സര്‍ക്കാര്‍ സമക്ഷം അടിയനു ഒരു നിവേദനം ബോധിപ്പിക്കാനുണ്ട്. നല്ല സാധ്യതകളുള്ള ഒരു പരിപടിയാണേ.
ഒരു കേന്ദ്ര രാഷ്ട്രീയ സര്‍വകലാശാല സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം അടിയന്‍റെ പഴമനസ്സില്‍ തോന്നിച്ച്. ഇന്നലെ.
ഉമ്മറിക്കാ..? അല്ല ഇങ്ങളൊന്ന് പറ. ദുനിയാവില് ഇക്കണ്ട പടപ്പുകള്‍ക്കെല്ലാം ഡാര്‍വിനദ്യേം പറഞ്ഞ പോലെ എവല്യൂഷനും, അതിന്‍ ഫലമായ വാലു നഷ്ടപ്പെടലും ഉണ്ടായിട്ടുണ്ട്, ഈ രാഷ്ട്രീയ കോമരങ്ങള്‍ മാത്രം എന്തേ ഇങ്ങനെ.?
ഈ ചോദ്യമാണ് അടിയന്‍റെ തല ഇങ്ങനെ വര്‍ക്ക് ചെയ്യാന്‍ കാരണം. യൂണിവേഴ്സിറ്റി തലത്തില്‍ രാഷ്ട്രിയ പഠന വിഭാഗം രൂപീകരിക്കുക എന്നത് മാത്രമല്ല. ഉസ്കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന സമഗ്രമായ ഒരു പാഠ്യ പദ്ധതിയാണത്രെ ഇത്. സര്‍ മെക്കാളെക്ക് ശേഷം സാമൂഹ്യന്‍ വക ഒരു സമഗ്ര വിദ്ധ്യാഭ്യാസ പരിഷ്കരണം ഇരിക്കട്ട്.
ടി നിവേദനം സര്‍ക്കാര്‍ വശം സമര്‍പ്പിക്കുന്നതിന് മുന്പേ വായ്ക്കിന്‍. എന്നിട്ട് അഭിപ്രായം തെര്യപ്പെടുത്തിന്‍. സംഭവം കരടാണേലും ഉള്ളില്‍ ഏറുപടക്കത്തിന്‍റെ അണ്ഠം ഉണ്ടേ.സമസ്ഥ വായനാസുഹൃത്തുക്കളുടെയും അഭിപ്രായം കണക്കിലെടുത്ത് മാത്രം കരടിനെ ലവന്മാരുടെ കണ്ണിൽ വിതറാം.
അച്ചന്‍ പട്ടവും ശാന്തീം, ഇമാം പണീമെല്ലാം തൊഴില്‍വല്‍കരിക്കപ്പെട്ടതിന്‍ പ്രകാരം, രാഷ്ട്രീയവും അതീവ ബഹുമാന്യമായ ഒരു തൊഴിലായി മാറി എന്ന് സാമൂഹ്യന്‍ പറയാതെ സര്‍വരാജ്യ തൊഴിലാളികള്‍ക്കും അറിവുള്ളതാണല്ലോ. ഇത്തരുണത്തില്‍ ആയതിനെ കടിച്ച് പറിക്കുന്നില്ല. ഒരപേക്ഷ മാത്രം. അഞ്ചാം തരം മുതല്‍ രാഷ്ട്രീയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പ്രമുഖന്മാരായ രാഷ്ട്രീയ വിശാരദരുടെ ആത്മകഥയും ജീവചരിത്രവും പത്താം തരത്തിലെത്തുമ്പോഴേക്കും ബൈഹാര്‍ട് ആക്കുന്ന തരത്തില്‍ വേണം ഈ സംഭവം ഡിസൈന്‍ ചെയ്യാന്‍.
