ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മസ്കുലാർ ഡിസ്ട്രോഫിയും മഹാരാജാസ്സും പിന്നെ ഡോക്ടർ സിജുവിന്റെ ചിത്രപ്രദർശനവുംഇന്ന് നവംബർ ഒന്ന്.  മൈമഹാരാജാസ്.ബ്ലോഗ്സ്പോട്.ഡോട്.കോം നമ്മളെ ഒരുമിപ്പിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.

 ഈ ചുരുങ്ങിയ കാലഘട്ടംകൊണ്ട് നാം കുറെ കാര്യങ്ങൾ ചർച്ചചെയ്തു, ചിന്തിച്ചു, വായിച്ചു, പ്രവർത്തിച്ചു. നാം ചർചചെയ്ത സുപ്രധാനമായ ഒരു വിഷയം ഒരു മുഖ്യധാരാ സിനിമയുടെ ഭാഗമാകുകയുമാണ്. നമ്മുടെ മലയാളത്തിൽ ഉറച്ച്നിന്ന് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകളെ സമന്വയിപ്പിച്ച് ഒരു പുതിയ സിനിമ. നാടിനും നമുക്കും ഒരുമിക്കേണ്ടതിന്റെ പാഠം ചൊല്ലിത്തരുന്ന ഒരു പുതിയ ചലചിത്ര ഭാഷ.തെന്നിന്റ്യയിലെ പ്രമുഖ നടന്മാരും ചലചിത്രകാരന്മാരും ഒരുമിക്കുന്ന ഒരു ദൃശ്യ സന്ദേശം. നമ്മുടെ ബ്ലോഗും അതിൽ ഒരു ഘടകമാവുന്നു.                                    

അദ്ഭുതം തോന്നുന്നു തിരിഞ്ഞ് നോക്കുമ്പോൾ. നാം ഇവിടെ വരെ എത്താൻ ഇടയാക്കിയ നിമിത്തങ്ങളെ ഓർത്ത്.

ഇന്നേപ്പോലെ കഴിഞ്ഞ നവംബർ ഒന്ന് രാവിലെ അവധൂതൻ തിരക്കിട്ട് നടന്ന് പോകുകയാണ് കണ്ണൂരിലെ ഒരു റോഡിലൂടെ. അപ്രതീക്ഷിതമായി ഒരു ഫോൺകോൾ. തിരുവനന്തപുരത്ത് നിന്ന്.

“അളിയാ നമസ്കാരം.”- നല്ല നമസ്കാരം കിട്ടി ഉഷാറായ അവധൂതനു ആളെ പിടികിട്ടി. സിജു. ഡോക്ടർ സിജു. നേമം ഹോമിയോ മെഡിക്കൽ കോളജിൽ നിന്ന്. തിരിച്ചൊരു നമസ്കാരം അച്ചടിക്കുന്നതിനു മുന്നേ ഡോക്ടർ വക ഒരു വെടി.

“അളിയാ. ഇന്നു നല്ല ദിവസമാ. നമ്മടെ മഹാരാജാസ് ബ്ലോഗ് അങ്ങ് തുടങ്ങി കേട്ടോ.” mymaharajas.blogspot.com. ഡോക്ടർ റഹീസാണ് പണിയൊപ്പിച്ച് തന്നത്. രാവിലെ എന്തേലുമൊന്ന് പൊസ്റ്റണമെടെ.” എന്ന്.

അവധൂതന് ഞെട്ടാൻ തോന്നിയില്ല. കാരണം ഈ ഡോ. സിജു എന്ന ഊർജിത മഹാരാജാസ്സ്കാരൻ അടിയനെ 2000-ൽ തന്നെ ഞെട്ടിച്ചതാണ്.

അവധൂതൻ പോസ്റ്റ് ഗ്രാജുവേഷന് വേഷം കെട്ടി എം. സി. ആർ. വി-യിൽ ഉള്ള കാലം. ഭീകരനായ മച്ചാന്റെ മുറിയിലെ പുകമറക്കുള്ളിൽ, ഇപ്പോ സിനിമാ സഹസംവിധായകനായ റിയാസിനൊപ്പം ഹോളിവുഡ് കഥകൾ കൊച്ചിൻ സ്റ്റൈലിൽ പടച്ച് വിടുന്നതിനിടയിൽ ഒരു മൂലക്ക് വെറുതേ നിൽകുന്ന ഉയരമുള്ള കണ്ണാടിക്കാരനെ അന്നേ ശ്രദ്ധിച്ചിരുന്നു.

കക്ഷി സൂവോളജിക്കാരനാണ്. ടിയാൻ അധികം നടക്കില്ല, ഇരിക്കില്ല, നില്പോട് നില്പ്. ഇടക്കിടെ നില്പ് ഹോസ്റ്റലിന്റെ വരാന്തയിലേക്ക് മാറ്റും. ഇടക്ക് ഒരു മനുഷ്യൻ വന്ന് ഹീറോയുടെ മുഴുസൈക്കിളിന്റെ പുറകിൽ ടിയാനെ കയറ്റിയിരുത്തി എവിടെക്കോ ഉന്തിക്കൊണ്ട് പോകുകയും ചെയ്യും. ഇത്തരത്തിൽ നില്പ് സത്യഗ്രഹം നടത്തിയ മഹാൻ വരയുടെ സംഗതികൾ ഉള്ളയാളാണെന്ന് വഴിയെ പിടികിട്ടി. വളരെ മെല്ലെ മാത്രം ചലിക്കുന്ന കൈകളുപയോഗിച്ച് നല്ല അസ്സൽ കൈയ്യക്ഷരത്തിൽ എഴുതുകയും ചെയ്യും. അങ്ങനെ മെല്ലെ ഈ പഹയനെ അവധൂതൻ ഒന്നു മുട്ടി.

മുട്ട് മടക്കാത്തത് വാശികൊണ്ടല്ലന്നും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് മസ്സിലുകൾ ശോഷിക്കുന്നത്കൊണ്ടാണെന്നും മനസ്സിലാക്കാൻ ഡോക്ടർ തന്നെ പറയേണ്ടി വന്നു. കോശങ്ങൾ ക്രമേണ നശിച്ച് വരുന്ന ഒരു അവസ്ഥ. ചികിത്സയില്ല എന്ന് മെഡിക്കൽ സയൻസ് പറഞ്ഞ് വച്ച രോഗം. പക്ഷേ ഡോക്ടർ രോഗത്തിനു മുന്നിൽ മുട്ടുമടക്കാൻ ലവലേശം തയ്യാറായിരുന്നില്ല. ഫോട്ടോഷോപ്പ് എന്ന് അവധൂതനൊക്കെ കേൾക്കാൻ തുടങ്ങിയ അക്കാലത്ത് ഇപ്പറഞ്ഞ മഹാൻ ഫോട്ടോഷോപ് കൈക്കലാക്കി. എറണാകുളത്തെ ചിറ്റൂർ റോഡിലെ ഒരു സ്ഥാപനത്തിൽ നിന്ന്. എം. സി. ആർ. വി ഹോസ്റ്റലിൽ നിന്ന് ആ സ്ഥാപനം വരെയുള്ള 5 മിനിറ്റ് നേരെ നടപ്പ് ദൂരം എതാണ്ട് 20 മിനിറ്റിൽ സിജു നടക്കും. അത്ര വേഗത. 5 മിനിറ്റിലും താണ്ടും ഹീറോയുടെ പിന്നിലിരുന്ന്. ഹീറോയില്ലെങ്കിൽ അവധൂതനോ ഇതര കൊശവന്മാരോ കൂടെ കൂടും. അത്തരമൊരു സഹയാത്ര ഒരിക്കൽ കൈലിമുണ്ടിലാക്കി അവധുതൻ. അന്ന് സിജുവിനെ ഫോട്ടോഷോപ്പിൽ വിട്ട് തിരിച്ചുള്ള യാ‍ത്രയിൽ ഏമാന്മാർ പൊക്കിയത്. രാവിലെ കഞ്ചാവ് വാങ്ങാൻ പോയതാണോ എന്ന് കുശലം ചോദിച്ച് എസ്സൈഅദ്യേം. കൈലിയുടുത്ത് ലോക്കലായി റോഡിലിറങ്ങിയതും പോരാഞ്ഞ് ഹോസ്റ്റൽ   ഗേറ്റിൽ കിടന്ന പോലീസ് ജീപ്പിനെ മൈന്റ് ചെയ്യാതെ ഉടുകൈലിപൊക്കി മൂക്ക് ചൊറിഞ്ഞതിന്റെ കലിപ്പ്.

അങ്ങനെ അവധൂതൻ പീജി കലാശിപ്പിച്ച് ഇറങ്ങാൻ ഒരുങ്ങുന്ന അവസാന മാസങ്ങളിലൊരിക്കൽ അടിയന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് സിജു കയറി വന്നു. വണ്ടറടിച്ചുപോയി. സത്യം. റോഡിലെ ചെറിയ ഹമ്പിനെ എവറെസ്റ്റെന്ന് വിശേഷിപ്പിക്കുന്ന അതേ സിജു ഏതാണ്ട് അമ്പതിലധികം പടികൾ “ഓടി”ക്കയറി എന്റെ മാളത്തിലെത്തിയിരിക്കുന്നു. അപ്പോ ആ ഓട്ടം എത്ര മണിക്കൂറ് മുന്നെ ആരംഭിച്ചിരിക്കണം എന്ന് ഗണിച്ച് നോക്കാൻ അപേക്ഷ.

ഈ പടികയറ്റം ഇടക്കിടക്ക് ആവർത്തിച്ചു. അത്തരമൊരു കയറ്റത്തിനൊടുവിൽ അടിയന്റെ മാളത്തിലെ മേശമേൽ ചാരിനിന്ന് സിജു പറഞ്ഞു. “ അളിയാ. ഈ രോഗത്തിന് ചികിത്സ ഇല്ലടേ. ഒരു പത്ത്മുപ്പത്തഞ്ച് വയസ്സ് വരെയൊക്കെ ചിലപ്പോ പോകും കേട്ടോ.” എന്ന്. പത്ത്-മുപ്പത്തഞ്ച് എന്ന് സിജു അവന്റെ ജീവിതത്തിന് കാലാവധി പറയുകയാണ്. എന്തൊ ഒരു ഇത് തോന്നി അവധുതന്. എന്ത് പറയാൻ ഈ മനുഷ്യനോട്.? എന്ന് മാത്രം ചിന്തിക്കാനേ പറ്റിയുള്ള് ചങ്ങാതിമാരെ.

ഇനിയുമൊരു മലകയറ്റത്തിനൊടുവിൽ പാവം അടിയന് അടുത്ത അടി തന്നു ലവൻ. “അളിയാ. എനിക്ക് മെഡിക്കൽ എന്ട്രൻസ് പാസ്സാവണമെടേ. എന്തായാലും ചാകും; അതിനു മുൻപ് ഒരു ഡൊക്ടറാകണം. ഈ പണ്ടാരം രോഗത്തിനു എന്തേലുമൊരു പ്രതിവിധി കണ്ടെത്തണം”- എന്ന്. എന്ത് ചെയ്യണം ചങ്ങാതിമാരെ അവധൂതൻ.? സുല്ലിട്ടു ഈ മനുഷ്യനു മുന്നിൽ. തോറ്റു തൊപ്പിയിട്ടു അടിയൻ. പക്ഷെ ഈ സിജുഅളിയന്റെ മനസ്സിശ്ശക്തിയും ഡിറ്റർമിനേഷനും അടിയന്റെ മനസ്സിലെവിടെയോ ഒരു ചെറിയ തീപ്പൊരി ചിതറിയിട്ടു.

2003-ൽ അവധൂതൻ മഹാരാജാസ്സിൽനിന്ന് പുറത്ത് ചാടുകയും, അരുക്കുറ്റിയിലെ സിജുവിന്റെ വീട്ടിനു സമീപമിരുന്ന് ഒരു പഴയ തുറമുഖ റം സേവക്ക് ശേഷം തൊട്ട് പിറ്റേന്ന് ഞായറാഴ്ചയിലെ യൂജിസിപ്പരീക്ഷ എഴുതുകയും എങ്ങിനെയോ പാ‍സ്സാവുകയും പത്തനംതിട്ടയിലൊരു കാളെജിൽ ജന്തുശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷേ സിജുവിനെ വഴിലെവിടെയോ കളഞ്ഞ് പോയി. പക്ഷെ ഏതൊരു ക്ലാസ്സിലും അവധുതൻ ആദ്യം പറയുന്ന പൊസിറ്റിവ് മെന്റൽ ആറ്റിറ്റ്യൂഡ് ഉദാഹരണത്തിൽ സിജുതന്നെയായിരുന്നു. ആ കഥക്ക് ഒരു പഞ്ച് കിട്ടിയത് 2004-ൽ.

അവധൂതനെത്തിരക്കി നേമത്തുനിന്ന് പീരുമേടെത്തിയ ഒരു എസ്റ്റിഡി-യുടെ അങ്ങെത്തലക്കൽ സിജു ഉണ്ടായിരുന്നു.. വെറും സിജു അല്ല. ഹോമിയോ മെഡിക്കൽ കോളജിലെ മെഡിക്കോ സിജു. നമിച്ചുപോയി അടിയൻ. അവൻ പറഞ്ഞതുപോലെ ചെയ്തു. പഹയൻ. പക്ഷെ ലവൻ വിളിച്ചത് ഈ വാർത്ത പറയാനായിരുന്നില്ല. എനിക്കിട്ട് പണിതരാ‍നായിരുന്നു.

