ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 28, ഞായറാഴ്‌ച

മണമില്ലാത്ത മുല്ലപ്പൂ.

പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു.
 “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!
അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു.
വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് .
വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം.
അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല.
അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.
അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി.
കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.


ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു.
അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.
പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???
പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി...
മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.
വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്.

ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു.


 വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.
എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.
അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ?
തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.


ഒരു  അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു.
വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു.
അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു.
“നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “
അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ച
 ആദ്യ ചോദ്യമായിരുന്നു  ഇത് ...!!
അവളൊന്ന് ചിരിച്ചു.. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പൂവിനെ തേടി  ആരു വരാന്‍ .....????”. 
അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. 

അവള്‍ക്കറിയാമായിരുന്നു, അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്...
അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. 
മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. 
ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു.
മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി.
വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്.
അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും...! 

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...