ്യന്റെ വയറ്റിൽ  മ്മടെ കോയിക്കോട് കയിഞ്ഞ പാടെ തീ പാറാൻ തൊടങ്ങിറ്റു. കൊയിലാണ്ടിയും കൊല്ലവും പയ്യോളിയും പിന്നിട്ട് വണ്ടി വടകരയെത്തീതും വയറ് പൊളിയുന്ന വേദന. മൂത്രശങ്കയോ മലങ്കുറവന്റെ വിളിയോ ഒന്നുമല്ലപ്പാ കാര്യം. ഉള്ളിന്റെ ഉള്ളിലൊരു റെഫേർഡ് പെയ്ൻ. ഇടക്കെവിടോ ഒരു ബോർഡ് കണ്ടു ‘ഒർക്കാട്ടേരി’. അമ്മേ വേദന പാഞ്ഞ് കയറി ഇടനെഞ്ചിൽ. മോന്തായം ആരോ വെട്ടിപ്പൊളിക്കുന്നതുപോലൊരു തോന്നൽ. സംഭവം മനസ്സിലായതപ്പോഴത്രെ. ഓർക്കാട്ടെരി ഒഞ്ചിയം തുടങ്ങിയ ‘ഓ’ കാരങ്ങൾ ഹൃദയവേദനക്കും ചിലർക്ക് ഹൃദയാഘാതത്തിനും വഴിവെക്കുമത്രെ. അങ്ങനെ ആകെ ഹലാക്കായി മ്മള് കണ്ണൂർ കാൾടെക്സിൽ ബേം കീഞ്ഞ്. പാഞ്ഞ് ഒരു ഓട്ടലീക്കേറി ഒരു ബോട്ടില് സായ്പിന്റെ ബെള്ളം വാങ്ങി ഒരിറക്ക് കുടിച്ച്. ആശ്വാസം. ഹൌ. ഈ കണ്ണൂരെന്താ ഇങ്ങനെ..? എന്നൊരു സംശയവും. 

വടക്കൻ പാട്ടും തെയ്യക്കോലവും പിണറായി (കള്ള്) എഫക്ടും ചേരുമ്പടി ചേർന്നാൽ സായുധവിപ്ലവവും രാഷ്ട്രിയ കൊലപാതകവുമൊക്കെ ഉണ്ടാകുമായിരിക്കും. ആ ആർക്കറിയാം. ചെലപ്പോ പഴയ വിപ്ലവകാലത്തെ ചെറുത്ത് നിൽ‌പ്പിന്റെ ഭാഗമായി ഒന്നോ രണ്ടോ പേർ കൊല്ലപ്പെടുന്നതും ആകാല്ലോ.? ആ ആർക്കറിയാം. മ്മടെ എം വി ആറും, അബ്ദുള്ളക്കുട്ടീമൊക്കെ ഫുല്ല് ഫുല്ലേന്ന് പറഞ്ഞ് ഇതിലേ നടക്കുന്നത് ‘കുലം കുത്തികളല്ലാത്തത് കൊണ്ടാണോ ആവോ.? ആ അതും ആർക്കറിയാം. 

എന്തായാലും കണ്ണൂരല്ലെ അടുത്ത വണ്ടി പിടിച്ച് സുഹൃത്തിന്റെ ഗേഹം പിടിച്ച് കളയാം എന്ന് നിരീച്ച് 15 ഉറുപ്യ പീട്യക്കാരന് നീട്ടി സലാം വച്ച് തിരിഞ്ഞ്. 
“ങ്ങളെടാ പോന്നേ..” പീട്യക്കാരൻ ഒരൊറ്റ ചോദ്യം. ഞെട്ടിയില്ലേന്ന് ഉള്ളിന്റെ ഉള്ളിലൊരു സംശയം. “തളിപ്പറമ്പിന്”. 
“ങ്ങളീടെ ആദ്യയിറ്റാ..”..? അടുത്ത ചോദ്യം. ശ്ശേടാ എന്ത് പറയണം. ആണെന്നോ അല്ലെന്നോ..? ഒന്നും മിണ്ടിയില്ല. ഉത്തരം ആലോചിക്കുന്നതിനിടയിൽ അടുത്ത ചോദ്യം. 
"ങ്ങൾ തെക്കൂന്നാ..” കോട്ടയാറ്റോ.? (കൊട്ടയമോ മറ്റോ) ഭാഗ്യം മറുപടി പറയാവുന്ന ചോദ്യം. 
‘അല്ല ചേട്ടാ. ഇടുക്കീന്നാ”.
“അള്ളാ..” പീട്യക്കാരന്റെ കണ്ണ് തള്ളി. “ങ്ങള് ഇടുക്കീന്നാ. ഉഷാറാക്കീട്ടാ. ഹൌ.. “ 
ഇതെന്ത് കൂത്ത് കണ്ണൂർക്കാരനായ ഈ സഖാവെന്തിനാ ഇടുക്കിക്കരൻ കേട്ടിട്ട് ബേജാറാവുന്നെ. പാവം സാമൂഹ്യൻ എന്ത് ഉഷാറാക്കീന്നാണാവോ. ഒരു പിടിം കിട്ടാതെ നട്ടം തിരിഞ്ഞപ്പാ നമ്മള്. 
“ങ്ങള് കൊള്ളാട്ടോ.. എന്തന്നാ ഉശിര് എന്താ വിപ്ലവം. മ്മടെ കണ്ണുരെല്ലാം അത്രക്ക് പോരാന്ന്. ബടാ    ഇപ്പോ കമ്മ്യൂണിസം. ഇല്ല്യോളീ.” പീട്യക്കാരൻ ആവേശഭരിതനായി. 
കഷ്ടപ്പെട്ട് വാങ്ങിക്കുടിച്ച് ബൂർഷ്വാ കുപ്പിവെള്ളത്തിൽ വിപ്ലവം കലർന്ന് കയ്ചു. 
“ങ്ങള് ബാ. കുത്തിയിരിക്കീന്. ചായ എടുക്കട്ട്.” കട്ടനോ പാലോ..?
കയ്ച വെള്ളം വിളിച്ച് പറഞ്ഞ് “ഓടിക്കോ സാമൂഹ്യാ..” ഇത് വിപ്ലവത്തിന്റെ നാടാ. നിന്റെ ഇടുക്കിയല്ല. വേഗം വിട്ടോ എന്ന്. “വേണ്ട ചേട്ട. രാത്രിയല്ലേ. കെയെസ്സാർടീസീന്ന് ബസ് പുറപ്പെടാറായി. പോട്ടെ” എന്ന് പറഞ്ഞ് തിരിഞ്ഞില്ല അതിനുമുന്നെ കയ്യിൽ വീണു ഒരു വിപ്ലവപ്പിടി. 
അടുത്തതെന്താണെന്ന് ചിന്തിക്കാൻ സമയം കിട്ടിയില്ല അതിനു മുന്നേ വലിച് കടക്കാകത്തൊരു കസേരയിലേക്കിരുത്തി പീട്യക്കാരൻ. “അങ്ങനെ പോയാലോ ങ്ങള്. മ്മടെ എം എം മണിന്റെ നാട്ടിന്നല്ലെ.. ത്തിരി ചായേന്റെ ബെള്ളം കുടിച്ചിട്ട് പോയാമ്മതി. പൈശക്കല്ലപ്പാ. മ്മടെ ഒരു സന്തോഷത്തിനല്ലേ.” 