പണി- എം. ജി. യൂണിവേഴ്സിറ്റിയിലെ പഴയ കാളെജ് മാഗസിനുകൾ സംഘടിപ്പിച്ച് കൊടുക്കണമത്രെ. കക്ഷി കോളജ് മാഗസിൻ എഡിറ്ററായി മത്സരിക്കുന്നത്രേ. അന്ന് ലേഖകൻ ഒരു ഗസ്റ്റ്ലക്ചറർ. പിന്നീട് 2010 വരെ സിജുവിനെ കണ്ടുകിട്ടിയില്ല. അക്കാലത്തിനിടയിൽ ലേഖകൻ തൊഴിലില്ലായമയിലേക്കും സ്വയംതൊഴിലിലേക്കും അവസാനം ഒരു സർക്കാർ തൊഴിലാളിയായി കണ്ണൂരിലേക്ക് കുടിയേറിപ്പാർക്കുക്കയും ചെയ്തു.
അങ്ങനെ രണ്ടായിരത്തിപ്പത്ത് ഒക്ടോബർ മാസം അവസാനിക്കുമ്പോ ലേഖന്റെ ഒരു വിദ്ധ്യാർത്ഥിയും പിന്നീട് സഹപ്രവർത്തകനുമായ ശ്രീഹരി ഒരു രാത്രിയിൽ ഒരു ചോദ്യം ചോദിക്കുന്നു. “സാറന്ന് പറഞ്ഞ സിജു  ചേട്ടൻ ഇപ്പൊ എവിടെ.?” ഉത്തരം മുട്ടിയ ലേഖകന് ശ്രീഹരി വക ഒരു ആശയം-“ഓർക്കുട്ടിലൊന്നു തപ്പിയാലോ..?” എന്ന്.

ഓർക്കുട്ട് അരിച്ചുപെറുക്കി. സിജുവിനെ മാത്രം കണ്ടുകിട്ടിയില്ല. പക്ഷെ ഡോക്ടർ റഹീസിനെ കിട്ടി. നേമം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റിയിൽ നിന്ന്. പരിചയമില്ലെങ്കിൽ കൂടി റഹീസ് ഡോക്ടറെ രാത്രി തന്നെ വിളിച്ചു. അന്വേഷണത്തിന് “സിജുവിനെ എങ്ങനെയാണ് പരിചയം” എന്ന് ഡോക്ടർ. “മഹാരാജാസ്” എന്ന് പറഞ്ഞാൽ മതി” എന്ന് മറുപടിയും കൊടുത്തു. “ശരി. ഞാൻ പറയാം സിജുവിനോട്”-എന്ന ഡൊക്ടറുടെ മറുപടി എനിക്കും ശ്രീഹരിക്കും ഉണ്ടാക്കിയ സന്തോഷം  വിവരിക്കാനാവില്ല.
ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ലേഖകന് ഒരു കോൾ. “അളിയാ” എന്ന സുപരിചിത സംബോധന.. ഓർക്കുട്ടിനെ മനസ്സാ നമിച്ച നിമിഷം. വർഷങ്ങൾക്കപ്പുറത്ത് കളഞ്ഞ് പോയ അതേ സ്നേഹത്തിന്റെ ശബ്ദം.
അന്ന്തൊട്ടിന്നേവരെ വിശേഷങ്ങളെല്ലാം (വിശേഷമല്ലാത്തവയും) പങ്കുവച്ചു. സിജു ഹൌസ് സർജൻസി കഴിയുന്നുവത്രെ.
അങ്ങനെ ഒക്ടോബർ 30. ഞങ്ങളൊരു തീരുമാനമെടുത്തു. നമ്മളെ നമ്മളാക്കിയ മഹാരാജാസ്സിന് സമർപ്പിക്കുന്ന ഒരു ബ്ലോഗ്. നമ്മുടെ നാവ്. അതും നമ്മുടെ ഭാഷയിൽ. പ്രത്യേകിച്ച് രൂപരേഖയൊന്നുമില്ലാതെ തന്നെ. പക്ഷെ മഹാരാജാസ് ഓർമ്മക്കുറിപ്പുകളും മറ്റും ഉണ്ടാവണം എന്ന് നിർബന്ധം. ശുഭരാത്രി നേർന്ന് ഞങ്ങളുറങ്ങി.
ഒകോടോബർ 31 രാവിലെ 8 മണി. ഡോക്ടർ സിജൂ വിളിച്ചു. “അളിയാ. നമ്മുടെ ബ്ലോഗ് റെഡി. മൈമഹാരാജാസ്.ബ്ലോഗ്സ്പോട്.കോം എന്നപേരിൽ. ഡൊക്ടർ രഹീസാണ് ഡിസൈൻ. ആദ്യ പോസ്റ്റിനുള്ള വഴി നോക്കണേ.” എന്ന്. അങ്ങനെ ഈ ബ്ലോഗ് പിറന്നു. ടൈറ്റിൽ ഡിസൈനിൽ തന്നെ കണ്ടു സിജുവിന്റെ ഫോട്ടോഷോപ് പെർഫെക്ഷൻ. മഹാരാജാസ്സിനുള്ള സമർപ്പണത്തോടെ ബ്ലോഗ് നിലവിൽ വന്നു.
നവംബർ 1. കേരളപ്പിറവി ദിനം. ബ്ലോഗിന്റെ ലേഔട്, ചില മഹാരാജാസ് ചിത്രങ്ങൾ അവധൂതന്റെ കവിത എന്നിവ പോസ്റ്റുകളായി. നവംബർ 3-ന് കയ്യിൽ മനോരമപ്പത്രവുമായി ദോഷൈകദൃക്കായ അവധൂതനും രംഗത്തെത്തി.
തുടർന്ന് അവധൂതന്റെ കവിതകളും, സാമൂഹ്യന്റെ കുറിപ്പികളും,രമേഷ് കാക്കൂർ-സിജു എന്നിവരുടെ സിനിമാക്കാര്യങ്ങൾ, ആയുഷ്മിത്രൻ എന്നിവരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങൾ, ഉമ്മർ കോയാക്കാന്റെ കഥകൾ, അസിം കോട്ടൂറ് പ്രീത  തോന്നക്കൽ, പ്രതീഷ് തുറവൂർ, ശ്രീനി പേരാമ്പ്ര, ഗീതു നായർ, ബിന്ദു ടീച്ചർ, റിച്ചു തുടങ്ങിയവരുടെ കവിതകൾ, ക്യാമ്പസ്സിൽനിന്നും ഹരി, അനു മുരുകൻ എന്നിവരുടെ  മാഹാരാജാസ് വാർത്തകളും, ചിത്രങ്ങളും അങ്ങനെ പല വിഭവങ്ങളുമായി നമ്മുടെ ബ്ലോഗ് നമ്മിലെത്തി. ചുരുങ്ങിയ കാലംകൊണ്ട് ഓർക്കുട്ടിലും ഫേസ്ബുക്കിലും ഫോളോവേഷ്സും ഒക്കെയായി നാം നാമായി. അഭിപ്രായങ്ങളും വിമർശനങ്ങളും ഇത്തിരി തല്ലും തലോടലും ഒക്കെ പിന്നാലെ വന്നു.  നമ്മെ അകമഴിഞ്ഞ് സഹായിക്കുന്ന, മിൽടൻ, പോൾസൻ, ശ്രീജ ആർ. എസ് തുടങ്ങിയ കൂട്ടുകാരെ നന്ദിയോടെ സ്മരിക്കട്ടെ. മറ്റ് ബ്ലോഗുകളിൽനിന്നു വ്യത്യസ്തമായി ഇവിടെ വിഭവങ്ങൾക്കൊപ്പമുള്ള പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത് ഡോക്ടർ സിജു ആണെന്നത് പറയാതെ നമുക്ക് മനസ്സിലാവുമല്ലോ. ഒരു വ്യക്തിയുടെ ചിന്തകൾ മാത്രം പങ്ക് വയ്കപ്പെടുന്ന ബ്ലോഗുകൾക്ക് ഒരപവാദമായി നമ്മുടെയെല്ലാം ജിഹ്വയാണിത്. കൂട്ടുകെട്ടിന്റെ വായനാനുഭവം.

 ഇന്ന് നമ്മുടെ ബ്ലോഗിനു ഒരു വയസ്സ്.

കഴിഞ്ഞ് കുറച്ച് മാസങ്ങൾ ബ്ലോഗ് ഒരു മയക്കത്തിലായിരുന്നു എന്നതും ശ്രദ്ധിച്ചുകാണും കൂട്ടുകാർ. രണ്ട് കാരണങ്ങളുണ്ട് അതിന്. ഹൌസ് സർജൻസിക്കിടയിൽ സംഭവിച്ച ഒരു ചെറിയ അപകടം അദ്ദേഹത്തിന്റെ ആരോഗ്യനില അല്പം വഷളാക്കുകയും തുടർന്ന് ചികിത്സയിൽ ആകുകയും ചെയ്തതും, ലേഖകൻ നമ്മുടെ ബ്ലോഗിൽ പരാമർശിക്കപ്പെട്ട ഒരു സുപ്രധാന വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചലചിത്രത്തിന്റെ പണിപ്പുരയിൽ കടന്നു എന്നതുമാണ് കാരണങ്ങൾ. കൂട്ടുകാർ ക്ഷമിക്കുമല്ലോ.

നമ്മുടെ ബ്ലോഗ് ഒന്നാം വയസ്സാഘോഷിക്കുന്ന ഈ അവസരം നമ്മൾ മഹാരാജാസ്സിന്റെ ക്യാമ്പസ്സിൽ കൊണ്ടാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു വെള്ളിയാഴച.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ “നിറച്ചില്ല്”- എന്ന ഗ്ലാസ് പെയ്ന്റിങ് പ്രദർശനവും വില്പനയും- എറണാകുളം ലോകോളജിൽ വച്ച് നടത്തപ്പെടും. ഡോ‍ക്ടർ സിജു വരക്കുന്ന 75-ൽ അധികം വരുന്ന ഗ്ലാസ് പെയ്ന്റിഗുകൾ ആണ് പ്രദർശനത്തിനുണ്ടാവുക. വിശദമായ തീയതിയും വിവരങ്ങളും പിന്നാലെ അറിയിക്കുന്നതാണ് ശ്രദ്ധിക്കുമല്ലോ. എല്ലാ സുഹൃത്തുക്കളെയും മൈമഹാ‍രാജാസ്.ബ്ലോഗ്സ്പോട്.കോമിന്റെ പേരിൽ സ്വാഗതം ചെയ്യുന്നു.

ഡോക്ടർ സിജുവും സാമൂഹ്യനും മറ്റുകൂട്ടുകാരെല്ലാരും ഉണ്ടാവും. നമുക്ക് മഹാരാജാസ്സിന്റെ മണ്ണിൽ കണ്ടുമുട്ടാം.

മറ്റൊരു അനുബന്ധം കൂടിയുണ്ട് ഈ കഥക്ക്. ഡൊക്ടർ സിജുവിന്റെ -“പത്ത് മുപ്പത്തിനാല്” എന്നാ കാലാവധി നമ്മളങ്ങ് നീട്ടി. ഒരു സിനിമക്കഥപോലെ തോന്നുന്ന അനുഭവമാണത്.

ന്യൂറോ മസ്കുലാർ ഡിസ്ട്രോഫി എന്ന സിജുവിന്റെ അവസ്ഥക്ക് ഒരു മറുപടിക്ക് വേണ്ടിയുള്ള അന്വേഷണം അവധൂതനെയും ശ്രീജയെയും കൊണ്ടെത്തിച്ചത് അമേരിക്കയിലെ ഒരു നിയമനിർമാണത്തിന്റെ വിവരണങ്ങളിൽ. ഈ രോഗത്തിന്റെ  വ്യത്യസ്ഥ അവസ്ഥകളുണ്ടെന്ന അറിവിൽ. അതുകൊണ്ട് തന്നെ മസ്കുലാർ ഡിസ്ട്രോഫിക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണ നിരീക്ഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ നിയമനിർമാണം. രോഗാവസ്ഥകളിൽ ആദ്യ രണ്ടെണ്ണം മാരകമാണ്. ഡോക്ടറുടെ അവസ്ഥ  മരണകാരണമാകുന്നതല്ല എന്നും നമുക്ക് മനസ്സിലായത് അന്ന്. അദ്ഭുതമെന്നോണം ഡോക്ടർ സിജു തിരിച്ചെത്തുന്ന കാഴ്ച ഞങ്ങൾ കണ്ടു. അങ്ങനെ സിജു അളിയനെ നമ്മൾ തിരികെപ്പിടിച്ചു.  അല്ല സിജുവിന്റെ നിശ്ചയ്ദാർഠ്യം നമ്മെ ശരിയായ വഴിയിലെക്കെത്തിച്ചു എന്ന് തിരുത്തട്ടെ.

