ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 27, ശനിയാഴ്‌ച

ചില തൊഴിലാളി വര്‍ഗ ചിന്തകള്‍.. കാലഘട്ടം2000-2002. സ്ഥലം: മഹാരാജാസ് എം.സി.ആര്‍.വി

മഹാരാജാസ്സില്‍ സര്‍വത്രാതി തൊഴിലാളികളാണ്.
സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് കേള്‍ക്കേണ്ട താമസം സകല തൊഴിലാളികളും സര്‍ക്കാര്‍ സഹായം സത്രത്തിലേക്ക് ഒഴുകുകയോ അവിടെയുള്ള പുരാതന അന്തേവാസികള്‍ തൊഴിലാളിവല്‍കരിക്കപ്പെടുകയോ ചെയ്തിരിക്കാം.
തര്‍ക്കിക്കണ്ട, ടി വിഷയം നമുക്ക് പുകാസക്ക് വിടാം. ഗ്രാമഗ്രാമാന്തരങ്ങളില്‍ ചേമ്പും മരച്ചീനിയും (കൊള്ളി.കപ്പ.കിഴങ്ങ് പൂള തുടങ്ങിയ ഭാഷാഭേദങ്ങള്‍ ആവശ്യാനുസ്സരണം ഉപയോഗിക്കുക) വാഴയും നട്ട് വളര്‍ത്തി ആയതിനെ നിരുപാധികം ചുട്ടും, പുഴുങ്ങിയും തിന്ന് വളര്‍ന്ന അവധൂതനെപ്പോലുള്ള കര്‍ഷകപുത്രന്മാരും ഏലം കാപ്പി കുരുമുളക് റബ്ബര്‍ തുടങ്ങിയ വിളകളെ എസ്റ്റേറ്റ് പരുവത്തില്‍ വളര്‍ത്തുന്ന ബൂര്‍ഷ്വാ കര്‍ഷകപുത്രന്മാരും ഒരുപോലെ തൊഴിലാളിയായി പരിവര്‍ത്തിതരാവുന്ന സമത്വ സുന്ദരഭൂമികയാണ് മഹരാജാസ്സ്. അവിടെയാണ് സമത്വം സമഞ്ജസ്സമായി സമ്മേളിക്കുന്നത്.

പണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥമാരും അദ്ധ്യാപക സംഘടനകളിലെ പഹയന്മാരുമായ ബ്യൂറോക്രാറ്റുകളും പണിമുടക്കി 2 മാസം വീഗാലാന്റിലേക്ക് വനവാസത്തിനും കൊല്ലം ‘ഫാഷയില്‍‘ 'ഫാര്യ'വീട്ടീലേക്ക് സുഘവാസത്തിനുമായി പോയപ്പൊ സര്‍ക്കര്‍ “എസ്മ” എന്ന പേരില്‍ ഒരു പാശുപതാസ്ത്ര പ്രയോഗം വഴി ലവന്മാരുടെ അത്താഴം മുടക്കി പേടിപ്പിച്ച് ഹാജരുബുക്കില്‍ ഹസ്താക്ഷര പഞ്ജീകരണം നടത്തിയതും എഴുതപ്പെട്ട ചരിത്രമാണ്. മേല്‍ പ്രസ്താവിച്ച അടിയന്തരാവസ്ഥയില്‍ കൊച്ചിന്‍ മുനിസിപ്പാലിറ്റി ദ്വാരാ മാലിന്യ നിര്‍മാര്‍ജനത്തിന് നിയോഗിതരായവരില്‍ ചിലര്‍ നമ്മുടെ ഹോസ്റ്റല്‍ തൊഴിലാളികളായിരുന്നു എന്നത് എഴുതപ്പെടാത്ത ചരിത്രം.