അമ്മച്ചീ. കയ്പ് അലിഞ്ഞില്ലാതായി. സർവത്ര പ്രഭാപൂരിതമായി അന്തരീക്ഷം. ചുറ്റുപാടും ചുവപ്പ് മാത്രം. ഹൌ. ചെഞ്ചോര, ചെമ്മണ്ണ്, ചെങ്കോടി, ചെങ്കോട്ട, ചെന്താമര, ചെന്തെങ് സർവത്ര ചുവപ്പിന്റെ ചന്തം. ചോര വീണ മണ്ണീൽ നിന്നുയർന്നു പൊങ്ങിയ പനച്ചൂരാൻ പാട്ട് അവിടെല്ലാം അലയടിച്ചു. തമ്പേറിന്റെയും ചെമ്പ്ട ബൂട്ടീന്റെയും തടപ് തടപ് ശബ്ദം ഈ പാവം സാമൂഹ്യന്റെ ദിൽ തടപ് തട്പ് ആയി. അതിനിടയിൽ ദാ വരുന്നു നല്ല ചുവപ്പ് കട്ടൻ ചായ. പരിപ്പുവടയും. ചൂടോടേ തിന്നു. ഉഷാറായി. നേരെ വിലവിവരപ്പട്ടികയിലേക്ക്. ഒന്ന്.. രണ്ട്.. മൂന്ന്. അവിടെ പരിപ്പു വടക്കും ചാ‍യക്കും പകരം എം എം മണീടെ ലിസ്റ്റ്. 1.. വെട്ടിക്കൊന്നു.. 2 വെടി വെച്ച് കൊന്നു.3 തല്ലിക്കൊന്നു.... അങ്ങനെ അങ്ങനെ. കേരളമെന്ന പേർ കേട്ട് അഭീമാന പൂരിതമായ അന്തരംഗവുമായി സീറ്റ് വിട്ടെണീറ്റു. നീട്ടീയ കാശ് കടക്കാരൻ തിരികെ പോക്കറ്റിലിട്ട് തന്നു. “ഇത്രടം വരെ വരുമ്പോ ഒന്ന് കേറണം ട്ടോ.” എന്നൊരു ക്ഷണവും. 

കടവിട്ട് വഴിവിളക്കിന്റെ വെളിച്ചത്തിലേക്കിറങ്ങി. കയ്പുമില്ല വെപ്രാളവുമില്ല വേദനയുമില്ല. “ഞാനൊരു ഇടുക്കിക്കാരനാടാ” എന്നൊരു തന്റേടം . വിപ്ലവത്തിന്റെ കണ്ണൂരിലെ പ്രിയ സഖാക്കൾ ഇടുക്കിക്ക് മൂല്യവും മുന്തൂക്കവും പോളിറ്റ് ബ്യൂറോ അംഗത്വവും ചാർത്തി തന്നിരിക്കുന്നു. “ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന്“ പാട്ട് ഇപ്പോ സമൂഹ്യന്റെ നെഞ്ചകത്തീന്ന്. കയ്യും തെറുത്ത് കയറ്റി റോഡ് ക്രോസ് ചെയ്ത് മീഡീയനിൽ കയറി ഒന്നു മൂരി നിവർത്തി. കണ്ണൂരിന്റെ നെഞ്ചിൽ നിന്ന്. എന്നിട്ട് കയ്യും വീശി നേരെ വച്ച് പിടിച്ച്. കെയെസ്സാർടീസിയിലേക്കോ തളിപ്പറമ്പീലേക്കോ അല്ല. നേരെ ഇടുക്കിക്ക്. പിണറായി, തലശ്ശേരി കോടിയേരി പാനൂർ, ഒർക്കാട്ടേരി, ഒഞ്ചിയം വടകരം കൊയിലാണ്ടി കോഴിക്കോട് വഴി.... ഇടുക്കിക്ക്. കാൽനടയായി. ഇടുക്കിയെ കണ്ടെത്തിയതിന്റെ ആവേശത്തിൽ. അതും കണ്ണൂര് നിന്ന് കണ്ടെത്തി. 
ഒരേ ഒരു സംശയം മാത്രം അവശേഷിച്ചു. എവിടെയോ.. അതും സാമൂഹ്യന്റെ ഒരു സാധാരണ സംശയം മാത്രം..

“എന്നാലും ആ മണി മുഴങ്ങിയത് ആർക്ക് വേണ്ടി..?” 


2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

എന്തിനാണ് നിങ്ങൾ ഞങ്ങളെ കൊല്ലുന്നത്..?





മുല്ലപ്പെരിയാർ സമര സമിതി 1948 ദിനങ്ങൾ പിന്നിട്ട ദിവസം ഭൌമദിനമായിരുന്നു. മാസങ്ങൾക്കു മുമ്പ് ചാനൽ പടകളുടെയും പത്രമാധ്യമങ്ങളുടെയും തിക്കും തിരക്കുമായിരുന്നു ഇവിടെ. അണമുറിയാത്ത ജനപ്രവാഹം ജലപ്രവാഹത്തെ അതിശയിപ്പിക്കുമാറ് ഇവിടേക്കൊഴുകിയത് നാം കണ്ടു. രാഷ്ട്രീയ സമുദായ സാംസ്കാരിക മത ശക്തികൾ ആവേശഭരിതരായി മുല്ലപ്പെരിയാർ സമരോത്സവം കൊണ്ടാടി. വിപ്ലവ വീര്യം നുരഞ്ഞ് പതഞ്ഞ് നിറയുകയും കവിയുകയും ചെയ്തു. 

എല്ലാം നല്ലത്. നല്ലത് മാത്രം. 

ഇന്ന് അവിടെ പാവം ഉപ്പുതറ/ചപ്പാത്ത് നിവാസികളും നിരപ്പേലച്ചനും സാബുച്ചേട്ടനും മയിലപ്പനുമൊക്കെ മാത്രം. എല്ലാം പഴയതു പോലെ. “ഇന്ന് ഉപവാസമിരിക്കാൻ ആരും എത്തിയില്ലേ എന്ന ചോദ്യത്തിനു മുന്നിൽ മയിലപ്പൻ പേരപ്പൻ വന്നു നിന്നു. ആ പഴയ ചുവപ്പുമാല സഹപോരാളിയിൽ നിന്നും കഴുത്തിലേക്ക് ഏറ്റുവാങ്ങി പേരപ്പൻ ഉപവാസമിരിക്കുന്നു. “ഈയാഴ്ച നടപടി ഉണ്ടാവും തീർച. ഉന്നതാധികാര സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും. പുതിയ ഡാമിനും പുതിയ കരാറിനുവേണ്ടിയുള്ള പരാമർശവും അതിലുണ്ടാവും തീർച“-സമരപ്പന്തലിലെ വായു പോലും മന്ത്രിക്കുന്നത് കേട്ടൂ. മയിലപ്പൻ ചേട്ടൻ തന്റെ കപ്പ വില്പന തിർക്കിട്ട് തീർത് പന്തലിലേക്കെത്തുന്നതുവരെ അവിടെ ഇരുന്ന ടാക്സിക്കാരൻ ചേട്ടൻ “ഞാനൊന്ന് ഓട്ടം പോയിട്ട് വരാം” എന്ന് പറഞ്ഞ് ജീപ്പുമായി പോയി. നിരപ്പേലച്ചൻ കുർബാനയും സഭയിലെ അത്യാവശങ്ങളും നിർവഹിച്ച് ഉടനെയെത്തും എന്ന് പറഞ്ഞു. അന്ന് സമര സമിതി ഇൻ-ചാർജായിരുന്ന് ജോൺസൻ കൂട്ടുകാരന്റെ അപകടമരണവാർത്തയറിഞ്ഞ് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് തിരക്കുന്നു.”മരിച്ച് അല്ലെ. പാവം. എവിടെയാ ഇപ്പൊ..ഞങ്ങൾ ഇവിടെ എന്തെങ്കിലും ഒരുക്കേണ്ടതുണ്ടോ..?” 

