ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010 ഡിസംബർ 13, തിങ്കളാഴ്‌ച

ലാല്‍ സലാം...


വേണു നാഗവള്ളിയെ പോലുള്ള വലിയ പ്രതിഭകളെ പുതിയ തലമുറക്ക്  പരിചയപ്പെടുത്തേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്. കാരണം അദ്ദേഹത്തിന്റെ നഷ്ടം ഒരു നടന്റെ അല്ലെങ്കില്‍ ഒരു സംവിധായകന്റെ നഷ്ടം മാത്രമല്ല. ഒരു കാലഘട്ടത്തിന്റെ സംസ്കാര ചൈതന്യം കൊണ്ട് നടന്നിരുന്ന പ്രതിഭയുടെ വിയോഗമായിട്ടു വേണം കരുതാന്‍ .

എണ്‍പതുകളിലെ വിഷാദ നായകന്‍റെ വേഷം അപ്പാടെ ഉപേക്ഷിച്ചിട്ട് എഴുത്തുകാരന്റെയും സംവിധായകന്റെയും വേഷത്തിലേക് മാറിയ വേണു നാഗവള്ളിയില്‍ നിന്നും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത നിരവധി ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ സൌഹൃദങ്ങളുടെ അപൂര്‍വ്വ നിമിഷങ്ങള്‍ എല്ലാം തന്നെ ലളിതമായ രീതിയില്‍ സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സൌഹൃദ കൂട്ടായ്മയുടെ കഥയായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം " സുഖമോ ദേവി ". പിന്നെയും വേണു നാഗവള്ളിയില്‍ നിന്നും ജീവിത ഗന്ധിയായ നിരവധി ചിത്രങ്ങള്‍ ആവേശത്തോടെ നമ്മുടെ പ്രേക്ഷകര്‍  ഏറ്റുവാങ്ങി. ' അയിത്തം' , 'സര്‍വ്വകലാശാല', 'സ്വാഗതം'  ,' ലാല്‍സലാം', 'കിഴക്കുണരും പക്ഷി' തുടങ്ങിയ വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങള്‍ . ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. സംഗീതത്തോടുള്ള ഇഷ്ടം മനസ്സില്‍ ഉള്ളതുകൊണ്ട്  തന്റെ ചിത്രങ്ങളിലെല്ലാം തന്നെ സഅംഗീതമയമാക്കന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.. ഇതിനിടയിലും അഭിനയം എന്ന കലയെ മറക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
 മറ്റു സംവിധായകരുടെ മിക്ക ചിത്രങ്ങളിലും ചെറിയ ചില വേഷങ്ങളിലൂടെ വേണുനാഗവള്ളി എന്ന അഭിനേതാവിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അറിയിച്ചു കൊണ്ടേ ഇരുന്നു. ഒരു ദുരന്ത പ്രണയ നായകന്‍റെ വിഷാദ ഭാവം ഇപ്പോഴും മുഖത്ത് പ്രതിഭലിച്ചു കാണാറുള്ള വേണു നാഗവള്ളിയുടെ തൂലികയില്‍ നിന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹാസ്യ പ്രധാനമായ ' കിലുക്കം' എന്ന സിനിമയുടെ തിരക്കഥ ഉണ്ടായത് എന്ന വസ്തുത ഒരുപക്ഷെ പലരും ഓര്‍മിക്കാനിടയില്ലാത്ത ഒന്നാണ്. എന്നാല്‍ തന്റെ അവസാന ചിത്രമായ 'ഭാര്യ സ്വന്തം സുഹൃത്ത് ' പ്രേക്ഷകരുടെ പ്രതീക്ഷക്കൊത് ഉയര്‍ന്നില്ല എന്നത് ഏറെ വേദനാ ജനകമാണ്. എങ്കിലും അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രേക്ഷകര്‍ ഇനിയും ഒരുപാട് ആഗ്രഹിച്ചു. പക്ഷെ....
ജീവിതത്തിന്റെ തിരക്കഥയ്ക്ക് തിരശീല ഇട്ടുകൊണ്ട്‌ വേണു നാഗവള്ളിയെന്ന വലിയ കലാകാരന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തേക്ക് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിദൂരതയിലേക്ക് നടന്നകന്നുപോയി...

15th ഫിലിം ഫെസ്റിവല്‍ തുടങ്ങി... 

പതിനഞ്ചാമത്  അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് ഇത്തവണയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ തിരുവനന്തപുരത്ത് ഡിസംബര്‍ പത്തിന്  തുടക്കം കുറിച്ചു. ഇറാന്‍ ചിത്രം " പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് " ( please don't disturb) ആയിരുന്നു ഉത്ഘാടന ചിത്രം. മേളയുടെ രണ്ടാം ദിവസം മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത്, പ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ നായകനായി അഭിനയിച്ച  " മകര മഞ്ഞു" വമ്പിച്ച കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിശ്വ വിഖ്യാതനായ ചിത്രകാരന്‍ ' രാജാ രവിവര്‍മ്മ' യുടെ ' പുരൂരവസസ്സും ഉര്‍വശിയും എന്ന ലോക പ്രശസ്തമായ പെയിന്റിങ്ങിനിടെ ഉണ്ടാകുന്ന കാല്‍പനിക പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദ്രിശ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അതി മനോഹരമായി ലെനിന്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കി. ക്യാമറയുടെ മുന്‍പില്‍ പുതുമുഖമായ സന്തോഷ്‌ ശിവനില്‍ , നടന്‍ ബിജു മേനോന്റെ ഗാംഭീര്യ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍  രാജാ രവിവര്‍മ ഭദ്രമായി. രവിവര്‍മ്മയുടെ മോഡലായ  അഞ്ജലീ ഭായിക്ക് ജീവന്‍ പകര്‍ന്നത്         പ്രശസ്ത നടിമാരായ അംബിക - രാധമാരില്‍ , രാധയുടെ മകളായ " കാര്‍ത്തിക" ആയിരുന്നു. ഇനിയും ഇതുപോലെ പുതുമയുള്ള ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. നമുക്ക് പ്രത്യാശിക്കാം, ഈ മേളയുടെ വിജയത്തിന് വേണ്ടി...