ഇനി വേണ്ടത് വളരെ സുപ്രധാനമായ ചില ചികിത്സാപ്രക്രീയകൾ. ഡോക്ടർ സിജുവിന്റെ സ്വപ്നംഅദ്ദേഹത്തോടൊപ്പം നമ്മളൊത്ത് ചേർന്ന് സാക്ഷാത്കരിക്കുകയാണ്. ന്യൂറൊ മസ്കുലാർ ഡിസ്ട്രോഫിക്ക് ഒരു ചികിത്സാവിധിക്ക് നമ്മൾ രൂപം കൊടുക്കുന്നു. പ്രഗൽഭരായ ഭിഷഗ്വരന്മാരുടെ സഹായത്തോടെ. ഇതേ പ്രശ്നബാധിതരായ അനേകം കൂട്ടുകാരുണ്ട് നമുക്കിടയിൽ. അവർക്ക് വേണ്ടത് ശരിയായ രോഗാവസ്ഥാനിർണയവും ഒരു പ്രത്യേക ചികിത്സാവിധിയും, ആയാസമെന്യെ ചെയ്യാവുന്ന എക്സർസൈസുകളുമാണ്. മസിലുകളെ ഉത്തേജിപ്പിക്കുന്നതിനും സദാ പ്രവർത്തിക്ഷമമാക്കുന്നതിനും. അതിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ “നിറച്ചില്ല്”.

നിശ്ചയദാർഠ്യത്തിന്റെ ആൾരൂപമായ ഡോക്ടർ സിജുവും ഞങ്ങളും നിങ്ങളെ കാത്തിരിക്കുകയാണ് മഹാരാജാസ്സിൽ. നമുക്ക് അവിടെ കണ്ടുമുട്ടാം.

എല്ലാ കൂട്ടുകാർക്കും മഹാരാജാസ് ടീമിന്റെ സ്നേഹാദരപൂർവമായ കേരളപ്പിറവി ആശംസകൾ.

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

പൂച്ചക്കാരു .....? (ഹസാരോം ഓർ കരോഡോം കാ ഹാസാരെ ജി)

ദാ കെടക്കുന്നു. ബഹുമാന്യനായ ഹസാരെയണ്ണാക്ക് മുണ്ടാട്ടം മുട്ടീന്ന്. ദെന്ത് കൂത്തിഷ്ടാ..?

വണ്ടറടിച്ച് നിന്ന ജോർജ് ചേട്ടൻ ചിന്തയാം ചൂണ്ടുവിരൽ തെല്ലൊന്നുയർത്ത് നാസികാ ദ്വാരത്തിനു കഷ്ടി അരയിഞ്ച് മേലെ മൃദുവായൊന്നു തലോടി.
ഇന്ത്യയാണണ്ണാ അണ്ണ എന്നും അണ്ണയാണണ്ണാ ഇന്ത്യ എന്നുമൊക്കെ വിളിച്ചു കൂവി സപ്പോർട്ടും പോസ്റ്ററും അണ്ണത്തൊപ്പീം ഒക്കെ ചാർത്തിനടന്ന രതീഷിനും ഡൌട്ടടിച്ചു. ചെറുപ്പമല്ലേ. ലേശം ദേശഭക്തി ആകാമെന്നു കരുതി പുറകെ കൂടിയതാ. ആ പാന്റിട്ട മഹതിയാം ബേഡീജിയൊക്കെ സപ്പോർട്ട് ചെയ്തതല്ലെ. കൂടെക്കൂടിയില്ലേൽ ക്യാമ്പസ്സിൽ പെൺപടകൾ എന്തു വിചാരിക്കും..? അതത്രെ രതീഷ് അഴിമതി വിരുദ്ധനാവാനും ലോക്പാൽ മുറവിളി കൂട്ടാനും കാരണം.ലവൻ നിന്നനില്പിൽ തലചൊറിഞ്ഞു.
“ഓരെന്താപ്പാ ഇങ്ങനെ കളിക്കുന്നെ. ? നമ്മളെല്ലാം കൂടി കൊറെ തൊള്ള തൊറന്ന്. ദേ മച്ചുനൻ ഇപ്പോ മൌനവ്രതത്തിലാന്ന്. എന്തന്നാത്.?”
സാമുഹ്യനും കൊറെ ആലോചിച്ച്. “എന്താവാം അണ്ണാടെ നയതന്ത്രാത്മക മൌനവ്രതകാര്യ ഹേതു.?”
മഹാത്മാവിനു ശേഷം ലോകം കണ്ട വലിയൊരു മഹാത്മാവ് എന്ന നിലയിൽ നോബേൽ പുരസ്കാരത്തിനും തുടർ നിരാഹാരസമര കേളി, ഇന്ത്യയൊട്ടാകെ ഇളക്കി മറിച്ച് ഗ്രാമഗ്രാമന്തരങ്ങളിൽ നിന്നും അഴിമതി വിരുദ്ധവികാരം ജ്വലിപ്പിച്ച് കാടിളക്കി പുലിയേ പുലി മാർഗം കളി, ചൊല്കാഴ്ച തുടങ്ങിയവ വഴി ബ്രഹ്മാണ്ട ആൾക്കുട്ടം സൃഷ്ടിച്ചതിൻ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ്, പത്മ അവാർഡുകളും കൂടെ ഒരു ദ്രോണാചാര്യ എന്നിവയ്കെല്ലാം അർഹാനായ അണ്ണാ ഹസാരെ പടത്തലവൻ കൂടെ കൂടെ മൌനവൃതം ദീക്ഷിക്കാറുണ്ടത്രെ. (ചിലതൊക്കെ ഇതിനോടകം കിട്ടീന്നും കേട്ട്).
പക്ഷെ സന്ദർഭവശാൽ ഈ മൌന വൃതത്തിൽ അപാരമായ മാനങ്ങളും പട്ടാസ്സുകളും ഉള്ളടങ്ങിയിരിക്കുന്നതായി സംശയങ്ങളുണ്ടെന്നു പണ്ഠിത മനം കുണ്ഠിതപ്പെടുന്നു. പത്രക്കാർക്കെന്തും വിളിച്ചുകൂവുകേം ലൈവാക്കുകേം അജശുനക രൂപാന്തരീകരണ പ്രക്രീയ മുൻപിൻ നോക്കാതെ നിർവഹിക്കുകയും ആകമല്ലോ.
പക്ഷേ സാമൂഹ്യന്റെ സ്ഥിരം സംശയരോഗം അവിടെ തുടങ്ങി.
എന്തരോ എന്തോ.. അണ്ണന്റെ ആക്ടിവിസം അങ്ങനങ്ങ് തൊണ്ട തൊടാതെ സേവിക്കാനകുന്നില്ല. അണ്ണാ വെറുതെക്കാരനല്ലന്നു ലവലേശം സംശയമില്ല കേട്ടൊ. “അണ്ണാ”  ഹാസാരോം ഓർ കരോഡോം” അനുയായികളെ നിന്ന നില്പിൽ സംഘടിപ്പിച്ചു കളഞ്ഞില്ലേ. അതും സദുദ്ദേശ്യത്തോടെ. (സദ് എന്നതിന് എന്താണാവോ പര്യായം..!). അഴിമതി എന്ന ഇന്ത്യൻ ജനകീയ ജനാധിപത്യ കലാരുപത്തിനെ ലോകപാലന ബില്ലു പയോഗിച്ച് വരുതിയിൽ വരുത്തുന്ന ഹസാരെ മാജിക് ബിൽ. മനസ്സാ നമിച്ചുപോയി ഹസാരെ അവർകളെ. കാലാകാലമായി കല്ലുകടിച്ച ചോറിൽ ഒരു ലേശം നല്ല കായം ചേർത്ത സാമ്പാറും, സൊയമ്പൻ രസവും ഇത്തിരി തൈരും ഒക്കെ ചേർത്ത സുഖം. കല്ല് മെല്ലെ നാക്ക് കൊണ്ട് തപ്പിക്കളയാല്ലോ. നമ്മടെ ജനാബ് ആഷിക് അബു സാറൊക്കെ പറഞ്ഞാ വെറുങ്ങനെ അങ്ങ് പോകനൊക്കുവോ.? ഉപ്പും പെപ്പറും ചേർത്ത് ചോറങ്ങുണ്ടു. പുത്തൻ വെളുവെളാ ഖദറൊന്നു വാങ്ങി. നെഹ്രുത്തൊപ്പി ദാ അണ്ണാത്തൊപ്പിയുമായി. “തൊപ്പി വച്ചതുകൊണ്ട് മാത്രം അണ്ണയാവില്ല” എന്ന അണ്ണാവചനം കേട്ട് “ഉണ്ണാവൃതവും തുടങ്ങി”. രാം ലീല മൈതാനം നെഞ്ചിൻ കൂടിനകത്താന്നു തോന്നി.
കട്ടവനാരടാ എന്ന് ആൾക്കുട്ടത്തോട് ചോദിച്ചപ്പോ “ഞാനല്ല കട്ടത്” എന്ന് വിളിച്ച് പറഞ്ഞ “രാംദേവിന്റെ” അഭ്യാസം കണ്ടപ്പോ സത്യം പറയാല്ലോ ചങ്ങായി, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ തോന്നി.
ഹസാരെ ജീ വിജയകരമായി ഉണ്ണാവ്രതവും ജനക്കുട്ടം ഹൈ ഹൈ വിളിയും തുടർന്നു. കാൺഗ്രസ്സുകാർ പേടിച്ച് നാല് പാടും പാഞ്ഞു. “സൂക്ഷിച്ച് കളിക്കേണ്ട കളിയാദ്“- സോണിയാജി മനമോഹന സിംഗത്തൊട് മന്ത്രിച്ചു. “ചെലപ്പോ ഹസാരെ ഈ യുപ്പിയെടെ ഊപ്പാടെത്തിച്ചെന്നു വരും” . ഇന്ത്യൻ പാർലമെന്റ് ലോകത്തിനുമുന്നിൽ നാണിച്ച് മൂക്കുകുത്തി നിന്നു. “ഇന്ത്യ ദാ കെടക്കണു താഴെ”- എന്ന് (പിണറായി സഖാവ് പറഞ്ഞതുപോലെ) എഫ് ബി ഐയും സി ഐ എയും ഒബാമായും മനക്കോട്ട കെട്ടിക്കാണണം.അമേരിക്കക്ക് അല്ലേലും കേരളത്തിനോടും വിശിഷ്യ ഇന്ത്യയോടും വല്ലാത്ത കണ്ണുകടി ഉണ്ടെന്ന് ഈയിടെ വിക്കി ലീക്സ് പറഞ്ഞതു നമ്മുടെ സഖാക്കാൾ പറഞ്ഞ് അറിവുണ്ടല്ലോ.

അണ്ണായുടെ നെഞ്ചിടിപ്പും പ്രഷറും സെകന്റിടവിട്ട് പരിശോദിക്കാൻ ഡാക്കിട്ടർമാർ മത്സരിച്ചു. കിടിലൻ റിയാലിറ്റി ഷോയല്ലാരുന്നോ അപ്പീ. അണ്ണായെങ്ങാൻ അതിനിടേൽ സമാധിയായിരുന്നേൽ തൊട്ടടുത്തുന്നെ ലൈവായെടുത്ത മൊബൈൽ വീഡിയോ ക്ലിപ്പിങ് അപ്ലോഡ് ചെയ്താൽ സംഭവം ഗംഭീരമായേനെ. നല്ല റെവന്യൂ തരുമത്രെ യുട്യൂബ്.

