ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഏപ്രിൽ 9, ശനിയാഴ്‌ച

നമ്മുടെ അവസാന പ്രതീക്ഷ-ആ ജൂദ ബാർബർക്ക് നമ്മോട് പറയാനുള്ളത്

ഷുത്സ്: “സംസാരിക്കുക-ഇതു നമ്മുടെ അവസാന പ്രതീക്ഷയാണു”

ജൂതവംശജനായ ആ ബാർബർ
 (The Great Dictator-എന്ന ചിത്രത്തിലെ ചാർളി ചാപ്ലിൻ കഥാപാത്രം) :

പ്രതീക്ഷ.....
ക്ഷമിക്കുക. പക്ഷെ ഞാൻ ഒരു ചക്രവർത്തി ആകുവാൻ ആഗ്രഹിക്കുന്നില്ല-അതെന്റെ ജോലിയല്ല-ആരെയും കീഴടക്കാനും ഭരിക്കാനും ഞാനില്ല. ആ‍വുന്നിടത്തോളം എല്ലവരെയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ജൂദരെയും, ഇസ്രായേല്യരല്ലാത്തവരെയും, കറുത്തവർഗക്കാരെയും, വെളുത്തവരെയും. പരസ്പരസഹായമാണു നാം ആഗ്രഹിക്കുന്നത്, മനുഷ്യവർഗം ഇങ്ങനെയാണു.
നമ്മുടെയോരോരുത്തരുടെയും സന്തോഷത്തിൽ പങ്കുചേർന്ന് ജീവിക്കാനാണു നാം ആഗ്രഹിക്കുക, പരസ്പരമുള്ള പിശുക്കിലല്ല. പരസ്പരം വെറുക്കാനും താഴ്ത്തിക്കെട്ടാനും നാം ആഗ്രഹിക്കുന്നില്ല. ഈ വിശ്വത്തിൽ എല്ലാവർക്കും ആവശ്യുമായ ഇടമുണ്ട്. ഈ ഭൂമി വളരെ സമ്പന്നമാണ് .എല്ലാവർക്കും എല്ലാം  നൽകാൻ അതിനാവും.
ജീവിത പാത സ്വതന്ത്രമാവട്ടെ മനോഹരവും.
പക്ഷേ ആ പാത നഷടമായിരിക്കുന്നു നമുക്ക്.
ആർത്തി മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കിയിരിക്കുന്നു-വിശ്വത്തെ പരസ്പരവിദ്വേഷത്തിന്റെ തടങ്കലിലാക്കിയിരിക്കുന്നു; അത് നമ്മെ മഹാദു:ഖത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും മാർച് ചെയ്യിപ്പിച്ചു.
നാം വേഗത വികസിപ്പിച്ചെടുത്തു പക്ഷെ നാം നമ്മെ അതിൽത്തന്നെ തടവിലാക്കി: നമുക്ക് ആവശ്യമുള്ളതെല്ലാം ആവശ്യാനുസരണം തരുന്ന മെഷീനറി നമ്മെ പക്ഷെ തിരഞ്ഞുനടക്കുന്നവരാക്കി. നാം ആർജിച്ച അറിവ് നമ്മെ സംശയാലുക്കളും ശുഭാപ്തിവിശ്വാസമില്ലാത്തവരുമാക്കി, നമ്മുടെ കുശലത നമ്മെ ക്രൂരരും ദയാരഹിതരുമാക്കി. നാം ഒരുപാട് ചിന്തിക്കുന്നവരും വളരെ കുറച്ച് മാത്രം ഫീൽ ചെയ്യുന്നവരുമാക്കി: യന്ത്രങ്ങളെക്കാൾ നമുക്കാവശ്യം മനുഷ്യത്വമാണു. കൌശലത്തെക്കാൾ നമുക്കാവശ്യം ദയാശീലവും സൌമ്യമനസ്ഥിതിയുമാണു. ഈ ഗുണങ്ങളില്ലെങ്കിൽ. ജീവിതം ക്രൂരത നിറഞ്ഞതാവും, എല്ലാം നഷ്ടമാവുകയും ചെയ്യും.
വിമാനവും റേഡിയോയും നമ്മെ ഒരുമിപ്പിച്ചു. ഈ കണ്ടുപിടിത്തങ്ങളെല്ലാം നമ്മോട് ഉദ്ഘോഷിക്കുന്നത് മനുഷ്യന്റെ നന്മയെയാണു, ഐക്യത്തിനുവേണ്ടിയുള്ള വിശ്വസാഹോദര്യത്തെയും. ഇതാ ഇപ്പോൾത്തന്നെ എന്റെ ശബ്ദം ലോകമാകമാനമുള്ള ജനകോടികളിലേക്കെത്തുന്നു, നിരാശയിലകപ്പെട്ട കോടിക്കണക്കിനു പുരുഷന്മാരിലേക്കും, സ്ത്രീകളിലേക്കും, കുട്ടികളിലേക്കും, അവർ ഇരകളാണു-നിഷ്കളങ്കരായ ജനങ്ങളെ നിഷ്ടൂരമായി അക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്ന മനുഷ്യരുൾപ്പെട്ട ഒരു സംവിധാനത്തിന്റെ. എന്നെ ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു “നിരാശരാകരുത്”.
നമ്മെ ഇപ്പോൾ ഭരിക്കുന്ന നിരാശ ആർത്തിയുടെ ഫലമാണു, മാനവികതയുടെ അഭിവൃത്തിയുടെ പാതയെ ഭയക്കുന്നവരുടെ അസഹിഷ്ണുതയുടെ ഫലം: മനുഷ്യന്റെ ആർത്തി നഷ്ടമാവുകയും ഏകാധിപതികൾ മരിക്കുകയും ചെയ്യും മാത്രമല്ല ജനങ്ങളിൽനിന്ന് അവർ പിടിച്ചെടുത്ത അധികാരം ജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും, മാനവികതയുടെ അവസാനം വരെ സ്വാതന്ത്ര്യം നഷ്ടമാവുകയുമില്ല....