- രമേഷ് കാക്കൂര്‍

2010 ഡിസംബർ 11, ശനിയാഴ്‌ച

ഓര്‍മകളില്‍ ഒരു അരയാലില.


ആ ഒരു ആലില എന്‍റെ ചുവന്ന കടലാസ്സ്‌ അട്ടിയുള്ള പുസ്തകത്തിന്‍റെ താളുകള്‍ക്കിടയില്‍ വച്ചത് നീയായിരുന്നോ...? സ്മരണകളുടെ ആ പുസ്തകം ഞാനിന്നു തുറന്നു. ഹൃദ്യമായ ഒരു സുഗന്ധം, ഇരുളും വെളിച്ചവും കൂടിക്കലര്‍ന്നു കിടക്കുന്ന പൂത്ത അശോകമരച്ചില്ലകള്‍ പടര്‍ന്നു കിടക്കുന്ന ഹിസ്റ്ററി വിഭാഗത്തില്‍ എന്‍റെ ക്ലാസ്സ്മുറിയില്‍ ഞാനറിയാതെ നീ വച്ച ആ തളിരില ഇന്ന് ഹരിതകം ചോര്‍ന്നു ഇളം മഞ്ഞ ഞരമ്പുകള്‍ മാത്രമുള്ള ഓര്‍മ്മകളുടെ ഫോസ്സില്‍ മാത്രമായി തീര്‍ന്നിരിക്കുന്നു എങ്കിലും സമരമരത്തിന്‍ കീഴില്‍, കരിയില ചിതറിക്കിടക്കുന്ന ലൈബ്രറി വരാന്തയില്‍, നിന്‍റെ ബോട്ടണി ക്ലാസ്സില്‍.... എവിടെയൊക്കെയോ നമ്മുടെ സൌഹ്രദത്തിന്റെ ,  തിരിച്ചുവരാത്ത ഒരു കാലത്തിന്റെ, നിറം മങ്ങിയ ഒരു കനവായി നമ്മുടെ കലാലയം വീണ്ടും ഓര്‍മകളെ തടുത്തുകൂട്ടുന്നു എന്‍റെ സുഹൃത്തേ ഇനി ഒരു പുനര്‍ജനി ഇവിടെ ഈ കലാലയത്തില്‍ നമുക്കൊരുമിച്ചു കിട്ടുമോ...?  


-മുരുകേഷ്
      

2010 ഡിസംബർ 8, ബുധനാഴ്‌ച

മരണം ഭീകരം, ആത്മഹത്യ അതിഭീകരം,അപ്പൊ മുങ്ങിച്ചാകുന്നതോ..?


പ്രിയമുള്ളവരേ.. പൊറുക്കണം.. സാമൂഹ്യന്‍ ഒരു വിവാദ വിഷയത്തില്‍ കൈയ്യും തലയും ഇടുകയാണ്. സംഭവം സിമ്പിള്‍. നമ്മുടെ അസിമിക്കയും അവധൂതനും കൂടി ആത്മഹത്യ, മരണം എന്നൊക്കെപ്പറഞ്ഞ് വല്ലാതെ പേടിപ്പിച്ചു. അങ്ങനിരിക്കുമ്പൊ ദേ നമ്മുടെ തിലകനവര്‍കള്‍ നടിച്ചതിനാല്‍ മാത്രം ഗതികിട്ടാ‍തെ മുടങ്ങിപ്പൊയ ഒരു തട്ട് പൊളിപ്പന്‍ മലയാളം ഹോളീവുഡ്ഡ് പടത്തിന്റെ ചരിത്രം കേള്‍ക്കുന്നു.“ ഡാം 999”, കഥ തിരക്കഥ നിര്‍മ്മാണം നടനം തുടങ്ങിയവ നിര്‍വഹിക്കുന്നത് ഒരു മലയാളി ബിസിനസ്സ്കാരനത്രെ.. കഥയോ അതിലും സൂപ്പര്‍ .. കിടിലന്‍ .. തകര്‍പ്പന്‍ ..!! എന്താ തകരുന്നേന്നൊ.. ഒരു “ഡാം.” 999 എന്ന അക്കത്തിനും ഉണ്ട് ഒരു കിടിലന്‍ അര്‍ത്ഥം. “999 വര്‍ഷങ്ങള്‍”. അതായത് 999 (തിരിച്ചിട്ടാ‍ല്‍ 666-അതു വലിയ പ്രശ്നമാണ് ചിന്തിക്കാന്‍ പോകണ്ട) വര്‍ഷത്തെ ഒരു ഗതികെട്ട പാ‍ട്ടക്കരാറിനാല്‍ നിര്‍മ്മിതമായ ഡാം. കമാല്‍ ഹെ ബായ്. യെ തൊ ഹമാ‍രാ മുല്ലപ്പെരിയാര്‍ ഹേ നാ..?                                                                                                            അതുതന്നപ്പീ സംഭവം. കേണല്‍ ജോണ്‍ പെന്നിക്വിക്കിനെ മനസ്സാനമിക്കുകയാണ് സാമൂഹ്യന്‍. അങ്ങോരു ആദ്യം പണിത അണക്കെട്ട് ടപ്പേന്ന് പൊട്ടിപ്പൊയെങ്കിലും രണ്ടാമതും പണിതു അഡാറൊരെണ്ണം. നമ്മുടെ പി ഡബ്ല്യു ഡി വകുപ്പ് അന്നില്ലതിരുന്നതുകൊണ്ട് (ഭാഗ്യം) രണ്ടാമന്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. അതിന്റെ ഒരു ബലത്തിലാണല്ലോ കേരളവും തമിഴകവും ബലാബലം നടത്തുന്നത്.