ഞാൻ ആ പന്തലിലിരുന്ന് ഇങ്ങനെ ആലോചിച്ചു. 2007-ൽ സമരസമിതി എങ്ങനെ ആയിർന്നോ അതേ അവസ്തയിൽ തന്നെ ഇന്നും. നാമൊക്കെ കുറെ ഒച്ചപ്പാടുകളും ഫേസ്ബുക് വിപ്ലവവും തമിഴ്നാടിനെ തെറിവിളിക്കലും മെഴുകുതിരി പ്രാർഥനയുമൊക്കെ നടത്തി സമരപോരാളികളാണെന്ന് ഊറ്റം കൊള്ളുകയായിരുന്നില്ലേ. ഓഫീസിലും വീട്ടിലും ഒക്കെയിരുന്ന്. നമ്മെക്കൊണ്ടാവുന്നത് നാം ചെയ്തു എന്ന് മനസ്സിനെ ആശ്വസിപ്പിക്കാം. നല്ലത്. പക്ഷെ ഇവിടെ ഈ പാവം ജനങ്ങൾക്ക് സമരം ആത്മാവിന്റെ ഭാഗമാണ്. “ഭാഗമല്ല” ആത്മാവ് തന്നെയാണ്. നിത്യച്ചെലവ് നിർവഹിക്കാൻ പാടുപെടുന്ന ഈ സാധാരണക്കാർ അവരുടെ ഒരു ദിനത്തിന്റെ നല്ലൊരു ഭാഗം ഈ സമരസമിതിയോടൊത്ത് ചിലവഴിക്കുന്നു. ആർക്ക് വേണ്ടി.. അവർക്കു മാത്രമല്ല എനിക്കും നിങ്ങൾകും ഓരോ കേരളീയനും വേണ്ടി. 



ലജ്ജിക്കേണ്ടതുണ്ട് നാം. ഫേസ്ബുക് വിപ്ലവം നമ്മെപ്പോലെ അനേകർക്ക് ഈ മുല്ലപെരിയാർ വിഷയത്തെപ്പറ്റി സാമാന്യമായ അവബോധം ജനിപ്പിക്കാൻ ഇടയാക്കി എന്ന വസ്തുത പറയാതെ വയ്യ. അതിന് ഇതിനേക്കാൾ നല്ല വഴി മറ്റൊന്നില്ല താനും. പക്ഷെ മുല്ലപ്പെരിയാർ സമരത്തിന്റെ ആത്യന്തികമായ ലക്ഷ്യപ്രാപ്തിക്ക് അത് എത്രത്തോളം ഉതകുന്ന് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലത്. 
സമര സമിതിയുടെ ഈ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കുക. അവിടെ ഒഴിഞ്ഞ കസേരകളിലെ ശൂന്യതയിൽ സമരസമിതിയിലെ ഇടുക്കിക്കാരുടെ വിയർപും നെടുവീർപും നിറയുന്നുണ്ട്. അവരിപ്പോളെത്തും. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിട്ട്. പക്ഷെ ആ കസേരകളിൽ നിറയുന്ന ഒരു വലിയ ക്യാവിറ്റി ഉണ്ട്. നികത്താനാകുന്ന ഒരു ശുന്യത. അത് നമ്മളാണ്. നമ്മളാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. നാമാണ് ആ മുദ്രാവാക്യങ്ങൾ ഏറ്റുപാടേണ്ടിയിരുന്നത്. 

ഈ പന്തലിലെ വായു എന്നോട് ഒന്നു കൂടി സൂചിപ്പിച്ചു.  

“പത്രങ്ങളും ചാനലുകളും ഇവിടെ  നിറഞ്ഞിരുന്നത് മുല്ല്ല്ലപ്പെരിയാർ വിപ്ലവം ജനങ്ങളിലേക്കെത്തിക്കാനായിരുന്നില്ല. മറിച്ച് അവിടെ ഉപവാസമനുഷ്ടിക്കാനെത്തിയ രാഷ്ട്രീയ ശക്തികളൂടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകാനായിരുന്നുവെന്ന്. ഇത്ര വലിയ സ്കൂപ് എവിടെക്കിട്ടൂം..? ലൈവായിരുന്നില്ലെ പരിപാടി. “ നല്ലത്. എല്ലാം നല്ലത്
ഒരു ചെറുകാറ്റ് വന്ന് മന്ത്രിച്ചു. 
“കൂറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് വിയർപ്പിന്റെ ഗന്ധമായിരുന്നു. ജനസാഗരത്തിന്റെ വിയർപ്പിന്റെ ഗന്ധം. പക്ഷെ അതിനു വിപ്ലവച്ചുവയായിരുന്നില്ല. ഇതേ ചാനലുകളിലും പത്രത്തിൽ വരാവുന്ന ഒരു ഫോട്ടോയിലും പതിയാവുന്ന സ്വന്തം ചിത്രത്തിന്റെ വിപ്ലവ സാധ്യതയെക്കുറിച്ചുള്ള ചിന്തയും, കൂത്ത് കാണാനുള്ള ജിജ്ഞാസയും സമുദായ നേതാക്കന്മാരുടെ കല്ലെപ്പിളർക്കുന്ന കല്പനയുടെ ചൂടുമായിരുന്നു.” നല്ലത് അതും നല്ലത്. 

പഴയത് പഴയത് തന്നെ. ഇപ്പൊ എന്താണവസ്ത...? ഞാൻ ചോദിച്ചു. 

മറുപടി തന്നത് അപ്രതീക്ഷിതമായി എത്തിയ വേനൽമഴ. 

“ കണ്ടില്ലേ നീ.. കാത്തിരുപ്പ്. അനന്തമായ കാത്തിരിപ്പ്. പുതിയ ഡാമിനും പുതിയ കരാറിനും വേണ്ടി ഈ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതര ജില്ലകളിലെ 3 മില്യൺ ജനങ്ങളുടെ സംരക്ഷണത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും കേർളത്തിലെ ആകമാനം ജനങ്ങളൂടെ ഊർജ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള നിർണായക ശുപാർശകൾ അടങ്ങിയ റിപോർട് ഉന്നതാതികാര സമിതി സമർപ്പിക്കുക്കയാണ് നാളെ. അതിലെ ഉചിതമായ ശുപാർശകൾക്ക് മേൽ സുപ്രീം കോടതി അതീവ പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ഈ പാവം ജനങ്ങളെ അവർ കൈവെടിയാതിരിക്കണെ എന്ന് ഞാനും പ്രാർഥിക്കട്ടെ കൂട്ടൂകാരാ.” 

ആശ്വാസത്തോടെ എന്നാൽ അതിലേറെ വേദനയുടെ നെരിപ്പോടും നെഞ്ചിലേറ്റി സമരസമിതി വിട്ട് പുറത്തേക്കിറങ്ങിയ അവധൂതന്റെ മുന്നിൽ ഒരു വെള്ളിടി വെട്ടി. ഓടി പന്തലിനുള്ളിലേക്ക് കയറിയപ്പോൾ ഇടിമിന്നലിന്റെ ശബ്ദം ചെവിയിൽ പൊട്ടിച്ചിതറി. 

“മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ ഡാം നിർമിക്കാവുന്നതുമാണ്” എന്ന് ഉന്നതാധികാരസമിതിയുടെ റിപ്പോർടിൽ പരാമർശമുണ്ടത്രെ. 