പടയാളികളെ- നിങ്ങൾ നിങ്ങളെ മൃഗങ്ങൾക്ക് സമർപ്പിക്കരുത്, നിങ്ങളെ താഴ്ത്തിക്കെട്ടുകയും അടിമകളാക്കുകയും ചെയ്യുന്ന മനുഷ്യർക്ക്-നിങ്ങളുടെ ജീവിതത്തെ റെജിമെന്റുകളാക്കി മാറ്റി, എന്ത് ചെയ്യണം, എന്ത് ചിന്തിക്കണം, എന്ത് വികാരമുൾക്കൊള്ളണം, എന്ന് പറയുന്നവർക്ക്, നിങ്ങളെ അഭ്യസിപ്പിക്കുകയും, നിങ്ങളെ തീറ്റിപ്പോറ്റുകയും, കന്നുകാലികളെപ്പോലെ, പീരങ്കിയുണ്ടകളെപ്പോലെ നിങ്ങളെ പരിഗണിക്കുന്നവർക്ക്.
ഈ സമനിലതെറ്റിയ മനുഷ്യർക്ക് നിങ്ങൾ നിങ്ങളെ നൽകരുത്, യന്ത്രമനസ്സും യന്ത്രഹൃദയവുമുള്ള മനുഷ്യയന്ത്രങ്ങളാണവർ. നിങ്ങൾ കന്നുകാലികളല്ല. മറിച്ച് മനുഷ്യരാണു. നിങ്ങളുടെ ഹൃത്തടം നിറയെ  മനുഷ്യത്വത്തിലധിഷ്ഠിതമായ സ്നേഹമാണു. നിങ്ങൾ പരസ്പരം വെറുക്കരുത്. സ്നേഹിക്കപ്പെടാത്തവരാണു വെറുക്കുക. സ്നേഹിക്കപ്പെടാത്തവരും സമനിലതെറ്റിയവരും മാത്രം. പടയാളികളേ-അടിമത്തത്തിനുവേണ്ടി യുദ്ധം ചെയ്യരുത്, യുദ്ധം ചെയ്യേണ്ടത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണു.
വിശുദ്ധ ലൂക്കോസിന്റെ ലേഖനത്തിലെ പതിനേഴാമത്തെ അധ്യായത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “ ദൈവരാജ്യം മനുഷ്യനിൽ തന്നെയാണു”-എന്ന്- കേവലം ഒരു മനുഷ്യനിൽ അല്ല, ഒരു കൂട്ടം മനുഷ്യരിലും അല്ല-മറിച്ച് എല്ലാവരിലുമാണു- നിങ്ങളിൽ, ജനങ്ങളിൽ.
നിങ്ങൾ ജനങ്ങൾക്ക് അധികാരമുണ്ട്, യന്ത്രങ്ങൾ സൃഷ്ടികാനുള്ള അധികാരം, സന്തോഷം സൃഷ്ടിക്കാനുള്ള അധികാരം. നിങ്ങൾ ജനങ്ങൾക് ജീവിതം സ്വതന്ത്രവും മനോഹരവുമാക്കാനുള്ള അധികാരമുണ്ട്, ജീവിതത്തെ അദ്ഭുതകരമായ സാഹസികത നിറഞ്ഞതാക്കാനുള അധികാരം. അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ നാമത്തിൽ നാം ആ അധികാരത്തെ ഉപയോഗിക്കുക-നാം ഒരുമിക്കുക. നമുക്ക് പോരാടാം ഒരു പുതിയ ലോകത്തിനു വേണ്ടി, മനുഷ്യർക്ക് തൊഴിലെടുക്കാനുള്ള അവസരങ്ങളുള്ള മാന്യമായ ഒരു ലോകത്തിനു വേണ്ടി, നിങ്ങൾക്ക് ഭാവിയും, വാർധക്യവും, സുരക്ഷിതത്വവും നല്കും അത്. ഈ കാര്യങ്ങളുടെ പ്രതിജ്ഞയനുസരിച്ച് അധികാരം കയ്യാളുന്ന മൃഗങ്ങൾ കീഴടങ്ങുകതന്നെ ചെയ്യും. അവരുടെ വാഗ്ദാനങ്ങൾ ഒരിക്കലും നിറവേറുകയില്ല, അവർക്കതിനാവുകയുമില്ല. ഏകധിപതികൾ സ്വതന്ത്രരാണു പക്ഷെ അവർ ജനങ്ങളെ അടിമകളാക്കിയിരിക്കുന്നു.ഇപ്പോൾ നമ്മൾ പോരാടുക ആ വാഗ്ദാനങ്ങളെ നേടിയെടുക്കാൻ. നമുക്ക് പോരാടാം ഈ ലോകത്തെ സ്വതന്ത്രമാക്കാൻ, രാഷ്ട്രങ്ങൾക്കിടയിലെ മതിൽക്കെട്ടുകളെ തകർക്കാൻ, ആർത്തിയെ നീക്കാൻ, വിദ്വേഷത്തിനെയും അസഹിഷ്ണതയെയും തച്ചുടക്കുവാൻ. നമുക്ക് പോരാടാം അനുയോജ്യമായ ഒരു ലോകത്തിനു വേണ്ടി, മനുഷ്യകുലത്തിന്റെ സന്തോഷത്തിലേക്ക് നമ്മെ നയിക്കുന്ന ശാസ്ത്രവും പുരോഗതിയുമുള്ള ഒരു ലോകത്തിനു വേണ്ടി.
സൈനികരേ-നമുക്ക് ഒരുമിക്കാം, സ്വാതന്ത്ര്യത്തിന്റെ നാമത്തിൽ.
നിങ്ങളുടെ മിഴികൾ ഉയർത്തിലേക്കുയർത്തുക, നോക്കൂ! മേഖങ്ങൾ മാറിപ്പോകുന്നത്-സൂര്യകിരണങ്ങൾ മെല്ലെ ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നത്. നാം അന്ധകാരത്തിൽനിന്ന് പുറത്തേക്കെത്തുകയാണു വെളിച്ചത്തിലേക്ക്. നാം കടന്ന് വരികയാണു ഒരു പുതിയ ലോകത്തിലേക്ക്. ദയനിറഞ്ഞ ഒരു പുതിയലോകം അവിടെ മനുഷ്യർ ഉയർന്നുവരും വെറുപ്പിന്റെയും മൃഗീയതയുടെയും തലം വെടിഞ്ഞ്.
ഇതാ മനുഷ്യന്റെ ആത്മാവിനു ചിറകുകൾ ലഭിച്ചിരിക്കുന്നു-അങ്ങനെ അവസാനം അവൻ പറക്കാൻ തുടങ്ങുകയായി. അവൻ പറക്കുകയാണു മാരിവില്ലിനുള്ളിലേക്ക്-പ്രത്യാശയുടെ വെള്ളിവെളിച്ചത്തിലേക്ക്-ഒരു പുതിയ ഭാവിയിലേക്ക്, നിങ്ങളുടെയും എന്റെയും നാമെല്ലാ‍വരുടെയും അവകാശമായ ആ അമൂല്യഭാവിയിലേക്ക്, മിഴികളുയർത്തി നോക്കുക. ഉയരത്തിലേക്ക് , ഉയരത്തിലേക്ക്.

