ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 30, ചൊവ്വാഴ്ച

എന്നാലും ഇത് വേണോ ന്റെ മന്ത്രി സാറേ..? 500 ഉറുപ്യയല്ലെ..കൈയ്യിലിരിക്കട്ടന്ന്‍...


പ്രിയപ്പെട്ട നാട്ടുകാരേ..
കുറച്ച് മുന്‍പു ഒരു വാര്‍ത്ത കണ്ട് സാമൂഹ്യന് കരച്ചില്‍ വന്ന്.
സന്തോഷക്കരച്ചില്‍..!!
കരച്ചില്‍ പിടിച്ചിട്ട് നില്‍ക്കണില്ല എന്റെ പൊന്നു കൂടപ്പിറപ്പുകളെ..
നമ്മുടെ ആഭ്യന്തര മന്ത്രീന്റെ ഒരു പ്രഘ്യാപനമാണ് അശ്രു ഇറ്റിച്ചത്. അല്ലേലും മന്ത്രിമാര്‍ ഇങ്ങനാ..വെറുതെ കരയിപ്പിക്കും..!!
 എന്നാലും ഇങ്ങനെ കരയിപ്പിക്കാമോ..?
 സാമൂഹ്യനാണേല്‍ ലോപ്രഷറും കമ്പ്രഷനുമൊക്കെ ഉള്ളതാണേ..

പ്രസ്താവിച്ച വാര്‍ത്ത പണ്ടേ തണത്ത് ചൂടാറിയതാ.
 അപ്രത്തെ കുര്യാക്കോടെ എളയ സന്താനം ഇന്റര്‍ നെറ്റീന്ന് പൊക്കീതാ സംഭവം.
ഇവന്മാര്‍ ഇത്ര പ്രയോജനമില്ലാത്ത കാര്യം എന്തരിനു നോക്കിയപ്പീ
 എന്ന് വണ്ടറടിച്ച് നിന്നപ്പോ ദെ തരുന്ന് പ്രിന്റൌട്ട്..!!
 (സാമൂഹ്യന്‍ പഴയ ഇന്റര്‍ മീഡിയറ്റാന്ന്‍ ഐവനെങ്ങനറിഞ്ഞാവോ?തന്ത പറഞ്ഞതാവും.)                                                                    

സംഭവം സിമ്പിള്‍...                                                                                                                                                     കേരളത്തില്‍ ആകെയുള്ള സബ്-സെണ്ട്രല്‍ കുണ്ടറകളില്‍ (കല്‍ത്തുറുങ്ക്, ജയില്‍ എന്നൊക്കെപ്പറയും) മൊത്തത്തിലുള്ള അന്തേവാസികളുടെ ഉസ്കൂളില്‍ പോകുന്ന സന്താനങ്ങള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കാനുള്ള ഒരു തീരുമാനം ഉടനടി എടുക്കുമത്രെ.
സംഗതി ഇരുന്നും കിടന്നുമൊക്കെ വിദ്വാന്മാര്‍ വിശകലനം ചെയ്യുന്നു പോലും.
 കുറ്റവാളിയുടെ മക്കള്‍ എന്ന പേരില്‍ അവഗണിക്കപ്പെട്ട് അഭിമാന ക്ഷതത്താല്‍ സ്വന്തം കൂരക്കുള്ളീലേക്ക് ഉള്‍വലിഞ്ഞ് മറ്റൊരുതരം കുണ്ടറ സ്വയം നിര്‍മിച്ച് അതില്‍ കഴിയേണ്ടി വരുന്ന പാവം കുരുന്നുകള്‍ക്ക് എത്രമേല്‍ ആശ്വാസകരം ആകും അത് എന്ന് സുഹ്രുത്ത് വേണുമാഷ്ടെ നിരീക്ഷണം.500 ഉറുപ്യ ആണത്രെ കുട്ടി ഒന്നിന് മാസാമാസം നല്‍കുക. അത്താഴപ്പഷ്ണിക്ക് ഒരു പരിഹാരമാവും. അറ്റ്ലീസ്റ്റ് കുറ്റവാളിയായ പിതാവോ മാതാവോ പുറത്തിറങ്ങുന്നതുവരെയെങ്കിലും..
(പറഞ്ഞത് വേണുമാഷാണേലും നിറഞ്ഞത് സാമൂഹ്യന്റെ കണ്ണാണ്.)

 നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥമഹാപ്രഭുക്കളുമൊക്കെ എത്ര മഹാന്മാരാണ്.! ഹൊ..!
വീട്ടില്‍ചെന്ന് നിറഞ്ഞ മനസ്സോടെ ഒരു കുളിയും കട്ടനും തട്ടി.
പെട്ടെന്നുണ്ടായ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ് മെഴുകുതിരി ഒരെണ്ണം കത്തിച്ചു. കൂടെ ദിനേശിനേയും. ഇരുട്ട് നീങ്ങുന്നതിനൊപ്പം മനസ്സും തെളിഞ്ഞു. (ദിനേശിന്റെ ഒരു കാര്യം)
 ഉച്ചക്കത്തെ ചൂടന്‍ വാര്‍ത്തയും അതുണ്ടാക്കിയ വികാര വിക്ഷോഭത്തെയും മെല്ലെ മനസ്സിലിട്ട് തട്ടി. പെട്ടെന്നൊരു സ്ഫോടനം. വാസം ഇരിട്ടി പാനൂര്‍ മേഘലയിലല്ലാത്തത് കൊണ്ട് സംഗതി ബോംബല്ലാന്ന്‍ മനസ്സിലായി. പിന്നെവിടുന്ന് പട്ടാ‍സ്സ് പോട്ടി..?                                                                                                                                                                 പെട്ടെന്ന് വിവരം വച്ചു..!!
 തലക്കൂള്ളിലത്രെ ഗുണ്ട് വെടിച്ചത്..
ആ ഗുണ്ടിനൊപ്പം പറന്നിറങ്ങീത് അക്കങ്ങള്‍.
എന്റമ്മേ..സര്‍വത്രാതി അക്കങ്ങള്‍.
കണക്ക് പണ്ടെ ഇഷ്ടമല്ല.,
 അത് ശാസ്ത്രങ്ങളുടെ റാണിയും മാതാവും എന്തൊക്കെയും ആ‍ണത്രെ..!
 സാമൂഹ്യന് പെണ്ണൂങ്ങളെ പണ്ടേ പേടിയാ‍.. (ഇഷ്ടമില്ലാഞ്ഞിട്ടല്ല.)
പ്രാന്തുപിടിച്ചു..
 അവിടിരുന്ന ഹൌസിങ് ലോണിന്റെ പരസ്യനോട്ടീസ്സിന്റെ മറുവശത്ത് (ഇതാണ്  ഈ പത്രത്തിന്റെ കൂടെ കിട്ടൂന്ന നോട്ടീസ്സിന്റെ പ്രധാന കൊണം) അക്കങ്ങള്‍ നിരത്തി.
വെറുതെ വാരി വലിച്ച് നെല്ലുണക്കനിട്ടതല്ല.
വഴിക്കണക്കാ..!!
 നാലാം തരത്തില്‍ കുട്ടന്‍ സാര്‍ കഷ്ടപ്പെട്ട് ഇമ്പോസിഷന്‍ തന്ന വഴിക്കണക്കിനെ ശരണപ്പെട്ട് കുത്തിയിരുന്ന് കുത്തിവരച്ചു. ലളിത സാധാരണ ഗുണിതം അറിയാത്തതുകൊണ്ട് വെറും സങ്കലനത്തില്‍ ഒതുക്കി പണ്ടാരടങ്ങി..
എന്റെ കൂടപ്പിറപ്പുകളെ.. അക്കങ്ങള്‍ പണിതന്നു.
സത്യമായിട്ടൂം.. ആനന്ദാശ്രു പൊഴിച്ച അതേ കണ്ണൂകള്‍ മെല്ലെ പുറത്തേക്ക് തുറിക്കുന്നത്,എന്റമ്മേ ആലോചിക്കാന്‍ വയ്യ..

ആ നോട്ടീസ്സിലെ വഴിക്കണക്കിന്റെ ഒരേകദേശരൂപം സമക്ഷത്ത് അവതരിപ്പിക്കാം.
സമസ്ത കേരള മഹാരാജ്യത്ത് ആകെയുള്ള കൂണ്ടറകള്‍ - 41(4 എണ്ണം പുതുയത് കടലാസ്സ് പണിയിലിരിക്കുന്നത്രെ.)
ഇതില്‍ കേന്ദ്ര കുണ്ടറകള്‍- 3 (അതില്‍ മിക്കതും രാഷ്ട്രിയ തൊഴിലാളികള്‍ക്ക് റിസര്‍വ്ഡ്)
ഈ കുണ്ടറകളില്‍ മൊത്തം അന്തേവാസികള്‍- 6557 (6500 എന്ന് വട്ടത്തില്‍ ഒപ്പിക്കാം)
ഈ 6500 അന്തേവാസികളില്‍ പകുതി എണ്ണത്തിന് മാത്രം മക്കള്‍ എന്ന തരത്തില്‍ സങ്കല്‍പ്പിച്ചാല്‍..(സങ്കല്‍പം മാത്രമാണേ..ഇതില്‍ മിക്കതിനും ഒന്നിലതികം പൊണ്ടാട്ടിമാര്‍ ഉണ്ടാവാനാണ് സാധ്യത)
മക്കള്‍ ഉള്ള ഉശിരന്മാര്‍- 3250 എണ്ണം..!!
മന്ത്രി പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന തുക - കുട്ടി ഒന്നിന്. 500 ഉറുപ്യ പെര്‍ മന്ത്..
അങ്ങനെ ഉശിരന്മാര്‍ക്ക് ഉള്ളത് 2 കുട്ടികള്‍ - അപ്പൊ തുക ‌- 1000 ഉറുപ്യ പെര്‍ മന്ത്/അന്തേ.
1000 x 12 = 12,000 (ഒരു ഉശിരന്റെ ഇരണ്ട് സന്താനങ്ങള്‍ക്ക് ഒരു വര്‍ഷം കൊടുക്കേണ്ട തുക) 12000 x 3250 = 39‘00’000 (40 ലക്ഷത്തോളം ഉറുപ്യ, 3250 പഹയന്മാരുടെ സന്താനങ്ങള്‍ക്ക് വര്‍ഷം ഒന്നുക്ക്)
39’00’000 x 2= 7'80'00'000 (7 കോടി 80 ലക്ഷം ഇന്ത്യന്‍ മണീസ്.‌ 3250 ഉശിരന്മാര്‍ക്ക് മിനിമം 2 വര്‍ഷം തടവുള്ള പക്ഷം ടിയാന്മാര്‍ക്ക് ഇരണ്ട് സന്താനത്തിനു വീതം സംഭാവന ചെയ്യേണ്ട തുക.) എന്റമ്മച്ചീ..
സാമൂഹ്യ ക്ഷേമ വകുപ്പിന്‍ വശം ചിലവഴിക്കപ്പെടാതെ കിടക്കുന്ന തുകയാണത്രെ ഇത്.
കൊള്ളാം സമൂഹത്തിന്റെ കയ്യില്‍ നിന്നും പിരിച്ചെടുത്ത് സാമൂഹ്യക്ഷേമ വകുപ്പിന്റെ കയ്യില്‍ സൂക്ഷിച്ച തുക സാമൂഹ്യക്ഷേമാര്‍ത്ഥം സാമൂഹ്യദ്രോഹികള്‍ക്ക്..അപാരം അപാരം അനിര്‍വചനീയം ഈ സാമൂഹ്യക്ഷേമം. ഇതാണ് ഡെമോക്രസ്സി.(വേള്‍ഡ് ബാങ്ക് കേള്‍ക്കണ്ട)