                                                                                                                                              ചരിത്രം ഏകദേശം സാമൂഹ്യനും വിവരമുണ്ട്. 1886 ഒക്ടോബര്‍ 29 ന് തിരുവിതാകൂറ് മഹാരാജാവ് തിരുമനസ്സവര്‍കളൂം ബഹു: സെക്ര. ആഫ് സ്റ്റേറ്റ് ആഫ് ഇന്ത്യ ഫാര്‍ പെരിയാര്‍ ഇറിഗേഷന്‍ വര്‍ക്സ് അവര്‍കളും ചേര്‍ന്ന് എഴുതി വായിച്ച്അംഗീകരിച്ച ഊക്കന്‍ ഉടമ്പടിയത്രെ ടി കരാര്‍. ജലമായ ജലങ്ങള്‍ മൊത്തം സകലാവശ്യങ്ങള്‍ക്കുമായി ഊറ്റിക്കൊള്ളാനുള്ള ഉടമ്പടി. അത് കൊശവന്മാര്‍ വര്‍ഷം 1970 വീണ്ടും പരിഷ്കരിച്ച് കരണ്ടുണ്ടാക്കി അനുഭവിച്ചും നാലോളം ജില്ലകളെ നനച്ചും വരികയത്രെ.  രൂഫാ, 40,000 കേരളം വര്‍ഷമൊന്നുക്ക് തിരിച്ചനുഭവിക്കുന്നുമുണ്ട് കേട്ടാ. ചുമ്മാതല്ല.  അങ്ങനെ ആയിരിക്കുന്ന അവസ്ഥയിലാണല്ലൊ 136 അടി ജലവിതാനം ലവന്മാര്‍ 142 ആക്കിതും പിന്നെം തിരിച്ച് 136 ആക്കീതും പിന്നത് 152 ആക്കാന്‍ ശ്രമിച്ച് സുപ്രിം കോര്‍ട്ടിനു കൊട്ടേഷന്‍ കൊടുത്ത് കേരളത്തിന്റെ തലക്കടിക്കാന്‍ നോക്കിയതും ഒക്കെ.ഐ ഐ ടി  ഡെല്‍ഹി പറയുന്നു 136 സുരക്ഷിത അളവാ‍ണെന്ന്. അതിനെക്കാല്‍ കൂടരുതെന്നും. ഐ ഐ ടി ഖരക്പൂര്‍ പറയുന്നു ഈ ഡാം ഒട്ടുമേ സുരക്ഷിതമല്ലെന്നും. ഏത് വിശ്വസിക്കണം..?                                                                       തമിഴന്‍ കേരളത്തിലെ ഉദ്ദ്യോഗസ്ഥ വിദ്വാന്മാരെ പരിസരത്തടുപ്പിക്കില്ലെന്നും പഹയന്മാര്‍ നമ്മളറിയാതെ ഓട്ട മുഴുവന്‍ സിമന്റ് തേച്ചടക്കുന്നുവെന്നും പരാതിയുണ്ട്. (പരാതി മാത്രം..!!) ബഹു. ജഡ്ജി കെ ടി തോമസ്സവര്‍കളുടെ നേത്രുത്വത്തില്‍ പുതിയ അണക്കെട്ടു പണിയാനുള്ള നിയമപ്പണീം നടക്കുന്നെന്ന് മന്ത്രി.. ഇങ്ങനൊക്കെ പോകുന്നു സംഭവം..                                                                        ഇതൊന്നും സാമൂഹ്യന് പ്രശ്നമല്ല. പ്രശ്നം മുന്‍ പറഞ്ഞ മരണക്കളിയും 999 ന്റെ ഡാമും ആണ്. ഇടുക്കിയിലെ കുട്ടിക്കാനം വഴി വണ്ടിപ്പെരിയാറിനു തെക്ക് ഗവി വരെയും അവിടുന്ന് വീണ്ടും കുട്ടിക്കാനം വഴി വടക്കോട്ട് ഉപ്പുതറ വരെയും ഒരു വെറും വിനോദസഞ്ചാരത്തിന് പോയതാണ് അടിയന്‍. ഈ വഴിയിലൊരു നേരിയ പാലം. നീളമുണ്ട് കേട്ടോ. അതിന്റെ ഒരു കരയില്‍ ഒരു സത്യഗ്രഹപ്പന്തല്‍. അവിടെ കസേരകള്‍ മാത്രമല്ല ആളുമുണ്ട്..നിറയെ ഫ്ലെക്സിന്റെ ബാനറുകളും. അവിടെ സത്യഗ്രഹമിരിക്കാനുള്ള ബുക്കിങ് ആള്‍ റെഡി കഴിഞ്ഞൂത്രെ.ഒരു വര്‍ഷത്തേക്കുള്ളത്. പ്രബുദ്ധകേരളത്തിലെ പല ബുദ്ധിജീവികളൂം ആ വഴി വന്നിരുന്നുപോലും. (വന്നു. ഇരുന്നില്ല.എന്ന് ചിലര്‍ പറയുന്നു)  അവിടെ ഒരു പെണ്‍കുട്ടിയെ കണ്ടു സാമുഹ്യന്‍.                                                           ഇപ്പൊ ഉറങ്ങാറുണ്ട് പോലും ആ കുട്ടി. (മഴ കുറവായതുകൊണ്ട്.) മഴപെയ്താല്‍ എന്താ ഉറങ്ങിക്കുടെ..?എന്ന് ചോദിച്ച്,പൊട്ടന്‍ സാമൂഹ്യന്‍                                                                                          “മഴ പെയ്താല്‍ പെരിയാര്‍ നിറയും, അതങ്ങനെ കലങ്ങി മറിഞ്ഞ് കരകവിഞ്ഞൊഴുകും. പുഴവക്കത്തുള്ള ഞങ്ങടെ വീടിന്റടുത്തുടെ വെള്ളം വരും. ദെ..