ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

വിദ്യാധരന്‍ -വിലാപവും സാന്ത്വനങ്ങളും



അറിയുന്നു ഞാന്‍ ഉള്ളമുരുകിത്തിളച്ചു
നോവേറിപ്പരക്കും ലാവാപ്രവാഹം
പൊലിയുന്നൊരെന്‍ പ്രാണ നാളം എരിഞ്ഞു
പുകയും കരിന്തിരി പോലെ
നിറവും പൊലിഞ്ഞു പോയ് പൊയ്ക്കിനാവില്‍
നല്ല നാളെയിന്‍ സൂര്യനും പോയ് മറഞ്ഞു
ഒന്നായൊഴിഞ്ഞുപോയ് മായാമരീചിക
ശിഷ്ടമീ അസ്തിത്വമറ്റസ്ഥി പഞജരം
(...ഗുരുവചനം ഇങ്ങനെ..)
"വിദ്യാധനം  സര്‍വ്വ ധന്‍മേല്‍ പ്രധാനം"
അദ്ധ്വാനം അഡ്മിഷന്‍ നേടുവാന്‍ മാത്രം
പത്ത് ലക്ഷം നിന്‍ തലക്ക് വിലയാക്കി
എത്തുക ഫീസ് നീ ഗഡുവായടയ്ക്കുക"


വിദ്യാധരന്‍ ഞാന്‍ പരാജിതന്‍ ഒത്തൊരു
മര്‍ത്യാധമന്‍ പാരിനെത്രയോ ഭാരം
ഉദ്യോഗമൊന്നേ വിദ്ധ്യാര്‍ത്ഥിയിന്‍ ധനം
ദുര്യോഗമൊന്നേയെനിക്കിന്നു ഭൂഷണം
(..സഹജീവികള്‍ പറയുന്നു..)
"എന്തിനാണേറെ പഠിപ്പ്; നോക്കിവി-
ടെന്തേ വിദ്വാനിരിപ്പൂ നിസംഗതം"
"ചന്ത നിരങ്ങാനിറങ്ങും, നിരത്തിലൂ-
ടന്തമില്ലാതെ അലയും
അന്തിയാവോളമങ്ങിങ്ങ് തെണ്ടും"
ഇത്രയും ജീവിത താളം മുറുക്കുവാ-
നെത്രയോ വാതില്‍ കുലുക്കിവിളിക്കൊലാ.?
നങ്കൂരമൊന്നു ചമയ്ക്കുവാന്‍ ബാങ്കായ-
ബാങ്കൊക്കെ തെണ്ടാതെ തെണ്ടി
ആശാപാശങ്ങളൊക്കെ മുറുക്കി ശു-
പാര്‍ശ്ശക്കത്തിനോശാരം തിരഞ്ഞു ഞാന്‍
പശിയാറ്റുവാന്‍ പച്ചവെള്ളം കുടിക്കുവാന്‍
വശമേതുമില്ലാതെ മണ്ടി
കീശ മിഥ്യാധനത്താല്‍ കിലുങ്ങി
തൊഴിലൊന്നു തന്നെന്‍റ് വിധി തെളിപ്പോന്‍
തൊഴിലധികാരി തന്നെ മുഖം തിരിപ്പൂ
അഴലേറെയുണ്ടെന്റെ ഭവനത്തിലരിപോലു-
മോഴിവായ പാത്രം; വയറുകള്‍ ശൂന്യം
(..മുതലാളി..)
"ലക്ഷ്യം നിനക്കിന്നു  ജോലിയെങ്കില്‍
ലക്ഷങ്ങളേന്തിയെന്‍ മുറിയിലെത്തൂ.
പക്ഷപാതം എനിക്കില്ല- പണത്തിനാല്‍
രക്ഷയേകാം ഇഷ്ട ജോലിയായി
കഷ്ടകാലത്തിനന്തം വരികയായി"

അധികാരമേലാവിലവാതാളം അത്രമേ-
ലധിഘോരമാഹ്ലാദമട്ടഹാസം
ബഹുദൂരമങ്ങ് ഗമിക്കട്ടെ സര്‍ക്കാ-
രധിധൈര്യം വാഴ്ക നീ നന്നായ് ഭരിക്കുക
(..ജനാധിപത്യത്തിന്റെ ഇടപെടല്‍..)
"നാവടക്കൂ.നിന്‍ അധികപ്രസംഗം; ഇ-
ങ്ങാവതില്ല ഭ്രാന്തജല്പനം; നീ
മിഴിചേര്‍ത്തടയ്ക്കൂ, കര്‍ണപുടമടയ്ക്കൂ
മനം പൂട്ടിവയ്ക്കൂ, ചിന്ത മാറ്റിവയ്ക്കൂ
യന്ത്രമിന്നു നീ ചൊല്പടി നില്‍ക്കും,
ചരിക്കും, കുരക്കും, ചിരിക്കുവാന്‍
മാത്രം നിനക്കൊലാ, അ-
സ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..
അസ്വാതന്ത്ര്യമത്രെ നിനക്ക് നീ ഓര്‍ക്കുക..

അവധൂതന്‍
(ഈ കവിത ശ്രവിക്കുവാന്‍ വലതു വശത്തുള്ള വീഡിയോ ശ്രദ്ധിക്കുക)

3 അഭിപ്രായങ്ങൾ:

  1. ആശംസകള്‍ .....ശരിക്കും നൈസ് ,,,യാഥാര്‍ത്യങ്ങളിലേക്ക് ഒരു എത്തി നോട്ടം.

    മറുപടിഇല്ലാതാക്കൂ
  2. "വിദ്യാധനം സര്‍വ്വ ധന്‍മേല്‍ പ്രധാനം"
    അദ്ധ്വാനം അഡ്മിഷന്‍ നേടുവാന്‍ മാത്രം
    പത്ത് ലക്ഷം നിന്‍ തലക്ക് വിലയാക്കി
    എത്തുക ഫീസ് നീ ഗഡുവായടയ്ക്കുക

    മറുപടിഇല്ലാതാക്കൂ
  3. കാത്തിരിക്കുക തികച്ചും കമ്മ്യൂണിസ്റ്റു നിയന്ത്രണം വരാതിരിക്കില്ല

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...