ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കണ്ണുതുറക്കാത്ത ദൈവങ്ങളേ.. നിങ്ങളീ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ..


കണ്ണുതുറക്കാത്ത ദൈവങ്ങളെ..
കരയാനറിയാത്ത..ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളെ...

വയലാർ വെറുതെയല്ല ഈ വരികളെഴുതിയത്. സർവത്ര അഭിമാനികളും അതിനേക്കൾ അഹംഭാവികളുമായ അഭിനവ രാഷ്ട്രീയ പ്രവരന്മാർ മാത്രമാണപ്പോ ഈ വരികളിലെ ഇത്.. എന്തിനേറെപ്പറയണം. നാൾക്കു നാൾ ലവന്മാരെ ചുമക്കാൻ കേരളഭൂമിക്ക് ഇനീം ലേശം കൂടീ കരുത്തുകൊടൂക്കണെ പരശുരാമൻ സാറേ.. 

വളരെ സിമ്പിളായ ഒരു സംഭവമാണ് ഇപ്പോഴത്തെ സാമൂഹ്യന്റെ ഇളക്കത്തിനു മൂലവും കാരണവും. സർവത്രാതി ഐപീയെല്ലിലെ മതിലിടിയലും കോടീപതി സെഞ്ചൂറിയൻ കഥകളും സീപിയെല്ലെന്ന സിനിമക്കളിയും മാത്രമാണല്ലോ ഇന്ത്യാമഹാരാജ്യത്തെ മുഖ്യ കേളിയും വാർത്താപ്രക്ഷേപണവും നാട്ടൂവർത്തമാനവും. അങ്ങനെയിരിക്കെ ദാ കേട്ടു ഒരു വാർത്ത. (പ്രീയവായനക്കാരാ താങ്കൾ കേട്ടുകാണില്ല ഇത് മഹാരാജാസ്സുകാരുടെ സ്വകാര്യവാർത്തയാണേ) 

മഹാരാജാസ്സിന്റെ എം സി ആർ വി ഹോസ്റ്റലിലേക്ക് ഡിസ്കസ് ത്രോയിൽ ഒരു സ്വർണമെഡലും, ജാവലിൻ തോയിൽ ഒരു വെള്ളി മെഡലും 4x400 മീറ്റർ റിലേക്ക് ഒരു വെങ്കലവും എത്തിയിരിക്കുന്നു.  സംഗതികൾ എല്ലാം ഒരേയൊരാൾ കൊണ്ടുവന്നത്. “രഞ്ജിത് എം എസ്” എന്ന ബി എ ഹിസ്റ്ററി മൂന്നാം വർഷക്കാരനും എംസിയാർവി ന്യുമെൻസ് ഹോസ്റ്റലിലെ അന്തേവാസിയുമായ ചുണക്കുട്ടിയാണ് കഥാനായകൻ.  ബംഗളുരുവിൽ നടന്ന ദേശീയ പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള നാടിന്റെ അഭിമാനം കാത്ത മിടുമിടുക്കൻ. ടിന്റു ലൂക്കയും ഉഷച്ചേച്ചീടെ പിള്ളാരും മേഴ്സിക്കുട്ടന്റെ പുത്രനുമൊക്കെ കേരളരാജ്യത്തെ മ‌-കാരത്തിൽ തുടങ്ങുന്ന പത്രങ്ങളും ദേശാഭിമാനിയുടെ ഇതളും ചാനൽ പടകളും സവിസ്തരം ആഘോഷിച്ചപ്പോൾ  പാരാ അത്ലെറ്റിക്സ് ച്യമ്പ്യൻഷിപ്പിലെ നേട്ടം പൂടക്കു സമം അവഗണിക്കപ്പെട്ടതിൽ ലവലേശം ശംശയിക്കേണ്ട. അതങ്ങനെയെ ആവൂ. കഥാനായകനായ രഞ്ജിത് എം എസ് അതോട്ട് കാണാനും പോകുന്നില്ല. കാരണം രഞ്ജിത് കാഴ്ചയറ്റവനാണ്. നിങ്ങളുടെ ഭാഷയിൽ ബ്ലൈന്റ്. അവന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഇതു വായിക്കുന്ന സാമൂഹ്യനും സഖാവും സുന്ദരികളും സുന്ദരന്മാരും സർവോപരി സർകാരും ബ്ലൈന്റ് ആയെന്നതാണ് മറ്റൊരു സത്യം. കോടികൾ ചെലവാക്കി കേരളാപ്രദേശ് ഒഴികെ എല്ലാ ലൊട്ടുലൊടുക്ക് സംസ്ഥനങ്ങളും യഥാവിധി അവരവരുടെ താരങ്ങളെ നാഷണൽ മീറ്റുകൾക്ക് വിടുമ്പോൾ കേരളം സാധാ തേഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെന്റിൽ പാവം കുട്ടീകളെ തള്ളി വിടുന്നത് ചിലപ്പോ നിങ്ങൾ വായിച്ചിരിക്കും. കേരളത്തിനോട് സുല്ലിട്ട കായികതാരങ്ങളെ തമിഴ് നാടും മറ്റും കൊത്തിക്കൊണ്ടു പോയാലും ഇവിടെ കായികവകുപ്പ് “ഠ” വട്ടത്തിൽ വട്ടുകളിച്ച് നിൽകും. 