അവിടെ മുല്ലപ്പെരിയാറിലും ജലനിരപ്പുയരും. അത് പൊങ്ങി.. പൊങ്ങി..                                                                                    അമ്മേ..അങ്ങനെങ്ങാനും സംഭവിച്ചാല്‍...? എനിക്ക് അതാലൊച്ചിട്ടാ ഉറക്കം വരാത്തെ. കണ്ണടക്കുമ്പോഴെക്കും പെരുവെള്ളപ്പാച്ചില്‍..”                                                                                             സാമൂഹ്യന്റെ നെഞ്ചകത്തിലും ഒരു മലവെള്ളപ്പാച്ചില്‍ പോലെ. ഈ കുട്ടി.? അവളുടെ ഉറക്കം ഏതു നഷ്ടപ്പെടുത്തിയത് ഏതു കരാറാണ്..?                                                                                                        “എന്റെ കൂടെ സ്കൂളിലൊള്ള അഞ്ജൂന്റേം, അനൂപിന്റേമൊക്കെ വീടും ആറ്റെറമ്പിലാ.അവരുടെ വീടിന്റെ തൊട്ട് മുകളിലെ റോഡ് മഴക്കാലത്ത് ഇടിയാറാകും. അതു ഇടിഞ്ഞാല്‍ വീടടക്കം താഴെ വെള്ളച്ചാട്ടാത്തിലെക്കാ പൊവുകാന്ന് അവര്‍ പറയാറുണ്ട്. അവര്‍ക്കും പേടിയാ.)“ - ആ കുട്ടി ഇനിയും പറയുന്നത് കേള്‍ക്കാന്‍ സാമൂഹ്യന്‍ നിന്നില്ല.                                                                                             നേരെ “പീരുമേട്ടിലേ” -ക്ക് വച്ച് പിടിച്ചു. അവിടെ അതാ നില്‍ക്കുന്നു വേറൊരു കുട്ടി, അവന്‍ പറഞ്ഞത് വേറൊരു കഥ.                                                                                                                        ഞങ്ങടെ ക്ലാസ്സിലെ റൊബിന്‍ മഴക്കാലത്ത് മിക്കവാറും സ്കൂളില്‍ വരത്തില്ല. കഴിഞ്ഞ വലിയ മഴയത്ത് അവന്‍ വന്നു. ക്ലാസ്സ് തീരുന്നേന് മുന്‍പു പോവ്വേം ചെയ്തു..” ഭാഗ്യമുണ്ടേല്‍ നാളെ കാണാം” എന്നാണ് അവന്‍ പറഞ്ഞിട്ട് പൊയെ. 10 കിലോമീറ്ററ് നടന്നാ വന്‍ സ്കൂളില്‍ വരുന്നെ. അവന് ചൊറൊക്കെ പൊതിഞ്ഞ് കൊടുത്തിട്ട് അച്ഛനുമമ്മേം തൊട്ടത്തില്‍ പോകും പണിക്ക്. മഴയാണേല്‍ വീട്ടീല്‍ തന്നെ ഇരിക്കും. ഡാമില്‍ വെള്ളം കൂടിക്കൂടി വരുന്നെന്ന് കേട്ടാല്‍ അവനും വീട്ടിലിരിക്കും. അച്ഛനേമമ്മേം വിട്ടില്‍ കണ്ടിട്ട് സ്കൂളില്‍ വരാന്‍ പേടീയാന്ന്. എന്തെങ്കിലും ഇടിവെട്ടിയ ശബ്ദം പോലെ കേട്ടാല്‍ പുഴവക്കത്തത്തൂള്ള വീട്ടീന്ന് അവരെ പിടീച്ച് വലിച്ച് അവനോടും. കുറേ മുകളിലുള്ള പള്ളീലേക്ക്. അവന്‍ മാത്രം സ്കൂളില്‍ വന്നാല്‍ അവനില്ലാത്ത സമയം എന്തെങ്കിലും സംഭവിച്ചാലോ..? “                                                                                                                                       സാമൂഹ്യന് ത്രുപ്തിയായി. പീരുമേടീനോട് സലാം പറഞ്ഞ് ബസ്സില്‍ കയറി. അലോചന തുടങ്ങി. എത്തും പിടിയും കിട്ടാത്ത ആലോചന. അവിടെ ചില പഴയ ചിത്രങ്ങള്‍ തികട്ടി വന്നു.                         മുല്ലപ്പെരിയാര്‍ എന്ന കൊടും ഭീകര സ്വപ്നം പെരിയാറിന്റെ ഇരു കരകളെയും വിറപ്പിക്കുമ്പോല്‍ പ്രബുദ്ധകേരളീയര്‍ കേരളപ്പിറവിയുടെ 50 വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. ശ്രീമാന്‍ സുകുമാര്‍ അഴീക്കോടവര്‍കള്‍ തനിക്കേറെ ഇഷ്ടപ്പെട്ട ലിമോസീന്‍ കാറിനെക്കുറിച്ച് ചാനലില്‍ വാചാലനാകുന്നു. അരുന്ദതീ റോയി നര്‍മദാവാലിയില്‍ ഇങ്ക്വിലാബ്  വിളിക്കുന്നു. ബാക്കി ബുദ്ധിജീവി വീശാരദന്മാര്‍ ടൊട്ടലി സൈലന്റ്. (അടുത്ത മഴക്കാലം വരട്ട്. എന്നിട്ടാ‍കാം വെടിക്കെട്ട് എന്നാവും വീക്ഷണം)                                                                                                                                 “അത് ഇടുക്കിക്കാരുടെ പ്രശ്നം. ആ അണക്കെട്ടൊക്കെ സ്ട്രോങ്ങ് ആന്നേ..