ഒരു നിമിഷം പിന്നെ അവിടെ നിന്നില്ല. നേരെ വേനൽ മഴയിലേക്കിറങ്ങി. ഘോരമായ ഇടിമിന്നലോ മേഘനാദമോ കാറ്റോ മഴത്തുള്ളികളോ പറയുന്നത് എനിക്ക് കേൾക്കണമെന്നില്ലായിരുന്നു. അതിനും മുകളിൽ ഒരായിരും നിലവിളികൾ ഉയർന്ന് വരുന്നുണ്ടായിരുന്നു മനസ്സിന്റെ ഉള്ളിൽ നിന്ന്. “ എന്തിനാണ് നിങ്ങൾ ഞങ്ങളെ (കൊല്ലാതെ) കൊല്ലുന്നത്..?“ 

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

ഭൂചലന വേളയിൽ നിങ്ങളുടെ ജീവരക്ഷക്ക് 16 പ്രവർത്തന പദ്ധതികൾ





മുന്നറിയിപ്പില്ലാതെ നമ്മെ നേരിടുന്ന ഒരു വിപത്താണ് ഭൂകമ്പം എന്നത് മാത്രമല്ല ഒരു പ്രകമ്പനത്തിനു പിന്നാ‍ലെ പല കുലുക്കങ്ങളും ഉണ്ടാകാമെന്നതും അത് നാം ആയിരിക്കുന്ന സ്ഥാനങ്ങളെ എങ്ങനെയൊക്കെ നാശകരമായി ബാധിക്കാം എന്നും പ്രവചിക്കാനാവില്ല. ആയതിനാൽ തന്നെ മുൻ കരുതലുകളല്ല കുലുക്കം അനുഭവപ്പെടുന്ന അതേ നിമിഷം മുതൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളാണ് വേണ്ടത്. അതും അവനവൻ സ്വയം സ്വീകരിക്കേണ്ടത്. കേരളം തുടർചയായ ഭൂചലനങ്ങളെ നേരിടുന്ന ഇക്കാലത്തും വരും കാലങ്ങളിലും ഈ പെരുമാറ്റച്ചട്ടങ്ങൾ വിവിധ തുറകളിലുള്ള മുതിർന്നവർ മുതൽ ചെറിയ കുഞ്ഞുങ്ങൾ വരെ അറിഞ്ഞിരിക്കുകയും പരിശീലിക്കേണ്ടതുമുണ്ട്. അതിനാലാണ് ഈ സുരക്ഷാ നടപടികൾ നമ്മുടെ ഭാഷയിൽ തന്നെ വിവരിക്കുന്നത്.

I. ചലന സമയത്ത് നിങ്ങൾ ഒരു കെട്ടിടത്തിനുള്ളിലാണെങ്കിൽ;

1. നിലത്ത് കിടക്കുക

2. മേശയുടെയോ മറ്റേതെങ്കിലും ഫർണിച്ചറിന്റെയോ അടിയിലേക്ക് നീങ്ങിയിരിക്കുക. ചലനം കഴിയുന്നതുവരെ അവയുടെ കാലുകളിൽ മുറുകെ പിടിക്കുക (ഇവയൊന്നുമില്ലാത്ത പക്ഷം, നിങ്ങളുടെ കൈകളും ഏതെങ്കിലും വസ്ത്രമോ ഉപയോഗിച്ച മുഖവും തലയും മറച്ച മുറിയുടെ ഒരു ഒഴിഞ്ഞ മൂലയിൽ കൂനിക്കൂടി ഇരിക്കുക.

3. ഗ്ലാസ് ചുമരുകൾ ജനാലകൾ വാതിലുകൾ തുടങ്ങി മറിഞ്ഞു വീഴാവുന്ന യാതൊന്നിനും തൂക്കുവിളക്കുകൾക്കും ഫർണിച്ചറിൽ നിന്നുമൊക്കെ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

4. നിങ്ങൾ കിടക്കയിലാണെങ്കിൽ (മുകളിൽ നിലം പതിക്കാവുന്ന തൂക്കുവിളക്കുകൾ ഇല്ലയെങ്കിൽ ബെഡിൽ തന്നെ കിടക്കുകയും തലയിണയോ ബെഡൊ ഉപയോഗിച്ച് മുഖവും (പറ്റുമെങ്കിൽ ശരീരവും മറക്കുക. തൂക്കുവിളക്കുകൾ ഉണ്ടെങ്കിൽ മുറിയുടെ മൂലയിലേക്ക് സ്റ്റെപ് 1 പ്രകാരം നീങ്ങി പ്രവർത്തിക്കുക.

5. കെട്ടിടത്തിനു വെളിയിലേക്ക് ഉറപ്പുള്ളതും സുരക്ഷിതവുമായ ഇടനാഴിയോ സ്റ്റെപ്പുകളോ വാതിലുകളോ വളരെ അടുത്ത് ഉള്ള പക്ഷം മാത്രം പുറത്തേക്ക് ഓടുക.

6. ചലനം തിരുന്നു എന്ന് ഉറപ്പുവരികയും പുറത്ത് സുരക്ഷിതമാണെന്ന് മനസ്സിലാകുകയും ചെയ്യുമ്പോൾ മാത്രം കെട്ടിടത്തിൽ നിന്നും പുറത്ത് വരിക. (ചലന സമയത്ത് പുറത്ത് കടക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് കൂടുതൽ അപകടവും മുറിവും സംഭവിക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.) കേരളം കഴിഞ്ഞ ദിവസം കണ്ടതും ഇത്തരം പ്രതികരണമായിരുന്നു)

7. ഫയർ ആന്റ് സേഫിറ്റി ഉള്ള കെട്ടിടങ്ങൾ ചലന സമയത്ത് വൈദ്യൂതി വിശ്ചേദിക്കപ്പെടുമെന്നും സ്പ്രിങ്ഗ്ലർ വഴി ജലം മുറിയിൽ പ്രവഹിക്കുമെന്നും അറിഞ്ഞിരിക്കുക.ഫയർ അലാറം മുഴങ്ങുകയും ചെയ്യും.

8. ചലന സമയത്ത് ലിഫ്റ്റുകൾ യാതോരു കാരണവശാലും രക്ഷാ മാർഗമെന്ന നിലയിൽ ഉപയോഗിക്കരുത്. (അത് നിങ്ങൾ ലിഫ്റ്റിൽ (ഷാഫ്റ്റിൽ) കുടുങ്ങിപ്പോകുന്നതിന് ഇടയാക്കും.) “കേരളത്തിൽ ലിഫ്റ്റ് ഒഴിവാക്കാൻ എ എസ്സൈയൊട് ഉപദേശിച്ച കോൺസ്റ്റബിളിന്റെ ബുദ്ദിപരമായ പ്രവർത്തിയെ തമാശയാക്കി മനോരമ ചിത്രീകരിച്ചത് ഖേദകരവും തികച്ചും കുറ്റകരവുമാണ്”


II. ചലന സമയത്ത് നിങ്ങൾ കെട്ടിടത്തിനു പുറത്താണെങ്കിൽ;

9. കെട്ടിടങ്ങൾ, വൈദ്യുത പോസ്റ്റുകൾ, ടവറുകൾ, ലൈനുകൾ, വിളക്കുകാലുകൾ എന്നിവയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് നിൽകുക.

10. ചലനം ഒഴിവാകുന്നതുവരെ മേല്പറഞ്ഞ സ്ഥാനങ്ങളിലേക്ക് നീങ്ങി നിൽകുക മാ‍ത്രം ചെയ്യുക. കെട്ടിടങ്ങൾക്കടുത്ത് നിൽകുന്നത്, മുകളിൽ നിന്നും അടർന്നുവിഴുന്ന വസ്തുക്കൾ ചുമരുകൾ, ഗ്ലാസ്, തുടങ്ങിയവ പതിച്ച് മുറിവേല്കാൻ കാരണമാകും. (ഇത്തരം അപകടങ്ങളാണ് കൂടുതലും സംഭവിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക.)


III. നിങ്ങൾ ചലിക്കുന്ന വാഹനത്തിനുള്ളിലാണെങ്കിൽ;


11. മേല്പറഞ്ഞ പ്രകാരമുള്ള സുരക്ഷിത സ്ഥാനത്ത് വാഹനം നിർത്തി അതിനുള്ളിൽ തന്നെ ഇരിക്കുക. കെട്ടിടങ്ങളുടെ സമീപത്തോ അതിനുള്ളിലെ പാർകിങ് സ്ഥലത്തോ, മരച്ചുവട്ടിലോ, ഓവർബ്രിഡ്ജ്, സബ് വേ വൈദ്യുത പോസ്റ്റുകൾ തുടങ്ങിയവയുടെ സമീപം നിർത്തരുത്.