മുഹമ്മദ് അലി ജിന്നാ സാഹെബിന്‍റെ കര്‍മ കുശലത എങ്ങനെ ഒരു രാഷ്ട്രത്തില്‍ നിന്നും ഒരു കുട്ടി രാജ്യത്തെ ഉത്പാദിപ്പിക്കാന്‍ സഹായിച്ചു എന്നത് സ്പെഷ്യൽ പേപ്പറായി കുട്ടിപ്പട്ടാളം പഠിക്കട്ടെ. ഇന്ദിരയുടെ പുത്രവാത്സല്യം എങ്ങനെ ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചു എന്നത് പൊറാട്ട് നാടകമോ കാക്കാരശ്ശി നാടക രീതിയിലോ അവതരണ കലാരൂപമാക്കി വേണം ചൊല്ലിക്കൊടുക്കാന്‍. പിന്നീടിങ്ങോട്ട് ബോഫോഴ്സും അച്ചാറും കോമണ്‍ വെല്‍ത്തും (കിടിലന്‍ വെല്‍ത്) ടു ജി യും ഉള്‍പ്പെടെ ഉള്ള കഥകളിപ്പദങ്ങളും നീണ്ട കഥകളും നോവലുമാക്കി പഠിപ്പിക്കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വേണം ഇത്. പത്താം തരത്തോടെ ഈ ഭാഷകളില്‍ ചീത്ത വിളിക്കാനും, കൊഞ്ഞനം കുത്താനും പറഞ്ഞ വാക്ക് പിന്‍ വലിക്കാനും, തരാതരത്തില്‍ പത്ര സമ്മേളനം നടത്താനും കഴിവ് വെക്കട്ടെ.
പ്ലസ് ടു മുതല്‍ കൊശവന്മാര്‍ക്ക് രണ്ടെല്ല് കൂടുതല്‍ വന്ന് കഴിയുമ്പോ മിനിമം ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധം. ഇതുവരെ കാട്ടിക്കൂട്ടീയതൊന്നുമല്ലപ്പോ ശരിയായ പരിപാടി എന്ന്‍ മനസ്സിലാക്കാനാണിത്. വിമാന യാത്രാ ദ്വാരേ കിട്ടീയ ദ്വാരത്തിലൂടെ കൈകടത്തലും ശൂ ശൂ വിളിച്ചതും, എതോ പാവം അഗതിയുടെ കൂടെ വാഹനത്തില്‍ വരവെ നാട്ടാര്‍ ശല്യം ചെയ്തതും, ഐസ്ക്രീം തിന്നതും അങ്ങനെ അങ്ങനെ പുരോഗമിക്കുന്ന മലരമ്പന്‍ കഥകള്‍ പുള്ളന്മാര്‍ വായിച്ച് പഠിക്കട്ടെ. അത് മലയാളം സെക്കന്‍റ് പേപ്പറാക്കിയാല്‍ മതി. അതാ അതിന്‍റെ ഒരിത്. നിത്യേന മുടങ്ങാതെ വായിച്ചോളും പഹയന്മാര്‍.
ഇപ്പൊ പ്രാക്ടിക്കല്‍ തുടങ്ങാം. ചേട്ടന്മാരുടെ കൂടെ പോസ്റ്ററൊട്ടിക്കല്‍, ഇങ്കിലാബ് വിളിക്കല്‍, ബസ്സിന് കല്ലെറിയല്‍, നേരിയ തോതില്‍ വഴിതടയല്‍, ക്ലാസ്സ് ക്ലാസ്സാന്തരം ക്യാമ്പെയിന്‍ നടത്തല്‍ തുടങ്ങിയവ ഇപ്പോള്‍ നടത്തണം. ചേട്ടന്‍മാര്‍ മാഷ്മാരുടെ കോളറിന് പിടിക്കുന്നതും തന്തക്ക് വിളിക്കുന്നതും കേട്ട് നിന്ന് കയ്യടിക്കല്‍, പ്രത്യാഖാതമുണ്ടാവുമ്പോള്‍ ക്ലാസ് ബഹിഷ്കരിച്ച് അപ്പുറത്തെ കുറ്റിക്കാട്ടിലിരുന്ന് കട്ട് ബീഡി വലിക്കല്‍, ചിന്തോദ്ദീപകമായി ലേശം മദ്യസേവ, മറ്റവന്‍റെ പാര്‍ട്ടിയുടെ കൊടിമരം പറിക്കല്‍, പോസ്റ്ററെഴുത്ത് തുടങ്ങിയവ പ്രോജക്ടുകളാക്കാം.
വര്‍ഷാവസാന പരീക്ഷ വേണ്ട. ആൾപ്രൊമോഷന്‍ ആയിക്കോട്ടെ.