അങ്ങനെ സംഗതികളിങ്ങനെ ഉഷാറായി  നടന്നും ഇരുന്നും ലൈവ് ഷോ കണ്ടും മുദ്രാവാക്യം വിളിച്ചും വരവെ, ഹസാരെജി ഹിസാറിൽ കുടുങ്ങിപ്പോയത്. കാൺഗ്രസിനെതിരെ പടയെടുക്കുന്നത്രെ പഴയ പടയാളി. എന്തരിന്..? കാൺഗ്രസ്സ് അല്ലാതെ തന്നെ ത്രിശ്ശങ്കുവൽകരിക്കപ്പെട്ട് ആഴത്തിലേക്ക് കണ്ണും നട്ട് കുത്തിയിരിക്കുകയല്ലേ. അഴി-മതി, അഴി-മതി എന്ന് യൂപ്പിയെ വിളിച്ച് പറയുന്നതുപോലെയല്ലെ കാര്യങ്ങളുടെ പോക്ക്. ഒടുവിൽ അണ്ണാ മൌനിബാബയായി. കാശ്മീരോ മറ്റോ തൊടണ്ടയ്ക്ക് കുടുങ്ങിയത്രെ. 
പ്രമുഘ ഗാന്ധിയനും അഭിനവ ഗാന്ധിയും അതേ  ഗാന്ധി എഫെക്ടിനെ ഖണ്ഠശ്ശ പ്രയോഗിക്കുന്നവനുമായ ഹാസാരെ ജീ എക് ദം ചുപ്. പക്ഷെ ബ്ലോഗിൽ കുത്തിക്കുറിച്ചത് കേട്ടാൽ ഈ ഗാന്ധി വിപ്ലവാത്മകനാണെന്ന് വരുന്നുണ്ടെ. “ ഞാൻ പട്ടാളത്തിലാരുന്നപ്പോ പാക്കിസ്ഥാനെതിരെ പടപൊരുതിയവനാ. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഞാൻ ഇതിലൂടെ സക്ഷ്യപ്പെടുത്തുന്നു. ഇനിയും പാക്കിസ്ഥാനെതിരെ യുദ്ധത്തിൽ  പങ്കെടുക്കാൻ ഞാൻ റെഡി.” എന്ന്. ബ്രഹ്മാണ്ഠ പോക്കിരിയും അങ്ങാടി വെടിവെപ്പിന്റെ ആശാനുമായ അജ്മൽ കസബിനെ പരസ്യമായി കൊന്നുകളയണം എന്ന് ഹസാരെജി മൊഴിഞ്ഞതിനോടും സാമൂഹ്യൻ ഒരക്ഷരം മിണ്ടാതെ മൌനമായി യോജിക്കുന്നേ. എന്തൊരു നാടാ ഇത്. ഒരു പഞ്ഞവാദി വീട്ടിൽ കയറി വീട്ടിലെ കുറെയാളുകളെ കൊന്ന്. കൊന്നവനെ പിടിച്ച് കൊന്നത്തെങ്ങേൽ കേട്ടിയിട്ട് ഇവനെ കൊല്ലണോ വേണ്ടയോ, കൊല്ലുന്നത് ഇന്ന് വേണോ നാളേ വേണോ എന്നൊക്കെ ചർച്ചചെയ്ത് കളിക്കുന്ന മഹാരധന്മാരുടെ നാട്ടിൽ പ്രമുഘ ഗാന്ധിയനെങ്കിലും “കൊന്നു കള ആ നികൃഷ്ട ജീവിയെ പരസ്യമായി” എന്ന് ധൈര്യമായി മൊഴിഞ്ഞല്ലോ. ചൂടൻ അഭിവാധ്യങ്ങൾ ഹാസാരെയണ്ണാ.
പക്ഷെ സംശയം തീരുന്നില്ല ഹേ..
ഇത്തരത്തിൽ സത്യഗ്രഹം നടത്തുന്ന ഹാസാരെയണ്ണൻ ഗാന്ധിയൻ തന്നെയോ എന്ന്. എന്താണിഷ്ഠന്റെ മനസ്സിലിരുപ്പ് എന്ന് നേരിയ സംശയവും. അപ്പോ ദാ കിടക്കുന്നു ഒന്നു രണ്ട് ഗുണ്ടുകൾ. ഹസാരെ സംഘത്തിലെ പ്രമുഘന്മാർ പി വി രാജഗോപാൽ, രജീന്തർ എന്നി ചങ്ങായിമാർ അണ്ണായെ കൈവിട്ടെന്ന്. അതോ അണ്ണാ കൈവിട്ടാതോ..? ഹസാരെ കോർ കമ്മിറ്റിയുടെ തീരുമാനങ്ങൾ ചിലരൂടെ താല്പര്യങ്ങൾ മാത്രമാണെന്നും, ഹസാരെ സംഘത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്നും, കോർകമ്മറ്റി ഇത്തരം വിഷയങ്ങൾ പൊതുവിൽ ചർച്ച ചെയ്യാറില്ലെന്നും, സംഘടന രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴിമാറുകയാണെന്നും മറ്റും..
ഹൈ ഹൈ. സംഭവം ജോറാകുകയാണേ.
അണ്ണാകമ്മറ്റിയിൽ കൂടെ നിന്നവരുടെ ഒലിച്ച് പോക്ക് പ്രി ലോക്പാൽ സത്യഗ്രഹ പീരിയഡിലെ തുടങ്ങിയിരിക്കുന്നു എന്ന് അതിനിടയിൽ വഴിതെറ്റി കയറിവന്ന പാരലൽ കോളജ് അദ്ധ്യാപഹയനും പിയെസ്സി ഉപദേഷ്ടാവുമായ സുധാകരപിള്ള പറഞ്ഞു. ചുമ്മാതല്ല. തെളിവുണ്ടത്രെ. അതു യൂട്യൂബിൽ.
 അണ്ണാ ആരെന്നും എന്തെന്നും ചിന്തിക്കാതെ “കാളപെറ്റൂന്ന് ചാനലിൽ അപ്ഡേറ്റ് കിട്ടിയപ്പോ കയർ കടം പിരിച്ചും, കടംവാങ്ങിയും കോടിപിടിച്ചും ബാനറൊട്ടിച്ചും കൊച്ച് രാം ലീല മൈതാനുകൾ ചന്തതോറും പണിത സാമൂഹ്യനുൾപ്പെട്ട സാറന്മാർക്ക് മണ്ടക്കടി കിട്ടുന്നു.
അണ്ണാജീയുടെ പൂർവകാല സമരപരിപാടികൾക്ക് ചുക്കാൻ പിടിച്ച് ചിലർ ചാനൽ മുൻപാകെ പറയുന്നത് കള്ളമാകാൻ സാധ്യത കുറവ്. കണ്ണുകടിയും ചൊറിച്ചിലും സഹിക്കവയ്യാതെ കുത്തിയിരുന്ന് പറയുന്നതാണെന്ന് സശയിച്ചാൽ തന്നെയും ലേശം പതിരില്ലേ എന്ന് ഒരു ഇത്.... യേത്..?
ഗൊവിന്ദ് ഭായ് ഷ്രോഫ്, (മുൻ ട്രസ്റ്റി- ഭ്രഷ്ട് വിരോധി ജൻ ആന്തോളൻ ട്രസ്റ്റ്-റലേഗാൻ സിദ്ധി.), ഗി പൊ പ്രധാൻ (ട്രസ്റ്റി), ഭാബ ആധവ്, ഡോ. കുമാർ സപ്തർഷി, അവിനാഷ് ഭരണാധികാരി ഐ. എ. എസ് (ട്രസ്റ്റി), ഡോ. ആഭിജിത് വൈദ്യ എന്നിവർ അണ്ണാ സംഘത്തിൽ നിന്ന് ചാടിപ്പോന്നവരാണെന്ന്. അവർ പറയുന്നത് കാര്യം അല്ലെ എന്ന് അടിയൻ പറഞ്ഞൽ സാമൂഹ്യനെ തല്ലാൻ വരല്ലേ. സംഭവം ഒന്ന് കണ്ട് നോക്കിൻ.
മേപ്പടിയാന്മാരുടെ വെളിപ്പെടുത്തലുകൾ ഇപ്രകാരം:
* അണ്ണാ അണ്ണ തന്നെയാണ്. എല്ലാ തീരുമാനങ്ങളും അണ്ണയുടേത് കൂടെയുള്ളവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കറില്ല. നിയമം പോലും അണ്ണയുടേത്.
* ജനാധിപത്യപരമല്ല അണ്ണയുടെ നീക്കങ്ങൾ.
* എന്തു ചെയ്യുന്നതിന്റെയും ക്രെഡിറ്റ് തനിക്ക് വേണം എന്ന് അണ്ണക്ക് വാശിയുണ്ട്.
* അണ്ണാ വ്യക്തിവാദിയാണ്. ഒരു വ്യക്തിവാദിയായ നേതാവ് ഏകാധിപതിയായി മാറുകയാണ് ചെയ്യുക.
ഇങ്ങനെ പോകുന്നു കഥ. രസകരമായ ഒരു വെളിപ്പെടുത്തൽ കൂടി ഉണ്ട് മാന്യരേ.. അണ്ണായുടെ ഉണ്ണാ വ്രതത്തിനു പിറകിലെ ഊർജം ഗ്ലൂക്കോസ് പൌഡറാണെന്ന്. എന്തെല്ലാം കണ്ടാലാ.. ? ഹൊ.
ടി എക്സ്ക്ലൂസ്സിവ് തന്ന ചാനൽ മറ്റുചില വിവരങ്ങൾകൂടി തരുന്നുണ്ട്. അണ്ണായുടെ  “ഭ്രഷ്ട് വിരോധി ജൻ ആന്തോളൻ ട്രസ്റ്റ്”-ന്മേൽ ജസ്റ്റിസ് പി. ആർ സാവന്ത് കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ഇങ്ങനെ സൂചിപ്പിക്കുന്നു. “ശ്രീ. ഹസാരെ ഐസ് ഗിൽറ്റി ഓഫ് ദ് കറപ്റ്റ് പ്രാക്റ്റീസ്”എന്ന്.ഇതര കണ്ടെത്തലുകൾ താഴെ സചിത്രം സൂചിപ്പിക്കാം ചങ്ങായീ.

അമ്മമ്മോ. സംഭവം ഗുരുതരമാണേ. ഹസാരെജീയുടെ മറവിൽ സംഘത്തിലെ ചില മഹാരഥന്മാർ ചെയ്ത പണിയായിക്കൂടേ ഇത് എന്നും പറയാം. കാരണം കൊശവന്മാർ അതീവ സമർദ്ധന്മാരായിരുന്നു ചില കാര്യങ്ങളിൽ. മഹാരാഷ്ട്രയിൽ അന്റി കറപ്ഷൻ മൂവ്മെന്റിന്റെ ജില്ലാതല തലകളായി അണ്ണാ നിയമിച്ച് 20 കൊശവന്മാരിൽ 13 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. സതാരാ താലൂക് പ്രസിഡന്റായ ശ്രീമാൻ ബാലാസാഹെബ് പഞ്ചപാവങ്ങളെ ദ്രോഹിച്ചതിൻപ്രകാരം കേസുള്ള മഹാനാണേ. ജൽനാ ജില്ലാ കമ്മറ്റി പ്രസിഡന്റായ ശ്രീമാൻ പരസ് നാഥിനെതിരെ കുറഞ്ഞത് 35 ക്രിമിനൽ പരാതികളും, ക്ഷേത്ര ഭൂമി കയ്യേറ്റ നാറ്റക്കേസ്സും, പാവം കച്ചവടക്കാരെ ഗൂണ്ടാപ്പിരിവു നടത്തിയതിനും കേസുണ്ട്. ശ്രീ സഞ്ജയ് സർവെ അതീവ പുലിയായ അരുൺ ഗാവ് ലി സംഘവുമായി ബന്ധമുള്ളയാൾ. അങ്ങനെ എന്തെല്ലാം. കഴിഞ്ഞില്ല. അഴിമതി വിരുദ്ധ സമരത്തിനു വേണ്ടി ടിയാന്മാർ ഓടിനടന്ന് തുക പിരിച്ചു. വെറും ചില്ലറകൾ മഹാരാഷ്ട്രയിലുടനീളം നെടുകയും കുറുകെയും ഓടി നടന്ന് പിരിച്ചത്രെ. പക്ഷെ രസീതി ബുക്കുകൾ കളഞ്ഞുപൊയി, പൈസ കാണാതെ പോയി എന്നൊക്കെ മച്ചുനന്മാർ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു പോലും.
  ഏതായാലും പഴയ തീവ്രവാദി കണ്ണുകടിയന്മാരെ പിരിച്ചുവിടുകയോ പിരിപ്പിച്ചു വിടുകയോ മടുപ്പിച്ച് ഇറങ്ങിപ്പോകാൻ പ്രേരിപ്പുക്കുകയോ ചെയ്ത് പുതിയ ബേദിമാരെ കൂട്ട് പിടിച്ച് അണ്ണായുടെ ഉണ്ണാ വൃതവും, മൌനവും തുടരുകയാണ്. അതിനിടയിലത്രെ പുതിയ മാഷന്മാരുടെയും പിണങ്ങിപ്പോക്ക്. അരവിന്ദ് കേജ്രിവാളിനെപ്പോലെ ചെരുപ്പേറ് കോള്ളാൻ ലവന്മാർക്ക് പറ്റില്ലാന്ന്. പക്ഷെ സംഗതി ഇവിടെ തീരുന്നില്ലാന്ന്.
സുപ്രീം കോർട് ദേ കൊടുത്തു കുറിമാനം. ഹാസാരെയുടെ ഹിന്ദ് സ്വരാജ് ട്രസ്റ്റ് വക വരവു ചെലവുകണക്കുകൾ ഒന്നൂടെ വഴിക്കണക്ക് ചെയ്ത് നോക്കാൻ. സി ബി ഐ ക്കും ഹോംവർക്ക് കൊടുത്തു വിട്ടു ബഹു. ഹൈ കോ. ഇക്കഴിഞ്ഞ ജൂലൈയിൽ ടിപ്പടി കേസീന്ന് കഷ്ടി തലയൂരിയതേയുള്ളു അണ്ണ. ശനി മാറുന്നില്ലപ്പീ. ഇതും സോണീയാജീടെയും മനമോഹന സിംഗത്തിന്റേയും വേലയായിരിക്കും എന്നു സംശയിക്കാം.
എന്തരോ എന്തോ..?
എന്തരേലും ആവട്ട്. സാമൂഹ്യന്റെ സംശയം മാത്രം ബാക്കി.
പൂച്ചക്ക് ആർ മണി കെട്ടും..? പൂച്ചയാര് എന്ന് ആരു പറഞ്ഞ് തരും..?
എവിടെയോ ഒരു മണിമുഴക്കാം കേൾക്കുന്നോ എന്നൊരു സശയം. തോന്നലാവാം. “സർവം മണിമയം”.
സംഘം ശരണം ഗച്ഛാമി..

