ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 15, തിങ്കളാഴ്‌ച

പെണ്‍ പ്രേതം..അതും മഹരാജാസ് ന്യൂ മെന്‍സ് ഹോസ്റ്റലില്‍. (ഭാഗം-3)


ഇതു സംഗതി പിശകാണല്ലോ..എന്ന് ആലോചിക്കാന്‍ പോലും പേടിയായി 'പ്രൊ.ഗൊ'യ്ക്ക്...
ആലോചനയുടെ തുടക്കത്തില്‍ തന്നെ അതു കാടുകയറിയതും പെട്ടെന്നാണ്. സമീപ പ്രദേശത്തിലെ കുടികിടപ്പുകാരില്‍ ഏതോ ഒരു മഹാപാപി കാമദേവനു 'സര്‍ട്ടിഫികറ്റ് കോഴ്സ്' ചെയ്യൂകയും  ബോണസായി കിട്ടിയ അവതാരത്തെയും കൊണ്ട് കുട്ടീ‍ടമ്മ യെവനെ സമീപിക്കുകയും യവന്‍ സംഭവം വെറും കിംവദന്തി എന്ന് തള്ളിപ്പറഞ്ഞ് തെള്വു ചോദിക്കയും ചെയ്യകയുണ്ടായി എന്നും,
 തള്ള പിള്ളയെയും കൊണ്ട് അക്കാലത്തെ ഉയരമുള്ള രണ്ട് മാടി കെട്ടിടം ഹോസ്റ്റല്‍ ആയതിനാല്‍ അതിന്റെ മുകളില്‍നിന്നും താഴേക്കു ചാടി ജീവത്യാഗം ചെയ്തു എന്നും ശ്രുതി ഉണ്ട്.!!
ടി ചെറുപ്പക്കാരി പ്രേതം ഇപ്പൊഴും ഈ ഇടനാഴികളില്‍ ഇടക്കിടക്കു പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഒരു ധ്വനി വാമൊഴിയായി കൈമാറ്റം ചെയ്തുപോരുന്നുണ്ട്, ഈ സര്‍ക്കാര്‍ സഹായം സത്രത്തില്‍..!!
സത്രത്തിലെ പഹയന്മാരുടെ സ്വഭാവ സവിശേഷതകള്‍ സഹപ്രേതങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞതിന്റെ പേടിയിലാവണം ടി പ്രേതം ഞങ്ങളില്‍ പലര്‍ക്കും ഇതേ വരെ പ്രത്യക്ഷയാവാതിരുന്നത്.
'ദുഷ്ടകള്‍'...ഇങ്ങനേമുണ്ടൊ പരദൂഷണം..?                                   മേല്‍ വിവരിച്ച കിംവദന്തി ഒരു  ക്ഷണമാത്രകൊണ്ട് 'പ്രോ. ഗോ' യുടെ തല വഴി പാഞ്ഞതും സ്വറൂമില്‍ കയറി വാതില്‍ വലിച്ചടച്ചതും 'സൈമള്‍ട്ടേനിയസ്സാ'യാരുന്നു...!!
 മുറിയില്‍ കിടന്ന അരിസ്റ്റോട്ടില്‍ പിടഞ്ഞെണീറ്റു. .
(ആള് ആര്‍ക്കിമിഡീസ് ആയില്ല കേട്ടോ.)                                                                                     “എന്തടേ കാര്യം..? അടിപൊളി സ്വപ്നമാരുന്നു..കൊലുസ്സ് നിന്റെ കാലിലാണെങ്കിലും കിലുക്കം എന്റെ മനസ്സിലാണ്”..എന്നു പുറകിലത്തെ മഡ്ഗാര്‍ഡില്‍ എഴുത്തുള്ള ആട്ടോറിക്ഷയില്‍ എന്റൊപ്പം ഒരു സുന്ദരി ഉണ്ടാ‍രുന്നെടെ. പെട്ടെന്ന് ഒരു ലാറി മുന്നീന്നു വന്നിടിച്ചു. ആ ശബ്ദം  കേട്ടാ ഞാനുണര്‍ന്നത്..അല്ല നീയെന്താ വിറക്കുന്നത്“. 'അരി..' ചോദിച്ചു.
 “അളിയാ കൊലുസ്സിന്റെ ശബ്ദം അളിയന്‍ കേട്ടോ..“? പ്രൊ.ഗോ..
 “ഉവ്വ, കേട്ടു”- എന്തുവാ പ്രശ്നം..?