5 വര്‍ഷം സാധാരണതടവും 12 വര്‍ഷം ജീവപര്യന്തവും കിട്ടിയ വിശാരദന്മാരുടെ കണക്ക് ഞമ്മക്ക് പിടികിട്ടണില്ലപ്പീ. ഇങ്ങള് തന്നെ എഴുതിക്കൂട്ടിക്കോളീ..
അങ്ങനെ തലക്കടി കിട്ടി, ഒരു കട്ടനും ദിനേശും കൂടി കഴിഞ്ഞപ്പ, ദേ വരുന്നു അടുത്ത കണക്ക്.               മേല്‍ പ്രസ്താവിച്ച ഉശിരന്മാരും ഉശിരില്ലാത്തവരും നല്ല അസ്സല്‍ പെണ്ണൂങ്ങളും ചേര്‍ത്ത് 6500 ഉശിരന്മാര്‍കളെ തീറ്റിപ്പൊറ്റാനും, മരുന്ന് വാങ്ങിക്കൊടുക്കാനും , ടീവി കാണിക്കാനും, മുടിയറുക്കാനും കോടതീല്‍ സമയാസമയം ഹാജരാക്കാനുമൊക്കെ എത്ര കായ് വേണം. ? കുഴക്കുന്ന ചോദ്യമാണ് ഉസ്താദേ..എന്നാലും ഒന്ന് ഗണിച്ച് നോക്കാം. കുട്ടന്‍സാറേ..വാ..
മേല്‍പ്പറഞ്ഞ ഇനങ്ങള്‍ക്കെല്ലാം കൂടി ഒരു 150 ഉരുപ്യ പെര്‍ തല വരുമെന്നിരിക്കിലും ആയതിനെ ലഘൂകരിച്ച് അയിമ്പത് എന്ന് കണക്കാക്കാം. (മറ്റത് വലിയ പാടാ. 50 അത്രെ സുഖപ്രദം) തീറ്റ മാത്രം കണക്കിലെടുക്കാം. (ഗോതമ്പുണ്ടേം ഉപ്പുമാവുമൊക്കെ പൊയി മാഷെ. എന്നാലുംകണക്കിങ്ങനിരിക്കട്ട്)
6500 x 50 = 3’25’000 ഉറുപ്യ  (ഉശിരന്മാര്‍ക്കുള്ള പ്രതിദിന തീറ്റ ബത്ത)
3’25’000 x 30 = 97’50’000 ( മാസമൊന്നുക്ക് ലവന്മാര്‍ക്കു വേണ്ടിവരുന്ന “ബത്ത”)
 97’50’000 x 12 = 117’000’000/- (ന്റമ്മേ..പതിനൊന്നേമുക്കാല്‍ക്കോടി രുഫാ..വര്‍ഷമൊന്നുക്ക് മാത്രം) ബാക്കി കൂട്ടാന്മാത്രം ഉശിര് സാമുഹ്യനില്ല. ഹാര്‍ട്ടീസ് സോ വീക്ക്. 
സാമൂഹ്യക്ഷേമം, ഡെമോക്രസ്സി..
ഇതെന്ത് കണക്ക് ന്റെ ദൈവേ.. പെട്ടുപോയല്ലോ..
ചുമ്മാതാണോ ഉശിരന്മാരുടെയും ചെയ്തികളുടെയും നമ്പ്ര ഡേ ബൈ ഡേ കൂടി വരുന്നത്...!!          ന്റെ കൂടപ്പിറപ്പുകളേ..നമ്മളെ കൊന്ന്, കൊള്ളയടിച്ച്, ബലാത്സംഗം ചെയ്ത് ഉള്ളേപ്പോയ ഉശിരന്മാരെ സുഖമായി സംരക്ഷിക്കാന്‍ നമ്മല്‍ ചെലവഴിക്കേണ്ട മിനിമം തുകയാണേ ഇത്.. ഇതിന്റെ കൂടെ ഉശിരന്മാരുടെ മക്കള്‍ക്ക് കൊടുക്കാനുള്ള തുകയും കൂടി ഒന്ന് കൂട്ടീക്കെ.
അംബാനി സഹോദരങ്ങളേ..നിങ്ങള്‍ തമ്മിലടിക്കാതെ പ്രൈവറ്റ് കുണ്ടറകള്‍ തുറക്കു. അതില്‍ ലവന്മാരേ നിറക്കു.
ചിലവിനുള്ള ഉറുപ്യ ഞങ്ങള്‍ പൌരന്മാര്‍ തരാം.
അതില്‍ പാതി നിങ്ങള്‍ കമ്മീഷനടിക്കൂ.
നിങ്ങള്‍ ഇതുവരെ സമാഹരിച്ചതിനേക്കാല്‍ ഇരട്ടി സമ്പാദ്യം.
 ഹാ ഹാ.. എന്തു രസം എന്തു സുഖം.!!
സോളിഡ് മണീസ്..    ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്രയോ സുരക്ഷിതം സുസ്ഥിരം..അയ്യട.                      

പെട്ടെന്ന് കുട്ടന്‍സാര്‍ എന്റെ തലക്കു കിഴുക്കി. “പരമ പൊട്ടാ‍. വേറൊരു വഴിക്കണക്കു തരാം. ഉശിരുണ്ടെങ്കില്‍ എഴുതിക്കൂട്ട്” എന്ന് ഉത്തരവ് തന്നു..                                                                                     ഇവിടെ സാഹചര്യം ഇത്തിരി മാറ്റണം. നമ്മല്‍ സ്വന്തമായി ഒരു അടിയന്തിര യോഗം ചേര്‍ന്ന് ഒരു ഉത്തരവിറക്കുന്നു. ഉടനടി പ്രാബല്യത്തില്‍ വരുത്തണ്ട. വേള്‍ഡ് ബാങ്കിനോട് ഹോട് ലൈന്‍ കൂപ്പിട്ട് കേട്ടിട്ടൂ മതി.. സാഹചര്യം ഇതാണ്..                                                                                                              നാളെ മുതല്‍ കുണ്ടറകളില്‍ അഡ്മിഷന് വാടക ഏര്‍പ്പെടുത്തുന്നു. ഫുഡ് അടി ഫ്രി. മരുന്നും മുടിയറുപ്പും ഫ്രീ. പക്ഷെ. മുറി വാടക തരണം (ഇങ്ക്ലൂസ്സിവ് ഒഫ് ഇലക്ട്രിസിറ്റി കം വാട്ടര്‍ ചാര്‍ജ്)                കൂടുതലൊന്നുമില്ല. ആകര്‍ഷക തുക. ആളൊന്നുക്ക് മുറിയൊന്നുക്ക് ദിനമൊന്നുക്ക് രൂഫാ അയ്മ്പത്..(50 ഉറുപ്യ ഒന്‍ലി)                                                                                                                                        

ഈ മാറിയ സാഹചര്യത്തില്‍ വഴിക്കണക്ക് ഇപ്രകാരം.                                                                                      50 x 6550 = 3'27'500       ( ഉശിരന്‍മാര്‍ ഒരുദിവസം തുറുങ്കിന് തരേണ്ട വാടക.)
3'27'500 x 30 = 98'25'000 ( ഉശിരന്മാരുടെ കയ്യുമ്മേന്ന് മാസം ഒന്ന്ക്ക് പിടിച്ചെടുക്കുന്ന തുക) 98’25’000 x 12 = 11’79’00’000 ( അമ്പട..കൊശവന്മാര്‍ വര്‍ഷമൊന്ന്ക്ക് തരേണ്ട വാടക)
ഒന്നും രണ്ടുമല്ല രുഫാ പതിനൊന്ന് കോടി എഴുപത്തൊന്‍പത് ലക്ഷം പിടക്കുന്ന ഇന്ത്യന്‍ മണീസ്. ആഹഹ. എന്തു രസം.എന്താ കഥ. കുണ്ടറകളെ നമ്മള്‍ പ്രൊഫിറ്റ് മേക്കിങ് പ്രസ്ഥാനമാക്കി മാറ്റുന്നു.                                                                                                                                                                                                                                                                                            മിനിമം ചാര്‍ജ് 50 ഉറുപ്യ വച്ചാ‍ണ് കൂട്ടിയത്. എന്നാലും ഉശിരന്മാര്‍ക്ക് തീറ്റയിനത്തില്‍ ഇപ്പൊ ചെലവഴിക്കുന്ന പതിനൊന്നേമുക്കാല്‍ക്കോടി രുഫാ ലവന്മാരില്‍ നിന്നു തന്നെ തിരിച്ച് പിടിച്ച  പതിനൊന്ന് കോടി എഴുപത്തൊന്‍പത് ലക്ഷം പിടക്കുന്ന ഇന്ത്യന്‍ മണീസ് കൊന്‍ണ്ട് നികത്താം. ഏന്നാലും ചില്ലറകള്‍ ലാഭം. അംബാനീ... ഇതാണ് ലാഭം. (റോയല്‍റ്റി ഇനത്തില്‍ സാമുഹ്യന് മണീസ് തരാന്‍ മറക്കണ്ട.)

ന്റെ കുട്ടന്‍ സാറേ..ങ്ങളു തരക്കേടില്ല. എന്തന്നാ പുത്തി. വിക്ഷണം..സാക്ഷാല്‍ അമര്‍ത്യാ സെന്‍ സാറിന് ശിഷ്യപ്പെട്ടേ തീരു..ഹൊ..!!
പക്ഷെ ഇവിടൊരു പ്രശ്നമുണ്ട്.. വര്‍ഷമൊന്നുക്ക് മുറിവാടകയിനത്തില്‍ ഉറുപ്യ 18000 കൊടുക്കണമെന്ന് വന്നാല്‍ ഉശിരന്മാരുടെയും ചെയ്തികളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞ്പോയെക്കാം. ബിവേര്‍.(ഓഫറുകളും സ്കീമുകളൂം തവണവ്യവസ്ഥയിലുള്ള തിരിച്ചടവു പ്രസ്ഥാനവും ഏര്‍പ്പെടുത്താം) ഉത്സവകാല നറുക്കെടുപ്പുകളും പരീക്ഷിക്കാവുന്നതാണ്..ആകര്‍ഷകമാവട്ട് സംഭവം.. (വധശിക്ഷയിനത്തില്‍ പെട്ട ഉശിരന്മാര്‍ക്ക് ഫ്രീ ഏര്‍പ്പെടുത്താം)
എത്ര നല്ല അയ്ഡിയ. സമത്വ സുന്ദര മനോജ്ഞ കേരളം. ഡെമോക്രസ്സി. ഹൈ ഹൈ..
ഒരുശിരന്‍ കൈയ്യടി മുഴങ്ങുന്നു. സാമൂഹ്യനെ സുന്ദരികളായ സെറ്റ് സാരി ജയലക്ഷ്മിമാര്‍ വേദിയിലേക്ക് ആനയിക്കുകയാണ്.
മന്ത്രിപുംഗവന്മാരും ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളും വേദിയിലങ്ങോളമിങ്ങോളമിരുന്ന് വീശി ചൂടാറ്റുന്നു.
സാമൂഹ്യന് പൂമാല, പിന്നെന്തൊ ഒരു തുണിക്കഷണം (പൊന്നാട പൊന്നാട),
കീര്‍ത്തിഫലകം, പത്ത് ലക്ഷം ഉറുപ്യടെ കാഷ്പ്രൈസ് (അംബാനി വക, ചെക്കായി)
 ഈ ക്രമത്തില്‍ സമ്മാനിക്കുകയാണ്.
സാമുഹ്യന്‍ നന്ദിപ്രകാശിപ്പിക്കനായി മുരടനക്കുകയും മൈക്ക് കൊട്ടുകയും ചെയ്തു.
“പ്ടേ.....”
മുഖമടച്ച് ഒരു അടി വീണ്.. കുട്ടന്‍സ്സാറാരുന്ന്..
കണ്ണ് തുറന്നപ്പൊഴെ മനസ്സിലായി സമത്വസുന്ദര  മനോജ്ഞ കേരളവും ഡെമോക്രസ്സീം അംബാനീം സ്വപ്നമാരുന്നെന്ന്.
ശെ. മോശമായിപ്പോയി.എന്നാലും ഇത് വേണോ ന്റെ മന്ത്രി സാറേ..?
500 ഉറുപ്യയല്ലെ..കൈയ്യിലിരിക്കട്ടന്ന്‍..!!                                                                                                             വിശ്വസ്തന്‍
 സാമൂഹ്യന്‍ റ്റി. പി

2010, നവംബർ 29, തിങ്കളാഴ്‌ച

മരണം

ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം - തണുത്തു പൊടിയായേക്കാം.

എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.

എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.


-by RICHU     

2010, നവംബർ 28, ഞായറാഴ്‌ച

മണമില്ലാത്ത മുല്ലപ്പൂ.

പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു.
 “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!
അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു.
വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് .
വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം.
അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല.
അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.
അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി.
കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.


ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു.
അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.
പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???
പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി...
മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.
വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്.

ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു.


 വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.
എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.
അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ?
തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.


ഒരു  അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു.
വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു.
അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു.
“നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “
അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ച
 ആദ്യ ചോദ്യമായിരുന്നു  ഇത് ...!!
അവളൊന്ന് ചിരിച്ചു.. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പൂവിനെ തേടി  ആരു വരാന്‍ .....????”. 
അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. 

അവള്‍ക്കറിയാമായിരുന്നു, അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്...
അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. 
മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. 
ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു.
മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി.
വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്.
അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും...! 

2010, നവംബർ 27, ശനിയാഴ്‌ച

ചില തൊഴിലാളി വര്‍ഗ ചിന്തകള്‍.. കാലഘട്ടം2000-2002. സ്ഥലം: മഹാരാജാസ് എം.സി.ആര്‍.വി

മഹാരാജാസ്സില്‍ സര്‍വത്രാതി തൊഴിലാളികളാണ്.
സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് കേള്‍ക്കേണ്ട താമസം സകല തൊഴിലാളികളും സര്‍ക്കാര്‍ സഹായം സത്രത്തിലേക്ക് ഒഴുകുകയോ അവിടെയുള്ള പുരാതന അന്തേവാസികള്‍ തൊഴിലാളിവല്‍കരിക്കപ്പെടുകയോ ചെയ്തിരിക്കാം.
തര്‍ക്കിക്കണ്ട, ടി വിഷയം നമുക്ക് പുകാസക്ക് വിടാം. ഗ്രാമഗ്രാമാന്തരങ്ങളില്‍ ചേമ്പും മരച്ചീനിയും (കൊള്ളി.കപ്പ.കിഴങ്ങ് പൂള തുടങ്ങിയ ഭാഷാഭേദങ്ങള്‍ ആവശ്യാനുസ്സരണം ഉപയോഗിക്കുക) വാഴയും നട്ട് വളര്‍ത്തി ആയതിനെ നിരുപാധികം ചുട്ടും, പുഴുങ്ങിയും തിന്ന് വളര്‍ന്ന അവധൂതനെപ്പോലുള്ള കര്‍ഷകപുത്രന്മാരും ഏലം കാപ്പി കുരുമുളക് റബ്ബര്‍ തുടങ്ങിയ വിളകളെ എസ്റ്റേറ്റ് പരുവത്തില്‍ വളര്‍ത്തുന്ന ബൂര്‍ഷ്വാ കര്‍ഷകപുത്രന്മാരും ഒരുപോലെ തൊഴിലാളിയായി പരിവര്‍ത്തിതരാവുന്ന സമത്വ സുന്ദരഭൂമികയാണ് മഹരാജാസ്സ്. അവിടെയാണ് സമത്വം സമഞ്ജസ്സമായി സമ്മേളിക്കുന്നത്.

പണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥമാരും അദ്ധ്യാപക സംഘടനകളിലെ പഹയന്മാരുമായ ബ്യൂറോക്രാറ്റുകളും പണിമുടക്കി 2 മാസം വീഗാലാന്റിലേക്ക് വനവാസത്തിനും കൊല്ലം ‘ഫാഷയില്‍‘ 'ഫാര്യ'വീട്ടീലേക്ക് സുഘവാസത്തിനുമായി പോയപ്പൊ സര്‍ക്കര്‍ “എസ്മ” എന്ന പേരില്‍ ഒരു പാശുപതാസ്ത്ര പ്രയോഗം വഴി ലവന്മാരുടെ അത്താഴം മുടക്കി പേടിപ്പിച്ച് ഹാജരുബുക്കില്‍ ഹസ്താക്ഷര പഞ്ജീകരണം നടത്തിയതും എഴുതപ്പെട്ട ചരിത്രമാണ്. മേല്‍ പ്രസ്താവിച്ച അടിയന്തരാവസ്ഥയില്‍ കൊച്ചിന്‍ മുനിസിപ്പാലിറ്റി ദ്വാരാ മാലിന്യ നിര്‍മാര്‍ജനത്തിന് നിയോഗിതരായവരില്‍ ചിലര്‍ നമ്മുടെ ഹോസ്റ്റല്‍ തൊഴിലാളികളായിരുന്നു എന്നത് എഴുതപ്പെടാത്ത ചരിത്രം.

ഡിഗ്രി പാസ്സാവാത്ത മുഴുവന്‍ തൊഴിലാളികളും സാദാ വര്‍ക്കര്‍ എന്നും ഡിഗ്രി പാസ്സയവന്മാര്‍ (പീജിക്കാര്‍ എന്ന് വ്യംഗ്യം) സൂപ്പര്‍വൈസര്‍മാ‍ര്‍ എന്നും തരം തിരിക്കപ്പെട്ടതില്‍ ഒരു “ഇത് ”ഇല്ലേ ..? എന്ന് ചോദിച്ചേക്കാം..(“അത് സമത്വ സുന്ദര സങ്കല്‍പ്പത്തിന്റെ വ്യക്തമായ ലംഘനമല്ലേ“ എന്ന് സാമൂഹ്യന്‍ വക സബ്മിഷന്‍ പേടിച്ചാണ് ഇത് എന്നാക്കി തടിയൂരുന്നത്). അങ്ങനെ ഉല്പാദിപ്പിക്കപ്പെട്ട സൂപ്പര്‍വൈസര്‍-വരേണ്യവര്‍ഗത്തില്‍ രാമനും നമ്മുടെ അരിസ്റ്റോട്ടിലും ഒട്ടനവധി സീനിയേര്‍സും ഉണ്ടായിരുന്നു. രാത്രി ഒന്നിന് ക.150 വീതം  (തെറ്റിദ്ധരിക്കണ്ട..ഓടയിലെ മാലിന്യം കോരി ലാറിയില്‍ നിറക്കുന്നത് ചുമ്മാ നോക്കിനില്‍ക്കുകയും സാദാ വര്‍ക്കര്‍മാരുടെ  എണ്ണമെടുക്കുകയും ലാറി തിരികെ മുനിസ്സിപ്പല്‍ പരിസരത്ത് തിരികെ എത്തിക്കുകയുമാണ് പണി). സൂപ്പര്‍വിഷന് കയ്യില്‍ തടയും..അങ്ങനെ 30 ഇന്റു 2 ഈസീക്വല്‍റ്റൂ 60 പ്രവര്‍ത്തിരാത്രികളിലെ സൂപ്പര്‍വിഷന് ക. ഇന്ത്യന്‍ മണീസ് 9000 കയ്യില്‍ത്തടയും  ഇരണ്ട് പണിമുടക്ക് മാസങ്ങളില്‍ എന്നും കൊശവന്മാര്‍ കണക്കുകൂട്ടി.

“ബിവറേജിലേക്കും സിനിമാറ്റാക്കീസ്സുകളിലേക്കും നിരുപാധികം വിതരണം ചെയ്യേണ്ട ഫണ്ട് ഇതില്‍ ധാരാളം“ എന്ന് കിനാവു കണ്ടു പഹയന്മാര്‍. “സമരം നീണ്ട് നില്‍ക്കട്ടേ..എസ്മ പിന്‍വലിക്കുക.” എന്ന് പ്ലക്കാര്‍ഡെഴുതി പകല്‍ സത്യഗ്രഹമിരുന്നാലോ എന്ന് പോലും ചര്‍ച്ചചെയ്തു ലവന്മാര്‍.
 ഏതായാലും  കാളേജില്‍ ക്ലാസ്സില്ല..ഇവിടെ വെറുതെ രാത്രി നോക്കിനില്‍ക്കുന്നതിന് 150 ക.ചുമ്മാ നോക്ക് കൂലി മുനിസിപ്പാലിറ്റി തരുമ്പോള്‍ സമരം നീണ്ട് നില്‍ക്കുകയല്ലെ നല്ലത്..?
എന്നാണ് ചിന്തയുടെ ഡയറക്ഷന്‍.. ആ ഓടയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ഗന്ധത്തെ “നാറ്റം” എന്ന് വിളിക്കുന്നവനെ ചെളിവാരി എറിയണം. അത് സുഗന്ധമാണ്..അതില്ലാതെ ഇപ്പൊള്‍ പകല്‍ ഉറക്കം  വരാതായിട്ടുണ്ട് എന്ന് രാമന്‍ വക അശരീരി.. (കൂട്ടത്തില്‍ പറയട്ടേ.മേല്‍പ്പറഞ്ഞ രാമനും പെണ്ണൂകിട്ടി..അതേന്ന്..അവനും പെണ്ണൂകെട്ടി..ഇക്കഴിഞ്ഞ 7 ന്. സത്യം..പെണ്‍കുട്ടി മഹാരാജാസ്സ് വകയാണ് കേട്ടോ..പ്രേമമല്ല. രാമനെ കണ്ടിട്ടുകൂടിയില്ല..) അപ്പോഴുണ്ട് ചിന്തകന്മാര്‍ക്കിടയില്‍ നിന്നും ഒരു വിപ്ലവകാരിയുടെ ശബ്ദം..അരിസ്റ്റോട്ടില്‍ വക. “അളിയാ..ഈ പണിക്ക് ഞാ‍നില്ല..ഇതു ശരിയായ നടപടിയല്ല. ചെയ്യുന്ന പണിക്ക് ഉചിതമായ കൂലി എന സിദ്ധാന്ദത്തിന് വിരുദ്ധമായാണ് സംഗതികളുടെ പോക്ക്..അവിടെ കഷ്ടപ്പെട്ട് മാലിന്യം കോരുന്ന സദാ വര്‍ക്കര്‍ക്ക് പ്രതിഭലം ക.100.. അവര്‍ കഷ്ടപ്പെട്ട് പണിയുന്നത് ചുമ്മാ നോക്കിനില്‍ക്കുന്ന എനിക്ക് ക.150..ഇതെന്ത് ന്യായം..? പണിക്ക് കൂലി കിട്ടണം. ചെയ്യുന്ന പണിക്കുള്ള കൂലിയെ കിട്ടവൂ..ഈ അന്യായം എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ. ഞാ‍ന്‍ നിര്‍ത്തി”..

നിശബ്ദത...!

ഇവിടെ യഥാര്‍ദ്ധ സോഷ്യലിസം വീണ്ടും ജനനം പ്രാപിക്കുന്നത്  കൊശവന്മാര്‍ നേരില്‍ കണ്ടു..(പള്ളീലച്ചന്മരേ..ഉപദേശിമാരേ..ക്ഷമിക്കുക..വീണ്ടും ജനനത്തെ ഈ പാവം അവദൂതന്‍ കടമെടുക്കുന്നു.)
നോട്ട്: ഈ സീന്‍ “നെയ്ത്ത്കാരനില്‍” ഉള്‍പ്പെടുത്തേണ്ടതാരുന്നു പ്രിയപ്പെട്ട പ്രിയനന്ദാ..കിടിലമാരുന്നേനെ..
 ഷിനോജിന്റെ കണ്ണ് നിറയുന്നത് അവധൂതന്‍ കണ്ടു..
'വാഴ'യുടെ സിരകളില്‍ വിപ്ലവ ജ്വാലകള്‍ പടരുന്നത് തുടര്‍ച്ചയായ ചൊറിച്ചിലില്‍ നിന്നും മനസ്സിലാക്കാമായിരുന്നു..!
 സുനിമോന്‍ പെട്ടെന്ന് വാതില്‍ വലിച്ചടച്ച് പുറത്തേക്കിറങ്ങി.(മൂത്രമൊഴിക്കാന്‍ പോയതാരുന്നു എന്ന് കള്ളവും പറഞ്ഞു അവന്‍ പിന്നീട്). രജീവിന്റെ താടിയിലെ തടവലിന്നിടയിലേ ഇടവേള കൂറഞ്ഞതും തവണകള്‍ കൂടിയതും  കഠിനമാ‍യ ആത്മസംഘര്‍ഷത്തെ ദ്യോതിപ്പിച്ചു. ബാബുവിന്റെ ഗദ്ഗതം അവന്‍ പാട് പെട്ട്  ഒതുക്കുകയായിരുന്നു.(വായില്‍ കിടന്ന പരിപ്പുവട പ്രശമാക്കിയിരുന്നെങ്കില്‍ ഗദ്ഗതത്തോടൊപ്പം  പ്രാണവായു പോയേനെ.) “വിപ്ലവചിന്തകളുടെയും തത്വശാസ്ത്ര പ്രത്യയശാസ്ത്രങ്ങളുടെയും വിപ്ലവകരമായ പുനര്‍ജനി..”
(ഈ  വാചകം അവിടെ ശൂന്യതയില്‍ നിന്നും മുഴങ്ങണം പ്രിയനന്ദാ.). മുറിയില്‍ പുകനിറയുന്നിടത്ത് കട്ട്..