കുറിപ്പടി.: മേല്പറഞ്ഞ വീഡിയോ ഇതിനു സമീപത്ത് തന്നെ കൊടുത്തിരിക്കുന്നത് ക്ലിക്കി ഒന്നു വിലയിരുത്താനപേക്ഷ.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഹൃദയം ഹൃദയത്തോട്..ന്റെ പ്രിയതമക്ക് ആത്മപങ്കാളിക്ക്

എന്റെ മനസ്സിനുള്ളിലെവിടെയോ തിങ്ങി നിറയുന്ന ഒരു അനുഭവം.
ചുറ്റുപാടുകളിൽ സുന്ദരമായതെന്തു കണ്ടാലും അതിൽ എനിക്ക് പ്രീയപ്പെട്ടതെന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ. ഞാൻ എന്ത് നന്മ ചെയ്യുമ്പോഴും അതിന്റെ പ്രതിഫലനം അദൃശ്യമായൊരിടത്ത് ദൃശ്യമാകുന്നത് പോലെ.
സ്നേഹം എന്ന വാക്ക് ഉരുവിടുമ്പോൾ അറിയാതൊരു നൊമ്പരം അകക്കാമ്പിലെവിടെയോ ഉറവ പൊട്ടുന്ന പോലെ. 
സുഖമുള്ള നൊമ്പരം.
ഈ അജ്ഞാത സുഖങ്ങളെ ഞാൻ തിരിച്ചറിഞ്ഞത് നീ എന്റെ മുന്നിലെത്തിയ അതേ നിമിഷം മുതലായിരുന്നു. 
എന്റെ മനസ്സിൽ തിങ്ങിനിറയുന്ന സ്നേഹം നിന്നോടുള്ളതായിരുന്നു എന്ന് ഞാനറിയുന്നു. 
എന്റെ ചുറ്റുപാടുകളിൽ ഒളിഞ്ഞിരുന്ന സൌന്ദര്യം നിന്റെ മനസ്സിന്റെതായിരുന്നു. 
എന്റെ നന്മകളുടെ ഫലം ഒരു ചെറുപുഞ്ചിരിയായി ആ മുഖത്ത് പ്രതിഫലിച്ചു.  
ഇപ്പോൾ ഞാൻ അറിയുന്നു, എന്റെ അകക്കാമ്പിലെ സുഖമുള്ള നൊമ്പരം നിന്നൊടുള്ള സ്നേഹമാണെന്ന്.

കാല്പനിക പ്രണയ കാവ്യങ്ങളിലേത് പോലെ ഹൃദയം പറിച്ച് നിനക്ക് തരാനെനിക്കാവില്ല. 
എന്റെ പ്രിയയെ മറ്റാരും കാണാതെ ഞാൻ ഒളിപ്പിച്ചിരിക്കുന്ന ഈ നെഞ്ചകം പറിച്ചുതന്നാൽ പിന്നെ ഞാനില്ലല്ലോ. നീയും. 
അതെനിക്ക് വേണം അതിനുള്ളിൽ എന്റെ ഹൃദയ താളമായി നീയും.
പ്രണയഗാനം നിനക്കായി ആലപിക്കാനും എനിക്കാവുന്നില്ല പ്രിയേ. 
നിനക്കായി ഞാൻ അടുക്കിയൊരുക്കുന്ന വാക്കുകൾ പോരാതെ വരികയും, അതിനു നൽകിയ രാഗം എനിക്ക് തൃപ്തി തരാതിരിക്കുകയും അതിന്റെ താളം എന്റെ ഹൃദയതാളത്തോടൊക്കാതിരിക്കുകയും ചെയ്യുമ്പോൾ എന്റെ ഗാനം അവാച്യമായ മൌനമാകുന്നു. 
നിന്റെ പരിഭവം അതിന്റെ ഭാവവും.

പ്രിയതമ എന്ന സംബോധന ഞാൻ തിരുത്തിയത് മനപൂർവമാണു.  
നീയെനിക്ക് വെറുമൊരു പ്രിയതമ അല്ലാത്തത് കൊണ്ട് തന്നെ. 
ആത്മപങ്കാളികളാണു നമ്മൾ. 
നമ്മുടെ പിറവിക്ക് മുൻപ് തന്നെ നാം നമുക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കണം. 

എന്റെയും നിന്റെയുൻ മനസ്സിന്റെയും ചിന്തയുടെയും ഫ്രീക്വൻസികൾ പോലും ഒന്നായിത്തീരുന്ന നിമിഷങ്ങളിൽ എന്റെ വികാര വിചാരങ്ങൾ നിന്റേതും നിന്റേത് എന്നിലും നിറയുന്നത് നാം എത്രയോ തവണ അനുഭവിച്ചു. 
നാം അതിനെ ടെലിപ്പതി എന്നൊക്കെ വിളിച്ചു. 
എനിക്ക് എന്റെ സ്വന്തമായ വിചാരവിചാരങ്ങൾ ഇല്ലാതെ വന്നു. 
ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രാർത്ഥനകളും പോലും. അതെല്ലാം നമ്മുടെത് എന്നായി മാറിയില്ലേ? പാവ്ലോ കോയ്ലോയുടെ ബ്രിദ കണ്ട തോളിലെ പ്രകാശബിന്ദുവും, കണ്ണിലെ തിളക്കവും നിനക്കും കാണാനായത് എത്ര മഹത്തരമാണു. ഇവിടെയാണു നാം പരസ്പരം ആത്മപങ്കാളികളായത്.

ഞാൻ നടക്കുകയായിരുന്നില്ലേ.? 
ഒറ്റക്ക്. 
ഈ മരുഭൂമി  ഒറ്റക്ക് താണ്ടാൻ. 
അകലെ ഒരു മരുപ്പച്ചയുണ്ടെന്നും അവിടെ എനിക്കായി എന്റെ ലക്ഷ്യമുണ്ടെന്നും ഉറപ്പിച്ച് തിരിഞ്ഞ് നോക്കാത്ത യാത്ര.
 മണൽകാറ്റു കയറി നീറുന്ന കണ്ണും, നോവുന്ന ചൂടും താണ്ടി. 
അവിടെ ഒരു മണൽകൂനക്ക് പിറകിലേ ഇത്തിരി തണലിൽ നിന്നെ ഞാൻ കണ്ടു. 
സ്നേഹത്തിന്റെ കുളിർനീരുമായി. 
നിന്റെ കൈക്കുമ്പിളിൽ നിന്ന് ആ സ്നേഹം തുളുമ്പി വീണത് എന്റെ ഹൃത്തടത്തിലെ നോവുന്ന ഉമിത്തീയിലേക്ക്.

മന്ദഹാസത്തിന്റെ ചെറുമാരുതൻ എനിക്കേകി. 
ഒപ്പം പ്രതീക്ഷയുടെ ഒരിത്തിരി പൊന്നും. 
അവിടെനിന്നുള്ള എന്റെ യാത്രയിൽ പിന്നിട് നീയും ഉണ്ട് .
ഒരു നിഴലായി, തണലായി, കുളിരായി, പ്രതിക്ഷയുടെ ഈ പൊൻ ചെപ്പായ്
എന്റെ സ്വപ്നമായി. 

ഇനിയുള്ള യാത്ര നമുക്കൊരുമിച്ചുവേണം. 
ഈ മരുഭൂമി ഒന്നിച്ച് താണ്ടണം. നമ്മുടെ  മരുപ്പച്ച ഒന്നിച്ച് നേടണം. 
അവിടെ ഒരു കൊച്ച് കൂടാരവും, കുളിരുറവയും, ഈന്തപ്പനകളും നമുക്കുണ്ട്. 
എന്റെ കീശയിൽ ഞാൻ കൊണ്ടുവന്ന മുന്തിരിവിത്തുകളെ നമുക്ക് ആ മണ്ണിൽ പാകണം. 
അവയെ പോറ്റി ആ തണലിൽ നമുക്കുറങ്ങണം. 
എനിക്ക് നീയും നിനക്ക് ഞാനും.

 ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നു.


കുറിപ്പ്: അജ്ഞാത സുഹൃത്തിന്‍റെ സംശയിച്ചതുപോലെ ഇത് കവിത അല്ല. വിഷയം പ്രണയമാകുമ്പോള്‍ അല്‍പം കാവ്യാനുഭൂതി കലര്‍ന്നുവോ എന്ന്‍ പ്രണയലേഖന കര്‍ത്താവും സംശയിച്ചുപോയതിനാല്‍ ലേബല്‍ കവിത എന്ന് ചാര്‍ത്തി. അത്ര തന്നെ.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കേന്ദ്രീയ രാഷ്ട്രീയ സര്‍വകലാശാല, Central University for Politics.സര്‍ക്കാര്‍ സമക്ഷം അടിയനു ഒരു നിവേദനം ബോധിപ്പിക്കാനുണ്ട്.  നല്ല സാധ്യതകളുള്ള ഒരു പരിപടിയാണേ.
ഒരു കേന്ദ്ര രാഷ്ട്രീയ സര്‍വകലാശാല സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം അടിയന്‍റെ പഴമനസ്സില്‍ തോന്നിച്ച്. ഇന്നലെ.


ഉമ്മറിക്കാ..? അല്ല ഇങ്ങളൊന്ന് പറ. ദുനിയാവില് ഇക്കണ്ട പടപ്പുകള്‍ക്കെല്ലാം ഡാര്‍വിനദ്യേം പറഞ്ഞ പോലെ എവല്യൂഷനും, അതിന്‍ ഫലമായ വാലു നഷ്ടപ്പെടലും ഉണ്ടായിട്ടുണ്ട്, ഈ രാഷ്ട്രീയ കോമരങ്ങള്‍ മാത്രം എന്തേ ഇങ്ങനെ.?
ഈ ചോദ്യമാണ് അടിയന്‍റെ തല ഇങ്ങനെ വര്‍ക്ക് ചെയ്യാന്‍ കാരണം. യൂണിവേഴ്സിറ്റി തലത്തില്‍ രാഷ്ട്രിയ പഠന വിഭാഗം രൂപീകരിക്കുക എന്നത് മാത്രമല്ല. ഉസ്കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന സമഗ്രമായ ഒരു പാഠ്യ പദ്ധതിയാണത്രെ ഇത്. സര്‍ മെക്കാളെക്ക് ശേഷം സാമൂഹ്യന്‍ വക ഒരു സമഗ്ര വിദ്ധ്യാഭ്യാസ പരിഷ്കരണം ഇരിക്കട്ട്.
ടി നിവേദനം സര്‍ക്കാര്‍ വശം സമര്‍പ്പിക്കുന്നതിന് മുന്പേ  വായ്ക്കിന്‍. എന്നിട്ട് അഭിപ്രായം തെര്യപ്പെടുത്തിന്‍. സംഭവം കരടാണേലും ഉള്ളില്‍ ഏറുപടക്കത്തിന്‍റെ അണ്ഠം ഉണ്ടേ.സമസ്ഥ വായനാസുഹൃത്തുക്കളുടെയും അഭിപ്രായം കണക്കിലെടുത്ത് മാ‍ത്രം കരടിനെ ലവന്മാരുടെ കണ്ണിൽ വിതറാം.