ഡിഗ്രി പാസ്സാവാത്ത മുഴുവന്‍ തൊഴിലാളികളും സാദാ വര്‍ക്കര്‍ എന്നും ഡിഗ്രി പാസ്സയവന്മാര്‍ (പീജിക്കാര്‍ എന്ന് വ്യംഗ്യം) സൂപ്പര്‍വൈസര്‍മാ‍ര്‍ എന്നും തരം തിരിക്കപ്പെട്ടതില്‍ ഒരു “ഇത് ”ഇല്ലേ ..? എന്ന് ചോദിച്ചേക്കാം..(“അത് സമത്വ സുന്ദര സങ്കല്‍പ്പത്തിന്റെ വ്യക്തമായ ലംഘനമല്ലേ“ എന്ന് സാമൂഹ്യന്‍ വക സബ്മിഷന്‍ പേടിച്ചാണ് ഇത് എന്നാക്കി തടിയൂരുന്നത്). അങ്ങനെ ഉല്പാദിപ്പിക്കപ്പെട്ട സൂപ്പര്‍വൈസര്‍-വരേണ്യവര്‍ഗത്തില്‍ രാമനും നമ്മുടെ അരിസ്റ്റോട്ടിലും ഒട്ടനവധി സീനിയേര്‍സും ഉണ്ടായിരുന്നു. രാത്രി ഒന്നിന് ക.150 വീതം  (തെറ്റിദ്ധരിക്കണ്ട..ഓടയിലെ മാലിന്യം കോരി ലാറിയില്‍ നിറക്കുന്നത് ചുമ്മാ നോക്കിനില്‍ക്കുകയും സാദാ വര്‍ക്കര്‍മാരുടെ  എണ്ണമെടുക്കുകയും ലാറി തിരികെ മുനിസ്സിപ്പല്‍ പരിസരത്ത് തിരികെ എത്തിക്കുകയുമാണ് പണി). സൂപ്പര്‍വിഷന് കയ്യില്‍ തടയും..അങ്ങനെ 30 ഇന്റു 2 ഈസീക്വല്‍റ്റൂ 60 പ്രവര്‍ത്തിരാത്രികളിലെ സൂപ്പര്‍വിഷന് ക. ഇന്ത്യന്‍ മണീസ് 9000 കയ്യില്‍ത്തടയും  ഇരണ്ട് പണിമുടക്ക് മാസങ്ങളില്‍ എന്നും കൊശവന്മാര്‍ കണക്കുകൂട്ടി.

“ബിവറേജിലേക്കും സിനിമാറ്റാക്കീസ്സുകളിലേക്കും നിരുപാധികം വിതരണം ചെയ്യേണ്ട ഫണ്ട് ഇതില്‍ ധാരാളം“ എന്ന് കിനാവു കണ്ടു പഹയന്മാര്‍. “സമരം നീണ്ട് നില്‍ക്കട്ടേ..എസ്മ പിന്‍വലിക്കുക.” എന്ന് പ്ലക്കാര്‍ഡെഴുതി പകല്‍ സത്യഗ്രഹമിരുന്നാലോ എന്ന് പോലും ചര്‍ച്ചചെയ്തു ലവന്മാര്‍.
 ഏതായാലും  കാളേജില്‍ ക്ലാസ്സില്ല..ഇവിടെ വെറുതെ രാത്രി നോക്കിനില്‍ക്കുന്നതിന് 150 ക.ചുമ്മാ നോക്ക് കൂലി മുനിസിപ്പാലിറ്റി തരുമ്പോള്‍ സമരം നീണ്ട് നില്‍ക്കുകയല്ലെ നല്ലത്..?
എന്നാണ് ചിന്തയുടെ ഡയറക്ഷന്‍.. ആ ഓടയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ഗന്ധത്തെ “നാറ്റം” എന്ന് വിളിക്കുന്നവനെ ചെളിവാരി എറിയണം. അത് സുഗന്ധമാണ്..അതില്ലാതെ ഇപ്പൊള്‍ പകല്‍ ഉറക്കം  വരാതായിട്ടുണ്ട് എന്ന് രാമന്‍ വക അശരീരി.. (കൂട്ടത്തില്‍ പറയട്ടേ.മേല്‍പ്പറഞ്ഞ രാമനും പെണ്ണൂകിട്ടി..അതേന്ന്..അവനും പെണ്ണൂകെട്ടി..ഇക്കഴിഞ്ഞ 7 ന്. സത്യം..പെണ്‍കുട്ടി മഹാരാജാസ്സ് വകയാണ് കേട്ടോ..പ്രേമമല്ല. രാമനെ കണ്ടിട്ടുകൂടിയില്ല..) അപ്പോഴുണ്ട് ചിന്തകന്മാര്‍ക്കിടയില്‍ നിന്നും ഒരു വിപ്ലവകാരിയുടെ ശബ്ദം..അരിസ്റ്റോട്ടില്‍ വക. “അളിയാ..ഈ പണിക്ക് ഞാ‍നില്ല..ഇതു ശരിയായ നടപടിയല്ല. ചെയ്യുന്ന പണിക്ക് ഉചിതമായ കൂലി എന സിദ്ധാന്ദത്തിന് വിരുദ്ധമായാണ് സംഗതികളുടെ പോക്ക്..അവിടെ കഷ്ടപ്പെട്ട് മാലിന്യം കോരുന്ന സദാ വര്‍ക്കര്‍ക്ക് പ്രതിഭലം ക.100.. അവര്‍ കഷ്ടപ്പെട്ട് പണിയുന്നത് ചുമ്മാ നോക്കിനില്‍ക്കുന്ന എനിക്ക് ക.150..ഇതെന്ത് ന്യായം..? പണിക്ക് കൂലി കിട്ടണം. ചെയ്യുന്ന പണിക്കുള്ള കൂലിയെ കിട്ടവൂ..ഈ അന്യായം എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ. ഞാ‍ന്‍ നിര്‍ത്തി”..