ട്രാന്‍സിഷന്‍    
സീന്‍ 7. ഷോട്ട്.1 (എക്സ്റ്റീരിയര്‍) എം ജീ റോഡ് ഷേണായീസ്സിന് മുന്‍വശം. രാത്രി 12.30 
തൂമ്പയും ഓടയുടെ വിടവിലെ കോണ്‍ക്രീറ്റും ഉരയുന്നതിന്റെ ശബ്ദം (ബാക്ഗ്രൌണ്ട്).
ഓടയിലെ മാലിന്യം വാരി കുട്ടയിലെക്ക് നിറക്കുന്ന ഒരു തൊഴിലാളിയുടെ തൂമ്പയുടെ ക്ലോസ്സപ്..
തൂമ്പയിലെ മാലിന്യം കൊട്ടയിലേക്ക് നീങ്ങുന്നു..ഒപ്പം ക്യാമറയും..
മാലിന്യം കൊട്ടയിലേക്ക് ചളുപിളീന്ന് വീഴുന്നു (ക്യാമറ വീഴണ്ട.സൂക്ഷിക്കുക). കൊട്ട രണ്ട് പേരുടെ കയ്യില്‍ തൂങ്ങുന്നു..അതിലോരാളുടെ തലയിലേക്കും.. (കട്ട്)

ഷോട്ട് 2: ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം സമീപത്തെ പ്രകാശമാനമാക്കുന്നുണ്ട്.(വൈഡ് ആങ്കിള്‍ ആണ് മറക്കണ്ട) ആ പ്രകാശത്തില്‍ രാമന്‍ നില്‍ക്കുന്നുണ്ട്. (നിഴല്‍ അല്ല,..ഓറിജിനല്‍ രാമനാണ്). ഒരു സാദാവര്‍ക്കര്‍ തലയില്‍ മാലിന്യക്കൂടയുമായി ഫ്രെയ്മിലേക്ക് വരുന്നു.. )

ഷോട്ട്  3: രാമന്റെ മുഖം ക്ലോസ്സപ്പില്‍ (അല്ലെ വേണ്ട..വര്‍ക്കറുടെ മതി  രാമനെ ലൈറ്റപ്  ചെയ്യണേല്‍ വലിയ പാടാ)
വര്‍ക്കറിന്റെ മുഖം ക്ലോസ്സപ്പില്‍..അരിസ്റ്റോട്ടിലാണ് സാദാ വര്‍ക്കര്‍ എന്ന് വ്യക്തമാകുന്നു ഇവിടെ...
ക്യാമറ പാന്‍ ചെയ്ത്  രാമനിലേക്ക്.. (സൂപ്പര്‍വൈസ്സറാണ്.രാമന്‍). രാമന്റെ നിറഞ്ഞ കണ്ണൂകളിലെക്ക് സൂമിന്‍ ചെയ്യണം രാമന്റെ വേദന നിറഞ്ഞ കണ്ണുകള്‍ അരിസ്റ്റോട്ടിലിനെ അനുധാവനം ചെയ്യുന്നത് ആ ക്ലോസ്സപ്പില്‍ വ്യക്തമാവണം.

ഷോട്ട്; 4 പകല്‍. (എക്സ്റ്റീരിയര്‍) മുനിസിപ്പാലിറ്റി പരിസരം 
രെജിസറ്ററില്‍ 100 ക.എന്നതിന് മുകളില്‍ ഒപ്പിടുന്ന ഒരു കയ്യ് (ക്ലോസ്സപ്പ്).
അതിലേക്ക് ഒരു നൂറ് രുപ നീളുകയും അത് വാങ്ങുകയും ചെയ്യുന്നു.

ഷോട്ട്: 4 : നുറ് രൂപ നോട്ടിലേക്ക് അരുമയോടെ നോക്കി അത് മനോഹരമായി മടക്കി പോക്കറ്റിലേക്ക് തിരുകുന്ന അരിസ്റ്റോട്ടിലിന്നെ മിഡ്ഷോട്.. ആ മുഖത്ത് സംത്രുപ്തിയുടെ..ആത്മ നിര്‍വ്രുതിയുടെ.. മൂല്യവത്തായ വിപ്ലവ ചിന്തയുടെ.. പ്രത്യയ ശാസ്ത്രങ്ങളുടെ കൃത്യമായ ഉപയോഗത്തിന്റെ തിളക്കം.. ( സോറി.. പ്രിയനന്ദ.. അവധൂതന്റെ കണ്ണുകള്‍ ഇടറുന്നു.. ബാക്കി ഷോട്ടുകള്‍ താങ്കള്‍ക്ക് വിട്ടുതരുന്നു..)

" വിജയിപ്പൂതാക..!!"

അവധൂതന്‍.                                                                                                                                                                                                                                                                                                                             

2010, നവംബർ 26, വെള്ളിയാഴ്‌ച

'' നൂറ ''

{ ഇതു പ്രവാസത്തിന്റെ  നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട്‌ കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു.}
ഒരു ദിവസം ഞാന്‍ പുറത്തു പോയി വരവേ,'നൂറ' പര്‍ദയും ധരിച്ചു കുനിഞ്ഞിരിക്കുന്നു. അവര്‍ എന്താണവിടെ ചെയ്യുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ കാരണം അവള്‍ കാണാതിരിക്കാന്‍ കുറച്ചു മാറി നിന്നു. തലേ ദിവസം ഞാനും സഹമുറിയനും കഴിച്ച ബ്രൊസ്റ്റഡ്‌ ചിക്കണ്റ്റെ കൂടെ കിട്ടിയ ബ്രഡ്‌( ചിക്കണ്റ്റെ എച്ചിലുകളോടൊപ്പം പുറത്തെ ചവറ്റു ബക്കലിട്ടതു) എടുത്ത്‌ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച്‌ നൂറ ധൃതിയില്‍ അവളുടെ ഫ്ളാറ്റിലേക്കു കയറിപ്പോയി.
ഉടന്‍ തിരിച്ചു പോയി  പാലും, ബ്രഡും, മുട്ടയും വാങ്ങി വന്നു നൂറയിടെ വാതിലില്‍ ഞാന്‍ മുട്ടി. അറിയുന്ന അറബിയും ബാക്കി ഇംഗ്ളീഷുമായി... അവ വാങ്ങാന്‍ മടിച്ച അവളൊട്‌ 'നിസാര്‍ ' തിരിച്ചു വന്നാല്‍ ഇതിണ്റ്റെ പണം ഞാന്‍ അവന്റെ  കയ്യില്‍ നിന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു അവ അവളെ ഏല്‍പിച്ചു മടങ്ങാന്‍ ഒരുങ്ങുന്ന എന്നെ ഞെട്ടിച്ച്‌ അവള്‍ പറഞ്ഞു.
''ഇന്ന്‌ രാത്രി ഒരു മണിക്കു റൂമില്‍ വന്നോളൂ.".

വാതിലടക്കാന്‍ നേറം കണ്ണുകളില്‍ യാചനാ ഭാവവും നിറച്ച്‌ അവള്‍ പറഞ്ഞു
"
മാഫി നാഫര്‍ താനി. ഇന്‍ത ബസ്‌ പ്ളീസ്‌'''
(നീ മാത്രം ,മറ്റാരേയും കൂടെ കൂട്ടരുത്‌ പ്ളീസ്‌  )
- റിച്ചു ( ഒരു പ്രവാസി മലയാളി ) 

2010, നവംബർ 25, വ്യാഴാഴ്‌ച

ജനുവരിയുടെ നഷ്ടം

'പ്രയാണം' എന്ന ഭരതന്‍ ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് 1975-ല്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത  ഒരു ചലച്ചിത്ര കാരനായിരുന്നു പി. പത്മരാജന്‍. മലയാളികള്‍ക്ക് സിനിമയിലൂടെ വേറിട്ടൊരു കാഴ്ച നല്‍കിയ പത്മരാജന്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയത് പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ്. നായക സങ്കല്പത്തില്‍ നന്മയുടെ പ്രതിരൂപങ്ങള്‍ മലയാള സിനിമയില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്ന കാലം ജീവിതത്തിന്റെ ദശാസന്ധികളില്‍ നിലനില്‍പ്പിനു വേണ്ടി പൊരുതി നിന്ന പരുക്കന്മാരെ, കള്ളന്മാരെ, പ്രതിനായകരെ സൃഷ്ടിച്ച് സിനിമയുടെ നായകസങ്കല്പം പത്മരാജന്‍ തകര്‍ത്തു. നാട്ടുംപുറത്തിന്റെ കുന്നായ്മകളും, കൊതിക്കെറുവുകളും വെട്ടിപ്പിടുത്തങ്ങളും ഒക്കെ ഭംഗിയായി ലേഖനം ചെയ്ത ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. കള്ളനെ മുഖ്യ കഥാപാത്രമാക്കി വേറിട്ടൊരു  പരീക്ഷണം നടത്തി വിജയിച്ച ആദ്യ സംവിധായകന്‍ ഒരു പക്ഷെ പത്മരാജന്‍ ആകാം.
തിന്മയ്ക്കും, ലംബടത്വതിനും അതിന്റേതായ സൌന്ദര്യമുണ്ടെന്നു ബോധ്യപ്പെടുത്തിയ പത്മരാജന്‍ സിനിമയെ കൂടുതല്‍ ദൃശ്യപരമാക്കാന്‍  ശ്രദ്ധിച്ചു.മൃത്യു, രതി ഇവയെ കുറിച്ചെഴുതുമ്പോള്‍ ആ തൂലിക വാചാലമാകും പോലെ..
മഴ പത്മരാജന് ഇഷ്ട വിഷയമായിരുന്നു. മിക്ക തിരക്കഥകളുടെയും വികാസത്തില്‍ മഴ ഒരു    അവസ്ഥാ വിശേഷമായ് കടന്നു വരാറുണ്ട്. ഇതാ ഇവിടെ  വരെ , തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ദ്രുശ്യ ഭംഗിയുടെ ആത്മാവ്‌ കിടന്നിരുന്നത് മഴയിലെടുത്ത ദ്രുസ്യങ്ങലിലായിരുന്നു. തുടക്കത്തില്‍ ചെറു കഥാകൃത്ത്‌ എന്ന  നിലയില്‍ അംഗീകാരം നേടിയ പത്മരാജന്‍ നോവലിലും ലബ്ത പ്രതിഷ്ഠ നേടി. സീസണ്‍ ഒഴികെയുള്ള ചിത്രങ്ങളില്‍ സാഹിത്യ കാരന്‍ അദ്രുശ്യനായി നില്കുന്നത് നമുക്ക് തിരിച്ചറിയാം.
തമിഴ് നോവലിസ്റ്റ് വാസന്തിയുടെ ഇല്ലിക്കാടു പൂക്കുമ്പോള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു കൂടെവിടെ.. കാഞ്ഞിരപ്പള്ളി നസ്രാണിയുടെ പട്ടാള യൂണിഫോമിനു മറ ഇടാന്‍ കഴിയാത്ത മനസ്സില്‍ ച്ചുരമാന്തിയ സ്വാര്‍ത്ഥ ശാഠ്യങ്ങളുടെ സംശയ വെറികളിലും പെട്ടുഴലുന്ന ആലീസിന്റെയും രവി പുതൂരാന്റെയും ചിത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ പതിയും വിധം അവതരിപ്പിക്കാന്‍ പത്മരാജന് കഴിഞ്ഞു. കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന കഥയ്ക്ക തിരക്കഥ എഴുതി നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ കാഴ്ച വച്ച കൈ ഒതുക്കം ശ്രദ്ധേയമായിരുന്നു. ഉധകപ്പോല എന്ന നോവലിലെ ഒരു ഭാഗം സിനിമയുടെ പരിവൃതത്തിനിണങ്ങും വിധം പാകപ്പെടുതിയതാണ് തൂവാനത്തുമ്പികള്‍.