 “അളിയാ അത് ദേ ആ ഇടനാഴീന്റെ അറ്റത്തുനിന്നാ..ഞാന്‍ കൊലുസ്സിന്റെ ശബ്ദം കേട്ട് അങ്ങോട്ടൂ നോക്കിയപ്പൊ അതു നേരെ മറുവശത്ത് നിന്ന് വീണ്ടും കേട്ട്..അതിങ്ങനെ ദിശമാറുവാ..!!”
യാദാസ്ഥിതികന്‍മാരിലെ തീവ്രവാദിയായ "അരി..."യുടെ മുഖം ഇത്തിരി വിളറിയത് പ്രൊ.ഗൊ. കണ്ടു.
രണ്ടു കൊശവന്മാരും മെല്ലെ ഇടനാഴിയിലേക്കിറങ്ങി..
ഛില്‍.ല്‍.ല്‍“ ..
വീണ്ടും കേട്ടു..പ്രേത പാദപതനം.. രണ്ടും കൂടി ബാബൂ-രാകേഷ് ദ്വയത്തിന്റെ മുറിയില്‍ ആഞ്ഞാഞ്ഞിടിച്ചു.
 “ആരാ..” എന്ന് ഇരുവര്‍കളില്‍ യാരോ ചൊദിച്ചതില്‍ സാരമായ വിറ കലര്‍ന്നിരുന്നു എന്നത് സത്യം.
 “വാതില്‍ തുറക്കെടാ..ഞങ്ങളാ.”ന്ന് കേട്ടതും-
വാതില്‍ തുറന്നതും ഒരുമിച്ച്..!!
ലവന്മാര്‍ വാതിലില്‍ ചെവിചേര്‍ത്ത് സംഭവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് വ്യക്തം..
ഒറ്റശ്വാസത്തില്‍ പ്രൊ.ഗോ സംഭവം വിവരിച്ചു കഴിഞ്ഞില്ല,
അതിനു മുന്നെ ഉത്തമന്‍ പുറത്തുചാടി തൊട്ടോപ്പസിറ്റ് മുറിയില്‍ നിന്നും.
 (യെവന്‍ ഇത്തിരി തുറന്ന വാതിലിലൂടെ സംഭവം വീക്ഷിക്കുകയാരിരുന്നു..) അങ്ങനെ ആള്‍ബലം 2 + 2+1=5 ആയതിന്റെ ധൈര്യത്തില്‍, വാഴ, രാമന്‍, ഷിനോജ് തുടങ്ങിയ യോദ്ധാക്കളെയും ഞങ്ങള്‍ ടീമിലുള്‍പ്പെടുത്തി..”ആരെയും വിളിച്ചുണര്‍ത്തേണ്ടി വന്നില്ല കേട്ടോ. എല്ലാം ഉണര്‍ന്നു കിടന്ന് പേടിക്കുകയാരുന്നു”.
 “അളിയാ..ഇതെതായാലും ഒന്ന് അന്വേഷിക്കണം.നമ്മള്‍ അഞ്ചെട്ടെണ്ണമില്ലെ..പ്രേതം ഒന്നല്ലേ ഒള്ള്..ആ മൂലക്കൊന്നു പോയി നോക്കാം.“
രാമനാണ് പ്രശ്നാവതാരകന്‍. ചിലര്‍ അംഗീകാരം മൂളലില്‍ ഒതുക്കി.
മറ്റുള്ളവര്‍ മൌനമായി അംഗീകരിച്ചിരിക്കണം..മൂളിയവനെ പ്രേതം ആദ്യം പിടിച്ചോട്ടെ,,എന്നാവും..                                                                                                                                    അരിയും പടയും ഒന്നായി കിലുക്കം കേട്ട മൂലയിലെക്കു നടന്നു. നിശബ്ദമായ ഇരുട്ട് മാത്രം അവിടെ..“ഛില്‍.ല്‍.ല്‍.” - ദാ വരുന്നു ചിലമ്പൊലി..!!
പക്ഷെ നേരെ എതിര്‍വശത്തെ ഇരുട്ടില്‍ നിന്ന്..ടീം അവിടെക്ക് നടന്നു. ഒരൊറ്റഹ്രിദയം പോലെയാ എല്ലാ ലവന്മാരുടെ ഹ്രദയവും മിടിക്കുന്നത്. അപ്പോള്‍..ആ സിങ്ക്രണൈസ്ഡ് ലബ്.ഡബ്..മോശമില്ലാത്ത പ്രകമ്പനം ഉണ്ടാക്കുന്നുണ്ട്. ഇടനാഴിയില്‍..  ടീം മറ്റെ അറ്റത്തെത്തിയതും ചിലമ്പൊലി ആദ്യത്തെ അറ്റത്ത് നിന്നും മുഴങ്ങി...