12. ചലനം നിലച്ച ശേഷം ശ്രദ്ധയോടെ മാത്രം മുന്നോട്ട് നീങ്ങുക. കേടു സംഭവിച്ച പാലങ്ങളും റോഡുകളും ഒക്കെ ഉണ്ടാകാവുന്നതിനാൽ വളരെ ശ്രദ്ധിച്ച് മാത്രം നീങ്ങുക.

IV. ദുരന്ത ശേഷം കെട്ടിടാവശിഷ്ടങ്ങൾകുള്ളിൽ കുടുങ്ങിയാൽ;

13. യാതൊരു കാരണവശാലും തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവ ഉരച്ച് വെളിച്ചമുണ്ടാക്കരുത്. തീപിടിക്കാവുന്ന വാതകങ്ങളോ ദ്രാവകങ്ങളോ ഒക്കെ അവിടെ ഉണ്ടാകാം.

14. പൊടിപാറുന്ന തരത്തിൽ നീങ്ങാനോ പുറത്തേക്ക് കടക്കാനോ ശ്രമിക്കാതിരിക്കുക.

15. തൂവാലയോ വസ്ത്രഭാഗമോ കൊണ്ട് മുഖവും വായയും മറക്കുകയൊ കെട്ടുകയൊ ചെയ്യുക.

16. കയ്യിലോ കീചെയ്നിലോ പോകറ്റിലോ (ദുരന്ത സാധ്യത ഉള്ള സ്ഥലങ്ങളിൽ ആളുകൾ നിർബന്ധമായും കയ്യിൽ കരുതുക) ഉള്ള ഒരു വിസിൽ  വായിൽ ചേർത്ത് വച്ച ശബ്ദിക്കുന്നത് നിങ്ങൾ കുടുങ്ങിയിരിക്കുന്ന സ്ഥാനം നിർണയിക്കാൻ രക്ഷാപ്രവർത്തകർക്ക് സഹായമേകും. അങ്ങനെ വായിൽ ചേർത്തുവയ്കുന്ന വിസിൽ നിങ്ങളുടെ ബോധം മറയാവുന്ന സാഹചര്യത്തിലും ശബ്ദമുണ്ടാക്കാൻ ഉപകരിക്കുമെന്ന് ഓർക്കുക. കൈകൾ ചലിപ്പിക്കാനാവുമെങ്കിൽ, മൊബൈൽ ഫോൺ, സമീപത്തു കണ്ടേക്കാവുന്ന ലോഹ പൈപ് ഇത്രര ലോഹ വസ്തു തുടങ്ങിയവയൊക്കെ ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കാമെന്നും മനസ്സിലാക്കുക.

മലമ്പ്രദേശങ്ങളിലുളളവർ പാറകളോ, ജലാശയങ്ങളോ, കിണറുകളുടെ സമീപമോ മൺ തിട്ടകളുടെ മുകളിലോ സമിപമോ ഒന്നും നിൽകാതിരിക്കുക. ബീച്ചിൽ നിൽകുകയാണെങ്കിൽ ഉയർന്ന ഇടങ്ങളിലേക്ക് വളരെ വേഗത്തിൽ മാറുക.


ഈ മാർഗനിർദേശം പരമാവധി ആളുകളുടെ ജീവരക്ഷക്ക് ഉതകട്ടെ എന്ന താല്പര്യത്തിൽ എം ഇ എം വോളണ്ടിയർമാർ പ്രസിദ്ധീകരിക്കുന്നത്.

2012 ഏപ്രിൽ 2, തിങ്കളാഴ്‌ച

കണ്ണുതുറക്കാത്ത ദൈവങ്ങളേ.. നിങ്ങളീ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ..


കണ്ണുതുറക്കാത്ത ദൈവങ്ങളെ..
കരയാനറിയാത്ത..ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളെ...

വയലാർ വെറുതെയല്ല ഈ വരികളെഴുതിയത്. സർവത്ര അഭിമാനികളും അതിനേക്കൾ അഹംഭാവികളുമായ അഭിനവ രാഷ്ട്രീയ പ്രവരന്മാർ മാത്രമാണപ്പോ ഈ വരികളിലെ ഇത്.. എന്തിനേറെപ്പറയണം. നാൾക്കു നാൾ ലവന്മാരെ ചുമക്കാൻ കേരളഭൂമിക്ക് ഇനീം ലേശം കൂടീ കരുത്തുകൊടൂക്കണെ പരശുരാമൻ സാറേ.. 

വളരെ സിമ്പിളായ ഒരു സംഭവമാണ് ഇപ്പോഴത്തെ സാമൂഹ്യന്റെ ഇളക്കത്തിനു മൂലവും കാരണവും. സർവത്രാതി ഐപീയെല്ലിലെ മതിലിടിയലും കോടീപതി സെഞ്ചൂറിയൻ കഥകളും സീപിയെല്ലെന്ന സിനിമക്കളിയും മാത്രമാണല്ലോ ഇന്ത്യാമഹാരാജ്യത്തെ മുഖ്യ കേളിയും വാർത്താപ്രക്ഷേപണവും നാട്ടൂവർത്തമാനവും. അങ്ങനെയിരിക്കെ ദാ കേട്ടു ഒരു വാർത്ത. (പ്രീയവായനക്കാരാ താങ്കൾ കേട്ടുകാണില്ല ഇത് മഹാരാജാസ്സുകാരുടെ സ്വകാര്യവാർത്തയാണേ) 

മഹാരാജാസ്സിന്റെ എം സി ആർ വി ഹോസ്റ്റലിലേക്ക് ഡിസ്കസ് ത്രോയിൽ ഒരു സ്വർണമെഡലും, ജാവലിൻ തോയിൽ ഒരു വെള്ളി മെഡലും 4x400 മീറ്റർ റിലേക്ക് ഒരു വെങ്കലവും എത്തിയിരിക്കുന്നു.  സംഗതികൾ എല്ലാം ഒരേയൊരാൾ കൊണ്ടുവന്നത്. “രഞ്ജിത് എം എസ്” എന്ന ബി എ ഹിസ്റ്ററി മൂന്നാം വർഷക്കാരനും എംസിയാർവി ന്യുമെൻസ് ഹോസ്റ്റലിലെ അന്തേവാസിയുമായ ചുണക്കുട്ടിയാണ് കഥാനായകൻ.  ബംഗളുരുവിൽ നടന്ന ദേശീയ പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള നാടിന്റെ അഭിമാനം കാത്ത മിടുമിടുക്കൻ. ടിന്റു ലൂക്കയും ഉഷച്ചേച്ചീടെ പിള്ളാരും മേഴ്സിക്കുട്ടന്റെ പുത്രനുമൊക്കെ കേരളരാജ്യത്തെ മ‌-കാരത്തിൽ തുടങ്ങുന്ന പത്രങ്ങളും ദേശാഭിമാനിയുടെ ഇതളും ചാനൽ പടകളും സവിസ്തരം ആഘോഷിച്ചപ്പോൾ  പാരാ അത്ലെറ്റിക്സ് ച്യമ്പ്യൻഷിപ്പിലെ നേട്ടം പൂടക്കു സമം അവഗണിക്കപ്പെട്ടതിൽ ലവലേശം ശംശയിക്കേണ്ട. അതങ്ങനെയെ ആവൂ. കഥാനായകനായ രഞ്ജിത് എം എസ് അതോട്ട് കാണാനും പോകുന്നില്ല. കാരണം രഞ്ജിത് കാഴ്ചയറ്റവനാണ്. നിങ്ങളുടെ ഭാഷയിൽ ബ്ലൈന്റ്. അവന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഇതു വായിക്കുന്ന സാമൂഹ്യനും സഖാവും സുന്ദരികളും സുന്ദരന്മാരും സർവോപരി സർകാരും ബ്ലൈന്റ് ആയെന്നതാണ് മറ്റൊരു സത്യം. കോടികൾ ചെലവാക്കി കേരളാപ്രദേശ് ഒഴികെ എല്ലാ ലൊട്ടുലൊടുക്ക് സംസ്ഥനങ്ങളും യഥാവിധി അവരവരുടെ താരങ്ങളെ നാഷണൽ മീറ്റുകൾക്ക് വിടുമ്പോൾ കേരളം സാധാ തേഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെന്റിൽ പാവം കുട്ടീകളെ തള്ളി വിടുന്നത് ചിലപ്പോ നിങ്ങൾ വായിച്ചിരിക്കും. കേരളത്തിനോട് സുല്ലിട്ട കായികതാരങ്ങളെ തമിഴ് നാടും മറ്റും കൊത്തിക്കൊണ്ടു പോയാലും ഇവിടെ കായികവകുപ്പ് “ഠ” വട്ടത്തിൽ വട്ടുകളിച്ച് നിൽകും. 