 പത്മരാജന്റെ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നായിരുന്നു അത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അമ്പരപ്പിക്കും വിധം വ്യത്യസ്തമായൊരു പ്രമേയം ആയിരുന്നു.  ഇന്നലെയിലും, മൂന്നാം പക്കത്തിലും മാധ്യമത്തിനു മേലുള്ള കൈ ഒതുക്കം കൂടുതല്‍ ദ്രുഡമായി അനുഭവപെട്ടു. ഞാന്‍ ഗന്ധര്‍വന്‍  സിനിമയാക്കിയ  പത്മരാജന്‍ ഈ സിനിയുടെ വ്യാഖ്യാനം പ്രേക്ഷകര്‍ക്കായി  വിട്ടു.കഥകളില്‍ മൃത്യുവിനെ കുറിച്ചെഴുതിയെഴുതി ജീവിതത്തില്‍ അവന്‍ ക്ഷണിക്കാതെ വരുന്നത് പത്മരാജന്‍ അറിഞ്ഞു. കാളിദാസന്റെ യക്ഷനെ പോലെ , ശിക്ഷയുടെ കാലാവധി തീര്‍ക്കാന്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട കവിയും കഥാകാരനും സൌന്ദര്യാരാധകനുമായ മറ്റൊരു ഗന്ധര്‍വന്‍ ആയിരുന്നോ പത്മരാജന്‍ ?
മലയാള സിനിമയ്ക്ക് ഒരു ഗന്ധര്‍വ കാഴ്ചയും പ്രണയ സങ്കല്‍പ്പവും ബാക്കി വച്ചുകൊണ്ട് പത്മരാജന്‍ കടന്നു പോയിട്ട് 19 വര്‍ഷമാകുന്നു..
-രമേഷ് കാക്കൂര്‍ 

തിരുത്ത് ...

പാതിയിലേറെ കടന്ന് പോയിരിക്കുന്നു 
ഇന്നിയുച്ചവെയിലത്ത് തിരിഞ്ഞ് നോക്കുൻപ്പോൾ
തിരിച്ചറിയുന്നു ഞാൻ വഴി പിഴച്ചെന്ന്,
ആർക്കാണു പിഴച്ചെതെന്നറിയില്ലയിനിക്കിന്നും. 
പൊൻ നാരായത്തുൻബിനാലെൻ നാവിൽ 
ഹരിശ്രീ കുറിച്ചൊരാശനു പിഴച്ചുവോ? 
വാക്കുകൾ കൂട്ടിയെൻ കാതിലോതിടുന്നേരം. 
പിഴച്ചുവോ എന്മാതാവിനക്ഷരം.
കുഞ്ഞുകൈയ്യ് മുറുകെപ്പിടിപ്പിച്ച് പിച്ച
നടത്തിയനചച്ചനോ പിഴച്ചത്.?
അറിയില്ലയിനിക്കിന്നും.
ജീവിതമറിയാത്ത കാലത്ത് പകുത്ത് ഹ്യദയം 
കൊടുത്തൊരെൻ യൗവനത്തിനും പിഴച്ചുവോ?
എറ്റുവാൻ വയ്യാത്ത ഭാരങ്ങളത്രയും
ചുമലിലേറ്റിത്തന്നൊരാൾക്കോ പിഴച്ചത്?
അറിയില്ലയിനിക്കിന്നും,അറിയുന്നു തിരിഞ്ഞ് 
നടക്കുവാൻ തുടിക്കുന്നൊരെൻ ഹ്യത്തടം
വയ്യ,എഴുതിയും,ചൊല്ലിയും തന്നവരിന്നില്ല
പിച്ച നടക്കുവാൻ പിടിച്ച കൈകളും. 
പിഴച്ചെന്നറിഞ്ഞിട്ട് നട്ക്കുവാനിനി വയ്യ.. തിരുത്തുന്നു..!

2010, നവംബർ 24, ബുധനാഴ്‌ച

എന്നെ മറന്നേക്കു ..!

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍..
മൂടികിടന്നാലും ഓര്‍മ്മകള്‍
ഇടയ്ക്കിടെ അത്
നീറ്റികൊണ്ടിരിക്കും 

നിന്ടെ ഓര്‍മ്മകള്‍
കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു..!
പോയ നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ
മാറിവന്നില്ലേ..

എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ ?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു
ശാപമായി മാറുകയാണോ ...

എനിക്ക്  വയ്യ ,
നിന്ടെ സ്വപ്നങ്ങള്‍
എന്നെ വേട്ടയാടുന്നു ....

ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ..? 
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ
നേരം കൊണ്ട് തച്ചുടച്ചു
ഇരുളിന്ടെ ലോകത്തിലേക്ക്‌
നീ പറന്നകന്നപ്പോള്‍ തനിച്ചായത്‌
ഞാനും എന്റെ ഓര്‍മകളും മാത്രമാണ്..!
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ്
എന്നെ  മറന്നേക്കു ....

ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും നിനക്ക്
പ്രവേശനമില്ല .....

ഞാന്‍ മറക്കാന്‍ ശ്രമുക്കുകായ നിന്നെ ..!
നീ വcന്നാല്‍,
നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല..
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍
നിനക്കാകുമല്ലോ..? 

മറന്നേക്കുക
എന്നെ എന്നന്നേക്കുമായി ..!!



-(Deepu)മഴത്തുള്ളി

2010, നവംബർ 22, തിങ്കളാഴ്‌ച

മടക്കയാത്ര

ഒരു മടക്കയാത്ര..
നിന്‍റെ വരവും കാത്തു നില്‍കുകയാണ്‌ ഞാന്‍.
ആദ്യ ശ്വാസനിശ്വാസം മുതല്‍ക്കേയുള്ള കാത്തു നില്‍പ്പ്
നീ എന്ന് വരുമെന്നറിയില്ല..

കാത്തു നില്‍ക്കാത്ത പലരേയും നീ കൊണ്ടു പോയി
കാത്തു നിന്ന പലരെയും നീ മറന്നു പോയി..!
പലരും നിന്നെ വിളിച്ചു വരുത്താന്‍ നോക്കി
ചിലര്‍ അതിലും പരാജയപ്പെട്ടു..!

കറുത്ത മൂടുപടം അണിഞ്ഞു നീ വരുമ്പോള്‍
എന്തെല്ലാം ഞാന്‍ ഓര്‍ക്കണം..
നീ വന്നു വിളിക്കുമ്പോള്‍ വരാതിരിക്കാന്‍ എനിക്കാവില്ലല്ലോ..!
ഒരു പാടു മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറയുന്നു എങ്കിലും
നിന്നെ തനിയെ മടക്കി അയക്കാന്‍ എനിക്കാവിലല്ലോ
നീ വരുന്നത് അറിയാമായിരുന്നിട്ടും..!


-റിച്ചു

2010, നവംബർ 21, ഞായറാഴ്‌ച

നന്ദി..ഹൃദയപൂര്‍വ്വം

പ്രിയ കുട്ടുകാര്‍ക്ക് സ്നേഹാഭിവാദനങ്ങള്‍.. 
അക്ഷരങ്ങള്‍ അമൂല്യമായ രത്നങ്ങളാണ്..!
അത് കണ്ടെടുത്ത് ചെത്തിമിനുക്കി പൊന്നില്‍ പതിപ്പിച്ച് ആഭരണമാക്കുമ്പൊള്‍ അമൂല്യങ്ങളാകും..
അമൂര്‍ത്തമായത് അനശ്വരതയിലേക്ക് എത്തും..
ഇവിടെ മനോഹരങ്ങളായ ആഭരണങ്ങളുണ്ട്..
കവിതയായ്, കഥകളായ്,ലേഖനങ്ങളായ് ,പ്രതികരണങ്ങളായി..അങ്ങനെ..അങ്ങനെ..                                                      ഈ അക്ഷരമാല്യങ്ങള്‍ അടുക്കി വച്ചിരിക്കുന്നത് നമ്മുടെയൊക്കെ മനസ്സിന്റെ അടിത്തട്ടിലെ ഓര്‍മ്മച്ചെപ്പിലാവുമ്പോള്‍ അവ സുഖകരമായ ഒരു അനുഭൂതി ആകുന്നു.
അതില്‍ പണിക്കുറ്റം തീരാത്ത മാല്യങ്ങള്‍ ഉണ്ട്. തീര്‍ച്ച..!
അവ നമ്മുടെ വിവേചനബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച് മിനുക്കി എടുക്കുക എന്ന ദൌത്യവും നമുക്കുണ്ട്.                                                                                                                      “മഹാരാജാസ്സ്” എന്ന നമ്മുടെ ബ്ലോഗില്‍ ആദ്യക്ഷരങ്ങളും ആദ്യ വരകളും പതിഞ്ഞിട്ട് ഇന്നേക്ക് 22 നാളുകള്‍.
 ഈ 22 നാളുകളില്‍ ഈ  താളുകളില്‍ സന്ദര്‍ശകരായ്  3000 പേര്‍ ..!!
 അഭിമാ‍നിക്കാം നമുക്ക്. വായന കുറയുന്നു എന്ന് പരാതി പറയുന്ന പഴയ തലമുറക്കും,
 സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് റൂമുകള്‍ മാത്രം ഒതുങ്ങുന്ന 
പുത്തന്‍കൂറ്റ്കാര്‍ക്കും ഇടയില്‍..നമ്മള്‍ കുറച്ച് പേര്‍..ഇങ്ങനെ..
അതെ..അക്ഷരങ്ങളുടെയും വരയുടെയും ലോകത്ത്..സര്‍ഗവൈഭവത്തിന്റെ ഇത്തിരി വെട്ടവുമായി..ക്രിയാത്മകതയുടെ ആയുധവും വഹിച്ച്..പ്രതികരണശേഷിയുടെ കൊടിക്കൂറയുമായി..
ജിമിയും, സുമിയും,  രമേഷ് കാക്കൂറും, ഡോ. പ്രവീണ്‍ ജി പൈ-യും, ബിന്ദു ദേവരാജും, രാജേഷ് മേനൊനും, രജീഷ് നാരായനനും, മില്‍ട്ടൂസ്സും, കരമന സി. അശോക് കുമാറും, കവിതാ രാജേന്ദ്രനും ,നിതിനും,  ഡോ. റഹീസും ഒക്കെ ഈ സര്‍ഗ വിപ്ലവത്തില്‍ അണിനിരക്കുന്നു.
 ഇത് മഹാസാഗരത്തിലെ ഒരു ചെറിയ ചലനം മാത്രമാണെങ്കിലും അതിന്റെ അലകള്‍ ചക്രവാള സീമയോളം പരക്കുകതന്നെ ചെയ്യും..!!
 കലാശാലകള്‍ ഒരു നാടിന്റെ സംസ്ക്രിതിയുടെ നഴ്സറികളാണ്. 
അവയില്‍ നിന്നും  ഉള്‍ക്കൊണ്ട ജലവും, വായുവും, പോഷകങ്ങളും, അവിടെ നാം അനുഭവിച്ച അന്തരീക്ഷവുമാണ് നമ്മുടെ ഇക്കാല ജീവിതത്തിന്റയും വരുംകാല വിജയങ്ങളൂടെയും ചാലകശക്തി..
കലായയത്തിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ഒരു ചിന്ത പോലും നമ്മിലുണ്ടാക്കുന്ന അഹ്ലാദത്തിന്റെയും അപാരമായ ഊര്‍ജ്ജത്തിന്റെയും തിരത്തള്ളല്‍ ഒന്നൂഹിച്ച് നോക്കൂ.. 
 അതെ.. അതാണ് ഈ വിപ്ലവത്തിന് കലാലയങ്ങളുടെ മഹാരജാവിന്റെ പേര് തന്നെ ആവാന്‍ കാരണം..അതുകൊണ്ട് അത് മഹാരാജാസ്സുകാരുടെത് മാത്രം എന്നര്‍ത്ഥമില്ല. സ്വന്തം കലാലയത്തിനെ സ്വന്തമായ അഹങ്കാരം എന്ന് കരുതുന്ന എല്ലാ  സുഹ്രുത്തുക്കള്‍ക്കും ഉള്ളതാണ്..ഇത് കലാലയങ്ങളുടെ സര്‍ഗസംവാദത്തിനും ആശയസംവേദനത്തിനും..ആസ്വാദനത്തിനും ഉള്ള വേദിയാണ്..                                                                നമുക്ക് സംവദിക്കാം..സല്ലപിക്കാം..ഇവിടെ..!!                                                                                          വായനയുടെയും ആസ്വാദനത്തിന്റെയും പൂര്‍ണ്ണത ആ സ്രുഷ്ടിയെ ക്രിയാത്മകമായി വിലയിരുത്തുമ്പോഴാണ്..ഇവിടെയും അതാണാവശ്യം..ഈ താളുകളെ വിലയിരുത്തുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക എന്നത് നമ്മുടെ അവകാശമാണ്..
 നമ്മുടെ ചുറ്റ് പാടുകളിലെ ചലനങ്ങളോട് ഒരു റിഫ്ലക്സ് എന്ന പോലെ നാം ഇടപെടുക..
അതിനുള്ള മാര്‍ഗമാണ് പ്രതികരണവും സര്‍ഗശേഷിയും..
ആ ഇടപെടല്‍ ഒരു പക്ഷെ അലകളും തിരമാ‍ലകളും ഉണ്ടാക്കിയേക്കാം.
 അത് പ്രതീക്ഷയാണ്..ഇടപെടണം നാം എല്ലാം..
 നമ്മള്‍ മുന്‍പോട്ടാണ് പൊവുക..ഉറച്ച കാല്‍ച്ചുവടുകളോടെ..
അനുഭവങ്ങളുടെ കരിങ്കല്‍പ്പടവു താണ്ടി..സര്‍ഗശക്തികളായി.. !!                                                                                                                                 മൂവ്വയിരത്തില്‍ നിന്ന് മുപ്പതിനായിരത്തിലേക്ക്..
 അത്രയും സര്‍ഗചേതനകള്‍ 
ഒന്നിക്കുകയാണ്..പ്രതികരിക്കുകയാണ്..സംവദിക്കുകയാണ്..!!                                                              നന്ദി..ഹൃദയപൂര്‍വ്വം                                                                                                                                  മഹാരാജാസ്സ്..