 “അളിയാ ഇത് ഇടനാഴീന്ന്ല്ല് കേട്ടൊ..ടെറസ്സീന്നാ.”- ഫൈന്റിങ് ഷിനോജ് വക..
ടീം ഒന്നായി മുകളിലേക്ക്. അവിടെ നല്ല ഇരുട്ട്. തൊട്ടാടുത്ത 'മൊണാര്‍ക്കി'ന്റെ മുകളിലെ മെര്‍ക്കുറി വെളിച്ചം ടെറസ്സിലുണ്ട്. പണ്ടാരം. അതിനും ഒരു പേടിപ്പിക്കുന്ന നീല ഛവി.. “സംഭവം അതു തന്നെ. അളിയാ..ഇന്നു കറുത്തവാവാണ്.” “ന്റ്മ്മേ”- തീക്കണ്ണുള്ള ഒരു കറുത്ത പൂച്ച അലറിക്കൊണ്ട് ചാടിയിറങ്ങിയത് രാമന്റെ തലക്കുള്ളില്‍ നിന്നുമാണ്.
 മെറ്ക്കുറിയുടെ വെളിച്ചം തന്ന ധൈര്യത്തില്‍ ടിം സ്ട്രാറ്റജിക്കലി പലതായി സ്പ്ലിറ്റ് ചെയ്ത് ടെറസ്സിന്റെ നാലു മൂലയും മുകളില്‍ വറ്റിക്കിടക്കുന്ന വാട്ടര്‍ ടാങ്കിലും പിന്നെ സത്രത്തിന്റെ ചുറ്റുപാടുകളിലുള്ള കുറ്റിക്കാടുകളിലെ ഇരുട്ടിലും നിരീക്ഷണം നടത്തി.
പക്ഷെ.. കൊലുസ്സണിഞ്ഞ വെള്ള സാരിക്കാരി പ്രേതം ഇരുട്ടു വാരിപ്പുതച്ച് ഒളിഞ്ഞ് നിന്നു.. അവിടം ശൂന്യം.. നിശബ്ദം..
 ടീം ഒന്നാകെ താഴെ അവനവന്റെ ഫ്ലോറിലേക്ക്..ആ സ്റ്റെപ് ഇറങ്ങി ഇടനാഴിയിലേക്ക്..അവിടെ എത്തിയതും ഒരുത്തന് ഒന്നിനും പോകാനുള്ള അതീവ വാഞജ ഉണ്ടായി..“ടീമില്‍ പലര്‍ക്കും ആ വാഞ്ജ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും റൈറ്റ് റ്റൈമില്‍ പ്രേതാക്രമണമുണ്ടായലുള്ള ഭവിഷ്യത്തോര്‍ത്ത് കടിച്ചമര്‍ത്തുകയാരുന്നു. എതായാലും ടീം ഒന്നടങ്കം അതീവവാഞ്ജക്കാരനെ പഴി ചാരി അവസരം മുതലാക്കി. വര്‍ദ്ധിതാശ്വാസത്തൊടെ എല്ലാം തിരിഞ്ഞ് നടന്നു..നിശബ്ദമായ ഇരുട്ടിലൂടെ.
ഛില്‍.ല്‍.ല്‍.ല്‍. ചിലമ്പൊലി മുഴങ്ങിയത് തികച്ചും അപ്രതീക്ഷിതമായാണ്.
 ഛില്‍.ല്‍.ല്‍.ല്‍. വീണ്ടും ചിലമ്പൊലി..
പക്ഷെ ഇപ്പോള്‍ അത് വരുന്നത് താഴത്തെ നിലയിലെക്കുള്ള സ്റ്റെയര്‍കേസിന്റെ ആദ്യ പടികളില്‍ നിന്നുമാണെന്ന് തോന്നി.. വീണ്ടും തുടര്‍ന്ന ചിലമ്പൊലി സീക്വന്‍സില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. അത് താഴെ നിന്നും മെല്ലെ മുകളിലേക്ക് കയറിവരികയാണ്. തീര്‍ച്ച.. !!      
പെട്ടെന്ന് പ്രൊ.ഗോയുടെ കയ്യില്‍ ആരോ കയറി പിടിച്ചു. രാമനാരുന്നു.