നിശബ്ദത...!

ഇവിടെ യഥാര്‍ദ്ധ സോഷ്യലിസം വീണ്ടും ജനനം പ്രാപിക്കുന്നത്  കൊശവന്മാര്‍ നേരില്‍ കണ്ടു..(പള്ളീലച്ചന്മരേ..ഉപദേശിമാരേ..ക്ഷമിക്കുക..വീണ്ടും ജനനത്തെ ഈ പാവം അവദൂതന്‍ കടമെടുക്കുന്നു.)
നോട്ട്: ഈ സീന്‍ “നെയ്ത്ത്കാരനില്‍” ഉള്‍പ്പെടുത്തേണ്ടതാരുന്നു പ്രിയപ്പെട്ട പ്രിയനന്ദാ..കിടിലമാരുന്നേനെ..
 ഷിനോജിന്റെ കണ്ണ് നിറയുന്നത് അവധൂതന്‍ കണ്ടു..
'വാഴ'യുടെ സിരകളില്‍ വിപ്ലവ ജ്വാലകള്‍ പടരുന്നത് തുടര്‍ച്ചയായ ചൊറിച്ചിലില്‍ നിന്നും മനസ്സിലാക്കാമായിരുന്നു..!
 സുനിമോന്‍ പെട്ടെന്ന് വാതില്‍ വലിച്ചടച്ച് പുറത്തേക്കിറങ്ങി.(മൂത്രമൊഴിക്കാന്‍ പോയതാരുന്നു എന്ന് കള്ളവും പറഞ്ഞു അവന്‍ പിന്നീട്). രജീവിന്റെ താടിയിലെ തടവലിന്നിടയിലേ ഇടവേള കൂറഞ്ഞതും തവണകള്‍ കൂടിയതും  കഠിനമാ‍യ ആത്മസംഘര്‍ഷത്തെ ദ്യോതിപ്പിച്ചു. ബാബുവിന്റെ ഗദ്ഗതം അവന്‍ പാട് പെട്ട്  ഒതുക്കുകയായിരുന്നു.(വായില്‍ കിടന്ന പരിപ്പുവട പ്രശമാക്കിയിരുന്നെങ്കില്‍ ഗദ്ഗതത്തോടൊപ്പം  പ്രാണവായു പോയേനെ.) “വിപ്ലവചിന്തകളുടെയും തത്വശാസ്ത്ര പ്രത്യയശാസ്ത്രങ്ങളുടെയും വിപ്ലവകരമായ പുനര്‍ജനി..”
(ഈ  വാചകം അവിടെ ശൂന്യതയില്‍ നിന്നും മുഴങ്ങണം പ്രിയനന്ദാ.). മുറിയില്‍ പുകനിറയുന്നിടത്ത് കട്ട്..