2010, നവംബർ 20, ശനിയാഴ്‌ച

അനന്തസീമയിലേക്ക്.....

അസ്തമയമെന്നെന്ന്‍ അറിയാതെ
തിരിയുന്നു ജീവിത ചക്രവാളങ്ങള്‍
നിരന്തരം മുമ്പോട്ട്
വ്യഥകള്‍ ..വ്യര്‍ഥമാം.. കാത്തിരുപ്പുകള്‍
കണ്ണുനീരിന്‍ അഗാതകയങ്ങള്‍ വഴിയില്‍
ലക്ഷ്യമാം അനന്ത സീമയിലേക്ക്.....
ജീവിതമാം വണ്ടിവലിച്ച് നാം നീങ്ങുന്നു നിരന്തരം.
ശൂന്യമായ കൈകാലുകളാല്‍,ഭാരമേറിയ മനസാല്‍......

ഇടയ്ക്കു വന്നെത്തുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരി വെളിച്ചത്തില്‍ വേഗത്തിലോടുന്നു നാം

പിന്നെയും കൂരിരുള്‍ എന്നും
അപ്പോഴും കിതച്ച് ,വിയര്‍ത്ത് , നാം

മുമ്പോടു പോകുന്നു
കൊഴിഞ്ഞ വസന്തം ഉള്ളിലൊതുക്കി
തേങ്ങികരഞ്ഞ്......,ഊറിച്ചിരിച്ച്......,
നാമറിയാതെ നമ്മെ അറിയിക്കാതെ
കൊടും കാറ്റുപോല്‍ വന്നെത്തുന്നു ജീവിത ലക്ഷ്യസ്ഥാനം
നാം, വെറും പഥികര്‍ മാത്രം.....

-സുമി 

2010, നവംബർ 19, വെള്ളിയാഴ്‌ച

ഒരു വട്ടം കൂടി...!



  ഒരുവട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹിക്കുന്നത് കവി മാത്രമല്ല. ഓര്‍മകളും വിരഹവും നൊമ്പരവും പ്രതീക്ഷയും നൊസ്റ്റാള്‍ജിയയും അകക്കാമ്പിലുള്ള ഒരോരുത്തരുമാണ്...
ഇത് വെറും 'ക്ലീഷേ' അല്ലെ..? എന്ന് ചോദിക്കുന്നവരുണ്ടാവാം..
“അല്ലേ..അല്ല“ എന്നാണുത്തരം..
ഓര്‍ക്കുട്ടും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഈ പഴഞ്ചന്‍ ക്ലീഷെയെ അപ്രസക്തമാക്കിയിരിക്കുന്ന ഈ കാലത്ത് ഒരു ഓര്‍മ്മപ്പുസ്തകത്തിന്റെ ആവശ്യമെന്ത്..? എന്നും ചോദിച്ചേക്കാം, ചിലര്‍...!
 “ഇത് വെറുമൊരു ഓര്‍മ്മപ്പുസ്തകമല്ല”-എന്നാണുത്തരം..!
ഇത് വായിക്കുന്നതുവരെ നാം ജീവിച്ചിരിക്കുകയായിരുന്നു എന്ന് നാം അറിയുന്നത് തന്നെ തൊട്ട് മുന്‍പ് കടന്ന് പോയ നിമിഷാര്‍ദ്ധത്തിന്റെ ഓര്‍മ്മയുടെ അടിസ്ത്ഥാനത്തിലല്ലേ..?
ആ ഓര്‍മ്മവഴിയില്‍ ഏറ്റവും ഭാവാത്മകമായ കാലഘട്ടം നമ്മുടെയൊക്കെ ക്യാമ്പസ് ജീവിതം തന്നെയാണ്..!
തികച്ചും അപരിചിതമായ ഒരു ചുറ്റ്പാടിലേക്ക്, തീര്‍ത്തും അപരിചിതനും അപ്രസക്തനുമായി എത്തിപ്പെട്ട്  ക്യാമ്പസ്സിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പകച്ച് നിന്ന ഒരു പത്താം തരക്കാരനില്‍ നിന്നാണ് നമ്മുടെയൊക്കെ ക്യാമ്പസ് ഓര്‍മ്മകള്‍ ആ‍രംഭിക്കുക.
ആ തണല്‍ മുറ്റത്ത് നിന്നപ്പോള്‍ ഉതിര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തില്‍ നാം അറിയാതെ തന്നെ നമ്മെ ഇതുവരെ എത്തിച്ച നവ ജീവവായു നമ്മിലേക്ക് എത്തിയതും അത് നമ്മുടെ ബോധതലങ്ങളെ ഉദ്ദീപിപ്പിച്ചതും നാം അറിഞ്ഞിട്ടുണ്ടാവില്ല ഒരു പക്ഷെ. ആ തണല്‍ വഴിയിലേക്ക് പകച്ച് നടന്നപ്പോള്‍ തോളില്‍ ഉതിര്‍ന്ന് വീണ ഒരു ചെറു വാകമരപ്പൂവു പോലും നമുക്ക് അപാരമായ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നു എന്ന് ഓര്‍ക്കുക. കാമ്പസ്സിലെ ഓരോ തണല്‍ മരവും മണല്‍തരിയും നാം എന്ന മനുഷ്യന്റെ മൂലകങ്ങളായി നമ്മിലേക്ക് ഇഴുകിച്ചേരുകയായിരുന്ന് എന്ന് നാം തിരിച്ചറിയുക. അവിടെ നമ്മെ കാത്തിരുന്ന പുസ്തകങ്ങളെക്കാള്‍, നമ്മെ ഉടച്ച് വാര്‍ത്ത സമര്‍ദ്ധരായ ശില്‍പ്പികളായിരുന്നു ഗുരുക്കന്മാര്‍ എന്ന് നാം മറക്കാതിരിക്കുക. ആ ഓര്‍മ്മകള്‍ക്ക് ഒരുകുടക്കിഴില്‍ ഒരുമിച്ച് മഴനനഞ്ഞ സൌഹ്രുദങ്ങളുടെ ഊഷ്മളതയും അമ്മ വാട്ടിയ വാഴയിലയില്‍ സ്നേഹം ചാലിച്ച് പൊതിഞ്ഞ് തന്ന തേങ്ങ ചമ്മന്തിയും ചോറും പരസ്പരം പങ്കിട്ടതിന്റെ പവിത്രമായ സ്വാദുമുണ്ട്.. !!                                                                    എത്ര പറഞ്ഞാലും എത്ര കേട്ടാ‍ലും മതിയാവുമോ..ആ ഓര്‍മ്മകള്‍..?                                                                ഇത് വായിക്കുമ്പോള്‍ നമുക്ക് തൊന്നുക..”ഒന്ന് കൂടി ആ കാലഘട്ടത്തിലേക്ക് തിരിച്ച്പോകാനായിരുന്നുവെങ്കില്‍ എന്നല്ലെ..?
അതെ..
ഒന്ന് കൂടി പറയട്ടെ..
നമുക്ക് അവിടെക്ക് തിരിച്ചുപോകണം.. പക്ഷെ വെറുതെ ആ പഴയ മഞ്ചാടിമണികള്‍എണ്ണിത്തിട്ടപ്പെടുത്താനല്ല..പകരം....                                                                                                       നാം അവിടെ ബാക്കിവച്ച ചിലത് കണ്ടെടുക്കാന്‍..പറയാതെ പൊയ പ്രണയവും പരിഭവവും പങ്കുവയ്ക്കാന്‍..പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ചിലത് പൂര്‍ത്തീകരിക്കാന്‍..പൊറുക്കാന്‍ മറന്ന ചില തെറ്റുകള്‍ പൊറുക്കാ‍ന്‍, തിരുത്താതിരുന്ന ചെയ്തികള്‍ തിരുത്താന്‍..നന്ദിയേകാന്‍ മറന്ന് പൊയെങ്കില്‍ ആ ഗുരുഭുതരോട് അത് ഉച്ചത്തില്‍ വിളിച്ച് പറയാന്‍...ആ കലാലയച്ചുമരില്‍ ഒന്ന് കൂടി ചെവിചേര്‍ത്ത് തലമുറകളോട് സല്ലപിക്കാന്‍..അങ്ങനെ..അങ്ങനെ..                                                             ഇത് വെറും തിരിച്ച് പോക്കല്ല..ഓര്‍മ്മപ്പുസ്തകവുമല്ല..                                                                            നാം വീണ്ടും എത്തുകയാണ്..തികച്ചും അപരിചിതനായി. ഒരു പത്താം തരക്കാരനായി..പകച്ച് നില്‍ക്കുന്ന വെരും നാമായി..ക്യാമ്പസ്സിലേക്ക്.. !!                                                                                                   പുതിയ തുടക്കം, പുതിയ ചരിത്രം, പുതിയ ഒരു ജീവിത കഥ. അതെ അന്ന് ആ തിരുമുറ്റത്ത് നടണം എന്ന് നാം ആഗ്രഹിച്ചിട്ടൂം നടാ‍തെ പോയാ ഒരു മാഗന്ധം നാം വീണ്ടും നടുകയാണ്. സങ്കല്‍പ്പം മാത്രമാണെങ്കിലും അതിന് സൌഗന്ധികത്തിന്റെ മാസ്മര ഗന്ധമുണ്ടാവും..അത് വളരും, പടര്‍ന്ന് പന്തലിക്കും..പുതിയ തലമുറക്ക് തണലും കുളിരും ഊര്‍ജ്ജവും പകര്‍ന്ന് തരും..                                     എഴുതുക..നാം ഓരോരുത്തരും.“.ഒരുവട്ടം കൂടി നാം അതേ ക്യാമ്പസ്സില്‍ ഒരു പുതിയ പത്താം തരക്കാരനായി എത്തിയാല്‍..?“
 നിങ്ങളുടെ കുറിപ്പുകള്‍ ..അയക്കുക.. ഒരു ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക..                             