അച്ചന്‍ പട്ടവും ശാന്തീം, ഇമാം പണീമെല്ലാം തൊഴില്‍വല്‍കരിക്കപ്പെട്ടതിന്‍ പ്രകാരം, രാഷ്ട്രീയവും അതീവ ബഹുമാന്യമായ ഒരു തൊഴിലായി മാറി എന്ന് സാമൂഹ്യന്‍ പറയാതെ സര്‍വരാജ്യ തൊഴിലാളികള്‍ക്കും അറിവുള്ളതാണല്ലോ. ഇത്തരുണത്തില്‍ ആയതിനെ കടിച്ച് പറിക്കുന്നില്ല. ഒരപേക്ഷ മാത്രം. അഞ്ചാം തരം മുതല്‍ രാഷ്ട്രീയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പ്രമുഖന്മാരായ രാഷ്ട്രീയ വിശാരദരുടെ ആത്മകഥയും ജീവചരിത്രവും പത്താം തരത്തിലെത്തുമ്പോഴേക്കും ബൈഹാര്‍ട് ആക്കുന്ന തരത്തില്‍ വേണം ഈ സംഭവം ഡിസൈന്‍ ചെയ്യാന്‍.
മുഹമ്മദ് അലി ജിന്നാ സാഹെബിന്‍റെ കര്‍മ കുശലത എങ്ങനെ ഒരു രാഷ്ട്രത്തില്‍ നിന്നും ഒരു കുട്ടി രാജ്യത്തെ ഉത്പാദിപ്പിക്കാന്‍ സഹായിച്ചു എന്നത് സ്പെഷ്യൽ പേപ്പറായി കുട്ടിപ്പട്ടാളം പഠിക്കട്ടെ. ഇന്ദിരയുടെ പുത്രവാത്സല്യം എങ്ങനെ ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചു എന്നത് പൊറാട്ട് നാടകമോ കാക്കാരശ്ശി നാടക രീതിയിലോ അവതരണ കലാരൂപമാക്കി വേണം ചൊല്ലിക്കൊടുക്കാന്‍. പിന്നീടിങ്ങോട്ട് ബോഫോഴ്സും അച്ചാറും കോമണ്‍ വെല്‍ത്തും (കിടിലന്‍ വെല്‍ത്) ടു ജി യും ഉള്‍പ്പെടെ ഉള്ള കഥകളിപ്പദങ്ങളും നീണ്ട കഥകളും നോവലുമാക്കി പഠിപ്പിക്കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വേണം ഇത്. പത്താം തരത്തോടെ ഈ ഭാഷകളില്‍ ചീത്ത വിളിക്കാനും, കൊഞ്ഞനം കുത്താനും പറഞ്ഞ വാക്ക് പിന്‍ വലിക്കാനും, തരാതരത്തില്‍ പത്ര സമ്മേളനം നടത്താനും കഴിവ് വെക്കട്ടെ.
പ്ലസ് ടു മുതല്‍ കൊശവന്മാര്‍ക്ക് രണ്ടെല്ല് കൂടുതല്‍ വന്ന് കഴിയുമ്പോ മിനിമം  ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധം. ഇതുവരെ കാട്ടിക്കൂട്ടീയതൊന്നുമല്ലപ്പോ ശരിയായ പരിപാടി എന്ന്‍ മനസ്സിലാക്കാനാണിത്. വിമാന യാത്രാ ദ്വാരേ കിട്ടീയ ദ്വാരത്തിലൂടെ കൈകടത്തലും ശൂ ശൂ വിളിച്ചതും, എതോ പാവം അഗതിയുടെ കൂടെ വാഹനത്തില്‍ വരവെ നാട്ടാര്‍ ശല്യം ചെയ്തതും,  ഐസ്ക്രീം തിന്നതും അങ്ങനെ അങ്ങനെ പുരോഗമിക്കുന്ന മലരമ്പന്‍ കഥകള്‍ പുള്ളന്മാര്‍ വായിച്ച് പഠിക്കട്ടെ. അത് മലയാളം സെക്കന്‍റ് പേപ്പറാക്കിയാല്‍ മതി. അതാ അതിന്‍റെ ഒരിത്. നിത്യേന മുടങ്ങാതെ വായിച്ചോളും പഹയന്മാര്‍.
ഇപ്പൊ പ്രാക്ടിക്കല്‍ തുടങ്ങാം. ചേട്ടന്മാരുടെ കൂടെ പോസ്റ്ററൊട്ടിക്കല്‍, ഇങ്കിലാബ് വിളിക്കല്‍, ബസ്സിന് കല്ലെറിയല്‍, നേരിയ തോതില്‍ വഴിതടയല്‍, ക്ലാസ്സ് ക്ലാസ്സാന്തരം ക്യാമ്പെയിന്‍ നടത്തല്‍ തുടങ്ങിയവ ഇപ്പോള്‍ നടത്തണം. ചേട്ടന്‍മാര്‍ മാഷ്മാരുടെ കോളറിന് പിടിക്കുന്നതും തന്തക്ക് വിളിക്കുന്നതും കേട്ട് നിന്ന് കയ്യടിക്കല്‍, പ്രത്യാഖാതമുണ്ടാവുമ്പോള്‍ ക്ലാസ് ബഹിഷ്കരിച്ച് അപ്പുറത്തെ കുറ്റിക്കാട്ടിലിരുന്ന് കട്ട് ബീഡി വലിക്കല്‍, ചിന്തോദ്ദീപകമായി ലേശം മദ്യസേവ, മറ്റവന്‍റെ പാര്‍ട്ടിയുടെ കൊടിമരം പറിക്കല്‍, പോസ്റ്ററെഴുത്ത് തുടങ്ങിയവ പ്രോജക്ടുകളാക്കാം.
വര്‍ഷാവസാന പരീക്ഷ വേണ്ട. ആൾപ്രൊമോഷന്‍ ആയിക്കോട്ടെ.

ഇനിയാണ് ശരിയായ അങ്കം. ഡിഗ്രീ ഇന്‍ പൊളിറ്റിക്സ് എന്ന മൂന്ന്  വര്‍ഷ കോഴ്സ്. " ക്ലാസ് മുറികളില്‍ നിന്ന് പുറത്തേക്ക്" എന്ന മുഖ്യതത്വം അനുസ്സരിച്ച് ക്യാമ്പസ്സിനു പുറത്ത് പ്രവര്‍ത്തി പരിചയ പരിപാടികള്‍.
പ്രിന്‍സിപ്പാളിനെ ബന്ദിയാക്കലിലും വഴിതടയലിലും നടുറോഡില്‍ കടിപിടിയും ആഴ്ചക്കാഴ്ചക്ക് നടത്തി ഇലക്ഷനില്‍ ഒരു സീറ്റുറപ്പിക്കല്‍  മുഖ്യ ഇനം. ഇനിയങ്ങോട്ട് തോണ്ണൂറ് വയസ്സ് വരെ നടത്തേണ്ട പഞ്ചവത്സര വോട്ട് തെണ്ടലിന്‍റെ ഉളുപ്പുമാറ്റലും, കൈകുലുക്കല്‍, താണു വണങ്ങല്‍ കൈവീശല്‍, സര്‍വോപരി വെള്ള മുണ്ടിന്‍റ മേല്‍ ശരിയായ ഗ്രിപ്പുണ്ടാക്കല്‍ തുടങ്ങിയ മാനറിസിങ്ങളുടെ ഗ്രൂമിങ് സെഷന്‍ ഇവിടെ നടക്കണം. ഇക്കാര്യങ്ങളില്‍ വിചക്ഷണരായ അദ്ധ്യാപക സുഹ്രുത്തുക്കള്‍ മാർഗനിർദേശങ്ങൾ നിര്‍വഹിക്കണം. പല വിചക്ഷണരും അദ്ധയാപക വൃത്തിക്കിടയിലോ, അതിവ് ശേഷമോ രാഷ്ട്രീയ വിഹായസ്സിൽ ചിറകടിച്ച് പറക്കുന്നവരത്രെ.

പിന്നെ ഭരണപക്ഷ പ്രതിപക്ഷ അടിപിടി, യൂണിയന്‍ ഇനാഗുറേഷനും ആര്‍ട്സ്ക്ലബ് ഉദ്ഘാടനവും അലമ്പാക്കല്‍, പുറത്തിറങ്ങി ബസ്റ്റാന്‍റ് വരെ കാല്‍നടജാഥ, കട തല്ലിപ്പൊളിക്കല്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കല്‍, പാര്‍ടിയുടെ ജില്ലാതലത്തില്‍ തുടങ്ങി സംസ്ഥാന തലം വരെയുള്ള വര്‍ക്ഷാപ്, സെമിനാര്‍, സമ്മേളനങ്ങളുടെ അവസാനമുള്ള കൂട്ട വെള്ളമടി തുടങ്ങിയ മേഖലകളിലേക്ക് ഇഷ്ടന്മാര്‍ വച്ചടി വച്ചടി (അടി വച്ച് അടി വച്ച്) കയറിക്കോളും.

കോളജില്‍ ക്ലാസ്സുള്ള സമയം നാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള പ്രാദേശിക കാര്യങ്ങളില്‍ ഇടപെടുകയും, കൊടി പിടിക്കുകയും , സ്ഥലത്തെ പ്രധാന നേതാക്കന്മാര്‍കും ഒപ്പം ചര്‍ച നടത്തല്‍ വേദി പങ്കിടല്‍, അനൌൺസ്മെന്റ്, ഇലക്ഷന്‍ ഏജന്‍റ് എന്ന സുപ്രധാന ചുമതല നിര്‍വഹിക്കല്‍ എന്നിവയില്‍ സ്വയം പര്യാപ്തരാകുകയും ചെയ്യുക. ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും, പ്ലസ് ഗ്രേഡും ലഭ്യമാക്കുന്നതിനെപ്പറ്റി കരിക്കുലം കമ്മറ്റി പ്രത്യേകം പഠിക്കുക.

അങ്ങനെ മൂന്ന് വര്‍ഷ കോഴ്സ് പൂര്‍ടത്തിയാക്കുക. അതിന് ശേഷം കളത്തിലിറങ്ങാം. പരീക്ഷക്കിരിക്കണമെന്നോ ജയിക്കണമെന്നോ നിര്‍ബന്ധമില്ല.

ഇനിയും പഠിക്കണം എന്ന് വയ്കുന്ന വിജ്ഞാന ദാഹികള്‍ക്ക്  മാത്രം സപ്ലിയെഴുത്തും ജയവും ബാധകമാണ്.തുടര്‍ന്ന് എം എ സോഷ്യോളജിയോ മലയാളമോ എടുക്കാം. ഭാഷയില്‍ ഒരു ഗ്രിപ് നല്ലതാണല്ലോ.? പിന്നിട് പത്ര ഭാഷയില്‍ എഴുതാനും സംസാരിക്കാനും കഴിയുക എന്നത് അത്യാവശ്യമാണ്. സഘാവ് അച്ച്യുതാനന്ദന്‍, പി സി ജോര്‍ജ് അദ്യേം, സുധാകരനവര്‍കള്‍ കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരെ മാതൃകയാക്കരുത്.  കോട്ടയത്തെ കുഞ്ഞൂഞ്ഞും, പിണറായിയിലെ സഖാവും, കൊച്ചിയിലെ സെബാസ്റ്റ്യൻ വക്കീലുമാണ് അനുകരണീയര്‍.

പിന്നൊന്നുണ്ടേ. എല്ലെല്‍ബി. അടിതടയില്‍ വിശാരദ്, നിയമം വളച്ചൊടിക്കലില്‍ നിപുണ്‍, നിയമനിര്‍മാണത്തിലും അതില്‍ വിടവിടലിലും ലംഘനം നടത്തലിലും പ്രമുഖ്, എന്നീ ഉപരിപാഠ്യ വിഷയങ്ങളുണ്ട്. പേരിനറ്റത്ത് ഒരു ബിയെയെല്ലെല്‍ബീയോ എമ്മെയെല്ലെല്‍ബീയോ ചാര്‍ത്തിക്കിട്ടും.  വോട്ടിങ് യന്ത്രത്തില്‍ അപരന്മാരുടെ എണ്ണം കുറയാന്‍ ഇത് ഉപകരിക്കുമേ..

തമ്മിലടി, ഉടുമൂണ്ടുരിയൽ, തൊഴുത്തിൽ കുത്ത്, പല്ലിടകുത്തി നാറ്റിക്കൽ, ഗ്രൂപ്പ് നിർമാണം, മറുകണ്ടം ചാടൽ സെന്റിയടിച്ച് മാപ്പുപറയൽ, തുടങ്ങിയ നാടൻ കലാരൂപങ്ങളെ ലളിതകലയിൽ പെടുത്തി
 ഗ്രാന്റ് സഹിതം പരിപോഷിപ്പിക്കണം.

ഇദ്ദം സുയോധന വീരൻ സമൂഹ്യ സേവനാർഥം മണ്ടിത്തുടങ്ങും. അസ്ത്രങ്ങൾ യദേഷ്ടം പ്രയോഗിക്കാൻ പ്രാപ്തി നേടിക്കഴിയും ഇതിനോടകം.

അങ്ങനെ രാഷ്ട്രീയ നേതാവ് എന്ന ബലമുള്ള വാലു മുളച്ച് നീണ്ട് തുടങ്ങും. ഡാര്‍വിന്‍ സാറ് തോല്‍കും. സമകാലിക രാഷ്ട്രീയ വിഹായസ്സില്‍ ഒരു പുത്തന്‍ താരോദയം. അതു ജ്വലിച്ച് തുടങ്ങും, പ്രകാശം പരത്തും, ഊര്‍ജം പകരും. ജനങ്ങള്‍ ഹാപ്പി. കുട്ടി നേതാവും ഹാപ്പി.


വിജയങ്ങളും ഗാന്ധിത്തലകളും തലക്ക് പിടിക്കുമ്പോള്‍ മേല്‍പറഞ്ഞ താരം ഒരു മിനി സൂര്യനാകും, എത്താത്തിടങ്ങളിലേക്കെല്ലാം കൈ നീട്ടൂം, അഹങ്കാരത്തോടെ മുരളും, ജനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കും, നാടിനെ ചുട്ട് പൊള്ളിക്കും. ഗതികേട് കൊണ്ടോ വിഡ്ഡിത്തരം കൊണ്ടൊ വിദ്യാസമ്പന്നരായ പ്രജകള്‍ വീണ്ടും ഈ സൂര്യനെ ജയിപ്പിക്കും, ആരാധിക്കും, താണ് വണങ്ങും.
മെല്ലെ മെല്ലെ ഇപ്പറഞ്ഞ സൂര്യന്‍ ഒന്നു ഗ്രഹണം നടത്തും. അപ്പോ അത് മന്ത്രിയോ, ക്യാബിനറ്റ് മന്ത്രിയോ ഒക്കെ ആകും.
ജനങ്ങള്‍ "ക്ഷ" "ണ്ണ" എന്നീ അക്ഷരങ്ങള്‍ മറക്കും, പത്രങ്ങളും ചാനലുകളും പടങ്ങളും അക്കങ്ങളും ലൈവുകളും നടത്തും. യാഥാര്‍ത്യത്തിന്‍റെ "ക" "മ" അവരും പറയൂല്ലിക്കാ.
ചാനല്‍ കിളികള്‍ "സെ-യെസ്" എന്നും "സെ-നോ" എന്നും സ്പേസ് ഇട്ട് എസെമ്മെസ് ചെയ്യാന്‍ ചിലക്കും. സ്പേയ്സ് അക്ഷരവും വാക്കുകളും വിഴുങ്ങിയിടത്താണിടേണ്ടതെന്ന് മറക്കരുത്.

അങ്ങനെ ഒടുക്കം. ആ സൂര്യന്‍ ഒരു തമോഗര്‍ത്തമാകും.  ആര്‍ത്തി തീരാത്ത തമോഗര്‍ത്തം. എല്ലാം വിഴുങ്ങുന്ന ശക്തി. എന്തിനെയും നശിപ്പിക്കാന്‍ കഴിവുള്ള ഒരു പ്രതിഭാസം. നീയന്ത്രണാതീതമായ അതിശയം.

അങ്ങനെ ഇന്ത്യ ഇന്ത്യയാകുന്നു. ശരിയായ ഇന്ത്യ. ജനാധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യ. കാക്കത്തോള്ളായിരം സാഷ്ട്രീയ സൂര്യന്മാരുടെ ഇന്ത്യ.


സമയം കളയണ്ട. നമുക്ക് ഈ സെണ്ട്രൽ യൂണിവേഴ്സിറ്റി ഫോര്‍ പൊളിറ്റിക്സ് സ്ഥാപിച്ച്കളയാം. ഇപ്പൊള്‍ നമുക്ക് വേണ്ടത്ര ഫാകല്‍റ്റികള്‍ ഉണ്ട്. സുരേഷ് കല്‍മാഡിയെ ചാന്‍സലറും, കനിമൊഴി, എ രാജ എന്നിവരെ വി സി കളും, ഇനിയുള്ളവരെ കരിക്കുലം കമ്മറ്റിയിലും ഉള്‍പ്പെടുത്താം.
വിരോധമില്ലെങ്കില്‍ നമുക്ക് കേരളത്തില്‍ ചിലരെ നോമിനേറ്റ് ചെയ്യുകയും ഒരു വിദുര റിജിയണല്‍ ക്യാമ്പസ് സ്ഥാപിച്ച് അതിന്‍റെ ചെയര്‍മാന്‍ ആക്കുകയുമാവാം.


യൂണിവേഴ്സിറ്റി വേണം എന്നുള്ള വായനക്കാർ “സെ. എസ്’ എന്നും അല്ലാത്തവർ “സെ നോ” എന്നും സ്പേസ് സഹിതം എസെമെസ് ചെയ്യണ്ട. കൺഫ്യൂഷനുള്ളവർ കൈ ഉയർത്തുകയോ ഡസ്കിനിടിക്കുകയോ ആവാം. അഭിപ്രായം കമന്റായൊ മുഖപുസ്തക ഷെയർ ആയോ നൽകാവുന്നതാണ്.

ഹമ്മോ..

സാമൂഹ്യനോട് പൊറുക്കണേ. ന്റെ ശ്രീമാന്മാരേ.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

“പൊട്ടനാട്ടം” കാണുന്നോ,. “പൊട്ടൻ” “ആട്ടം” കാണുന്നോ.. ഏതാണു ശരി..?


രഞ്ജിനി ഹരിദാസിന്റെ മലയാളത്തിനെന്താ കുഴപ്പം.? സംഗതി അല്പം കൂടുതലാണെന്നതൊഴിച്ചാൽ ഓ കെ അല്ലെ..  എന്തിനു രഞ്ജിനി മാത്രം പഴികേൾക്കണം.? ഇവിടെ മറ്റു പലരും പഴി ചോദിച്ച് വാങ്ങുമ്പോൾ.?
പക്ഷേ ഈ “റിയാലിറ്റി ഷോ” എന്ന സംഗതി തന്നെ ഫ്രോഡ് ആണെന്നു വന്നാലോ.? അങ്ങനെയല്ലെ സഹോദരങ്ങളെ കാര്യങ്ങളുടെ പോക്ക്.?
കുടപ്പനക്കുന്നിലെയും പരിസര പ്രദേശങ്ങളിലെയും ചില “ആഡിയൻസ്” സുഹ്രുത്തുക്കളെ അവധൂതൻ പതിവായി പല ചാനലുകളിലും മിണ്ടാക്കോലങ്ങളായിരുന്നു കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. പേയ്ഡ് റിയാലിറ്റി ആഡിയൻസ്. അവരുടെ മുന്നിൽ ഗംഭീരമായ കസേരകളിൽ ആസനസ്ഥരായി മൈക്കും, ബസ്സർ ബട്ടണും ആയുധമാക്കി ചില മഹാരഥന്മാർ. “രഥം” എവിടെ എന്ന് ചോദിക്കരുത്.. അവർ വെറും ഡ്രൈവർമാർ മാത്രം. റിയാലിറ്റി ഷോകളുടെ ഡ്രൈവർമാർ. ഇടക്കൊരു “ആഴകാന” സെലിബ്രിറ്റി ഗസ്റ്റൂം. റിയൽ ആണെ ഇവരെല്ലാം. അങ്ങനെ ഈ “ഷോ” റിയാലിറ്റി ഷോ ആകുന്നു. ഈ സ്ഥിരം സെറ്റപ്പിനുമുന്നിൽ കോലം കെട്ടിയും, തലകുത്തിമറിഞ്ഞും,  ഘോരഘോരം പാടുപെടുകയും ചെയ്യുന്ന “കണ്ടസ്റ്റൻസ്”.. അയ്യോ പാവം. അംങ്ങനെ സംഗതികൾ റിയൽ ആയും, ഫന്റാസ്റ്റിക് ആയും, ഗംഭീരമായും സീസൺ മാറിവന്നപ്പോ ദാ വരുന്നു പ്രോബ്ലം. സംഗതി സട്ടിൽ ആണ്, നല്ല ഫീലും, ത്രോയും, പഞ്ചും ഒക്കെയുള്ള നല്ല അസ്സൽ ഇഞ്ചങ്ഷൻ. റിയാലിറ്റി ഗ്രാന്റ് ഫിനാലെ “റിയൽ“ അല്ലാരുന്നത്രെ..?  ഇതെന്ത് കൂത്ത്.? ശിവ ശിവ. ഗ്രാന്റ് ഫിനാലെ റിയൽ അല്ലരുന്നെങ്കിൽ പിന്നെ വർഷാവർഷം മാറി മാറി വന്ന കാലവസ്ഥകളൊക്കെ എന്തുവാരുന്നു. ?

ശ്രീ ജഗതി ശ്രീകുമാർ ഇതേ പോലൊരു വേദിയിൽ തുറന്ന് പറഞ്ഞ ചില കാര്യങ്ങൾ ഈ പുതിയ സാഹചര്യത്തിൽ പുനർ വിചിന്തനത്തിനു വിധേയമാക്കുക.
 കലാകാരന്മാരുടെ താലന്തുകളെ വലിയൊരു പ്രേക്ഷക സമൂഹത്തിനുമുന്നിൽ എത്തിക്കാനുള്ള  ഒരു വേദി എന്ന നിലയിൽ റിയാലിറ്റി ഷോകൾ ഉപകരിച്ചിട്ടുണ്ടെന്നത് വസ്തുത. പക്ഷേ ഇവരെ പിന്നീട് കണികാണാൻ കിട്ടുന്നില്ല എന്നതും മറ്റൊരു വശം. ഇവിടെ ഗിമ്മിക്കുകൾക്ക് പ്രാധാന്യം വന്നു. ക്വാളിറ്റിയോ കലാമുല്യമോ സംസ്കാരിക ഉന്നമനമോ അല്ലല്ലോ നിർമാതാവിന്റെ ലക്ഷ്യം- മാർകറ്റിങ് മാത്രമല്ലെ.? വിഡ്ഡികളാവുന്നത് വീട്ടിൽ കുത്തിയിരുന്നു ഈ തറവേല കാണുന്ന പ്രേക്ഷകർ.
ദയവായി നിർത്തിക്കൂടെ ഇത്തരം നാടകങ്ങൾ.?
ജഡ്ജസ്സും, എസ് എം എസും വോട്ടും ഇല്ലാതെ തന്നെയായിരുന്നു  തുടക്കത്തിലുള്ള ഇത്തരം പരിപാടികൾ. അതു മാത്രമേ ചാനലുകളിൽ അനുവദിക്കാവൂ എന്നൊരഭിപ്രായമുണ്ടെനിക്ക്. ഇത് റിയാലിറ്റി എന്ന് തോന്നിക്കുന്ന മായികതയാണ്. വിർച്വൽ റിയാലിറ്റിയല്ല. ക്രാഫ്റ്റെഡ് റിയാലിറ്റി, മാനിപ്പുലേറ്റഡ് ജഡ്ജ്മെന്റ്സ്, അരാജകത്തം നിറഞ്ഞ അവതരണങ്ങൾ. ഇതേ ഷോകളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളോട് ചോദിക്കുക അവർ ചെലവഴിച്ച ലക്ഷങ്ങളുടെ കണക്ക്.

കേവലം ഒരു രഞ്ജിനി ഹരിദാസ് അല്ല പ്രശ്നം. ഈ അരാജകത്വം സമൂഹത്തെ ഏത് രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്.
നാമജപവും സന്ധ്യാപ്രാർത്ഥനയും പഠനവും അത്താഴവുമുൾപ്പെടെ പലതും ഈ കൂത്താട്ടത്തിന്റ് സമയക്രമത്തിനനുസ്സരിച്ച് നിശ്ചയിക്കപ്പെടുകയാണ് മലയാളിയുടെ വീടുകളിൽ. “ഉച്ചത്തിൽ സന്ധ്യക്ക് രഞ്ജിനി ഹരിനാമ ജപമല്ലേ ഉയരുന്നത്.” മകൾ  നഷ്ടപ്പെട്ട അമ്മയുടെ ദു:ഖവും, ഗായകന്റെ കാഴ്ചയില്ലായ്മയും പോലും നികൃഷ്ടമായ രീതിയിൽ ഇവർ മാർകറ്റ് ചെയ്തപ്പോഴും മലയാളി കണ്ണീർ തുടച്ച് ഷോ കണ്ടു, നിശിദമായി ഗാനാലപനത്തെയും നൃത്തത്തെയും  വിമർശിച്ചു, കൂടെ ഇടതടവില്ലാതെ കപ്പലണ്ടിയും പോപ് കോണും കൊറിച്ചു, കയ്യടിച്ചു, ടെഷനടിച്ചു, എസ് എം എസ് മുടങ്ങാതെ ചെയ്തു, പിന്നെ മൃഷ്ടാന്നം അത്താഴം കഴിച്ച് കിടന്നുറങ്ങി. പല സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ഒഫിഷ്യൽ മെയിൽ ബോക്സിൽ റിയാലിറ്റി തരികിടയിൽ പങ്കെടുക്കുന്ന മകന്റെയും മകളുടെയും ബന്ധുവിന്റെയും ഡിറ്റെയ്ലും ഷോടൈമും, എസ്  എം എസ് റിക്വസ്റ്റും ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടു,
നാണമില്ലേ നമുക്ക്.
രഞ്ജിനിയുടെയും ഇവിടെ ജഡ്ജ് ചെയ്യാനിരിക്കുന്ന അന്യഭാഷാ വിധികർത്താക്കളുടെ ഡിറ്റിരിയറേറ്റിങ് ഇംഗ്ലീഷും കൊഞ്ഞ മലയാളവും ഇവിടെയുള്ള മാതാശ്രീകൾ ഏറ്റു പിടിച്ചു വള്ളി പുള്ളി തെറ്റാതെ മക്കളെ പറഞ്ഞ് പഠിപ്പിച്ചു. സ്കൂളുകളിൽ ഇപ്പൊ ഇത്തരം ഷോകളുടെ മിനി വേർഷനുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.  വ്യഭിചരിക്കപ്പെട്ടു പോയി മലയാള ഭാഷ. ആ മണിപ്രവാളത്തിൽ നിന്ന് വളർന്ന് ഇപ്പൊ കൊഞ്ഞ മലയാളത്തിലും മംഗ്ലിഷിലുമെത്തി നിൽക്കുകയാണിത്. അതും നമ്മൾ അഘോഷ പൂർവം ഏറ്റു വാങ്ങി. ബോധപൂർവമല്ലെങ്കിൽ പോലും അപകടകരമായ പ്രവണത. മലയാളം വൃത്തിയായി സംസാരിക്കാനറിയാത്ത സുന്ദരികൾ ഇല്ലാഞ്ഞിട്ടാണോ, സംസാരിക്കാനറിയുന്നവർ സുന്ദരികൾ അല്ലാഞ്ഞിട്ടാണോ രഞ്ജിനിയെപ്പോലുള്ളവരെ ഈ ചാനാൽ പിടിച്ചു നിർത്തിയത്.?ഇവരെപ്പോലുള്ളവരുടെ അശ്ലീല വേഷവിധാനങ്ങളും അമേരിക്കൻ അക്സന്റ് മലയാളവും ആയിരിക്കാം എന്ന്  അടിയന് തോന്നിയതിൽ തെറ്റുണ്ടോ.? കേരളത്തിൽ സമുന്നതരും ബഹുമാന്യരുമായ ഗായകരും നടന്മാരും ഇല്ലഞ്ഞിട്ടാണോ അതീ ഉള്ളവർക്ക് മലയാളം അറിയില്ലാഞ്ഞിട്ടാണോ, തമിഴ്നാട്ടിൽ നിന്നും മറ്റും ജഡ്ജ് പടകളെ ഇറക്കുമതി ചെയ്യേണ്ടി വന്നത്.? ഇത്തരം കോമാളിത്തരങ്ങൾ ഈ നാട്ടിൽ എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്നത് അദ്ഭുതകരമല്ല.

