കഴിഞ്ഞ വെള്ളിയാഴ്ച ജപ്പാന് ദു:ഖ വെള്ളിയായത് നമ്മളറിഞ്ഞു. പതിവു പോലെ ചാനലുകളിലും നെറ്റിലും നിറഞ്ഞ ലൈവ് ദൃശ്യങ്ങളായി അവ നമ്മിലേക്കെത്തി. അയല്‍ വക്കകാരന്റെ പുരക്ക് തീപിടിച്ചതിലുണ്ടായ ഒരു പ്രത്യേക വികാരത്തോടെ, ചൂടന്‍ വാര്‍ത്ത ആദ്യമറിഞ്ഞതിന്റെ ആഹ്ലാദത്തോടെ ആ വാര്‍ത്ത നാം മറ്റുള്ളവര്‍ക്ക് കൈമാറി. സി എന്‍ എന്‍ പോലുള്ള ചാനലുകള്‍ ദൃക്‌സാക്ഷി വിവരണങ്ങളും ജപ്പാനിലെ സ്വന്തം ന്യൂസ് റൂമില്‍ അനുഭവിച്ച ഭൂചലന ദൃശ്യങ്ങളും മത്സരിച്ച് സംപ്രേക്ഷണം ചെയ്തു. ഹാ എത്ര ഭീകരം, എത്ര ദയനീയം ഈ ദൃശ്യങ്ങള്‍ എന്നെല്ലാം നമ്മില്‍ ചിലര്‍ പരാമര്‍ശിച്ചത് നേര്. ഇന്ത്യയ്ക്ക് സുനാമി ഭീഷണിയില്ല എന്ന വാര്‍ത്ത ചിലര്‍ ശ്രദ്ധിക്കുകയും ആശ്വസിക്കുകയും ചെയ്തു എന്നത് മറ്റൊരു സത്യം.
ഷെന്റായ് നഗരത്തെയാകമാനം സുനാമി വിഴുങ്ങുന്ന ദൃശ്യം ചാനലുകളില്‍ ലൈവ് വരുമ്പോഴും, അനേകം ജീവനുകളെ തിരയെടുത്തുപോകുമ്പോഴും എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങള്‍ മൃത്യുഭീതിയിലാണ്ട് നിമിഴങ്ങള്‍ നീക്കുമ്പോഴും ഇവിടെ ലക്ഷക്കണക്കിന് വൃത്തികെട്ട മനസ്സുകള്‍ ചാനല്‍ മാറ്റി ക്രിക്കറ്റ് കാണുകയായിരുന്നു എന്നത് ഒരു ഭീകര സത്യം. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തെ “ലോകാവസാനം” എന്നും മറ്റും ഗ്ലോറിഫൈഡ് സ്കൂപ് ആക്കി അഘോഷിച്ച മുഖ്യധാരാ പത്രങ്ങള്‍ ഒന്നും രണ്ടും ദിവസത്തെ മുന്‍പേജില്‍ സമകാലിന രാഷട്രീയ വാര്‍ത്തക്കൊപ്പം മാത്രം ഇതിനെ തിരുകി വച്ചതും പിന്നീട് അതിനെ വിദേശ പേജിലേക്ക് ചുരുട്ടി ഒതുക്കിയത് ശ്രദ്ധിക്കപ്പെടാതെ പോയ സത്യം.
തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരളത്തില്‍ ഭൂചലനവും സുനാമിയും സംഭവിച്ചത് സീറ്റ് ചര്‍ച്ചകളിലും പിണറായി അച്ചുതാനന്ദന്‍ വിഷയങ്ങളിലും മാത്രമായിരുന്നു. മനസ്സാക്ഷിക്കും മന്നുഷ്യത്വത്തിനും ഭൂമിശാസ്ത്രപരമായ വേര്‍തിരിവുകള്‍ ഉണ്ടെന്നത് ഒരു പുതിയ തിരിച്ചറിവാണ്. അത് നമ്മെ ബാധിക്കാത്തത് എന്ന ഉറപ്പിന്മേല്‍ ദുരന്തങ്ങളെ സൌകര്യപൂര്‍വം മറക്കുക എന്ന സൂത്ര വിദ്യ നമ്മള്‍ പഠിച്ചിരിക്കുന്നു.
സുനാമിത്തിരകള്‍ അമേരിക്കന്‍ ഹാവായ് ദ്വീപുകളിലും കാലിഫോര്‍ണിയന്‍ തീരത്തും നാശനഷ്ടങ്ങള്‍ വരുത്തിയപ്പോള്‍ ആ ദുരന്തം അമേരിക്കയുടേതു കൂടിയായി. അപ്പോള്‍ മാത്രം. നൂറ് കണക്കിന് ശവശരീരങ്ങള്‍ കരക്കടിഞ്ഞ് കൊണ്ടിരിക്കുകയാണ് ദുരന്തമുഖങ്ങളില്‍, കുടെ ആണവ വികിരണ ഭീതിയും.
