ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 10, ബുധനാഴ്‌ച

പെണ്‍ പ്രേതം..അതും മഹരാജാസ് ന്യൂ മെന്‍സ് ഹോസ്റ്റലില്‍. (ഭാഗം-2)


അങ്ങനെ മഞ്ചുഹാസിനി ആ ഇരുട്ടിലേക്കു ലയിച്ചൂ ചേര്‍ന്നതോടൊപ്പം (അതിനിടയില്‍ തന്നെ അതു രണ്ട് മൂന്നു വട്ടം ലയിച്ചു കഴിഞ്ഞിരുന്നു. റിപ്പീറ്റ് അടിച്ചതാവണം, സ്വാഭാവികമായും ഡയറിക്കുറിപ്പിനു ഒരു അത്മകഥാദ്യായത്തിന്റെ വലിപ്പം വച്ചിരിക്കണം) ക്രമത്തില്‍ ങ്ഹ്രുര്‍ ര്‍ ര്‍ (ക്ഷമിക്കുക. ടി. നാദത്തിനു ലിപി ഇതുവരെ..രുപാനോട്ട്കളില്‍ ഉള്ള ഭാഷപോയിട്ട് ഇങ്ങ്ലീഷ്‌ , ചൈനീസ് തുടങ്ങിയ തദ്ധേശീയ ഭാഷകളിലും ഇല്ല). പണ്ട് നാട്ടിന്‍ പുറത്തെ പന്നിക്കൂടുകളില്‍ വെളിക്കിരിക്കുമ്പോള്‍ (പോയവര്‍ക്കറിയാം) ഈ നാദത്തിന്റെ മിമിക്രി കേള്‍ക്കാറുണ്ടാര്‍ന്നു എന്ന്..ഒരു പഴയ സുഹ്രുത്ത് പറഞ്ഞതോര്‍ക്കുന്നു. ഭാഷാവകുപ്പിന്റെ റീസന്റ് പബ്ലിക്കേഷനില്‍ ഈ സംഭവം ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു:
 “യാതൊരു ലിപിയും ഒരു ഭാഷകളിലും ഇല്ല എങ്കില്‍പ്പോലും സാര്‍വത്രികമായും കൂര്‍ക്കഞ്ചേരിയില്‍ പരക്കെയും ഉപയോഗത്തിലിരിക്കുന്ന ഒന്നാണിത്.
ഗൂര്‍ഘാലാന്റ് എന്ന സ്ഥല നാമം പോലും മേല്‍ ശബ്ദ സഞ്ചയത്തിനു പ്രാദേശികമായി സംഭവിച്ച വ്യതിയാനം മൂലം ഉണ്ടായതത്രെ..!!”
 “കവര്‍ഗത്തിലെ ‘ങ’ ഉകാരം ചേര്‍ത്ത് ‘ങ്’ എന്നാക്കി, ശേഷം ഘോഷി ആയ ‘ഹ’ യോടൊപ്പം ‘ര്‍’ എന്ന ചില്ലു ചേര്‍ക്കുക.
 പിന്നെ നാസാരന്ദ്രം വഴി മേല്‍പ്പോട്ട് ഉഛ്വാസ വായുവിനെ വലിച്ചൂകയറ്റുന്ന്തോടൊപ്പം. ങ്ഹ്രൂ‍ര്‍ ര്‍ ര് ര്‍...എന്നു വേണം ഉച്ഛരിക്കാന്‍.” പക്ഷെ ടി അഭിപ്രായത്തെ ഭഷാ ശാസ്ത്രജ്ഞന്മാര്‍ എതിര്‍ക്കുന്നു.“ ഹ്രിം എന്ന ആദി മന്ത്രത്തിന്റെ അംശം ആണ് ഈ ശബ്ദസഞ്ചയം.ആയതിനാല്‍ തന്നെ പുണ്യവും..അത് ലിപികളില്‍ ഉള്‍ക്കൊള്ളിച്ച് സാധാരണവല്‍ക്കരിക്കരുത്. അത് ദൈവികമായി തന്നെ നിലനില്‍ക്കട്ടെ.” എന്ന്.
അത് പോട്ട്...
ഇവിടെ ആ ദൈവിക മന്ത്രധാര പ്രൊട്ടഗോണിസ്റ്റിനെ ഉണര്‍ത്തി ഉന്മേഷവാനാക്കി. നായ കിടന്നിടത്തുനിന്ന് എണീക്കുമ്പോള്‍ ചെയ്യുന്ന സൂര്യനമസ്കാര ക്രിയയുടെ ഒരു ലിമിറ്റഡ് വേര്‍ഷന്‍ പ്രൊ.ഗോ നടത്തി..