“- എറണാകുളത്തെ ഒരു പഹയന്‍ ബിസ്സിനസ്സ്കാരന്റെ കമന്റ്. പക്ഷെ കൊശവന്‍ അറിയുന്നില്ല സംഭവത്തിന്റെ ഗൌരവം ആലുവ, പെരുമ്പാവൂരു തുടങ്ങി എറണാകുളം , ചെറായീം, ഐലന്റും വല്ലാര്‍പാടവും ടോട്ടല്‍ നശിപ്പിക്കും ആ പെരുവെള്ളം എന്ന്. 45 ലക്ഷം ജനങ്ങള്‍ ഈ ഭീഷണിയിലത്രെ. മുല്ലപ്പെരിയാറിലെ വെള്ളങ്ങളല്ലപ്പീ പ്രശ്നം. അതിങ്ങ് വന്നാല്‍ ഇടുക്കീലേക്കാ. ആര്‍ച് ഡാം സ്ട്രോങ്ങാ. അനങ്ങത്തില്ല. പക്ഷെ. അതിനപ്പുറാവും ഇപ്പുറവുമുള്ള ചെറുതോണീം , കുളമാവും സ്റ്റ്ട്രോങ്ങ് അല്ലേ അല്ല്. ഇടുക്കിക്കാര്‍ മുല്ലപ്പെരിയാറിന്റെ ഭീഷണീലാണേല്‍ താഴേക്കുള്ളവര്‍ ഇടുക്കി എന്ന മാരക വിപത്തിന്റെ ഭീഷണിയിലാണ്. ഇതാണത്രെ “ഡാം 999”.                                                                                                                                      മുല്ലപ്പെരിയാര്‍ സമരസമിതിയിലെ സാബു-വിന്റെ വാക്കുകള്‍ ഇങ്ങനെ.                                                      “ഞങ്ങള്‍ പേടിച്ച് കഴിയുകയാണ്. ഉറങ്ങാനാവാതെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍. മാറിമാറിവരുന്ന് സര്‍ക്കരുകള്‍ നിയമനടപടികളും ചര്‍ച്ചകളൂം കേസ് നടത്തിപ്പുമൊക്കെ നടത്തുന്നു മുടങ്ങാതെ. ഞങ്ങളൂടെ സമരപ്പന്തല്‍ ഒഴിയുന്നില്ലതാനും. സാമൂഹ്യ സാംസ്കാരിക നായകന്മാരൊക്കെ മഴക്കാലത്ത് ഇവിടെ എത്താറുണ്ട്. പ്രശ്നം പ്രശ്നമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു. ഒരു കാര്യം ചെയ്യുക. ഞങ്ങളെ കേരളത്തിനു വേണ്ട എങ്കില്‍ ഇടുക്കിയെ തമിഴ് നാട്ടില്‍ ലയിപ്പിക്കുക. മലയാളിയാണെങ്കിലും സ്വയരക്ഷയോര്‍ത്ത് ഇങ്ങനെ ആവശ്യപ്പെടുന്നത്തില്‍ ഞങ്ങള്‍ക്ക് ഖേദമില്ല. തമിഴ്നാട് പുതിയ ഡാം പണിയും. സുരക്ഷിതമായത്. നമ്മെപ്പൊലെ ചര്‍ച്ചചെയ്ത് സമയം കളയില്ല. ഡാമും അനുബന്ധപ്രദേശങ്ങളും അവര്‍ സുരക്ഷിതമാക്കും. ഞങ്ങള്‍ പേടികൂടാതെ ഒരു ദിവസമെങ്കിലും ജീവിക്കും. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ദു;സ്വപ്നം കണ്ട് ഞെട്ടിയുണരാതെ സുഖമായി ഉറങ്ങും”                                                                                                                                              സാബുവിന്റെ വാക്കുകള്‍ സാമൂഹ്യന്റെ വേദനയാണ്. സ്വന്തം തറവാട്ടില്‍ ഏതു നേരവും പൊട്ടാവുന്ന ഒരു ബോംബുമായി കുറെ ആളുകള്‍. അസിമിക്കായുടെയുന്‍ അവധൂതന്റെയും മരണചര്‍ച്ചകള്‍ക്കിടയില്‍ ഇതും ഇരിക്കട്ടെ. ഈ കുഞ്ഞുങ്ങളുടെയും സാബുവിന്റെയുമൊക്കെ വാക്കുകള്‍, ജനനായകരേ, സാമൂഹ്യപ്രവത്തകരേ, ബുദ്ധി ജീവികളേ, സാംസ്കാരിക നായകരേ, സിനിമാ താരങ്ങളേ, വായനക്കാരേ. നിങ്ങള്‍ കേള്‍ക്കുക.  “മരണം ഭീകരം..ആത്മഹത്യ അതിഭീകരം. തലക്ക് മുകളില്‍ ഇരമ്പിയെത്തി സര്‍വവും തുടച്ച് നീക്കുന്ന മഹാസാഗരം, പെരുവെള്ളം നില്‍ക്കുമ്പോള്‍ ആ അവസ്ഥ എന്താണ്.?
-സാമുഹ്യന്‍ .റ്റി.പി