ഫൂക്കുഷിമ ആണവ നിലയത്തിലെ റിയാക്ടര്‍ ഇന്ധനം ഉരുകി ഒലിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. എത്ര ഭീകരമാണിത്. മറ്റൊരു ചെര്‍ണോബില്‍ സാധ്യത അതീവ ഭീതിയോടെ നാം മനസ്സിലാക്കുകയാണ്. വളരെ പതുക്കെ മാത്രം സംഭവിക്കാവുന്ന വികിരണ വിപത്ത്. വളരെ നിശബ്ദമായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രക്രിയ.
അമേരിക്കയും ഇതേ ഭീഷണി നേരിടുകയാണ്. കാലിഫോര്‍ണിയന്‍ തീരത്തെ ഡിയാബ്ലോ കാന്യണ്‍ ആണവ നിലയം, സാന്‍ ഒണോഫെര്‍ ആണവ നിലയം എന്നിവ തീരത്തൊടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു എന്നതും ഇവയെല്ലാം ഭൂചലന സാധ്യതയുള്ളാ ഹോട്സ്പോട്ടുകളിലാണ് എന്നതുമാണ് ഈ ഭീതിക്ക് അടിസ്ഥാനം.
ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട് ശ്രദ്ധിക്കുക. നാം എന്താണ് പഠിക്കേണ്ടത്.?
ദുരന്തങ്ങള്‍ ഉണ്ടാവുകയും അവയൊക്കെ നമ്മെ ഞെട്ടിപ്പിക്കുകയും കുറെക്കാലം ഭീതിയിലാഴ്ത്തുകയും പിന്നെ മറവിയുടെ തിരശ്ശീലക്കു പിന്നിലേക്ക് മായും എന്നുമാണൊ.? ദുരന്തങ്ങള്‍ നമ്മെ ബാധിക്കുകയില്ലെ എന്ന് ആശ്വസിക്കുകയും സുരക്ഷിതത്തിന്റെ മുട്ടത്തോടിനുള്ളിലേക്ക് പിന്‍വലിയാം എന്നാണോ.? ഇത്തരം ദുരന്തങ്ങളേ വലിയ വായില്‍ പരാമര്‍ശിച്ചിട്ട് സാമൂഹ്യനും അവധൂതനും ഒക്കെ എന്ത് നേടാന്‍ എന്ന് ചോദ്യങ്ങളെ ഉയര്‍ത്തിവിടാനാണോ.? ദുരന്തങ്ങള്‍ പ്രകൃതിയുടെയും അതിജീവനത്തിന്റെയും പരിണാമത്തിന്റെയും ചാലകങ്ങളാണ്. അവ സംഭവിച്ചേ തീരു.; ഒഴിവാക്കാനാവാത്ത ഒരു ആവശ്യമത്രെ അത് എന്നൊക്കെ തത്വശാസ്ത്രം വിളമ്പാനാണോ..?
അല്ല. നമുക്ക് മുന്നിലുള്ള മഹാവിപത്തിനെയാണ് നാം തിരിച്ചറിയേണ്ടത്. ഈ ദുരന്തങ്ങളോടൊപ്പാം ഒരു പക്ഷേ അതിനേക്കാള്‍ ഭീതിതമായ ഒരു വിപത്തിന്റെ മുള്‍മുനയിലാണ് നാം കേരളീയര്‍ ഉള്ളത് എന്നതാണ് നാം പഠിക്കേണ്ട പാഠം. മുല്ലപ്പെരിയാര്‍ എന്ന മഹാ വിപത്ത്. ഇതിനെ ഇനിയും വിശദീകരിക്കേണ്ടതും അതിനെ പറ്റിയുള്ള സാമാന്യമായ അറിവെങ്കിലും നമുക്കിടയില്‍ നമുക്ക് ചുറ്റും ചര്‍ച്ചചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. ജപ്പാനില്‍ ഒരു ഭൂമികുലുക്കം ഉളവാക്കിയ സുനാമി ഇത്രയധികം നാശം വിതച്ചതിന് നാം സാക്ഷികളാണ്. അതിലും ചെറിയ ഒരു ഭൂമികുലുക്കത്തിന് അതിനെക്കാളേറെ വിപത്ത് വിതക്കാനാവും മുല്ലപ്പെരിയാര്‍ വഴി എന്ന് നാം പഠിക്കുക. ഇപ്പൊഴും ചര്‍ച്ചകളും, പരിശോധനകളും, ഉദ്യോഗസ്ഥമഹാപ്രഭുക്കളുടെ മുങ്ങിനടപ്പും മാത്രം വാര്‍ത്തകള്‍ക്ക് വിഷയാമാവുന്നത് എത്ര നിസ്സാരമായിട്ടാണ് എന്ന് നാം മനസ്സിലാക്കുക.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കാവുന്നില്ലെങ്കില്‍ ഇടുക്കി ജില്ലയെ തമിഴ്നാടിന് കൊടുത്തേക്കു എന്ന് കരള് പറിയുന്ന വേദനയോടെ സ്വന്തം നാട്ടിലെ അരക്ഷിതാവസ്ഥയെ ചൊല്ലി വിലപിക്കുന്ന അനേകായിരങ്ങളുടെ വികാരങ്ങളെ നാം മനസ്സിലാക്കുക. മനസ്സിലാക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയം ഇതു തന്നെ എന്ന് പഠിക്കുക. ദുരന്തങ്ങള്‍ വെറും വാര്‍ത്തകള്‍ മാത്രമല്ല. നമുക്ക് മുന്നിലുള്ള പാഠങ്ങളാണ് എന്ന് കണ്ണ് തുറന്ന് കാണുകയും മനസ്സ് തുറന്ന് ഗ്രഹിക്കയും ചെയ്യുക.