എണീറ്റ് ഒന്നു ഉലാത്തി. കസേരയില്‍ ഇരുന്നു. മേശമേല്‍, എഴുതി തുടങ്ങിയ അസൈന്മെന്റ്..(ശ്യാമളടീച്ചറ് തന്നത്.., ടീച്ചറോടുള്ള ഭയഭക്തി ബഹുമാനത്തിന്റെ തെളിവായി  എഴുതി തുടങ്ങിയത് വെള്ള കടലാസിന്റെ നാലരികും കറുത്തമഷിയില്‍ ബോര്‍ഡര്‍ ഇടുന്നതുവരെ എത്തി നില്‍ക്കുന്നു) ഇരിക്കുന്നു. നോക്കുമ്പൊ നോക്കുമ്പൊ ശ്യാമള ടീച്ചറിന്റെ മുഖം അതില്‍ തെളിയുന്നു.
 പ്രൊ.ഗോ പേപ്പറില് ‍നിന്നു കണ്ണെടുത്തു.                                                                                                                                                               
 ശെടാ.. എന്തുചെയ്യും.? പേപ്പറില്‍ ടീച്ചറുടെ മുഖം (നവ രസങ്ങളില്‍ രൌദ്രതയാര്‍ന്ന ഒരു പാവം രസമാണ് ആ മുഖധാവില്‍ ഉള്ളത് അപ്പോള്‍) എന്തെങ്കിലും എഴുതാം എന്നുവച്ചാല്‍, എന്തോന്നു നോക്കി എഴുതും? ബൈയൊസ്റ്റാറ്റിസ്റ്റിക്സ് ആണു വിഷയം.
ജന്തുശാസ്ത്രത്തില്‍ എന്തൊന്ന് സ്റ്റാറ്റ്...?
 ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് പോലുമില്ല കയ്യില്‍.
ലക്ചര്‍ നോട്ട് കുറിക്കാന്‍ നെടുനീളത്തില്‍ മടക്കിയ ഫുള്‍സ്ക്യാപ് പേപ്പര്‍ മടക്കിയ പടി ശൂന്യമായിത്തന്നെ നിലകൊള്ളൂന്നു.
ആകെ നാറ്റക്കേസ്സാകുമോ എന്റമ്മച്ചീ..?
 ആകെ ഒന്നും പിടികിട്ടാത്ത അവസ്ഥ. ബാക്കിയുള്ളവന്മാരുടെ ഇടവിട്ടും ക്രമരഹിതവുമായ മന്ത്രോച്ചാരണങ്ങള്‍ വിശ്വത്തിന്റെ നാലു കോണുകളെയും പ്രകമ്പനം കൊള്ളിക്കുന്നു.    അരിശം വന്ന് എന്തേലും എടുത്തെറിയാം എന്ന് കരുതി മേശമേല്‍ കൂട്ടി വച്ചിരുന്ന 50, 25 ,1 രുപ്യ നാണയങ്ങള്‍ എടുത്ത പ്രൊ.ഗോ “ചില്ലറയാണേലും പൈസയല്ലെ തോമ്മീ” എന്ന് കോട്ടയം ഭാഷയിലുള്ള അന്തര്‍ഗതം ശ്രവിച്ച് തിരിച്ചിട്ടു.
 “ച്ഛില്‍.ല്‍..ല്‍.....!!!”
 നല്ല സ്വരം.. പാദസരത്തിന്റെ കൊഞ്ചല്‍ പോലെ (പ്രതാപന്‍ കേട്ടിരുന്നേല്‍ ഡപ്പ്-ന്നു എഴുതിയേനേം. കവിത ഒരെണ്ണം..    മണിച്ചിത്രത്താഴ് ഫെയിം നാഗവല്ലിക്കൊലുസ്സിന്റെ അതേ എഫെക്ട്.. വെറുതെ ഒരു രസത്തിന് ആ ചില്ലറകള്‍ ഒരു തൂവാല മൂലയില്‍ ഇത്തിരി ലൂസ്സാക്കി കെട്ടി. ഒന്നുടെ ട്രൈ ചെയ്തു.. ച്ഛില്‍..ച്ഛില്‍..ല്‍..ല്‍. നല്ല രസം..(റസ്സൂല്‍ പൂക്കുട്ടിസ്സാര്‍ ഇതൊന്നു കേള്‍ക്കണമാരുന്നു.) പെട്ടെന്നു തന്നെ അരിസ്റ്റോട്ടിലിന്റെ മന്ത്രോച്ഛാരണം സാന്ദ്രമാവുകയും അടുത്ത ട്രൈയലിന് പൂര്‍ണ്ണമായി നിലക്കുകയും ചെയ്തു..                                                                                   “സംഗതി കലക്കന്‍..ഇന്നു രാത്രി ഉഷാറാക്കിക്കളയാം”. മേശമേലിരുന്ന ചന്ദനത്തിരിയില്‍ അഞ്ചാറെണ്ണം പ്രൊ. ഗൊ എടുത്തു കത്തിച്ചു. (“ദൈവങ്ങളുടെ രവിവര്‍മ്മച്ചിത്രങ്ങല്‍ ഇല്ലാത്ത മുറിയില്‍ ചന്ദനത്തിരി അധികപ്പറ്റല്ലേ ഇഷ്ട്ടാ.“.എന്നു സംശയിച്ചവര്‍ പലരുമുണ്ട് അവിടെ..)