അങ്ങിനെയാണ് പാവം രഞ്ജിത്ത് വാർത്തയല്ലാതായത്. പിന്നെന്തിനു സാമൂഹ്യൻ ഇതിന്മേൽ വലിഞ്ഞ് തൂങ്ങണം..? അത് നിങ്ങളുടെ സംശയം. 
പറഞ്ഞ് തരാമേ..

ഇപ്പറഞ്ഞ രഞ്ജിത്ത് കേരളത്തിന്റെ പ്രതിനിധിയായി നാഷണൽ പാരാ അത്ലെറ്റിക് ചാമ്പ്യൻഷിപ്പിനു വണ്ടിപിടിച്ചത് 500 രൂ ഇന്ത്യൻ മണീസുമായിട്ടാണെന്ന് എംസിയാർവിക്കാർക്ക് മാത്രമറിയാവുന്ന രഹസ്യം. അതും കടം വാങ്ങിയത്. ഫുഡാന്റക്കോമോഡേഷൻ സംഖാടകർ ഫ്രീയായി കൊടുത്തതുകൊണ്ട് കഴിക്കാനും കുളിക്കാനും കിടക്കാനും പാങ്ങായി. ഡെയ്ലി അഞ്ഞൂറു മണീസ് മെയ്കാട് വർക്കർ ശമ്പളം കൈപറ്റുന്ന കേരളത്തീന്ന് ഒരു പാവം അത്ലെറ്റ് ഇങ്ങനെയും ഒരു നാഷണൽ ലെവൽ മീറ്റിൽ പങ്കെടുക്കുന്നു. അഭിമാനിക്കാനുള്ള വകയുണ്ട്. മഹാരാജാസ്സിനു വേണ്ടി ബ്ലൈന്റ് ക്രിക്കറ്റ് മത്സരത്തിൽ ട്രോഫി നേടിയ ഈ ആൾ കേരള ബ്ലൈന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അതേസമയം ആൾകേരള ബ്ലൈന്റ് സ്റ്റൂഡന്റ് ഫെഡറേഷന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണു സഹോദരങ്ങളെ.  എന്നിട്ടൂം രഞ്ജിത്തിനും മീറ്റിനു പോകാൻ പിരിവെടുത്ത അഞ്ഞൂറു രൂപ മാത്രം. അങ്ങനെ അഞ്ഞൂറു രൂപയുടെ സാമ്പത്തിക ചെലവിൽ രഞ്ജിത്ത് കേരളമഹാരാജ്യത്തിനു നേടിക്കൊടുത്തതാണ് ആ കൈയ്യിലിരിക്കുന്ന സ്വർണ/വെള്ളി/വെങ്കല മെഡലുകൾ. സർവരാജ്യ മലയാളികളെ നാണിച്ചുകൊള്ളുക. ആ മെഡലുകൾ എന്നെയും നിങ്ങളെയും നോക്കി ആർത്തു കൂവുന്നുണ്ട്.

പോട്ടെ ഇനീം സാമൂഹ്യനു കലി തീർക്കാനുണ്ട്. പക്ഷെ സർകാർ വശം ചില ചോദ്യങ്ങളായി എറിഞ്ഞു തരാം. സൌകര്യപ്പെടുമെങ്കിൽ സ്വസ്തമായി ഇരുന്ന് ചിന്തിക്ക് ബഹു. കായിക വകുപ്പ് മന്ത്രീ, ബഹു ബഹു വിഗലാംഗക്ഷേമ ഉദ്യോഗസ്ഥപ്രഭുക്കളെ.

1. കേരളത്തിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ബംഗളുരുവിലേക്ക് പോയത് ആരാനും നിങ്ങളോട് പറഞ്ഞിരുന്നോ..? 
2. പറഞ്ഞിരുന്നെങ്കിൽ തന്നെ രഞിജിത്തിനും കൂട്ടുകാർക്കും യാത്രാപ്പടിയെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് നേരവും കാലവും ഒത്തില്ലെ..? 
3. രഞ്ജിത് മെഡലുകളും കൊണ്ട് തിരിച്ചു വന്നപ്പോ നിങ്ങളിലൊരാളും ആ വഴി വന്നില്ലല്ലോ ഒരു നല്ല വാക്ക് പറയാൻ. അതോ പിറവത്തീന്ന് നെയ്യാറ്റിങ്കരക്കുള്ള യാത്രാക്ഷീണത്തിലാന്നോ..?
4. നാഷണൽ പാരാ അത്ലെറ്റിക് വിജയികൾക്ക് സ്വർണമൊന്നുക്ക്- രൂ 3 ലക്ഷവും, വെള്ളിക്ക് രൂ.2 ലക്ഷവും, വെങ്കലത്തിനു 1 ലക്ഷവും കൊടുത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൽ ഇന്ത്യാമഹാരജ്യത്തിനെ ഭാഗം തന്നെയോ..? അങ്ങിനെയെങ്കിൽ കേരളമോ..? 
5.  ഇനി രഞ്ജിത്തും കൂട്ടരും പങ്കെടുക്കേണ്ട പാരാ ഓളിമ്പിക്സ് നാഷണൽ ക്യാമ്പിനെ കുറിച്ച് എന്തരേലും വെവരമുണ്ടോ മന്ത്രാലയമേ..? 
6. രഞിത്തിനും കൂട്ടർക്കും നാഷണൽ ക്യാമ്പിനു പോകാനുള്ള ചെലവ് കൊടുക്കാൻ വേൾഡ് ബാങ്കിന്റെ ഫണ്ട് തരപ്പെടുത്തേണ്ടതുണ്ടൊ അതോ ഇവർ വീടും പറമ്പും പണയം വയ്കണോ..? 
(ഏക ജ്യേഷ്ഠന്റെ വരുമാനമാണ് രഞ്ജിത്തിന്റെ ആലുവയിലുള്ള വീടിന്റെ ഊർജം എന്ന് കൂട്ടിച്ചേർക്കട്ടെ). 
7. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..? 
8. കായികതാരവും പുരസ്കാര ജേതാവുമായിട്ടൂം നാടിന്റെ അഭിമാനം ദാ ഇങ്ങനെ മെഡലുകളായി കൊണ്ടുവന്നു തന്നിട്ടൂം അംഗവൈകല്യത്തെച്ചോല്ലി ഈ പാവങ്ങളെ തമസ്കരിക്കുന്ന എന്നെയും നിങ്ങളെയുമൊക്കെ എന്തോന്ന് വിളിച്ചാലാണ് മതിയാവുക എന്നുകൂടി പറഞ്ഞ് തരണം പൊന്നും കൂടപ്പിറപ്പുകളെ. 
കണ്ണുള്ളവർ മാത്രം കാണട്ടെ.. ചെവിയുള്ളവർ മാത്രം കേൾക്കട്ടെ. ഇതുണ്ടായിട്ടൂം കാണാത്തവരും കേൾക്കാത്തവരും അവരവരുടെ ഹൃദയങ്ങൾക്ക് വൈകല്യമുള്ളവരാകയാൽ നിങ്ങൾ സുഭിക്ഷം തിന്നു കുടിച്ച് വാഴുക. അവസാനം ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവിൽ യന്ത്രശ്ശവമാകുക. ഒടുവിൽ ഒരു സ്വിച്ചിന്റെ സ്വരത്തോടെ മരണത്തെ പുൽകുക. 