നമുക്ക് എന്തും സ്വീകാര്യമാണല്ലോ. മനുഷ്യനായ ഒരു മത മേധാവി മനുഷ്യനാൽ നിർമിക്കപ്പെട്ട നിയമാവലികൾ അടിസ്ഥാനമാക്കി മനുഷ്യരായ ചിലരെ ദൈവികമായി “വിശുദ്ധർ” എന്ന് നാമകരണം ചെയ്ത് ഉയർത്തുന്ന മനുഷ്യസംസ്കാരത്തിൽ ഇത്തരം ജഡ്ജ്മെന്റുകളും മാനിപ്പുലേഷനുകളും അത്ര അദ്ഭുതകരമല്ല.
 പക്ഷെ ഈ കോമാളിത്തരം നിരോധിച്ചെ മതിയാവൂ. അതു സാധിക്കാത്ത പക്ഷം  അതിലെ ഭാഷയും, ജഡ്ജ്മെന്റ് രീതികളും ഉൾപ്പെടെ ചില കാര്യങ്ങൾക്ക് മേൽ നിയമ നിർമാണം ഉണ്ടാവുകയെങ്കിലും വേണം.

മറ്റേതൊരു മയക്കു മരുന്നിനെയും പോലെ, ഒരു സമൂഹത്തിന്റെ ഭൂരിപക്ഷം വരുന്ന വിഭാഗത്തെ വ്യാപകമായ ഒരു സൈകിക് എഫെക്ടിനു വിധേയമാക്കുയാണ് റിയാലിറ്റി കോപ്രായങ്ങൾ ചെയ്യുന്നതെന്ന് മറക്കരുത്. മകനെയൊ മകളെയോ ഡോക്ടറോ എഞ്ജിനീയറോ ആക്കുക എന്ന സ്വപ്നത്തിൽ നിന്ന് യുവജനോത്സവത്തിലെ കലാപ്രതിഭാ/തിലക പട്ടം എന്നതു വഴി ഏതെങ്കിലുമൊരു റിയാലിറ്റി ഷോയിൽ പ്രദർശന വസ്തുവാക്കുക എന്നതിലേക്കെത്തിയിരിക്കുന്നു ശരാശരി മലയാളിയുടെ മാനസികാവസ്ഥ. സുരക്ഷിതമായ ഒരു  ജീവനോപാധി തേടൽ എന്നതിനേക്കാൾ പ്രശസ്തിയും പബ്ലിസിറ്റിയും നേടുക എന്ന വിലകുറഞ്ഞ മാനസിക അവസ്ഥ. എക്സിബിഷനിസം-എന്ന മാനസികരോഗാവസ്ഥ തന്നെയല്ലേ ഇത്.? ഇതിലെ വിജയികളും കൂടെ മത്സരിച്ചവരും പിന്നീട് മറവിയിലേക്ക് പിന്തള്ളപ്പെടുകയും അംഗുലീപരിമതരായി ചിലർ മാത്രം മുഖ്യധാരാ ഗായകരോ നടന്മാരൊ ഒക്കെ ആകുന്നു.

 പിന്നെന്തിനീ കലാ”പ” പരിപാടി.? ടി ആ‍ർ പി റേറ്റിങ്ങിനു വേണ്ടി ചാനലുകൾ കാട്ടിക്കൂട്ടൂന്ന വിവരദോഷത്തെ നാം ഇനി പ്രൊത്സാഹിപ്പിക്കണോ.?

കോമഡി റിയാലിറ്റി ഷോകളുടെ കാര്യം എടുക്കാം. അതിലെ കോപ്രായത്തരങ്ങൾ നമുക്കു മാനസികൊല്ലാസത്തിനു വഴി നൽകുന്നു എന്നത് ഒരു നല്ല വശം തന്നെയാണ്. പക്ഷെ യഥാർത്ഥ കോമഡി അതിലെ ജഡ്ജസിന്റെ കമന്റുകളല്ലെ..? വേദിയിൽ അവതരിപ്പിക്കപ്പെട്ട ഒരു സ്കിറ്റിലെ അംശങ്ങളെ ശ്രി. ജഗതീഷിനെപ്പോലെയുള്ള വിധികർത്താക്കൾ ചർവിത ചർവ്വണം നടത്തുന്നത് അരോചകമെന്ന് പറയാതെ വയ്യ. കോമഡി വിലയിരുത്തേണ്ടതല്ല. അതു ഒരു കലാരുപമല്ലേ. പഴയകാലം മുതൽ വിദൂഷകർ ചെയ്ത് വന്ന ഒരു കല. അത് ആസ്വദിക്കുകയും മനസ്സ് നിറഞ്ഞ് ചിരിക്കുകയുമാണ് വേണ്ടത് എന്നാണ് അവധൂത മതം.
മറ്റൊരു ചാനലിലാവട്ടെ അവതാ‍രകർ  ഒരു കുടുംബത്തിലെയൊ സമൂഹത്തിലെയോ ഉൾപ്പോരിനെ നാട്ടുകാർ സമക്ഷം കൊട്ടി ഘോഷിക്കുകയും അവിടെ വിധിന്യാ‍യം കല്പിക്കുകയുമാണ്. അയൽ വക്കത്തെ കുട്ടപ്പൻ കെട്ടിയോളെ തല്ലീതും പച്ചക്ക് ചീത്തവിളിക്കുന്നതും ഒളിഞ്ഞ് നിന്ന് കേട്ട് നാട്ടിലൂടെ ഓടി നാലാളോടു പറയുന്ന പരദൂഷണത്തിന്റെ ഗ്ലോറിഫൈട് റിയാലിറ്റി പ്രസന്റേഷനല്ലേ ഇത്..? നാണമുണ്ടൊ ചാനലുകാരേ..? അല്ല നമ്മളൊക്കെ ഇത് കാണുന്നത്കൊണ്ടാണല്ല ഇത്തരം അല്പത്തരത്തിന്റ് റേറ്റ് കൂടുന്നത്. ഒളിച്ചോടി വിവാഹംകഴിച്ച നടീനടന്മാർ പിന്നീട് വിവാഹമോചനവും നടത്തി സദാചാര വാദികളാകുന്നതൂം ഇതേ ചാനൽ വെളിച്ചത്തിലാണല്ലോ.?
സംഗതികൾ ഇല്ലാതെ  വരികയും ത്രോയും പഞ്ചും പോരാതെ പോകുകയുമാണിവിടെ. ഔട്സ്റ്റാന്റിംഗ് പെർഫോമൻസ്, ഫന്റാസ്റ്റിക് മൂവ്മെന്റ്സ്, എക്സലെന്റ് എക്സ്പ്രെഷൻ, ഗോർജസ് ആക്റ്റ്, ഫീൽ, സട്ടിലിറ്റി തുടങ്ങിയ പദങ്ങൾ അണമുറിയാതെ പാതയോരത്തെ പുറമ്പോക്കിലെ ഒറ്റമുറി കൂരയിൽ നിന്നും പ്രവഹിക്കുന്നത് അഭിമാനകരം തന്നെ. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സ്ഥലത്തെ താരത്തിന്റെ പേരിൽ വലിയ വെടിയും ചെറിയ വെടിയും, സ്പെഷ്യൽ ചന്ദനക്കുടവും, ഊട്ട് നേർചയും, മുഴുരാത്രി പ്രാർത്ഥനയുമൊക്കെ നടക്കുന്ന സമകാലിക മാവേലി നാട്.

അവധൂതനെ പോലെ യേശുദാസ് എന്ന് മലയാളി ഗായക പ്രമുഖനെ ഗാനഗന്ധർവൻ എന്ന് സങ്കല്പിച്ച് നെഞ്ചിലേറ്റി ആരാധിക്കുകയും, സ്വല്പം അഹങ്കാരത്തോടെ കൊണ്ടുനടക്കുകയും, മതമൈത്രിയുടെയും മലയാളിത്തത്തിന്റെയും ആൾ രുപമെന്ന് അഭിമാനിക്കുകയും ചെയ്ത അനേകലക്ഷം മലയാളി മക്കളെ ആ മനുഷ്യൻ അവഹേളിച്ച് സ്വയം അപമാനിതനായി. അമേരിക്കയിൽ കുടിയേറി അവിടെ നിന്ന പണിയെടുക്കാൻ മാത്രം നാട്ടിലെത്തുന്ന ഈ മനുഷ്യനെ നാം തിരിച്ചറിയാഞ്ഞിട്ടല്ല പ്രതികരിക്കാതിരുന്നത്. അത് വ്യക്തിപരമായ സ്വതന്ത്രമായതുകൊണ്ടും അദ്ദേഹത്തിന്റെ തത്വശാസ്ത്രങ്ങളും ആ മായിക സ്വരവും നമ്മുടെയൊക്കെ ഉള്ളിൽ വേരുറപ്പിച്ചത്കൊണ്ട് കൂടിയാണ്.

ഇപ്പൊ നരകയറിയ വാർദ്ധക്യത്തെ ബഹുമാന്യനായ ദാസേട്ടൻ കറുപ്പുതേച്ച് മറക്കുന്നത് നിർത്തി എന്ന് അറിഞ്ഞ് വീണ്ടും ആവേശം കൊണ്ടിരിക്കവേ ദാ വരുന്നു കോമാളി വേഷം. അതും വാർദ്ധക്യ സഹജം എന്ന് ആശ്വസിക്കുക. കേസിലും പുക്കാറിലുമൊന്നും വലിച്ചിടതിരിക്കാം അദ്ധേഹത്തെ നമുക്ക്. മാപ്പ് കൊടുക്കാം. സ്വാഭാവികമായും തന്നെ താനാക്കിയ സംസ്കാരത്തെയും മണ്ണിനെയും തള്ളിപ്പറഞ്ഞ ആ നാവുകൊണ്ട് ഒരു മിനിമം മാപ്പ് പറഞ്ഞാൽ പോയ ബഹുമാനം തിരിച്ചെടുക്കാനാവും. അമേരിക്കയല്ല പ്രിയപ്പെട്ട ദാസേട്ടാ ഈ കൊച്ച് കേരളമാണ് താങ്കളെ തിരിച്ചറിയുന്നത്. ടെന്നിസ്സ് കളിക്കാൻ പഠിച്ചത് കൊണ്ടല്ല മലയാളത്തിൽ പാടിയതുകൊണ്ടാണ് താങ്കളുടെ മകനെ ഞങ്ങൾ അംഗീകരിക്കുന്നത്.

ഹരിവരാസനം താങ്കളൊന്ന് ആംഗലേയ ഭാഷയിൽ പാടുകയാണെങ്കിൽ അമേരിക്കക്കാർ താങ്കൾക്ക് ആസ്ഥാന ഗായകപ്പട്ടം തന്നേനെയല്ലോ..? പാടിക്കോ പാടിക്കോ. അങ്ങയോടുള്ള സമ്പൂർണ ബഹുമാനത്തിന്റെ നിഴലിൽ നിന്ന് കൊണ്ട് പറയട്ടെ. പണം മാത്രമാണ് താങ്കളെയും നിയന്ത്രിക്കുന്നതെങ്കിൽ പോലും മാതൃഭൂമിയെയും മാതൃ ഭാഷയെയും നിന്ദിക്കുന്നത് മാതൃ നിന്ദ തന്നെ.

ജഗതി ശ്രീകുമാറിനെപ്പോലെ ചിലർ ഇവിടെ ആവശ്യമാണ് പ്രതികരിക്കുന്ന കാര്യത്തിൽ.  കൊടുക്കേണ്ടത് കൊടുക്കേണ്ടപ്പോ കൊടുക്കേണ്ട പോലെ കൊടുക്കണം. ഏഷ്യാനെറ്റ് ദയവായി ഈ കോമാളി പരിപാടി വേണ്ടന്നു വയ്കുക പ്രിയ ഗോപകുമാർ ജീ..


കലികാല വൈഭവം അല്ലാതെന്താ.!!. ഒരേ ഒരു സംശയം മാത്രം.. “പൊട്ടനാട്ടം” കാണുകയാണോ അതോ “പൊട്ടൻ” “ ആട്ടം” കാണുകയാണോ ഇവിടെ.?


എന്തായലും സംഗതി കൊള്ളാം കേട്ടോ.. പഷ്ട്

വിജയിപ്പൂതാക
അവധൂതൻ.


(പ്രിയ കൂട്ടുകാരോട് ഒരു സുപ്രധാന കാര്യം അറിയിക്കട്ടെ. നമ്മുടെ ബ്ലോഗ് ചർച്ച ചെയ്ത ഒരു സുപ്രധാന വിഷയം ആസ്പദമാക്കി ഒരു ചലചിത്രം അതിന്റെ പ്രാരംഭദശയിലാണ്. അതിന്റെ പ്രവർത്തനങ്ങളൾ സംബന്ധമായി നമ്മുടെ ബ്ലോഗ് വായനാനുഭവത്തിൽ തടസ്സം നേരിട്ടത് ദയവായി ക്ഷമിക്കുമല്ലോ. തുടർന്നും നിങ്ങളിലേക്ക് എത്തുകയാണ് മഹാരാജാസ്. ചലചിത്രവിശേഷങ്ങൾ വരും ലക്കങ്ങളിൽ പങ്കുവയ്ക്കാം തുടർന്നും നിങ്ങളൂടെ സൃഷ്ടികൾ പോസ്റ്റ് ചെയ്യുക. 
സ്നേഹപൂർവം. 
മഹാരാജാസ് ടീം)
Related Posts Plugin for WordPress, Blogger...