ട്രാന്‍സിഷന്‍    
സീന്‍ 7. ഷോട്ട്.1 (എക്സ്റ്റീരിയര്‍) എം ജീ റോഡ് ഷേണായീസ്സിന് മുന്‍വശം. രാത്രി 12.30 
തൂമ്പയും ഓടയുടെ വിടവിലെ കോണ്‍ക്രീറ്റും ഉരയുന്നതിന്റെ ശബ്ദം (ബാക്ഗ്രൌണ്ട്).
ഓടയിലെ മാലിന്യം വാരി കുട്ടയിലെക്ക് നിറക്കുന്ന ഒരു തൊഴിലാളിയുടെ തൂമ്പയുടെ ക്ലോസ്സപ്..
തൂമ്പയിലെ മാലിന്യം കൊട്ടയിലേക്ക് നീങ്ങുന്നു..ഒപ്പം ക്യാമറയും..
മാലിന്യം കൊട്ടയിലേക്ക് ചളുപിളീന്ന് വീഴുന്നു (ക്യാമറ വീഴണ്ട.സൂക്ഷിക്കുക). കൊട്ട രണ്ട് പേരുടെ കയ്യില്‍ തൂങ്ങുന്നു..അതിലോരാളുടെ തലയിലേക്കും.. (കട്ട്)

ഷോട്ട് 2: ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം സമീപത്തെ പ്രകാശമാനമാക്കുന്നുണ്ട്.(വൈഡ് ആങ്കിള്‍ ആണ് മറക്കണ്ട) ആ പ്രകാശത്തില്‍ രാമന്‍ നില്‍ക്കുന്നുണ്ട്. (നിഴല്‍ അല്ല,..ഓറിജിനല്‍ രാമനാണ്). ഒരു സാദാവര്‍ക്കര്‍ തലയില്‍ മാലിന്യക്കൂടയുമായി ഫ്രെയ്മിലേക്ക് വരുന്നു.. )

ഷോട്ട്  3: രാമന്റെ മുഖം ക്ലോസ്സപ്പില്‍ (അല്ലെ വേണ്ട..വര്‍ക്കറുടെ മതി  രാമനെ ലൈറ്റപ്  ചെയ്യണേല്‍ വലിയ പാടാ)
വര്‍ക്കറിന്റെ മുഖം ക്ലോസ്സപ്പില്‍..അരിസ്റ്റോട്ടിലാണ് സാദാ വര്‍ക്കര്‍ എന്ന് വ്യക്തമാകുന്നു ഇവിടെ...
ക്യാമറ പാന്‍ ചെയ്ത്  രാമനിലേക്ക്.. (സൂപ്പര്‍വൈസ്സറാണ്.രാമന്‍). രാമന്റെ നിറഞ്ഞ കണ്ണൂകളിലെക്ക് സൂമിന്‍ ചെയ്യണം രാമന്റെ വേദന നിറഞ്ഞ കണ്ണുകള്‍ അരിസ്റ്റോട്ടിലിനെ അനുധാവനം ചെയ്യുന്നത് ആ ക്ലോസ്സപ്പില്‍ വ്യക്തമാവണം.

ഷോട്ട്; 4 പകല്‍. (എക്സ്റ്റീരിയര്‍) മുനിസിപ്പാലിറ്റി പരിസരം 
രെജിസറ്ററില്‍ 100 ക.എന്നതിന് മുകളില്‍ ഒപ്പിടുന്ന ഒരു കയ്യ് (ക്ലോസ്സപ്പ്).
അതിലേക്ക് ഒരു നൂറ് രുപ നീളുകയും അത് വാങ്ങുകയും ചെയ്യുന്നു.

ഷോട്ട്: 4 : നുറ് രൂപ നോട്ടിലേക്ക് അരുമയോടെ നോക്കി അത് മനോഹരമായി മടക്കി പോക്കറ്റിലേക്ക് തിരുകുന്ന അരിസ്റ്റോട്ടിലിന്നെ മിഡ്ഷോട്.. ആ മുഖത്ത് സംത്രുപ്തിയുടെ..ആത്മ നിര്‍വ്രുതിയുടെ.. മൂല്യവത്തായ വിപ്ലവ ചിന്തയുടെ.. പ്രത്യയ ശാസ്ത്രങ്ങളുടെ കൃത്യമായ ഉപയോഗത്തിന്റെ തിളക്കം.. ( സോറി.. പ്രിയനന്ദ.. അവധൂതന്റെ കണ്ണുകള്‍ ഇടറുന്നു.. ബാക്കി ഷോട്ടുകള്‍ താങ്കള്‍ക്ക് വിട്ടുതരുന്നു..)

" വിജയിപ്പൂതാക..!!"

അവധൂതന്‍.                                                                                                                                                                                                                                                                                                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...