കുറിമാനം: ഇതു വായിച്ചിട്ട് രഞ്ജിത്തിനെ കാണണമെന്നു തോന്നുവർ നേരെ എറണാകുളത്ത് എം സി ആർ വി ഹോസ്റ്റലിലെത്തുക. ഫോണുള്ളവർ വിളിക്കുക. 9747385560-രഞ്ജിത്. ഒരു നമ്പർ കൂടി തരാം കൂട്ടൂകാരന്റെ. 9747648103. ആദ്യത്തെ നമ്പർ തൽകാലം നിലവിലില്ല. ബംഗളുരുവിലെ നാഷണൽ പാരാ അത്ലെറ്റിക് ച്യമ്പൻഷിപ്പിനിടയിൽ രഞ്ജിത്തിന്റെ കയ്യിൽ  നിന്നും നഷ്ടപ്പെട്ടു. അതെ കേരളമഹാരാജ്യത്തിന്റെ അന്തസ്സു കാക്കുന്നതിനുള്ള പ്രയത്നത്തിനിടയിൽ. 


2012 മാർച്ച് 29, വ്യാഴാഴ്‌ച

വലന്റൈൻസ് ഡേ എന്ന ക്രിയാത്മക ഹൃദയസ്തംഭന ദിവസം.



കഥാനായകർ മുൻബഞ്ചന്മാരായ ഞാനും മഞ്ജേഷും. നായികമാരുടെ പേരു പുറത്ത് പറയാൻ പാടില്ലാത്തതുകൊണ്ട് (സോറി).... ആവശ്യക്കാ‍ർ മുൻബഞ്ചും ഡസ്കും അവിടെ തന്നെ ഉണ്ടെങ്കിൽ പോയി നോക്കിയാ‍ൽ മര ലിഖിതം കിട്ടിയേക്കാം. അങ്ങനെ പ്രീഡിഗ്രിക്കാരനായും മുണ്ടനായും കോളജ് കുമാരനെന്ന അഹംഭാവം മെല്ലെ മുരടനക്കിത്തുടങ്ങിയതിന്റെ തലക്കനവും മിഠായിയിൽ നിന്ന് സോഡയിലേക്ക് മാറിയതിന്റെ മയക്കവും പേറി ക്ലാസ്സിൽ നിവർന്നിരിക്കെയാണു മഞ്ചേഷിനു പ്രേമം പൊടിച്ചത്. മുന്നറിയിപ്പില്ലാതെ സംഭവിച്ചതാകയാലും നായകൻ മഞ്ചേഷായതിനാലും അല്പം അസൂയ്യ എനിക്കും തോന്നിയതിൽ അപാകതയില്ലല്ലോ അല്ലെ. അവൻ സംഭവം ഗംഭീരമാക്കി. പ്രതിശ്രൂത കാമുകി അവന്റെ പ്രേമഭാരത്താൽ പൊറുതിമുട്ടി. അങ്ങനെ കാമുകിയുടെ ഉറ്റ ദോസ്ത് ആക്ഷൻ കൌൺസിലുമായി രംഗത്തുവന്നു. അടിവീഴുന്നതിനുമുന്നെ മഞ്ചേഷ് പൊടിക്കൈകളുമായി രണ്ടാളെയും ചെറുത്ത് വരുതിയിലാക്കി. കാര്യങ്ങളിത്രയൊക്കെയായ സ്ഥിതിക്ക് ‘എനിക്കും വേണം കാമുകി ഒരെണ്ണം’ എന്ന് മനസ്സ് ശല്യപ്പെടുത്തി. കോളജിനടുത്ത വീട്ടിൽ താമസിക്കുകയും മുൻപ്രസ്താവിച്ചതുപോലെ പള്ളിയിലച്ചനും സർവോപരി താടികാരനുമായ പിതാവിനോടുള്ള അളവറ്റ ‘ഭയവും’ അരുതെടാ ഉവ്വേ എന്ന് വിലക്കി. പക്ഷെ കാലം പണിതന്നു. ഈ ആക്ഷൻ കൌൺസിൽ കൂട്ടുകാ‍രി ആൾ അല്പം മിടുക്കിയും മഞ്ചേഷിനെ ഒതുക്കാൻ നോക്കിയതിലുള്ള വാശിയും രാവിലെ കോളജ് പടിയിൽ നിന്ന് കോളജിലേക്കുള്ള അവളുടെ പയനം വീടിനോടു ചേർന്നുള്ള വഴിയിലൂടെയായതുകൊണ്ടും ആ മുഖം മെല്ലെ മനസ്സിലുടക്കി. ശ്ശെടാ ഇതെന്ത് കൂത്ത്. അവളുടെ പേരിന്റെ ആദ്യ അക്ഷരം എന്റെ ഓമനപ്പേരിന്റെ ആദ്യാക്ഷരവും എന്റെ പേരിന്റെ കുറച്ചക്ഷരങ്ങൾ അവളുടെ ഓമനപ്പേരിന്റെ ഒന്നൊഴികെയുള്ള അക്ഷരങ്ങളുമായി മാച് ആയി പണ്ടാരമടങ്ങി. നമ്മൾ ഇക്വേഷനിട്ടു. മേഡ് ഫോർ ഈച് അദർ. വേറാരും അറിഞ്ഞില്ല “അവളും” . അങ്ങനെയിരിക്കെ മതമൌലികവാദിയായ അച്ഛനാണ് അവൾക്കുള്ളതെങ്കിൽ പ്രീഡിഗ്രി കഴിഞ്ഞ് സംഭവം മുന്നോട്ട് പോകില്ലയെന്ന് വീട്ടിലെ പഠനമുറി എന്ന പരീക്ഷണശാലയിൽ ചടഞ്ഞ് കൂടിയിരുന്ന് ആലോചിച്ചപ്പോൾ അറിയാതെ സങ്കടം വന്നു. എന്റമ്മെ. നെഞ്ചകത്തിനുള്ളിൽ കാണാമുള്ളിന്റെ കുത്ത്. പക്ഷെ സന്തോഷത്തോടെ ഉറങ്ങി. കാരണം. അപ്പോളാണറിഞ്ഞത് എന്റെ കൂടപ്പിറപ്പെ. ഇതാണപ്പീ വേദന എന്ന്. പ്രണയവേദനയെ. മീശയുടെ ആദ്യ ലക്ഷണങ്ങളെ അല്പം ദേഷ്യത്തോടെ ചീത്തവിളിച്ചതും അന്ന് തന്നെയാണെന്നാണ് ഓർമ. സഹപടയാളികളായ രതീഷിനും ബിന്നിക്കും അന്നേ ഉശിരൻ മീശയുണ്ട്. പണ്ടാർക്കാലന്മാർ. അങ്ങനെ മെല്ലെ അവളുടെയും അവളുടെയും സമീപപ്രദേശങ്ങളിലൂടെ ഞങ്ങൾ ഉപഗ്രഹങ്ങളായി. രാവിലെ വളരെ നേരത്തെ (7.30)നു തന്നെ എണീക്കാൻ തുടങ്ങി. പിന്നൊരു അര മണിക്കുർ പല്ലു തേപ്പും വിറകുവേട്ടും വീട്ടൂകാര്യം നോക്കലും പതിവാക്കി. ആ സമയത്ത് ‘എവറസ്റ്റോ’ അഞ്ജലിയോ മറ്റോ അവളുമായി കോളജ് പടിക്കലെത്തുകയും അവളുടെ അലസഗമനം സംഭവീക്കുകയും ചെയ്യും-ഇമ്പ്രഷനുണ്ടാക്കണ്ടെ. അങ്ങനെ കാലം കടന്നു. ഇമ്പ്രഷൻ ഉണ്ടായൊ എന്തോ.. ഒരു പിടിയും കിട്ടുന്നില്ല. ഡസ്കിലും ബഞ്ചിലും പാഠപുസ്തകത്തിലും പേരുകൾ ഇക്വേഷനായി. കാണുമ്പോൾ ഒരു സുഖം. എന്നാലോ അപ്പോ തന്നെ സങ്കടവും. ഈ പണ്ടാരം ഒന്ന് പറയണ്ടെ. അങ്ങോട്ടടുക്കുമ്പോളാണു ഹൃദയം എന്ന അവയവം എത്രമാത്രം ശബ്ദമാണുണ്ടാക്കുന്നതെന്ന് തിരിച്ചറിയുക. അപ്പോഴല്ലെ വലന്റൈൻസ് ഡേയുടെ വരവ്. പ്രേമം പറയാൻ ലൈസൻസുള്ള ദിവസം എന്നാണ് മനസ്സിൽ തോന്നിയത്. ഒരൊറ്റ ദിവസം ഒരൊറ്റ അവസരം. പറയാനാണേൽ അന്ന് പയണം. പറ്റിയില്ലെങ്കിൽ........ (അടുത്ത വർഷം ഒന്നൂടെ ശ്രമിക്കാം) അങ്ങനെ പറയാൻ തീരുമാനിച്ചു. ഒരു ധൈര്യത്തിനു മഞ്ചേഷും കൂടി. നമ്മൾ തന്ത്രം മെനഞ്ഞു. പക്ഷെ പറയാനുള്ള ധൈര്യം മെനഞ്ഞിട്ടും മെനഞ്ഞിട്ടൂം രൂപ്പപ്പെട്ടില്ല. കുഴച്ചതു തന്നെ പാകം തെറ്റി. ഒടുവിൽ വലന്റൈസ് ഡേ കാർഡ് എന്ന തന്ത്രം മിന്നി. നിർദോഷമായ പരിപാടി. മുഖം നോക്കാതെ സപ്ലൈ ചെയ്യാം. സ്വീകരിച്ചാൽ നേരെ ബാഗിലേക്ക് പോകും. മറിച്ചാണേൽ നൂറു കഷണമായി അവളുടെ ദേഷ്യം കാറ്റിൽ പറക്കും. തടി രക്ഷിക്കാം. അങ്ങനെയാണ് ഈ കാർഡ് തേടൽ തുടങ്ങിയത്. ബാർബറാം ബാലന്റെ മേലുകാവിൽ എന്തോന്ന് വലന്റൈസ് ഡേ. എന്തരു കാർഡ്.ഡി റ്റി പി എന്ന അക്ഷരങ്ങൾ അന്ന് പ്രാബല്യത്തിലില്ലല്ലോ. നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. വിപ്ലവകരമായ കാർഡ് നിർമാണം ആ രാത്രിയിലാണു സംഭവിച്ചത്. അതെ വലന്റൈസ് വിപ്ലവ രാത്രി. നേരെ കുത്തിയിരുന്ന പഴയ പ്ലെയിൻ ക്രിസ്മസ് കാർഡ് വെട്ടി ചെറുതാക്കി. അതിൽ ഒരു ഹൃദയം മെനഞ്ഞു. പ്രേമത്തിന്റെ അപാരവും അഗാഥവുമായ വേദനയിൽനിന്നുളവായ സൃഷ്ടിപരത. അർത്ഥശുന്യമായ പഴയ കാർഡിനെ പ്രണയം തുളുമ്പുന്ന കുറിമാനമാക്കി. ഹൃദയം മെനയാനാരുന്നു പണി. ക്രിസ്മസിനു ഒരു പൂമാല പോലെ തൂങ്ങിയാടൂന്ന വർണക്കടലാസ്സു മാലയുടെ ചുവന്ന ഭാഗം മാലയെ നോവിക്കാതെ വെട്ടി സൂക്ഷമമായി മുറിച്ച് ഹൃദയാകൃതിയിലാക്കി അതിന്റെ കൂട്ടിപ്പിടിച്ച് ഹൃദയത്തിന്റെ വലതു വശത്ത് സ്റ്റാപ്പ്ലറടിച്ചു.. ആ ലോല ഹൃദയത്തെ കാർഡിന്റെ മടക്കിനുള്ളിൽ വരുന്നതരത്തിൽ മാലയുടെ രണ്ടറ്റങ്ങളെ പ്രണയം ഉരുക്കിയെടുത്ത സങ്കല്പത്തിൽ ഫെവികോൾ ചേർത്ത് ഒട്ടിച്ചു. സംഭവം പുറമെ സിമ്പിൾ. കാർഡ് തുറന്നാളൊ ത്രസിച്ച് തൂടിച്ച് വിടർന്നു വരുന്ന ഹൃദയം. അമ്മേ പൊളപ്പൻ സാധനം. അഭിമാനത്തോടെ എന്നാൽ അതിനേക്കാൾ വെമ്പുന്ന ഹൃദയത്തോടെ സംഗതി മഞ്ചേഷിനെ ഏല്പിച്ചു. അവൻ കലാപരമായി മനോഹരമായ കൈയക്ഷരത്തിൽ ആദ്യ പേജിൽ കാമുകരായ ഞങ്ങളുടെ നാമങ്ങളും (മുകളിലും താഴെയുമാണെ) മറുപകുതിയിൽ പ്രണയിനിമാരുടെ നാമങ്ങളും കുറിച്ചു. എത്ര മനോഹരമായ സൃഷ്ടി. ഹാ... വെറുമൊരു കടലാസ്സിനെ പ്രണയാനുഭൂതി നിറയുന്ന കലാസൃഷ്ടിയും കുറിമാനവുമാക്കി. മഞ്ചേഷ് കുറിമാനത്തെ ലോല ഹൃദയത്തോടെ അവന്റെ കാമുകിയുടെ കൈകളിൽ കൊടുക്കുമ്പോൾ അരുവിത്തുറപ്പള്ളിയിലെ ലാത്തിരി പൂത്തത് എന്റെ നെഞ്ചകത്തിൽ. അവളത് എന്റെ കാമുകിയൂടെ (?) കൈകളിലേൽ‌പ്പിച്ചതും കുടവിടർത്തി വർണപ്രപഞ്ജം. അതും എന്റെ നെഞ്ചിൽ. അവളത് പുസ്തകത്തിനിടയിൽ തിരുകിയപ്പോൾ ആയിരം കതിനകൾ ഒന്ന്ച്ച് പൊട്ടിയതും എന്റെ നെഞ്ചിൽ. ഒടുവിൽ............... അവസാനമായി അന്ന് വൈകൂന്നേരം ക്സ്സ്സ് കഴിഞ്ഞ് ഒരു ഗുണ്ട് പൊട്ടാതെ വന്ന് വീണു ചീറ്റിയതും എന്റെ നെഞ്ചിൽ തന്നെ. അവൾ പുസ്തകത്തീനിടയിൽ നിന്ന് എന്റെ ഹൃദയത്തെ എനിക്ക് നേരെ നീട്ടി. 
Related Posts Plugin for WordPress, Blogger...