2010 ഡിസംബർ 7, ചൊവ്വാഴ്ച

" ഫിസിക്കലി ഡിസേബിള്‍ഡ് "



(സര്‍ .സ്റ്റീഫന്‍ ഹോക്കിന്‍സും ബീഥോവനും മറ്റും പറയുന്നു)

ചക്രക്കസ്സേരക്ക് കൈക്കരുത്തേകി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
കാണാക്കാഴ്ച്ചയില്‍ സ്വപ്നങ്ങള്‍ പാകി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
ഓടാതെ ഓടി, കാണാതെ കണ്ട്
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
ജന്മ മത്രയും ജീവിപ്പവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നീയോ.....?



(ക്ഷമിക്കുക..തലക്കെട്ട് തിരുത്തിക്കുറിക്കട്ടെ ഞാന്‍ . "ഡിഫറന്റ്റ്ലി ഏബിള്‍ഡ്"-എന്ന് വായിക്കുക)

അവധൂതന്‍
christieapen003@gmail.com 

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഭ്രാന്തന്‍



ഇന്നലെ ഞാനൊരു ഭ്രാന്തനോടൊപ്പമായിരുന്നു.
പറയി പെറ്റ പന്തിരുകുലം കാത്തവന്‍..
അവന്റെ കാലില്‍ മന്തുണ്ടായിരുന്നു..
വ്രണങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും..
അത് ഇപ്പോള്‍ എന്റെ ഹൃദയത്തിലും..
ചുടലപ്പറമ്പില്‍ കത്തുന്ന മാംസങ്ങള്‍ക്ക്-
ശാന്തമായി അവന്‍ കൂട്ടിരുന്നു...
ദിക്കുകള്‍ ഞെട്ടുമാറുച്ചത്തില്‍ പുലഭ്യം പറയും,
പിന്നെ പൊട്ടി പൊട്ടി ചിരിക്കും...
അവനു കൂട്ടായി ഇപ്പോള്‍ ഈ ഞാനും...
പക്ഷെ,എന്റെ മുന്നിലെ കത്തുന്ന ശവങ്ങള്‍ക്ക്‌ -
വെടിപ്പുകയുടെ ഗന്ധമാണെന്നു മാത്രം..
അഫ്ഘാനില്‍ ,ഇറാക്കില്‍ ,ഇന്ത്യയില്‍ -
പലസ്തീനില്‍ ഞാനും ആ ഗന്ധമറിഞ്ഞു..
അല്ല...ഇപ്പോഴും അറിയുന്നു..
മരവിച്ചു..എന്റെ നാസേന്ത്രിയങ്ങള്‍ ..
ഇപ്പോള്‍ മറ്റൊന്നും തിരിച്ചറിയുന്നില്ല..
അവന്‍ കൂമന്‍ കുന്നിനു മുകളിലേക്ക്-
ഭാരമുള്ള കല്ലുകള്‍ ഉരുട്ടി കയറ്റി..
ഞാനെന്റെ മോഹങ്ങള്‍ക്ക് മുകളിലേക്കും..
അവ കയങ്ങളിലേക്ക് തള്ളി അവനട്ടഹസിച്ചു..
ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ താഴ്വരകളിലേക്കും..
പറയു...ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
ഭ്രാന്തനോ,ഒപ്പം കൂടിയവനോ..!!

- അസിം കോട്ടൂര്‍

അല്പം ചിരിക്കാം..




2010 ഡിസംബർ 4, ശനിയാഴ്‌ച

മോനിഷക്ക് ആദരാഞ്ജലികള്‍ ...


ആത്മഹത്യ




ആത്മഹത്യക്കൊരുമ്പെട്ട് പാളം തലക്കീഴാക്കിക്കിടന്നവന്‍.....
ആരായിരിക്കാം..?
ആരോപണങ്ങളില്‍ നീറിപ്പിടഞ്ഞവന്‍..?
തീരാക്കടത്തിന്‍ ചുഴിക്കുത്തില്‍ മുങ്ങുവോന്‍..?
നേടാ പ്രതീക്ഷതന്‍ പൊന്‍കിഴി നേടിയോന്‍..?
മ്രിതിയാലൊരുമയെ തേടുന്ന കാമുകന്‍..?
രോഗത്തിന്‍ നീരാള ഹസ്തത്തിലാകിയോന്‍..?
അരിവറ്റിനറിയാത്ത വയറൊന്നു താങ്ങുവോന്‍..?
അരിയിന്‍ കഠാരയൊന്നരികത്ത് കാണുവോന്‍..?
പുരയില്‍ പെണ്ണൊന്ന് വിറ്റ് പോകാത്തോന്‍..?
വയറില്‍ മാറ്റാന്റെ ഞാറൊന്നു പാകിയോള്‍..?
തൊടിയില്‍ വിതയ്ക്കാന്‍ കടക്കുട്ട വാങ്ങിയോന്‍..?
അങ്ങനെ..
ആരായിരിക്കാം..?


ഞാനായിരിക്കാം..!
നീയായിരിക്കാം..!!
അവനായിരിക്കാം..!!!
അവളായിരിക്കാം..!!!!
നാമായിരിക്കാം...!!!!!


തലയിണക്കീഴില്‍ മ്രുതിയി സീല്‍ക്കാരം..
ഉടല്‍ക്കീഴില്‍ ഈ ഭൂമി തുള്ളും പ്രകമ്പനം..
ആകുലത..വെപ്രാളം...;
അവനെണീറ്റില്ല..!
കരള്‍ കരയുന്നു..കണ്ണിരുളുന്നു..;
അവന്‍ ഒന്നുകൂടി ചേര്‍ന്നു കിടന്നു, പാളത്തിലേക്ക്..!
കഴുത്ത് വേര്‍പെടും..തല അരഞ്ഞ് പോകും..
അവന്‍ കഴുത്ത് ഒന്നുകൂടി നിവര്‍ത്തി വച്ചു..!
ഇനി ഞാനില്ല..വേദനയില്ല..നൊമ്പരമില്ല
ആകുലതയില്ല..കടമില്ല..എതിര്‍പ്പില്ല
വിശപ്പില്ല..ദുഖമില്ല.. ഈ ലോകമില്ല
സുഖം..സുഖം..നിര്‍വ്രുതി..ശൂന്യത
ഒരു പുഞ്ചിരി..അവന്‍റ്റെ ചുണ്‍ടില്‍
ഒരു നീര്‍ത്തുള്ളി അവന്റെ കണ്‍ കോണില്‍
ജേതാവിന്റെ ഉന്മാദം.
നൊടിയില്‍ തെറിച്ചീ തലയൊന്ന്; വെറുതെ
പിടയുന്നുടല്‍: ചോര പുഴകീറിയൊഴികി
ഉരുളുന്ന ചക്രത്തിലൊരുതുള്ളി നിണമേന്തി
ചക്രവാളം താണ്ടുമെന്ത്രപ്പിശ്ശാ‍ചിന്റെ
അവസാന ബോഗിമേലൊരു ചെറു ചിഹ്നം;
ചോദ്യമെറിയുന്ന ചിഹ്നം
അതിനങ്ങനെ ചോദിച്ചു....