അല്ലിഷ്ടാ അല്ല...
 തലേന്നത്തെ നീരാഞ്ചനത്തിന്റെ ഗന്ധം കളയാ‍ന്‍ ഇതല്ലാതെന്തു വഴി..?
 എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളുണ്ട്..!
 അല്ല പിന്നെ..!!
വലം കയ്യില്‍ ചില്ലറക്കിഴിയും ഇടം കയ്യില്‍ ചന്ദനത്തിരികളുമായി പ്രൊ.ഗോ സ്വറൂമില്‍ നിന്നും പുറത്ത് നീണ്ട ഇടനാഴിയുടെ ഇരുട്ടീലേക്കിറങ്ങി...
 ഇടനാഴിയിലെ ഇരുട്ട് ഭയാനകമാണേ..സത്യം..!
 അവിടെ ഉണ്ടായിരുന്ന ബള്‍ബുകള്‍ പലതും രാമനാല്‍ അപ്രത്യക്ഷമാക്കപ്പെട്ടു എന്ന് സിമ്പിള്‍ പാസ്റ്റ് ടെന്‍സില്‍ അവിടെ കിംവദന്തി ഉണ്ട് എന്നതും സത്യം..!!
                        ഇരുട്ടിനിടയില്‍ പ്രൊ.ഗോ. തൊട്ടടുത്ത രജീവ്-ഉത്തമന്‍ ഇരുവര്‍കളുടെ മുറി കണ്ടെത്തി. അകത്ത് ഒരു ഉച്ചസ്ഥായി മന്ത്രവും മിഡില്‍ സ്ഥായി മന്ത്രവും കേള്‍ക്കാം. പ്രൊ.ഗൊ തറയില്‍ കുത്തിയിരുന്ന് ചന്ദനത്തിരി വാതിലിന്റെ അടിയിലെ വിടവിലൂടെ മുറിയിലേക്കു കടത്തി.
 “നന്നായി പുകയട്ടെ. പ്രേതങ്ങള്‍ക്കൊക്കെ ചന്ദന ഗന്ധം ഉണ്ട് പോലും..മൈസൂര്‍ സാന്‍ഡല്‍ സോപ്പ് അവരുടെ സ്പെഷ്യല്‍ അല്യോ..?
ചന്ദന എഫെക്റ്റ് ഉണ്ടായത് ഉള്ളിലെ മന്ത്രദ്വയത്തിന്റെ ആനുപാതിക വ്യതിയാനത്തില്‍ നിന്നും മനസ്സിലാക്കിയ പ്രൊ.ഗൊ..ചില്ലറക്കിഴി മെല്ലെ തറയില്‍ തട്ടിച്ചു. നീണ്ട ഇടനാഴിയില്‍ അതീവ ഹ്രുദ്യമായ മാറ്റൊലി ഉണ്ടായി..(പൂക്കുട്ടീ സ്സാറേ..നോട്ട് ദ് പോയന്റ്.!!) ഒരു മുട്ടല്‍ കൂടി.... വീണ്ടും മാറ്റൊലി.. ആഹ.. എന്തു രസം.. പ്രൊ.ഗൊ ആഹ്ലാദതുന്തിലനായി.. പക്ഷെ അകത്ത് ഞെട്ടലിന്റെ മാറ്റൊലി ഇല്ല.. മന്ത്രങ്ങള്‍ വളരെ ആര്‍ദ്രമാവുകയും ചെയ്തു..
”ശവങ്ങള്‍..ഒരുത്തനും വീണ്ടുവിചാരമില്ല. പ്രേതമാണേലും വലിച്ചു കയറ്റും.” പ്രൊ. ഗൊ. പല്ലു ഞെരിച്ചു. അതിന്റെ മാറ്റൊലിയും ഉണ്ടായി. (സോറി. പല്ലി ചിലച്ചതാരുന്നു).  പ്രൊ.ഗോ തൊട്ടോപ്പസിറ്റ് റൂമിന്റെ വിടവില്‍ തിരി കടത്തി.. (ബാബു-രാകേഷ് മന്ത്രിമാരാണവിടെ താമസം.) അവിടെ ഒരു മന്ത്രം ഉച്ഛസ്ഥായിയിലും മറ്റത് ഗ്ലാസ്സില്‍ നനഞ്ഞവിരല്‍ ഉരക്കുമ്പോഴുള്ള സ്വരത്തിന്റെ ഉപമാലങ്കാരത്തിലുമാണ് മുഴങ്ങുന്നത്. അവിടെ അരോമ എഫെക്റ്റ് + സൌണ്ട് എഫെക്റ്റ് ട്രൈ ചെയ്തു. ഉടനടി എഫെക്റ്റ് ഉണ്ടാവുകേം ചെയ്തു. രണ്ടു മന്ത്രങ്ങളും ഉടനടി സ്വിച്ട് ഓഫ്.