അങ്ങിനെയാണ് പാവം രഞ്ജിത്ത് വാർത്തയല്ലാതായത്. പിന്നെന്തിനു സാമൂഹ്യൻ ഇതിന്മേൽ വലിഞ്ഞ് തൂങ്ങണം..? അത് നിങ്ങളുടെ സംശയം. 
പറഞ്ഞ് തരാമേ..

ഇപ്പറഞ്ഞ രഞ്ജിത്ത് കേരളത്തിന്റെ പ്രതിനിധിയായി നാഷണൽ പാരാ അത്ലെറ്റിക് ചാമ്പ്യൻഷിപ്പിനു വണ്ടിപിടിച്ചത് 500 രൂ ഇന്ത്യൻ മണീസുമായിട്ടാണെന്ന് എംസിയാർവിക്കാർക്ക് മാത്രമറിയാവുന്ന രഹസ്യം. അതും കടം വാങ്ങിയത്. ഫുഡാന്റക്കോമോഡേഷൻ സംഖാടകർ ഫ്രീയായി കൊടുത്തതുകൊണ്ട് കഴിക്കാനും കുളിക്കാനും കിടക്കാനും പാങ്ങായി. ഡെയ്ലി അഞ്ഞൂറു മണീസ് മെയ്കാട് വർക്കർ ശമ്പളം കൈപറ്റുന്ന കേരളത്തീന്ന് ഒരു പാവം അത്ലെറ്റ് ഇങ്ങനെയും ഒരു നാഷണൽ ലെവൽ മീറ്റിൽ പങ്കെടുക്കുന്നു. അഭിമാനിക്കാനുള്ള വകയുണ്ട്. മഹാരാജാസ്സിനു വേണ്ടി ബ്ലൈന്റ് ക്രിക്കറ്റ് മത്സരത്തിൽ ട്രോഫി നേടിയ ഈ ആൾ കേരള ബ്ലൈന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അതേസമയം ആൾകേരള ബ്ലൈന്റ് സ്റ്റൂഡന്റ് ഫെഡറേഷന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണു സഹോദരങ്ങളെ.  എന്നിട്ടൂം രഞ്ജിത്തിനും മീറ്റിനു പോകാൻ പിരിവെടുത്ത അഞ്ഞൂറു രൂപ മാത്രം. അങ്ങനെ അഞ്ഞൂറു രൂപയുടെ സാമ്പത്തിക ചെലവിൽ രഞ്ജിത്ത് കേരളമഹാരാജ്യത്തിനു നേടിക്കൊടുത്തതാണ് ആ കൈയ്യിലിരിക്കുന്ന സ്വർണ/വെള്ളി/വെങ്കല മെഡലുകൾ. സർവരാജ്യ മലയാളികളെ നാണിച്ചുകൊള്ളുക. ആ മെഡലുകൾ എന്നെയും നിങ്ങളെയും നോക്കി ആർത്തു കൂവുന്നുണ്ട്.

പോട്ടെ ഇനീം സാമൂഹ്യനു കലി തീർക്കാനുണ്ട്. പക്ഷെ സർകാർ വശം ചില ചോദ്യങ്ങളായി എറിഞ്ഞു തരാം. സൌകര്യപ്പെടുമെങ്കിൽ സ്വസ്തമായി ഇരുന്ന് ചിന്തിക്ക് ബഹു. കായിക വകുപ്പ് മന്ത്രീ, ബഹു ബഹു വിഗലാംഗക്ഷേമ ഉദ്യോഗസ്ഥപ്രഭുക്കളെ.

