ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 6, വ്യാഴാഴ്‌ച

പാഠം ഒന്ന്



" കുഞ്ഞുങ്ങളേ നാം പഠിച്ച് തുടങ്ങുക - അദ്ധ്യാപകന്‍ "


കൊടിക്കൂറ; പിന്നില്‍ ചുരുട്ടിയ മുഷ്ടികള്‍
കൊടിക്കോല്‍ ഈടൊത്ത ദണ്‍‍ഡന ദണ്‍ഡുകള്‍
മിടിക്കാതെ കല്ലിനോടൊക്കുന്ന ഹ്രിത്തും
ചെടിപ്പേതുമില്ലാ പരസ്പര താഡനം
രാക്ഷസ്സനോ രക്തരക്ഷസ്സോ; അത്രമേല്‍
ശക്തരാണിന്നീ ‘ ഇസ ‘ പ്പാട്ട് പാടുവോര്‍
‘ രക്ഷാകരര്‍;മാനുഷവകാശദാഹികള്‍ ‘
രാഷ്ടീയവാദികള്‍ രക്താഭിലാഷികള്‍
നിരത്തിപ്പടര്‍ത്തുന്ന കല്ലുകള്‍, നീളെ-
നിരത്തില്‍ തടസ്സം വരുത്തിച്ചിരിപ്പിവര്‍
ഹര്‍ത്താലെന്നോമനപ്പേരിതിന്നൊട്ടൊന്നെ-
തിര്‍ത്താല്‍ മര്‍ത്യന്ന് നഷ്ടം ധനം,ജന്മം
വ്യവസാമൊന്നില്‍ മുതല്‍മുടക്കേകിയോ-
നവസാന ശ്വാസം വിലക്കും, മുടക്കും
ലവലേശമില്ലാ മനുഷ്യത്വമോര്‍ത്താ-
ലവശിഷ്ടമല്ലോ ‘ മത ‘ ക്കാഴ്ച്ച കേവലം
മെത്രാനെതിര്‍ത്താലജം കുതിച്ചെത്തണം
മിത്രങ്ങളേതും അണിക്കൊത്ത് ചേരണം
"എത്രയാണെങ്കിലും സഭ നമ്മളൊന്നേ
ശത്രുക്കളാണീ എതിര്‍പ്പവര്‍ ദോഷികള്‍"
കാല്‍വരിയില്‍ അങ്കി ചീന്തിപ്പകുത്തെടുത്ത-
ള്‍ത്താര വെട്ടിപ്പിടിക്കുവനായുന്നു
പഠിക്കേണമിന്നു നീ.......

(തടസ്സം)

വിടര്‍ത്തിപ്പിടിച്ചൊരീ പുസ്തകത്താളിതി-
ലാര്‍ത്തിയോടോടും കുരുന്നു കണ്‍ കുരുവികള്‍
"നിര്‍ത്തുക ക്ലാ"സ്സെന്നു ഗര്‍ജ്ജനം. ഹര്‍ത്താല്‍
നര്‍ത്തകരെത്തി പഠിപ്പു മുടക്കുവാന്‍.

"സാറീക്ലാസ്സൊന്നു നിര്‍ത്തിയാട്ടെ. ഞങ്ങള്‍ പഠിപ്പിക്കാം.."


പാഠമൊന്ന് നിനക്കില്ലാ മതം, നീ-
പഠിക്കുക; വിപ്ലവമൊന്നേ സനാതനം
"പഠിപ്പിക്കൊലാ ഞാ"-നുരക്കുന്നു മെത്രാന്‍
"പഠിപ്പിക്കുമീ ഞാന്‍"- രാഷ്ടീയ കൊമരം

"കുഞ്ഞുങ്ങളേ..നാം പഠിപ്പിവിടെ നിര്‍ത്തുക"- അദ്ധ്യാപകന്‍ .

അതിലോലമസ്ഥി ഉറക്കാത്ത കൈകളില്‍
അഴകേറുമീ കൊടിക്കൂറ നീയേന്തുക
‘ ഇങ്ക്വിലാ ‘ -ബെന്നേ ഉറക്കെ ഉയര്‍ത്തുക
ചങ്കിലെച്ചോര തിളക്കെ രണഭേരി
കഥയേതുമറിയാതെ ശുഭ്രമീ മാനസ്സ-
ക്കടലാസ്സില്‍ ചെഞ്ചോര തൊട്ടു നീയെഴുതുക
‘ അടരാടുവാന്‍ ഞാന്‍ വരുന്നു..വിപ്ലവ-
പ്പടചേരുവാന്‍ ഞാന്‍ വരുന്നു..സോദര-
ത്തലകൊയ്യുവാന്‍ ഞാന്‍ വരുന്നു..ചുടുനിണ-
പ്പുഴ കീറുവാന്‍ ഞാന്‍ വരുന്നു..

[കരായാതെ പിടയുമിരു നീള്‍മിഴിക്കൂമ്പുകള്‍
കുരലില്‍ത്തടഞ്ഞ നിശ്വാസം;ഗദ്ഗദം
ചുരത്താന്‍ നിനക്കായ് നിറഞ്ഞോരകിടേന്തു-
മാരോ ഒരാള്‍ ‘ അമ്മ ‘ യല്ലെന്നുചൊല്‍ക നീ.
കേഴുമേതോ ഒരാള്‍. ‘ അമ്മ ‘ യല്ലെന്നു    ചൊല്‍ക നീ.
കൊയ്ത ശിരസ്സിന്നും അമ്മയൊന്നില്ലെന്നു ചൊല്‍ക നീ.. വിജയിപ്പൂതാക. ചിരഞ്ജീവിയാവുക.]



(ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള  “പാഠം ഒന്ന്  ” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)    


avadhoothan

2 അഭിപ്രായങ്ങൾ:

  1. "വിടര്‍ത്തിപ്പിടിച്ചൊരീ പുസ്തകത്താളിതി-
    ലാര്‍ത്തിയോടോടും കുരുന്നു കണ്‍ കുരുവികള്‍
    "നിര്‍ത്തുക ക്ലാ"സ്സെന്നു ഗര്‍ജ്ജനം. ഹര്‍ത്താല്‍
    നര്‍ത്തകരെത്തി പഠിപ്പു മുടക്കുവാന്‍.
    "സാറീക്ലാസ്സൊന്നു നിര്‍ത്തിയാട്ടെ. ഞങ്ങള്‍ പഠിപ്പിക്കാം.."
    പാഠമൊന്ന് നിനക്കില്ലാ മതം, നീ-
    പഠിക്കുക; വിപ്ലവമൊന്നേ സനാതനം
    "പഠിപ്പിക്കൊലാ ഞാ"-നുരക്കുന്നു മെത്രാന്‍
    "പഠിപ്പിക്കുമീ ഞാന്‍"- രാഷ്ടീയ കൊമരം"
    ,ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍ (18വയസുതികയാത്ത)അവ്ര്കുള്ള സമര്‍പ്പണമോ ?അതോ അരാക്ഷ്ട്രീയ വാദത്തിന്റെ ആധുനിക കവി മനസ്സോ ?നീറുന്ന കവിമനസ്സിനു ഹര്‍ത്താല്‍ വിരോധി ഹസ്സെന്റെ കമന്റു വാങ്ങുക ?

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...