"എന്തൊരു വൈപരീത്യം..! "
"മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോന്
ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..? 


അവധൂതന്‍

2010 ഡിസംബർ 3, വെള്ളിയാഴ്‌ച

യാത്ര...



എവിടേക്ക് നോക്കിയാലും ഒരു ശൂന്യത..
ഈ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല എന്നവനു തോന്നി..
ഒറ്റപ്പെടലിന്റെയും,അവഗണനയുടെയും വേദന വളരെ ആഴത്തിലുള്ളതാണെന്നവന്‍ മനസ്സിലാക്കി.
മനസ്സാകെ തകര്‍ന്നു പോയിരിക്കുന്നു..
ജീവിതം തന്നെ വെറുത്തു..പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും
അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..
അതെ, അതു തന്നെയാണ് ഇനിയുള്ള വഴി..
കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല..
അല്ല, ആലോചിച്ചിട്ടും കാര്യമില്ല..
കാര്യങ്ങള്‍ അത്രമേല്‍ തകിടം മറിഞ്ഞിരിക്കുന്നു..
ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു..
ഇനി ജീവിചിരുന്നിട്ടെന്താണ് കാര്യം?
ഒരു പ്രതീക്ഷയുമില്ല..
ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..
സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..
നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..
ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!
ആലോചിച്ചാലോചിച്ച് അവന്റെ മനസ്സ് നീറാന്‍ തുടങ്ങി..
കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി..
ഒടുവില്‍ അവനുറപ്പിച്ചു..
തന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ച്...
ആത്മഹത്യ..അതു ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു..
എങ്ങനെ?.....പിന്നീടവന്റെ മനസ്സില്‍
ഈയൊരു അവസാന ചോദ്യം കൂടി അവശേഷിച്ചു..
ഫാനില്‍ കയറില്‍ കെട്ടിതൂങ്ങി...വേണ്ട,..ചിലപ്പോള്‍
കയര്‍ പൊട്ടി നിലത്തു വീണു മരിചില്ലെങ്കിലോ..!!
മരണം, അതു സുഖമുള്ളതാവണം..
പിന്നീടാരും അതിനെ ചൊല്ലി സംസാരിക്കാനിടവരരുത്...
വലിയൊരു കുന്നിനു മുകളില്‍ നിന്നും താഴേക്കു ചാടിയാലോ..?
അതും വേണ്ട...വല്ല മരക്കൊമ്പിലോ,പുല്‍ക്കാട്ടിലൊ വീണു
ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ..
മരിക്കണം..മരിക്കാതെ ശരീരഭാഗങ്ങള്‍ നഷ്ട്ടപ്പെട്ട രീതിയില്‍..
ചലിക്കാനാവാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍
മരിക്കാന്‍ പിന്നെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും..
അങ്ങനെ വന്നാല്‍ തന്റെ മരണത്തിനെന്താനര്‍ത്ഥം..!!

മരിക്കണം...
അതു തടുക്കാനാവാത്ത തീരുമാനമാണ്..
ഏകാന്ത ജീവിതം..അതിനി തുടരാനാവില്ല..
തുടര്‍ന്നാല്‍ അവന്‍ മാനസ്സികരോഗിയായി തീരും..
ജീവിതം പിന്നെയും ചോദ്യചിഹ്നമായിടും..
ഒരു വെള്ളകടലാസ്സില്‍ അവനിങ്ങനെ എഴുതി:
"..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
എന്റെ മനസ്സിനും..
കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..
ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..
എനിക്ക് മാപ്പ് തരിക...
എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍
ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി
എന്നെയും അടക്കം ചെയ്യുക..
ചെലവിനുള്ള കാശ് ..അതു ആ മേശവിരിപ്പിനടിയിലുണ്ട്..."
മതി...ഇത്രയും മതി..അധികം വിസ്തരിചെഴുതണ്ട..
അവന്‍ ആ കത്ത് മേശവിരിപ്പിനു പുറത്തു മടക്കി വെച്ചു..
എന്നിട്ടവന്‍ ശൂന്യതയിലേക്ക് നടന്നു..
അവസാനമായി കാണണമെന്നു ആഗ്രഹിച്ചവരെ
എല്ലാം അവന്‍ ശാന്തതയോടെ കണ്ടു..
വിനയത്തോടെ അവരോടു സംസാരിച്ചു..
ഒരു ദിവസം അവനങ്ങനെ വെളുപ്പിച്ചു..
നേരം പുലര്‍ന്നു..എല്ലാം പതിവ് പോലെ തുടര്‍ന്നു..
രണ്ടു ദിവസം അവനെ ആരും കണ്ടില്ല..
അന്വഷിക്കാനും ആരും ഇല്ലായിരുന്നു...
എന്നിട്ടെന്തു കാര്യം..
മൂന്നാം ദിവസം രാവിലെ ആരോ പറയുന്നത് കേട്ടു..
സുന്ദരിപ്പുഴയുടെ കരയില്‍ ഒരു ശവം അടിഞ്ഞിട്ടുണ്ടെന്നു..
അതെ,..അതവന്‍ തന്നെയായിരുന്നു..
ജീവിതം എന്ന യുദ്ധക്കളത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ
അവന്‍ ഒളിച്ചോടിയിരിക്കുന്നു..അല്ല,..രക്ഷപ്പെട്ടിരിക്കുന്നു..
അതാവും ശരി..
എത്ര സുന്ദരമായ മരണം..
പുഴയുടെ അഗാധതയില്‍
സ്വപ്നങ്ങളുടെയും,ജീവിതത്തിന്റെയും അവസാനം..
ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..
നമ്മള്‍ കാത്തിരിക്കുന്ന ആ നിമിഷം..
മരണത്തിന്റെ വേദന അതെങ്ങനെയാണ്‌?..
ആ ചിന്ത എന്റെ മനസ്സില്‍ വീണ്ടും ഒരായിരം
ചോദ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു..
മരിച്ചത് ഞാനല്ല...അവനാണ്..
ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
അവസാനമായി അവന്റെ മുഖത്ത് കണ്ട
ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..
അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!

