ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, ജൂലൈ 17, ചൊവ്വാഴ്ച

ഉപകാരസ്മരണ/റോബർട് ബ്രൂസ് ഇൻ 2012

ഉപദേശിച്ച് നന്നാക്കിയ ശിഷ്യൻ ആശാന്റെ പെങ്ങൾക്ക് കുട്ടിയുണ്ടാക്കാനിറങ്ങി
ജീവിതത്തോണി തുഴയാൻ പഠിപ്പിച്ചവന് ചങ്ങായി വക നിത്യേന ഉപദേശം
 പരീക്ഷ ജയിപ്പിക്കാൻ പെടാപ്പാട്പെട്ട മുൻബഞ്ചനെ പിൻ ബഞ്ച്കാരി കോമ്പസ്സിനു കുത്തി പട്ടിണിക്കോലത്തിൽ പടിപ്പുര മുട്ടീയവന് കൊടുത്ത ജോലി പിന്നെ ശമ്പളപ്പരാതിയായി തിരിച്ച് കൊത്തി
ഉടപ്പിറപ്പെന്ന് കരുതി കട്ടിലിൽ ഒപ്പമുറക്ക് വളർത്തിയവൾ പിറ്റേന്ന് ആരന്റെ കൂടെ അഴിഞ്ഞാടാൻ പുറപ്പെട്ട് പോയി
 ഇന്നലെ പത്തുറുപ്യടെ പച്ചച്ചോറ് പങ്കിട്ടവൻ ഇന്ന് പതിനായിരത്തിന് ശമ്പളക്കാരൻ
അവന് ഞാനിന്ന് മണ്ടൻ ജീവിക്കാനറിയാത്തവൻ
ആപത്തിലും ആകായ്കയിലും എനിക്ക് കൂട്ടാമാത്മസഹിക്കും ഞാനിന്ന് പോഴൻ, ഓട്ടക്കയ്യൻ.

ഞാനാരാണ് ഉവ്വേ...? നീ തന്നെ പറ..പടച്ചവനേ...
(നിങ്ങൾ എന്തു വിളിക്കും എന്നെ പൊന്നു ചങ്ങായീ..?)


റോബർട് ബ്രൂസ് ഇൻ 2012
പുറത്ത് ആരവമുണ്ട്, പടയോട്ടം നിലച്ചിട്ടേയില്ല, തലകൾ വെട്ടിയെടുക്കപ്പെടുകയും മുഖങ്ങൾ വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്നു. പടനായകർ പിന്നിൽ നിന്ന് പടനയിക്കുകയും കാലാൾ മുന്നണിപ്പോരാളികളായി മരിച്ച് വീഴുകയും ചെയ്യുന്നു. അവിടെ ഗ്രീഷ്മമെന്നോ ശിശിരമെന്നോ വ്യത്യാസമില്ല, പോരാട്ടത്തിനു ചൂടും ചൂരും എരിവും കൂടൂകതന്നെയായിരിക്കും. ഇത്രയേറെ തലകൾ വെട്ടിമാറ്റപ്പെട്ടുകൊണ്ടേയിരുന്നിട്ടൂം (കാലങ്ങളായി) കാലാളുകളുടെ എണ്ണം കുറയുന്നതേയില്ലല്ലോ..? പുതു തലമുറകൾ മൂപ്പെത്തുന്നതിനൊപ്പിച്ച് അവരിൽ നിന്നും പുതിയ പടയാളികളെ റിക്രൂട് ചെയ്യുന്നുണ്ടാവം സൈന്യങ്ങൾ. പക്ഷെ ഈ യുദ്ധം അവസാനിക്കുന്നതേയില്ലല്ലോ.? ആരും തോൽകുന്നതുമില്ല. ജയഭേരി അതിനാൽ തന്നെ താൽകാലികം.

ഇവിടെ ഈ ഗുഹക്കുള്ളിൽ ഞാനുണ്ട് ബ്രൂസ്. റോബർട് ബ്രൂസ്. എനിക്ക് ബുദ്ധിയുടെ വല നെയ്ത് കാണിക്കാൻ, പരിശ്രമപാഠം തരാൻ ഒരു ചിലന്തിയുമുണ്ട്. പ്രതീക്ഷകളും, പദ്ധ്ധതികളുമെല്ലാം ഈ ഇരുളിൽ എന്റെ തലക്കുള്ളിൽ മിന്നിമായുന്നുണ്ട്. സോഷ്യൽ നെറ്റ്വർക്കുകളിലെ അതീവ ഗുരുതരന്മാരായ പടനായകരുടെ ഉദ്ബോധനങ്ങൾ ചെവികളിൽ മുഴങ്ങുന്നുമുണ്ട്. പക്ഷെ ഈ ചിലന്തിക്ക് ഒരു കാര്യം എനിക്ക് പ്രഞ്ഞുതരാനാകുന്നില്ലല്ലോ. കഷ്ടം. ഞാൻ ഈ ഗുഹക്കുള്ളിലേക്ക് പാഞ്ഞുകയറുന്നതിനു മുന്നേ ഞാൻ ഒരു പടയാളിയായിരുന്നെന്ന് മാത്രം ഞാനോർക്കുന്നു. ഒരു പക്ഷേ പടനായകനായിരുന്നിരിക്കണം. എന്തിനായിരുന്ന് എന്റെ യുദ്ധം..? ആരോടായിരുന്നു ഞാൻ വാളെടുത്തത്..? ഞാൻ ഏത് പക്ഷത്തായിരുന്നു..? “ഇത്രയും” ഞാൻ മറന്നുപോയിരിക്കുന്നു. പുതിയ ഊർജവും, ആർജവവുമായി ഞാൻ ഈ ഗുഹവിട്ട് പുറത്തേക്കിറങ്ങിയേ പറ്റൂ. അവിടെ പുതിയ ഉണർവുമായി യുദ്ധം ചെയ്യുകയും വേണം. പക്ഷെ എനിക്ക് ആരുണ്ട് പറഞ്ഞു തരാൻ. ഞാൻ ഏത് പക്ഷത്തെന്ന്.? എന്നെ സ്വീകരിക്കാനെത്തുന്നത് ശത്രുവോ മിത്രമോ..? എന്നെ കാത്തിരിക്കുന്നത് പൂച്ചെണ്ടുകളോ ഇരുതല മൂർചയുള്ള വാളോ..?

ഈ ചിലന്തി ഒന്നും മിണ്ടുന്നില്ലല്ലോ..? അയ്യോ അത് വലകെട്ടൂകയായിരുന്നു എന്ന് ഞാൻ മറന്നു. എന്റെ ഹൃദയത്തിന്റെ ഭീത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വല. എന്റെ പ്രജ്ഞയിൽ നിന്ന് തൂങ്ങുന്ന ഒറ്റ നാരിൽ തൂങ്ങി ആടുകയാണാ ചിലന്തി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...