ഗാന്ധര്‍വ്വം

നിന്‍ പ്രണയബലിയ്ക്കായ്‌
മനസ്സിന്‍ താളത്തില്‍
പറന്നിറങ്ങിയവന്‍ ഞാന്‍
‍നിലാവിനാല്‍ സ്വതന്ത്രനായ്‌
ഗന്ധങ്ങളാല്‍ തടവിലായ്‌
നേരിന്‍റെ നീലച്ച ഞരംബിലൂടെ
സ്വപ്നത്തിലേക്കു ചേക്കേറിയോന്‍
പ്രഭാത രശ്മിയിലൊടുങ്ങുമെങ്കിലും
ഇരുളിലൊരു മിന്നലായ്‌
പ്രകാശതതിലൊരിരുള്‍പ്പാതി മാത്രമായ്
ശംഖിലിരംബമെന്നപോല്‍
നിന്നിലലയാന്‍ വിധിച്ചോരീകാറ്റുഞാന്‍
നിന്നിലെ തടവുകാരനാം
ഓര്‍മ്മതന്‍ പാലപ്പൂ
ഗഗനചാരിയാം ഞാന്‍
മേഘമെയ്യില്‍ കാണുന്നു നിന്‍ ‍
നക്ഷത്രങ്ങളാം കാക്കപ്പുള്ളികള്‍
പുലരിപിരിയും മുന്‍പേ
പെയ്തൊഴിയാത്തതാം
പ്രണയതോര്‍ച്ച തന്‍ ബാക്കിയായ്‌
പറയുവാനേറെയുണ്ടിന്നും...

- രാജേഷ് മേനോന്‍

2010, നവംബർ 18, വ്യാഴാഴ്‌ച

ഭരതന്‍ - നിറചാര്തുകളുടെ രാജകുമാരന്‍

വാക്കിനു സ്വരം അര്‍ത്ഥമെന്നത് പോലെ ദൃശ്യബിംബത്തിനു ചിഹ്നം അര്‍ഥം നല്‍കുന്നു. ഓരോ ദൃശ്യവും ഓരോ ജീവിതമാണെന്ന് ചിന്തിക്കുകയും അത്തരം ചിന്തകളിലൂടെ മലയാളികള്‍ക്ക് ജീവിത ഗന്ധിയായ ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍.
എഴുപതുകളില്‍ കലാ സംവിധായകനായ് സിനിമയില്‍ വന്ന ഭരതന്‍ ഓരോ സിനിമയുടെയും പരിവൃതത്തിനുള്ളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ കലാസംവിധാനത്തില്‍ ശില്പ രചനയുടെ ക്രിയാത്മക സാധ്യതകളിലേക് സ്വന്തം കയ്യൊപ്പ് വ്യാപിപ്പിചെടുക്കുവാന്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പിന്നീട് വന്ന തലമുറകളിലെ കലാ സംവിധായകര്‍ക്ക് പ്രചോധനമായിട്ടുണ്ട്.
കലാ സംവിധായകനായ ഭരതന്‍, സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത് 'പ്രയാണ'ത്തിലൂടെ ആണ്. 1979-ല് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് ഭരതന്‍ തന്നെ ആയിരുന്നു. രചന നിര്‍വഹിച്ചത് പി. പത്മരാജനും. പത്മരാജന്റെ ചലച്ചിത്ര ജീവിതത്തിലേക്കുള്ള അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം. ഭരതന്‍ എന്ന ചിത്രകാരനും പത്മരാജനെന്ന സാഹിത്യകാരനും ഒരു പുതിയ ചലച്ചിത്രം സാക്ഷാത്കരിക്കുവാന്‍  ഒന്നിച്ചു.  ഈ ഒത്തു ചേരല്‍ മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ പിറന്നുവീണ 'രതിനിരവേദവും', 'തകര'യും ഭാവതീവ്രമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.
രചനാ മേഖലയില്‍ നിപുണ ശാലികള്‍ എന്ന് വിശേഷിപ്പിക്കുന്ന എം. ടി , പത്മരാജന്‍, ജോന്പോള്‍ , ലോഹിതദാസ് തുടങ്ങിയവരുടെ തിര രചനകള്‍ ചലച്ചിത്രമാക്കുമ്പോഴും മലയാളത്തിന്റെ ഗതാനുഗത ആഖ്യാനാവിഷ്കാര പ്രയാണത്തില്‍ നിന്നും പാടെ വ്യത്യസ്തമായി തിരകഥയെ സംവിധായകന്റെ ധ്രിശ്യവ്യാഖ്യനതിനുള്ള പ്രശ്ന പാഠമായി സമീപിച്ചു എന്നതാണ് ഭരതനെന്ന സംവിധായകന്റെ സുപ്രധാനവും സവിശേഷവുമായ വ്യതിരിക്തതയും മികവും.
എന്പതുകള്‍ ഭരതന്റെ സുവര്‍ണ കാലഖട്ടമായി വിശേഷിപ്പിക്കാം. 'ചാമരം', 'മര്മരം', ഓര്‍മക്കായ്‌, പാളങ്ങള്‍, ചിലമ്പ്, വൈശാലി തുടങ്ങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളില്‍ ഭരതന്‍ നിറഞ്ഞുനിന്നു.
രതിയും, പകയും, കുററബോധവുമാണ് മനുഷ്യ മനോഖടനയുടെ സ്ഥായിയായ അടിസ്ഥാന ധാരെന്ന സങ്ങല്പതിലാണ് ഭരതന്‍ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പാഥേയവും, ലോറിയും, എന്റെ ഉപാസനയും ഇത് വിളംബരം ചെയ്യുന്നു.
പ്രയാണത്തില്‍ തുടങ്ങിയ തന്റെ സിനിമാസപര്യ ചുരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ കാലയളവിനുള്ളില്‍ മലയാള സിനിമയില്‍ ഒരു പുതു വസന്തത്തിന്റെ വേലിയേറ്റം തന്നെ ഈ അപൂര്‍വ പ്രതിഭ സാധിചെടുതിരുന്നു. തന്റെ സിനിമകളുടെ ഓരോ ഫ്രെയിമും ചിത്രകലയോട് അടുപ്പിക്കുന്നതില്‍ ഭരതന്‍ വിജയിച്ചിരുന്നു. സിനിമയെ കലാ മാധ്യമമായി ഉപാസിച്ചിരുന്നു ഭരതന്‍, അതുകൊണ്ട് തന്നെ ആ പ്രതിഭ പകര്‍ന്നു തന്ന കാഴ്ചകള്‍ നമുക്ക് ഗൃഹാതുരത്വമുനര്തുന്ന വിസ്മയങ്ങലായ് തെളിവോടെ നിറഞ്ഞു നില്‍ക്കുന്നു. 1947 നവംബര്‍  14 നു ജനിച്ച, നിറങ്ങളെയും സംഗീതത്തെയും ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന ഈ രാജകുമാരന്‍ 1998  ജൂലൈ 30  നു യാത്രയായി. ഇനിയും ഒരുപാട് ചിത്രങ്ങളും ഫ്രെയിമുകളും ബാക്കി വെച്ചുകൊണ്ട് ചമയങ്ങളും ആരവങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്... 
- രമേഷ് കാക്കൂര്‍  

2010, നവംബർ 17, ബുധനാഴ്‌ച

ഞാന്‍ ഇവന്മാരെ തല്ലിക്കൊല്ലും.. ഇത് സത്യം..! സത്യം..!! സത്യം..!!!