- അസിം കോട്ടൂര്‍ 

2010 ഡിസംബർ 2, വ്യാഴാഴ്‌ച

വ്യത്യസ്തതയുമായി ഒരു "കോക്ക് ടെയില്‍ "


ഏറെ നാളുകള്‍ക്കു ശേഷം ഒരു വ്യത്യസ്ത പ്രമേയവുമായി നമ്മുടെ പ്രദര്‍ശനശാലകളില്‍ എത്തിയ മലയാള ചിത്രമാണ്  " കോക്ക് ടെയില്‍ ". എഡിറ്റര്‍ ആയിരുന്ന "അരുണ്‍ കുമാര്‍ " ആദ്യമായി സംവിധായകന്റെ റോളില്‍ എത്തിയ ഈ ചിത്രം പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് ഒരല്‍പം ആശ്വാസമായി എന്നുവേണം കരുതാന്‍ ..

വലിയ താരപൊലിമയോന്നും അവകാശപെടാനില്ലാത്ത ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍  എത്തുന്നത്‌  അനൂപ്‌ മേനോന്‍ , ജയസുര്യ ,സംവൃതാ സുനില്‍  എന്നിവരാണ്.. ഭാര്യ പാര്‍വതിയും ( സംവൃത ) മോളുമായി നഗരത്തില്‍ താമസമാക്കിയ യുവ ആര്കിടെക്റ്റ്  രവി എബ്രഹാമിന്റെ ( അനൂപ്‌ മേനോന്‍ ) കുടുംബത്തിലേക്  അവര്‍ക്ക് തീര്‍ത്തും അപരിചിതനായ വെങ്കിടി ( ജയസൂര്യ ) എന്ന യുവാവ് കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.. വിവാഹേതര ബന്ധങ്ങളുടെ യാഥാര്‍ത്യങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ശിധിലമാക്കപ്പെടുന്ന കുടുംബ ജീവിതം അതിഭാവുകത്വമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു.. ഭാര്യാ - ഭര്‍തൃ ബന്ധങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഈ കാലത്ത് " കോക്ക് ടെയില്‍ " നല്‍കുന്ന സന്ദേശം ചര്‍ച്ച ചെയ്യാ പെടെണ്ടത് തന്നെയാണ്. ഇവിടെ അപരാധിയായ പുരുഷനോട് സമൂഹം ക്ഷമിക്കുമ്പോഴും സ്ത്രീയുടെ തെറ്റുകള്‍ തെറ്റുകളായി തന്നെ അവശേഷിക്കുന്നു..

ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL " എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ്  " കോക്ക് ടെയില്‍ " -ന്റെ കഥാ തന്തു രൂപപ്പെടുത്തിയിരിക്കുന്നത്.. അനൂപ്‌, ജയസൂര്യ, സംവൃത തുടങ്ങിയവര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.. " തിരക്കഥ" എന്ന സിനിമയ്ക്ക് ശേഷം അനൂപിന് കിട്ടുന്ന ഒരു ബ്രേക്ക് ആണ് " കോക്ക് ടെയില്‍ ". നടന്‍ ഇന്നസെന്റ്  ഒരു പ്രധാന അഥിതി വേഷത്തില്‍ എത്തുന്നു..

മനോഹരമായ ഗാനങ്ങളാണ് " കോക്ക് ടെയില്‍ " -ന്റെ മറ്റൊരു പ്രത്യേകത.. " നീയാം തണലിനു താഴെ...""   എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ വമ്പിച്ച ജനപ്രീതി നേടി കഴിഞ്ഞു.. അല്‍ഫോന്‍സ്‌ ആണ് സംഗീതം.. ഗാനരചന അനില്‍ പനച്ചൂരാനും.. ബോളിവുഡ് രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു ഗാനമാണ് " പറയുവാതാരോ..." ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ്‌ നായരാണ്. പ്രശാന്ത് മാധവ് ഒരുക്കിയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഗംഭീരം..

 കോടികള്‍ വാരി എറിഞ്ഞു ലോകോത്തര നിലവാരത്തില്‍ എത്തിയ " എന്തിരന്‍ " എന്ന ബ്രംമാണ്ട  ചിത്രവുമായാണ് " കോക്ക് ടെയില്‍ " എന്ന കൊച്ചു ചിത്രത്തിന് പ്രദര്‍ശന ശാലകളില്‍ മത്സരിക്കേണ്ടി വന്നത്.. അതുകൊണ്ട് തന്നെ ആയിരിക്കണം പ്രേക്ഷകരുടെ ഒരു തള്ളികയറ്റം ഈ ചിത്രത്തിന്  ഉണ്ടാകാതിരുന്നതും.. എന്തിരന്‍ എന്ന ചിത്രത്തെ വിജയിപ്പിക്കുന്ന പോലെ തന്നെ തമിഴന്‍ " മദ്രസ്സ പട്ടണത്തെയും" " അങ്ങാടി തെരു " -നെയും ഒക്കെ വമ്പന്‍ വിജയങ്ങളാക്കി മാറ്റുമ്പോഴാണ്  മലയാളത്തില്‍ ഈ സ്ഥിതിവിശേഷം.. മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തില്‍ വന്ന തകര്‍ച്ചയാണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു.. എന്ത് തന്നെ ആയാലും ഇതുപോലുള്ള ചിത്രങ്ങള്‍ വിജയിപ്പിചാലെ ഇനിയും വ്യതസ്തമായ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകൂ..
Related Posts Plugin for WordPress, Blogger...