 ആപ്രക്രിയ എല്ലവരില്‍ നിന്നും ഉണ്ടായി.. എല്ലവരും പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ചു. പ്രൊ.ഗൊ തൊട്ടടുത്ത മുറിയുടെ വാതില്‍ പിടിയില്‍ മുറുകെ പിടിച്ചു. ആ നാദം അടുത്തടുത്തു വരുന്നു. സംഭവം സീരിയസ് ആവുകയാണ്.
ദൂരെ എവിടെയോ കടല്‍ പ്രകമ്പനം കൊള്ളൂന്നതു പോലെ ഒരു ശബ്ദം..!!
ഒരു കൂട്ടം ഹ്രുദയങ്ങള്‍ കൂട്ടമായി മിടിക്കുന്നതാണ്...
 ഒരു തരം വല്ലാത്ത രോമാഞ്ജം..കാല്‍ വിരല്‍ മുതല്‍ മുകളിലേക്ക് ഒരു ചൂട് പടര്‍ന്ന് കയറുന്നു. തൊട്ടടുത്ത കൈവിറക്കുന്നതു കൊണ്ടാവം അവനവന്റേം ശരീരം വിറക്കുന്നത്.. !!
ഒരാള്‍ മാത്രമാണ് ഈ ശംബ്ദം കേള്‍ക്കുന്നതെങ്കില്‍ അവന്റെ തോന്നല്‍ മാത്രമാണെന്ന് പറയാമായിരുന്നു. ഇത് അങ്ങനല്ലല്ലോ..സര്‍വത്രാദി കൊശവന്‍മാരും ഒന്ന് തന്നെ കേള്‍ക്കുന്നു. ഒന്നു തന്നെ വിചാരിക്കുന്നു. ഒന്നു തന്നെ പ്രതീക്ഷിക്കുന്നു. അതെ..വെളുത്ത സാരിക്കാരിയായ ഒരു പ്രേതം (സാരിയാണല്ലോ ഇന്ത്യന്‍ പ്രേതങ്ങളുടെ സാര്‍വത്രിക യുനിഫോം.) ദേ   കുറച്ച് സമയത്തിനുള്ളില്‍ ഈ പടികള്‍ കയറി വരും. അതങ്ങനെ തങ്ങളുടെ മുന്നിലൂടെ വന്ന് പോകും..ഒരു പക്ഷെ..അത് ഞങ്ങളെ അക്രമിച്ചേക്കാം..(ഈ രാജസേനന്‍, രാം ഗോപാല്‍ വര്‍മ്മ അവര്‍കള്‍ക്കൊന്നും ഒരു പണീമില്ലെ.? വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോ പടം പടച്ച് വിട്ടോളും..)                                                                                                                                                   നിമിഷങ്ങള്‍ കടന്ന് പോയി. കുറെ ഏറെ ഊര്‍ജവും. വല്ലാതെ വിറക്കുവല്ലെ.അത് കൊണ്ട്. (മൂത്ര ശങ്ക നേരത്തെ തീര്‍ത്തത് ഭാഗ്യം..!)
നാദം ഇടക്കൊന്ന് നിലച്ചു. പെട്ടെന്ന് തുടരുകയും ചെയ്തു.
 വാതിലിന്റെ പിടി പിടിച്ച് നിന്ന പ്രൊ.ഗോ..ഒരു നിമിഷം ചെവി വട്ടം പിടിച്ചു.   ആ ചിലമ്പൊലി വരുന്നത് ആ മുറിക്കുള്ളില്‍ നിന്നുമാണ്..തീര്‍ച്ച..നല്ല വണ്ണം കേള്‍ക്കാം.പ്രൊ. ഗോയ്ക്ക് പെട്ടെന്ന് ഒരു സംശയം.. !!
 “ശെടാ..ഇത് ചിലമ്പോലി തന്നെയാണൊ..?” എന്ന്.
അല്ല. അല്ലേയല്ല...!!
 പ്രൊ.ഗൊയ്ക്ക് കാര്യം പിടികിട്ടി. വിറ മാറി ഒരു തരം ചമ്മല്‍ ആയത് മറ്റ് കൊശവന്മാര്‍ കണ്ടില്ല. ഇരുട്ടല്ലെ.. കാര്യമെന്തെന്നൊ..?
ആ മുറിയുടെ മച്ചില്‍ തൂങ്ങുന്ന ഫാനിന് നമ്മുടെ "എ. കെ ആന്റണി, തോമസ്സ് ഐസക്" സാറന്മാരെ ഒക്കെ നല്ല പരിചയം കാണും..!