ഇനിയാണ് ശരിയായ അങ്കം. ഡിഗ്രീ ഇന്‍ പൊളിറ്റിക്സ് എന്ന മൂന്ന് വര്‍ഷ കോഴ്സ്. " ക്ലാസ് മുറികളില്‍ നിന്ന് പുറത്തേക്ക്" എന്ന മുഖ്യതത്വം അനുസ്സരിച്ച് ക്യാമ്പസ്സിനു പുറത്ത് പ്രവര്‍ത്തി പരിചയ പരിപാടികള്‍.
പ്രിന്‍സിപ്പാളിനെ ബന്ദിയാക്കലിലും വഴിതടയലിലും നടുറോഡില്‍ കടിപിടിയും ആഴ്ചക്കാഴ്ചക്ക് നടത്തി ഇലക്ഷനില്‍ ഒരു സീറ്റുറപ്പിക്കല്‍ മുഖ്യ ഇനം. ഇനിയങ്ങോട്ട് തോണ്ണൂറ് വയസ്സ് വരെ നടത്തേണ്ട പഞ്ചവത്സര വോട്ട് തെണ്ടലിന്‍റെ ഉളുപ്പുമാറ്റലും, കൈകുലുക്കല്‍, താണു വണങ്ങല്‍ കൈവീശല്‍, സര്‍വോപരി വെള്ള മുണ്ടിന്‍റ മേല്‍ ശരിയായ ഗ്രിപ്പുണ്ടാക്കല്‍ തുടങ്ങിയ മാനറിസിങ്ങളുടെ ഗ്രൂമിങ് സെഷന്‍ ഇവിടെ നടക്കണം. ഇക്കാര്യങ്ങളില്‍ വിചക്ഷണരായ അദ്ധ്യാപക സുഹ്രുത്തുക്കള്‍ മാർഗനിർദേശങ്ങൾ നിര്‍വഹിക്കണം. പല വിചക്ഷണരും അദ്ധയാപക വൃത്തിക്കിടയിലോ, അതിവ് ശേഷമോ രാഷ്ട്രീയ വിഹായസ്സിൽ ചിറകടിച്ച് പറക്കുന്നവരത്രെ.
പിന്നെ ഭരണപക്ഷ പ്രതിപക്ഷ അടിപിടി, യൂണിയന്‍ ഇനാഗുറേഷനും ആര്‍ട്സ്ക്ലബ് ഉദ്ഘാടനവും അലമ്പാക്കല്‍, പുറത്തിറങ്ങി ബസ്റ്റാന്‍റ് വരെ കാല്‍നടജാഥ, കട തല്ലിപ്പൊളിക്കല്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കല്‍, പാര്‍ടിയുടെ ജില്ലാതലത്തില്‍ തുടങ്ങി സംസ്ഥാന തലം വരെയുള്ള വര്‍ക്ഷാപ്, സെമിനാര്‍, സമ്മേളനങ്ങളുടെ അവസാനമുള്ള കൂട്ട വെള്ളമടി തുടങ്ങിയ മേഖലകളിലേക്ക് ഇഷ്ടന്മാര്‍ വച്ചടി വച്ചടി (അടി വച്ച് അടി വച്ച്) കയറിക്കോളും.
കോളജില്‍ ക്ലാസ്സുള്ള സമയം നാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള പ്രാദേശിക കാര്യങ്ങളില്‍ ഇടപെടുകയും, കൊടി പിടിക്കുകയും , സ്ഥലത്തെ പ്രധാന നേതാക്കന്മാര്‍കും ഒപ്പം ചര്‍ച നടത്തല്‍ വേദി പങ്കിടല്‍, അനൌൺസ്മെന്റ്, ഇലക്ഷന്‍ ഏജന്‍റ് എന്ന സുപ്രധാന ചുമതല നിര്‍വഹിക്കല്‍ എന്നിവയില്‍ സ്വയം പര്യാപ്തരാകുകയും ചെയ്യുക. ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും, പ്ലസ് ഗ്രേഡും ലഭ്യമാക്കുന്നതിനെപ്പറ്റി കരിക്കുലം കമ്മറ്റി പ്രത്യേകം പഠിക്കുക.