ഓര്‍ക്കുട്, ഫേസ് ബുക്, ട്വിറ്റര്‍ സൌഹ്രുദങ്ങളെ സുരക്ഷയുടെ അവകാശത്തിനായുള്ള പടവാളാക്കുക. എനിക്കും നിങ്ങള്‍ക്കും ഇത്രയേറെ സൌഹൃദങ്ങളും സൌകര്യങ്ങളും ഉള്ളതിനെ തക്കകാലത്ത് ത്ക്കതായ വിധത്തില്‍ ഉപയോഗിക്കുക. നമുക്ക് സമയമില്ല. വേനലവധി വരും, അത് തീരുന്നതോടെ മഴക്കാലവും. മഴക്കാലം നൊസ്റ്റാള്‍ജിയക്ക് പകരം നോവുണ്ടാക്കുന്നത് നാം മനസ്സിലാക്കുക. മലമുകളിലെ ഓരോ മഴത്തുള്ളിയും മരണവുമായി പെയ്തിറങ്ങുന്നു എന്ന് തിരിച്ചറിയുക. ഭൂമിയുടെ നൃത്തം ചടുലതയാണ്ട് മരണ നൃത്തമാവുന്നത് തൊട്ടറിയുക.
ദുരന്തങ്ങളെ ഊതിപ്പെരുപ്പിച്ച് കാണിക്കുകയല്ലെ അവദൂതന്‍ എന്ന് ചിലര്‍ സംശയിക്കുന്നു. അല്ല സുഹൃത്തേ അല്ല. ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്‍കരുതലെടുക്കാന്‍ ആഹ്വാനം ചെയ്യുക മാത്രമാണ്. കണ്ണുള്ളവന്‍ കാണട്ടെ. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, മനസ്സുള്ളവന്‍ തിരിച്ചറിയട്ടെ. ഉശിരുള്ളവര്‍ പ്രതികരിക്കട്ടെ. ജീവിത സമരമാണിത്.
വിജയിപ്പൂതാക.. അവധൂതന്‍ .
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഉഗ്രന്‍ മഴ പെയ്യുകയുണ്ടായി.
മറുപടിഇല്ലാതാക്കൂഅര മണിക്കൂര്‍ കഴിഞ്ഞു അത് നിന്നു. ഒരു തണുപ്പ് സമ്മാനിക്കാന്‍ ആ മഴയ്ക്ക് കഴിഞ്ഞില്ല.
ഭൌതികമായ ഒരു ക്ലീന്‍ ആക്കല്‍ ആയിരിക്കാം അതെന്നു ഞാന്‍ കരുതുന്നു.
ആകാശം ഇപ്പോള്‍ വളരെ മനോഹരം ആണ്. ചൂട് തുപ്പുന്ന മരങ്ങള്‍ ആണ് ഉള്ളെങ്കിലും
കഠിനതാപത്തിന്റെ ഉഷ്ണം വന്നെത്തിയിട്ടില്ല.സുനാമി നാശം വിതച്ച മണ്ണില്‍ നിന്നും
ഇന്നു പുതിയ ഭീഷണി വന്നിരിക്കുന്നു. തുറന്നിട്ട ജാലകത്തിലൂടെ നോക്കുമ്പോള്‍ അന്തരീക്ഷം
ശൂന്യവും, നേര്ത്തതും ആയിരിക്കും. ചില പൊട്ടുകള്‍ പോലെ ആകാശം മിന്നുന്നു. അത്ര മാത്രം.