 “ടാ..”- എന്നൊരു നേര്‍ത്ത വിളി കേട്ടോ എന്നൊരു സംശയം പ്രൊ. ഗൊയ്ക്കുണ്ടായി.
സംഭവം ഏറ്റു...
 വീണ്ടും രജീവ്-ഉത്തമന്മാരുടെ ഗുഹയിലേക്കെത്തി. വാതിലു പൊളിയും മട്ടില്‍ തിരി അകത്തെക്ക് തള്ളി. ഇവന്മാരെ വെറുതെ വിടരുത്..വാശി. അദമ്യമായ വാശി. പ്രേതങ്ങള്‍ക്കും ജീവിക്കണ്ടെ.. ? അവര്‍ക്കുമില്ലെ മാനം..?   പ്രൊ. ഗൊ വാശിയോടെ ചില്ലറക്കിഴി താഴെക്കിട്ടു.
ഛില്‍.ല്‍.ല്‍...!!!
 പ്രൊ.ഗൊ വാതില്‍  പാളിയില്‍ ചെവി ചേര്‍ത്തു ശ്രദ്ധിച്ചു. മാറ്റൊലി അസ്സലായിരുന്നു. 1..2..3..(അകത്ത് മന്ത്രം നിലച്ചു.) .
 ഛില്‍.ല്‍.ല്‍.ല്‍ . വീണ്ടും പാദസ്വര സ്വനം. ‘ആഹ. എന്തു രസം..ഒറിജിനല്‍ പാദസരം തോറ്റുപോകും.’
പക്ഷെ..,
 പ്രൊ.ഗൊ അപ്പൊഴാണ് അതു ശ്രദ്ധിച്ചത്. മുന്‍പ് കേട്ട സ്വരം എവിടുന്നു വന്നു..? ചില്ലറക്കിഴി രണ്ടാമതും ഞാ‍ന്‍ താഴേക്കിട്ടില്ലല്ലോ..!!!!!!
ഓ ചിലപ്പോ മാറ്റോലി ആയിരിക്കും.. സമധാനിച്ചു പ്രോ.ഗൊ. ഒന്നുകൂടി ഇട്ടു..കിഴി താഴെ.. ഛില്‍.ല്‍.ല്‍.ല്‍. .                                       മാറ്റൊലി..                                                              ദെ വരുന്നു അപ്പൊത്തന്നെ..ല്‍.ല്‍.ല്‍.ല്‍ ന്നെ ഉള്ളൂ.. 1..2..3...
 ചെവി വാതില്‍ പാളിയില്‍..
അകത്ത് നിശ്ശബ്ദത...!!!
ഛില്‍.ല്‍.ല്‍.ല്‍. ദെ വരുന്നു പിന്നെം മറ്റൊരു മാറ്റൊലി  (മാറ്റൊലി മാത്രം.!!).
 പ്രൊ.ഗോ ഞെട്ടി എണീറ്റൂ. കൂടെ രോമങ്ങളും. മാറ്റൊലി വന്നത് പിന്നിലെ ഇടനാഴിയുടെ അറ്റത്തെ ഘനീഭവിച്ച ഇരുട്ടില്‍ നിന്ന്.. ഒരു തരം തരിപ്പ്, പിന്നെ ചൂട്.പുറകെ ഒരു തളര്‍ച്ച..ഓടണമെന്നുണ്ട്. കാലും ഘനീഭവിച്ചപോലെ..അലറി വിളിക്കണമെന്നു തോന്നി..പക്ഷെ..നാവിനു ഒരു തരം ഇരുമ്പിന്റെ കനം..                                             ഒരു വിധത്തില്‍ തിരിഞ്ഞ് (സോറി. തിരിയാന്‍ പേടിയായതുകാരണം പിറകോട്ടാണ് നടന്നത്..) നടക്കാന്‍ തുടങ്ങിയപ്പൊ...ഛില്‍.ല്‍.ല്‍.ല്‍..!!!!
 മാറ്റൊലി പുറകില്‍ നിന്നും. പക്ഷെ ഇപ്പൊ അതു വന്നത് ഇരുണ്ട ഇടനാഴിയുടെ മറ്റെ അറ്റത്തുനിന്നുമാണ്..                                                                           ( തുടരും..)                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...