അങ്ങനെ മൂന്ന് വര്‍ഷ കോഴ്സ് പൂര്‍ടത്തിയാക്കുക. അതിന് ശേഷം കളത്തിലിറങ്ങാം. പരീക്ഷക്കിരിക്കണമെന്നോ ജയിക്കണമെന്നോ നിര്‍ബന്ധമില്ല.
ഇനിയും പഠിക്കണം എന്ന് വയ്കുന്ന വിജ്ഞാന ദാഹികള്‍ക്ക് മാത്രം സപ്ലിയെഴുത്തും ജയവും ബാധകമാണ്.തുടര്‍ന്ന് എം എ സോഷ്യോളജിയോ മലയാളമോ എടുക്കാം. ഭാഷയില്‍ ഒരു ഗ്രിപ് നല്ലതാണല്ലോ.? പിന്നിട് പത്ര ഭാഷയില്‍ എഴുതാനും സംസാരിക്കാനും കഴിയുക എന്നത് അത്യാവശ്യമാണ്. സഘാവ് അച്ച്യുതാനന്ദന്‍, പി സി ജോര്‍ജ് അദ്യേം, സുധാകരനവര്‍കള്‍ കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരെ മാതൃകയാക്കരുത്. കോട്ടയത്തെ കുഞ്ഞൂഞ്ഞും, പിണറായിയിലെ സഖാവും, കൊച്ചിയിലെ സെബാസ്റ്റ്യൻ വക്കീലുമാണ് അനുകരണീയര്‍.
പിന്നൊന്നുണ്ടേ. എല്ലെല്‍ബി. അടിതടയില്‍ വിശാരദ്, നിയമം വളച്ചൊടിക്കലില്‍ നിപുണ്‍, നിയമനിര്‍മാണത്തിലും അതില്‍ വിടവിടലിലും ലംഘനം നടത്തലിലും പ്രമുഖ്, എന്നീ ഉപരിപാഠ്യ വിഷയങ്ങളുണ്ട്. പേരിനറ്റത്ത് ഒരു ബിയെയെല്ലെല്‍ബീയോ എമ്മെയെല്ലെല്‍ബീയോ ചാര്‍ത്തിക്കിട്ടും. വോട്ടിങ് യന്ത്രത്തില്‍ അപരന്മാരുടെ എണ്ണം കുറയാന്‍ ഇത് ഉപകരിക്കുമേ..
തമ്മിലടി, ഉടുമൂണ്ടുരിയൽ, തൊഴുത്തിൽ കുത്ത്, പല്ലിടകുത്തി നാറ്റിക്കൽ, ഗ്രൂപ്പ് നിർമാണം, മറുകണ്ടം ചാടൽ സെന്റിയടിച്ച് മാപ്പുപറയൽ, തുടങ്ങിയ നാടൻ കലാരൂപങ്ങളെ ലളിതകലയിൽ പെടുത്തി
ഗ്രാന്റ് സഹിതം പരിപോഷിപ്പിക്കണം.
ഇദ്ദം സുയോധന വീരൻ സമൂഹ്യ സേവനാർഥം മണ്ടിത്തുടങ്ങും. അസ്ത്രങ്ങൾ യദേഷ്ടം പ്രയോഗിക്കാൻ പ്രാപ്തി നേടിക്കഴിയും ഇതിനോടകം.
അങ്ങനെ രാഷ്ട്രീയ നേതാവ് എന്ന ബലമുള്ള വാലു മുളച്ച് നീണ്ട് തുടങ്ങും. ഡാര്‍വിന്‍ സാറ് തോല്‍കും. സമകാലിക രാഷ്ട്രീയ വിഹായസ്സില്‍ ഒരു പുത്തന്‍ താരോദയം. അതു ജ്വലിച്ച് തുടങ്ങും, പ്രകാശം പരത്തും, ഊര്‍ജം പകരും. ജനങ്ങള്‍ ഹാപ്പി. കുട്ടി നേതാവും ഹാപ്പി.