അവരുടെ ഡിഗ്രിക്കാലം തൊട്ടെ കറങ്ങാന്‍ തുടങ്ങിയതത്രെ ടി. സാധനം..!!
കാലങ്ങളായുള്ള സേവനം അതിന്റെ ബെയറിങ്ങുകളെ സാരമായി ക്ഷീണിപ്പിക്കുകയും ക്ഷയിപ്പിക്കുകയും ചെയ്തിട്ടുണ്ട്..തല്‍ഫലമായി അത് ഈയിടെയായുള്ള കറക്കത്തിനിടയില്‍ ബെയറിങ് തേഞ്ഞ കാര്യം ഒരു നേര്‍ത്ത തേങ്ങലായി അവതരിപ്പിക്കാറുണ്ട്. അതു ശ്രദ്ധിക്കാന്‍ ഇവിടെ ആര്‍ക്ക് നേരം..? ആ തേങ്ങല്‍ ഒരു കൊലുസ്സിന്റെ കിലുക്കം ആയി മാറാറുണ്ട് എന്ന് പ്രൊ.ഗോയ്ക്ക് മാത്രം ഇപ്പൊ പിടികിട്ടി..                                                                                                          ഇതില്‍ പരം നാണക്കേടുണ്ടൊ...
അതിഭികരമായ രൂപം പൂണ്ട് നമ്മളെ പേടിപ്പിച്ച വെള്ള സാരിക്കാരി പ്രേതം, ഇതാ വെറുമൊരു മുതുക്കന്‍ ഫാന്‍ ആയി മച്ചില്‍ തൂങ്ങുന്നു...!!
 പ്രൊ.ഗൊ പെട്ടെന്ന് ക്രിയേറ്റിവ് ആയി. “അളിയാ..വാ പോകാം. അത് പ്രേതമോ..എന്തൊ..ആകട്ടെ. പോകാന്‍ പറ..എനിക്ക് ഉറക്കം വരുന്നു.”-എന്ന് പ്രഖ്യാപിച്ച് കൈവീശി നടന്നു.
കൊശവന്മാര്‍ ഒട്ടൊരത്ഭുതത്തോടെ അനുഗമിക്കുകേം ചെയ്തു..                                                                                       സര്‍വംശുഭം..!!                                                                                                                                                     പക്ഷെ.. ടി സംഭവം. എംസിയാര്‍വീ(MCRV) ഹോസ്റ്റലില്‍ പാട്ടായി..അത് മാത്രമോ..? “എല്ലെച്”-(LH) എന്ന നമ്മുടെ സ്വന്തം ലേഡിസ് സത്രത്തിലും. അവിടുന്ന് സാര്‍വത്രിക മഹാരാജാസ്സിലും. മുണ്ട് ടീമിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. ഹോസ്റ്റലിലെ പെണ്‍പ്രേതം യാഥാര്‍ത്യം എന്ന് തെളിയിച്ചവര്‍. വീരന്മാര്‍. ആ പ്രേതത്തെ പുല്ല് പോലെ അവഗണിച്ച് കൂര്‍ക്കം വലിച്ച് (സോറി “മന്ത്രം ജപിച്ച്) കിടന്നുറങ്ങിയ ഭയങ്കരന്മാര്‍.. സമ്മതിക്കണം..!!                                                                                പിന്നീട് നടന്ന ഏതോ "ജലസേചന" കര്‍മ്മത്തിനിടയില്‍ ടി സംഭവത്തിന്റെ യാഥാര്‍ത്യം പ്രൊട്ടഗോണിസ്റ്റ് സഹ കുടിയന്മാര്‍ക് വെളിപ്പെടുത്തുകയുണ്ടായി എന്നിരിക്കിലും മഹാരാജാസ്സില്‍ പൊതുവെയും എംസിയാര്‍വി മെന്‍സ് വിമന്‍സ് സത്രങ്ങളില്‍ പരക്കെയും പടര്‍ന്ന് പിടിക്കുകയും തലമുറകളായി കൈമാറ്റം ചെയ്ത് വരികയും ചെയ്യുന്നത്രെ.. !!
 ഇത് വായിക്കുച്ച് ബോധോദയം പ്രാപിക്കുന്ന വിദ്വാന്മാര്‍ “പ്രൊട്ടഗോണിസ്റ്റ് കള്ളം പറയുകയാണ് എന്ന് പ്രഖ്യാപിച്ചാല്‍ അത് വീണ്ടും സത്യമായി തുടരും...!!
                                                       / /തദാസ്ഥു../ /

  അവദൂതന്‍                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...