1. കേരളത്തിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ബംഗളുരുവിലേക്ക് പോയത് ആരാനും നിങ്ങളോട് പറഞ്ഞിരുന്നോ..? 
2. പറഞ്ഞിരുന്നെങ്കിൽ തന്നെ രഞിജിത്തിനും കൂട്ടുകാർക്കും യാത്രാപ്പടിയെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് നേരവും കാലവും ഒത്തില്ലെ..? 
3. രഞ്ജിത് മെഡലുകളും കൊണ്ട് തിരിച്ചു വന്നപ്പോ നിങ്ങളിലൊരാളും ആ വഴി വന്നില്ലല്ലോ ഒരു നല്ല വാക്ക് പറയാൻ. അതോ പിറവത്തീന്ന് നെയ്യാറ്റിങ്കരക്കുള്ള യാത്രാക്ഷീണത്തിലാന്നോ..?
4. നാഷണൽ പാരാ അത്ലെറ്റിക് വിജയികൾക്ക് സ്വർണമൊന്നുക്ക്- രൂ 3 ലക്ഷവും, വെള്ളിക്ക് രൂ.2 ലക്ഷവും, വെങ്കലത്തിനു 1 ലക്ഷവും കൊടുത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൽ ഇന്ത്യാമഹാരജ്യത്തിനെ ഭാഗം തന്നെയോ..? അങ്ങിനെയെങ്കിൽ കേരളമോ..? 
5.  ഇനി രഞ്ജിത്തും കൂട്ടരും പങ്കെടുക്കേണ്ട പാരാ ഓളിമ്പിക്സ് നാഷണൽ ക്യാമ്പിനെ കുറിച്ച് എന്തരേലും വെവരമുണ്ടോ മന്ത്രാലയമേ..? 
6. രഞിത്തിനും കൂട്ടർക്കും നാഷണൽ ക്യാമ്പിനു പോകാനുള്ള ചെലവ് കൊടുക്കാൻ വേൾഡ് ബാങ്കിന്റെ ഫണ്ട് തരപ്പെടുത്തേണ്ടതുണ്ടൊ അതോ ഇവർ വീടും പറമ്പും പണയം വയ്കണോ..? 
(ഏക ജ്യേഷ്ഠന്റെ വരുമാനമാണ് രഞ്ജിത്തിന്റെ ആലുവയിലുള്ള വീടിന്റെ ഊർജം എന്ന് കൂട്ടിച്ചേർക്കട്ടെ). 
7. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..? 
8. കായികതാരവും പുരസ്കാര ജേതാവുമായിട്ടൂം നാടിന്റെ അഭിമാനം ദാ ഇങ്ങനെ മെഡലുകളായി കൊണ്ടുവന്നു തന്നിട്ടൂം അംഗവൈകല്യത്തെച്ചോല്ലി ഈ പാവങ്ങളെ തമസ്കരിക്കുന്ന എന്നെയും നിങ്ങളെയുമൊക്കെ എന്തോന്ന് വിളിച്ചാലാണ് മതിയാവുക എന്നുകൂടി പറഞ്ഞ് തരണം പൊന്നും കൂടപ്പിറപ്പുകളെ. 
കണ്ണുള്ളവർ മാത്രം കാണട്ടെ.. ചെവിയുള്ളവർ മാത്രം കേൾക്കട്ടെ. ഇതുണ്ടായിട്ടൂം കാണാത്തവരും കേൾക്കാത്തവരും അവരവരുടെ ഹൃദയങ്ങൾക്ക് വൈകല്യമുള്ളവരാകയാൽ നിങ്ങൾ സുഭിക്ഷം തിന്നു കുടിച്ച് വാഴുക. അവസാനം ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവിൽ യന്ത്രശ്ശവമാകുക. ഒടുവിൽ ഒരു സ്വിച്ചിന്റെ സ്വരത്തോടെ മരണത്തെ പുൽകുക. 

കുറിമാനം: ഇതു വായിച്ചിട്ട് രഞ്ജിത്തിനെ കാണണമെന്നു തോന്നുവർ നേരെ എറണാകുളത്ത് എം സി ആർ വി ഹോസ്റ്റലിലെത്തുക. ഫോണുള്ളവർ വിളിക്കുക. 9747385560-രഞ്ജിത്. ഒരു നമ്പർ കൂടി തരാം കൂട്ടൂകാരന്റെ. 9747648103. ആദ്യത്തെ നമ്പർ തൽകാലം നിലവിലില്ല. ബംഗളുരുവിലെ നാഷണൽ പാരാ അത്ലെറ്റിക് ച്യമ്പൻഷിപ്പിനിടയിൽ രഞ്ജിത്തിന്റെ കയ്യിൽ  നിന്നും നഷ്ടപ്പെട്ടു. അതെ കേരളമഹാരാജ്യത്തിന്റെ അന്തസ്സു കാക്കുന്നതിനുള്ള പ്രയത്നത്തിനിടയിൽ. 


2 അഭിപ്രായങ്ങൾ:

  1. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..?

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...