വിജയങ്ങളും ഗാന്ധിത്തലകളും തലക്ക് പിടിക്കുമ്പോള്‍ മേല്‍പറഞ്ഞ താരം ഒരു മിനി സൂര്യനാകും, എത്താത്തിടങ്ങളിലേക്കെല്ലാം കൈ നീട്ടൂം, അഹങ്കാരത്തോടെ മുരളും, ജനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കും, നാടിനെ ചുട്ട് പൊള്ളിക്കും. ഗതികേട് കൊണ്ടോ വിഡ്ഡിത്തരം കൊണ്ടൊ വിദ്യാസമ്പന്നരായ പ്രജകള്‍ വീണ്ടും ഈ സൂര്യനെ ജയിപ്പിക്കും, ആരാധിക്കും, താണ് വണങ്ങും.
മെല്ലെ മെല്ലെ ഇപ്പറഞ്ഞ സൂര്യന്‍ ഒന്നു ഗ്രഹണം നടത്തും. അപ്പോ അത് മന്ത്രിയോ, ക്യാബിനറ്റ് മന്ത്രിയോ ഒക്കെ ആകും.
ജനങ്ങള്‍ "ക്ഷ" "ണ്ണ" എന്നീ അക്ഷരങ്ങള്‍ മറക്കും, പത്രങ്ങളും ചാനലുകളും പടങ്ങളും അക്കങ്ങളും ലൈവുകളും നടത്തും. യാഥാര്‍ത്യത്തിന്‍റെ "ക" "മ" അവരും പറയൂല്ലിക്കാ.
ചാനല്‍ കിളികള്‍ "സെ-യെസ്" എന്നും "സെ-നോ" എന്നും സ്പേസ് ഇട്ട് എസെമ്മെസ് ചെയ്യാന്‍ ചിലക്കും. സ്പേയ്സ് അക്ഷരവും വാക്കുകളും വിഴുങ്ങിയിടത്താണിടേണ്ടതെന്ന് മറക്കരുത്.
അങ്ങനെ ഒടുക്കം. ആ സൂര്യന്‍ ഒരു തമോഗര്‍ത്തമാകും. ആര്‍ത്തി തീരാത്ത തമോഗര്‍ത്തം. എല്ലാം വിഴുങ്ങുന്ന ശക്തി. എന്തിനെയും നശിപ്പിക്കാന്‍ കഴിവുള്ള ഒരു പ്രതിഭാസം. നീയന്ത്രണാതീതമായ അതിശയം.
അങ്ങനെ ഇന്ത്യ ഇന്ത്യയാകുന്നു. ശരിയായ ഇന്ത്യ. ജനാധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യ. കാക്കത്തോള്ളായിരം സാഷ്ട്രീയ സൂര്യന്മാരുടെ ഇന്ത്യ.
സമയം കളയണ്ട. നമുക്ക് ഈ സെണ്ട്രൽ യൂണിവേഴ്സിറ്റി ഫോര്‍ പൊളിറ്റിക്സ് സ്ഥാപിച്ച്കളയാം. ഇപ്പൊള്‍ നമുക്ക് വേണ്ടത്ര ഫാകല്‍റ്റികള്‍ ഉണ്ട്. സുരേഷ് കല്‍മാഡിയെ ചാന്‍സലറും, കനിമൊഴി, എ രാജ എന്നിവരെ വി സി കളും, ഇനിയുള്ളവരെ കരിക്കുലം കമ്മറ്റിയിലും ഉള്‍പ്പെടുത്താം.
വിരോധമില്ലെങ്കില്‍ നമുക്ക് കേരളത്തില്‍ ചിലരെ നോമിനേറ്റ് ചെയ്യുകയും ഒരു വിദുര റിജിയണല്‍ ക്യാമ്പസ് സ്ഥാപിച്ച് അതിന്‍റെ ചെയര്‍മാന്‍ ആക്കുകയുമാവാം.
യൂണിവേഴ്സിറ്റി വേണം എന്നുള്ള വായനക്കാർ “സെ. എസ്’ എന്നും അല്ലാത്തവർ “സെ നോ” എന്നും സ്പേസ് സഹിതം എസെമെസ് ചെയ്യണ്ട. കൺഫ്യൂഷനുള്ളവർ കൈ ഉയർത്തുകയോ ഡസ്കിനിടിക്കുകയോ ആവാം. അഭിപ്രായം കമന്റായൊ മുഖപുസ്തക ഷെയർ ആയോ നൽകാവുന്നതാണ്.
ഹമ്മോ..
സാമൂഹ്യനോട് പൊറുക്കണേ. ന്റെ ശ്രീമാന്മാരേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