സാമൂഹ്യന്‍ ഈയിടെ കൊല്ലൂര് വരെ ഒന്നു പൊയി..
അവിടുന്ന് കുടജാദ്രിക്കും.
ശങ്കരാചാര്യര്‍ അവര്‍കളെ മനസ്സാ നമിച്ചൂപോയിഷ്ടാ..
സാമൂഹ്യനൊക്കെ ജീപ്പുമ്മെ കയറി ഇരുന്ന് സുഖിച്ച് ആടി ആടി കുടജാദ്രിദര്‍ശനം നടത്തി, 'ആചാര്യന്'‍ ഈ കാട്ടുവഴികള്‍ അട്ട മുതല്‍ ആന വരെയുള്ള സര്‍വത്രാതി അലമ്പന്മാരെയും ത്രിണം ത്രിണം (പോടാ പുല്ലെ) എന്ന് അവഗണിച്ച് നടന്ന് തീര്‍ത്തില്ലെ..!!
 ഈ കേരളമഹാരാജ്യത്ത് നിന്ന് മംഗലാപുരം വരെ മാവേലിയില്‍ എത്തി അവിടുന്ന് നല്ല എ-ക്ലാസ്സ് ബസ്സില്‍ ടീവിപ്പടോം കണ്ട് കൊല്ലൂരില്‍..സൌപര്‍ണ്ണികയുടെ ഇത്തിരിവെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നപ്പോള്‍ “ഹൊ എന്താ സുഖം..!!“
അവിടുന്ന് ജീപ്പില്‍ ദാ..കുടജാദ്രിയില്‍..
സത്യം പറഞ്ഞാല്‍ സാഹിത്യ ഭാഷേല്‍ അഞ്ചാറ് കാവ്യം നിന്നപടി പടയ്ക്കാ‍ന്‍ തോന്നി ആ സന്ധ്യ അവിടെ നിന്നങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോള്‍..!!
തിരികെ കൊല്ലൂരെത്തി 10 രൂപക്ക് ഒരു പായും തലയിണയും എടുത്ത് സത്രത്തില്‍ കിടന്ന് സുഖസുന്ദരമായ കൂര്‍ക്കം വലി.
 “ഹൈ..എന്തു രസം..എന്തൊരു സുഖം..”
അടുത്തൊരു യാത്രവരെ ഈ ഓര്‍മ്മ അത്യാവശ്യം ഊര്‍ജം തരും..(ബാക്കി ഊര്‍ജ്ജം ദിവസേന ഉള്ള പാനോപചാരത്തില്‍ നിന്നും ലഭിക്കും..സുഹ്രുത്തായ അബ്കാരി-ശിവന്‍ പിള്ള വക.)                                           അങ്ങനെ സുഖമായി ഭവിച്ച തീര്‍ത്ഥാടനത്തിന്റെ തിരികെയുള്ള 'ലാപ്'-ന്റെ പകുതി മംഗലാപുരം വരെ ബസ്സില്‍. (ടിവീല്‍ ഭക്തിഗാനത്തിന്റെ ആല്‍ബം.കന്നട.ഒന്നും പിടികിട്ടുന്നില്ല..ഇവന്മാര്‍ക്കൊന്നും ഒരു ബോധവുമില്ലെ ആവോ..കോല്ലൂരു പോലും നമ്മുടെ മണീന്റെ പാട്ട് കേട്ടതാണല്ലോ..അതിലൊന്നിട്ടുകൂടെ..?)                                                                                                       മംഗലാപുരത്തെത്തിതും അപശകുനന്‍ വന്ന് സ്വീകരിച്ചു.!!
'പരശു' മിസ്സ് ആയി.
ഇയാള്‍ ഇപ്പൊ ഷാര്‍പ് റ്റൈമിംഗ് ആന്നു..!
 നേരെ ബസ് സ്റ്റാന്റിലേക്ക് വച്ച് പിടിച്ച്.. അവിടെ ദാ കിടക്കുന്ന് കര്‍ണ്ണാടക വക നല്ല വെടിച്ചില്ല് വോള്‍വോ ബസ്സുകള്‍..എന്റമ്മെ..എന്താ രസം..!!!!
'യൊവ്വനം' മുറ്റി നില്‍ക്കുകയാ..നിശബ്ദമായിട്ടാ ഓട്ടം പോലും..!
അതില്‍ ചിലത് നമ്മുടെ സ്വന്തം കാസര്‍കോട്ടേക്കുമുണ്ടത്രെ..!!
അതില്‍ ഒന്നില്‍ സാമൂഹ്യന്‍ കയറിപ്പിടിച്ചു..പക്ഷെ..ആ നിറയൊവ്വനം പെട്ടെന്ന് ഒരു തിരിച്ചറിവുണ്ടാക്കി..വേണ്ട..നമ്മുടെ സ്വന്തം 'കെയെസ്സാര്‍ട്ടീസി' ഒരെണ്ണം തൊട്ടപ്പുറത്ത് കിടക്കുന്നു.. നിറയൌവ്വനമല്ലെങ്കിലും നാട്ടിന്‍പുറത്തെ ഒരു ലാവണ്യം അതിനുണ്ട്. ലാവണ്യത്തില്‍ കയറി മുന്നിലെ ഒറ്റസീറ്റില്‍ ഇരിപ്പുറപ്പിച്ചു.     
                                                                വണ്ടി അനങ്ങിത്തുടങ്ങി..നേത്രാവതിപ്പുഴ കടന്ന് കേരളത്തിലേക്ക്.. പിറന്ന മണ്ണിലേക്ക് വീലെടുത്ത് വച്ചതും നനുനനാന്ന് മഴ. ഹൈ ഹൈ..പുതുമണ്ണിന്റെ നറു മണം..കുട്ടിക്കാലത്തെ തുലാവര്‍ഷ ഓര്‍മ്മയില്‍ ഈ മണമുണ്ട്..അതിന്റെ ഒപ്പരം (കണ്ണൂര്‍ ഭാഷയില്‍) വൈകിട്ടത്തെ ഇളം വെയിലും കട്ടന്‍ കാപ്പീം പിന്നെ വല്യമ്മ അടുപ്പിലെ ചൂട് കനലില്‍ ഇട്ട പറങ്കിയണ്ടിയുടെ..ഹൌ..!!!!! മണം.. സര്‍വത്രാതി സാഹിത്യം, നൊസ്റ്റാള്‍ജിയ..സുഖം..എന്റമ്മച്ചി..
ഇത്രേം നല്ലൊരു യാത്ര..!!!
ആ സുഖത്തിലൊന്ന് മയങ്ങിപ്പൊയി.അവിടുന്ന് ഉറക്കത്തിലേക്കും ബോധമില്ലായ്മയിലേക്കും കടന്നു.. 'ലാവണ്യം' ഉപ്പള, കുംബള, മൊഗ്രാല്‍ വഴി കാസ്രോടെത്തിയത് നന്നായി അറിഞ്ഞത് നടുവ് തീര്‍ത്ത് ഒരു അടി കിട്ടിയപ്പോഴാണ്.. അത് അടിയല്ലാരുന്ന് ലാവണ്യത്തിന്റെ ടയര്‍ ഊക്കനൊരു ഗട്ടറില്‍ വീണതാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. പോട്ട്..കേരളമല്ലെ..ഒന്ന് രണ്ട് ഗട്ടറൊക്കെ ഇല്ലെല്‍ എന്താ ഒരു രസം..? എന്ന് സമാധാനിച്ചു.
 എന്റെ പൊന്ന് കൂടപ്പിറപ്പുകളേ.. പിന്നീടല്ലേ കളി..
'റ്വാട്' എന്നൊരു വസ്തു അവിടില്ല.. ലാവണ്യം ഒരു 1-2 കി മീ കഷ്ടി സ്പീടില്‍ ഇങ്ങനെ ആടി ഉലയുന്ന്..ഒടുന്നില്ല സാധനം.
 ഒരു കുഴീന്ന് അടുത്ത കുഴീലേക്ക്..കുഴീയുടെ വക്കിലെങ്ങാന്‍ ഇത്തിരി ചരിവുണ്ടെങ്കില്‍ അതില്‍ തപ്പിപ്പിടിച്ച് വീലെറക്കി അള്ളിപ്പിടിച്ച് കരക്ക് കയറുവാ റൈവര്‍ സാറ്..എന്റമ്മെ..നടുവിന്റെ എണക്ക് തെറ്റീത് അടുത്ത കുഴിയിറക്കത്തിന് തിരിഞ്ഞൊടിയുന്ന്..വണ്ടീലിരിക്കുന്ന യാത്രക്കാരില്‍ പലരും സീറ്റ് അവിടെ ഇട്ട് ജീവനും കൊണ്ട് എണീറ്റ് നില്‍ക്കുവാ..ആ മഹാ രാജരധ്യക്ക് പേര് എന്‍..എച്..17 എന്നാന്ന് ഒരു ബോര്‍ഡ് കണ്ട്..ഇത് 'എന്‍ എച്' അല്ല എന്റെ നെഞ്ചത്ത് തന്നപ്പീ.!!!!!!                                                        അതിനിടേല്‍ ദേ പോണ് ഒരു ആംബുലന്‍സ്..മംഗലാപുരത്തേക്കാ..”ഇതുവഴി മംഗലാപുരത്തെത്തില്ലിഷ്ടാ..യമപുരത്തേക്ക് സ്ട്രേറ്റ് പോകേണ്ടി വരും“ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഒരു യാത്രക്കാരന്‍.. ദാ കുഴികള്‍ ഇപ്പൊ തീരും. കാഞ്ഞങ്ങാട് വരെയേ ഉള്ളു എന്ന്‍  കണ്ട്രാവി പറഞ്ഞു.. പക്ഷെ കാഞ്ഞങ്ങാടെത്തണ്ടെ.. ഒരു കുഴി കയറി ഇറങ്ങാന്‍ കുറഞ്ഞത് 1.5 മിനിറ്റ് എന്ന കണക്കില്‍ 20 കി. മീ പരിധിക്കുള്ളീലെ പതിനായിരത്തില്‍ പരം കുഴികള്‍ കയറി ഇറങ്ങാന്‍ എത്ര മിനിറ്റ്? ആ വഴിക്കണക്ക് തലപെരുപ്പിക്കും എന്നറിഞ്ഞത് കൊണ്ട് ചിന്തിക്കാന്‍ പോയില്ല. (കുഴി പതിനായിരമേ വരു..കാരണം ഒരു കുഴിക്ക് ശരാശരി 4 മീറ്റര്‍‍ ആരവും 2 അടു ആഴവും ഉണ്ട്..)    
                                                                                                                                                     യെവനായാലും ഈ കുഴികള്‍ പണിത കോണ്ട്രാക്റ്റര്‍ അവര്‍കളുക്ക് അപാര വിവരമുണ്ട്..കുഴിയുടെ ക്രോസ്സെക്ഷനില്‍ മേല്‍ഭാഗത്ത് ഒരു 2 സെ.മീ കനമേ ഒള്ള് ഈ ടാര്‍, മെറ്റല്‍ സംയുക്തത്തിന്. ബാക്കി താഴേക്കി വെറും മണ്ണ് അല്ലെങ്കില്‍ പാറപ്പൊടി..ലാഭിച്ച മെറ്റല്‍ ടിയാന്‍ എവിടെ കൊണ്ട് നിറച്ചാവോ..?                                                                                                                                             “ഇത്തിരി സ്ഥലം ടാര്‍ഇട്ട പരുവത്തില്‍ കിട്ടിയിരുന്നെങ്കില്‍ ഈ റോഡ് ഇത്ര കഷ്ടപ്പെട്ട് പണിത കണ്ട്രാക്ടര്‍ അവര്‍കളുടെ പിതാശ്രീ, മാതാശ്രീ, പുത്രകളത്രാ‍തി ശ്രീ ശ്രീകള്‍ തുടങ്ങിയ സംഭവങ്ങളുടെ നാമം സ്ഥല കാല അവയവ വര്‍ണന സഹിതം അവിടെ ആലേഖനന്‍ ചെയ്യാമായിരുന്നു” - എന്ന് ഒരു ചെറുപ്പക്കാരന്‍ പയനി ആത്മഗതിച്ചു. കണ്ട്രാക്ടര്‍ അവര്‍കളുടെ ഭാഗ്യം..”ഒരിഞ്ചു സ്ഥലം ടാര്‍ ഇട്ടത് മരുന്നിനു പോലിം എന്നെച്-17 ഇല്‍ ഇല്ല”   

                                  ലാവണ്യം കാഞ്ഞങ്ങാട് കിതച്ചെത്തി നിന്നതും ചാടി ഇറങ്ങി പ്രാന്തെടുത്ത് ഒരു ബീഡി വലിച്ച്..എന്നെച് പതിനേഴിന്റെ മീഡിയനില്‍ കയറി നീണ്ട് നിവര്‍ന്ന് കിടന്നു.. ഉഷ്ണ ഉഷ്ണേന ശാന്തി..                എന്നെച്ചില്‍ നിന്ന് കിട്ടിയ നടു വേദന എന്നെച്ചില്‍ തന്നെ തീരട്ട്..  നടുവേദന മാറിയ ഉടനെ ഡയറി എടുത്ത് എഴുതി..                                                                                                                                         “ഈ റോഡ് ടാര്‍ ചെയ്യാന്‍ ഉത്തരവിട്ട മന്ത്രി അവര്‍കളെ ഒന്നു കാണണം..തിര്വന്തരത്തൂന്ന് ഇഷ്ടനെ വിമാനത്തില്‍ കരിപ്പൂരെത്തിച്ച് അവിടുന്ന് ഹെലിക്കോപ്ടറില്‍ കണ്ണൂരെത്തിക്കണം..അവിടുന്ന് കാറില്‍ കാസര്‍കോട്ടേക്ക്..വെറുതെ ഒരു രസത്തിന്.” അനുഭവിക്കട്ടെ അദ്യേം..ഈ യാത്രയുടെ സുഖം..”                                                                                   ഈ റൊഡ് പണിയാന്‍ ടെണ്ടര്‍ വിളിച്ച പിഡബ്ല്യൂഡി വിപ്ലവകാരികളെ മൊത്തത്തില്‍ പിടിച്ച്  ചാക്കില്‍ കെട്ടി പെട്ടി ആട്ടോടെ പുറക്കില്‍ ഇട്ട് ഈ റോട്ടീലുടെ ഓട്ടണം കാഞ്ഞങ്ങാട് മുതല്‍ കാസ്രോട് വരെ ദിവസേന 20 ട്രിപ്. അങ്ങനെ ഒരു മാസത്തെക്ക്.                                                         ഇത് പണിത കോണ്ട്രാക്ടര്‍ അവര്‍കളുടെ ചിത്രം, വിലാസം,  മൊബൈല്‍ നമ്പര്‍ സഹിതം പത്തുക്ക് പത്ത് മീറ്റര്‍ ഫ്ലെക്സുമ്മേലടിച്ച് മുക്കിനു മുക്കിനു പ്രദര്‍ശിപ്പിക്കണം..ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് തന്നെ അദ്ധേഹത്തെ നേരില്‍ “വിളിക്കുകയും സംസാരിക്കുകയും” ചെയ്യാവുന്നതാണ്.                                                                                                                                                          ഒരു ഉളുപ്പുമില്ലാതെ ഈ വഴി ഡെയിലി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരുക്കുന്ന ടാക്സ് അടക്കുന്ന വാഹന ഉടമകള്‍ക്ക് വേണ്ടി ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കണം..                                                                         ഒരുവാക്ക് മിണ്ടാതെ, ഒരു പരാതിയുമില്ലാതെ ഈ വഴി ബസ്സില്‍ സഞ്ചരിക്കുന്ന പസഞ്ചേര്‍സിനെ പൂവിട്ട് പൂജിക്കണം.. (പൂവിനുള്ള പൈസ ..കോണ്ട്രാക്ടര്‍ തരണം)                                                                                                                                  ഈ നാഷണല്‍ ഹൈവേയെ പേടിച്ച് ട്രെയിനില്‍ സഞ്ചരിക്കുന്ന ബഹുമാന്യര്‍ക്ക് കൂട്ട പത്മശ്രീ കൊടുത്ത് ആരാധിക്കണം..                                                                                                                       അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന്‍ പറഞ്ഞപോലെ..സാമൂഹ്യന്‍ ഇപ്പൊഴും കാഞ്ഞങ്ങാട്ടുണ്ട്..ഒരു അടിപൊളി കുടജാദ്രി യാത്ര അതിന്റെ അവസാന ലാപ്പില്‍ ചളം കുളമാക്കിയ ശവങ്ങളെ കണ്ടാല്‍ ഒരഞ്ചെട്ട് വട്ടം തല്ലിക്കൊല്ലാന്‍.  വീട്ടില്‍ കയറി തല്ലും ഞാന്‍ എല്ലാത്തിനെയും.. സത്യം..!സത്യം..!! സത്യം..!!!
Related Posts Plugin for WordPress, Blogger...