കുറിപ്പ്: നാം ജീവിക്കുന്ന ഈ കാലഘട്ടത്തിനു-വയലൻസും, വർഗീയതയും, ഭീകരവാദവും, വംശീയ സംഘട്ടനങ്ങളും, യുദ്ധവും, നിഷ്ടൂരമായ പീഠനങ്ങളും അഴിമതിയും, ലൈംഗിക അരാജകത്വവും അതിക്രമങ്ങളും മൂല്യചൂതിയും...എല്ലം നിറഞ്ഞ ഈ കാലഘട്ടത്തിനു ചാപ്ലിന്റെ ഈ വാക്കുകൾ എത്രമാത്രം അവശ്യമാണ് എന്ന് മനസ്സിലാക്കുക. നാം ഒരു പുതിയ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സമയത്ത് ഈ സന്ദേശം നമ്മുടെ മനസ്സിലേക്ക് ഒരു കുളിർകാറ്റ് വീശുന്നെങ്കിൽ നാം നോക്കേണ്ടതുണ്ട്. ഉയരത്തിലേക്ക്. അവിടെ നാം കാണുക തന്നെ ചെയ്യും പ്രത്യാശയുടെ വെള്ളിവെളിച്ചത്തെ അതീവഹൃദ്യമായ് അലങ്കരിക്കുന്ന ആ മഴവില്ലിനെ. നമ്മുടെ മനസ്സുകൾക്ക് ചിറകുകൾ ലഭിക്കുകതന്നെ ചെയും ആ പുതിയ ഭാവിയിലേക്ക് പറക്കാൻ.
ഭാവുകങ്ങൾ


ഈ സന്ദേശത്തിന്റെ വിഡിയോ വലതുവശത്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
Related Posts Plugin for WordPress, Blogger...