ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, മേയ് 28, തിങ്കളാഴ്‌ച

പിണറായി ഒട്ടൂം മോശമല്ല കേട്ടോ



അമ്മമ്മമ്മോ. കേരള രാഷ്ട്രീയ നഭോമണ്ഠലത്തിൽ വിളങ്ങി വിരാജിക്കുന്ന ‘പിണറായി’ എന്ന സ്ഥലനാമധേയത്തെ അത്യധികം ആശ്ചര്യത്തോടും അതിലേറെ അസ്സൂയ്യയ്യോടെയും നോക്കിക്കാണുന്നതിനിടയിൽ ‘ഇടുക്കി’ എന്നൊരു സ്ഥലനാമധേയം വെള്ളിടിപോലെ പത്ര, ചാനൽ മാധ്യമങ്ങളിൽ സവിശേഷമായൊരു ‘ഹും’-കാരത്തോടെ ഉയർന്നു വരുന്നത് സാമൂഹ്യൻ കണ്ടു. 

തലശ്ശേരിയിൽ കൊടുവള്ളിപ്പാലം കയറി വലത്തേക്ക് തിരിഞ്ഞ് സാക്ഷാൽ പിണറായിക്കുള്ള മാർഗമധ്യേ അതി വിശേഷമായ ‘കേരരസം’ (നീര, തെങ്ങിൻ കള്ള് എന്നൊക്കെ പര്യായം) കണ്ടൽക്കാടുകൾക്കിടയിലിരുന്ന പാനം ചെയ്യാവുന്ന ടോഡി ഷാപ്പ് ‘ കാളി’ എന്ന സ്ഥലത്തുണ്ടത്രെ. ഹൌ. അതിനു ശേഷമല്ലേ പിണറായി. ഉപ്പ് രസം കലർന്ന പുഴക്കാറ്റ് കള്ളിന്റെ പിടിത്തം അല്പം കൂട്ടുന്നതായും രേഖകളുണ്ട്. ഞണ്ട്, കരളു കറി, നാടൻ ബീഫ് ഒലത്തിയത്, അപ്പൊ പിടിച്ച ചെമ്മീൻ മുളകിട്ടത് പിന്നെ നമ്മുടെ സ്വന്തം കിഴങ്ങും എല്ല് കറിയും ഇത്യാതി സംഭവങ്ങൾ കാറ്റിന്റെ ഉപ്പ് രസവും ചേർത്ത് വിളമ്പിയങ്ങ് വച്ചാൽ സെക്കന്റ് വച്ച് ആവിയായി ഉദരാന്തർഭാഗത്തേക്ക് നീങ്ങുകയും അവിടെ സായുധ കലാപവും നാടൻ ബോംബേറും ഒക്കെയായി ഫാഷിസപ്രത്യയ ദഹനപ്രക്രിയ ആരംഭിക്കും. കാളിക്ക് കിഴക്ക് മാറി വടക്കുമ്പാട്ടേക്ക് ചെന്നാൽ അപ്പൊച്ചെത്തിയിറക്കിയ നാടൻ തെങ്ങിൻ രസം മോന്തിയാൽ തനി മാവോയിസ്റ്റ് രീതിയിലാണ് തലക്കകത്ത് അക്രമണം നടക്കുക. എല്ലാം പിണറായിയുടെ സ്വന്തം തത്വസംഹിതക്ക് ചേരുമ്പടിയാണത്രെ.

 ഈ വിപ്ലവങ്ങൾക്ക് കയറിൽ തൂങ്ങിയ മറ്റൊരു സംഘശക്തി കൂടി സീസണലായി അകമ്പടി സേവിക്കാറുണ്ട്. കല്ലുമ്മേക്കായ. ജലോപരിതലത്തിലും അടിത്തട്ടീലുമല്ലാതെ (പാർശ്വവൽകരിക്കപ്പെട്ടവരല്ല) ഏതാണ്ട് മധ്യേ കയറിൽ തൂങ്ങി വിപ്ലവത്തിലേർപ്പെടുന്ന ഇവർക്ക് തൊലിക്കട്ടി കൂടുതലാണേങ്കിലും തൂക്ക് മന്ത്രിസഭയിൽ നിന്ന് വേർപെട്ട് ചൂടുവെള്ളത്തിൽ വീഴുമ്പോൾ വാപൊളിയുകയും ഉള്ളിലുള്ളവൻ നല്ല രുചികരമായ തൊട്ട് കൂട്ടാനവുകയും ചെയ്യും. നല്ലത്. അതീവ ആസ്വാദ്യകരമായ അച്യുവിസ്റ്റ്  രുചി. 

ഇത്തരത്തിലെല്ലാം വിപ്ലവാത്മകമായ ‘പിണറായി’ മോശമാകുമോ കൊച്ചാട്ടാ.? 

പക്ഷെ ഇന്നലെ രാത്രി സംഭവം മാറി മറിഞ്ഞ്. ടോട്ടൽ അലമ്പായി. 
പതിനൊന്നിന്റെ വണ്ടിക്ക് ഇടുക്കിയിൽ നിന്ന് നേരെ കണ്ണൂരേക്ക് വച്ച് പിടിച്ച സാമൂഹ്യന്റെ വയറ്റിൽ  മ്മടെ കോയിക്കോട് കയിഞ്ഞ പാടെ തീ പാറാൻ തൊടങ്ങിറ്റു. കൊയിലാണ്ടിയും കൊല്ലവും പയ്യോളിയും പിന്നിട്ട് വണ്ടി വടകരയെത്തീതും വയറ് പൊളിയുന്ന വേദന. മൂത്രശങ്കയോ മലങ്കുറവന്റെ വിളിയോ ഒന്നുമല്ലപ്പാ കാര്യം. ഉള്ളിന്റെ ഉള്ളിലൊരു റെഫേർഡ് പെയ്ൻ. ഇടക്കെവിടോ ഒരു ബോർഡ് കണ്ടു ‘ഒർക്കാട്ടേരി’. അമ്മേ വേദന പാഞ്ഞ് കയറി ഇടനെഞ്ചിൽ. മോന്തായം ആരോ വെട്ടിപ്പൊളിക്കുന്നതുപോലൊരു തോന്നൽ. സംഭവം മനസ്സിലായതപ്പോഴത്രെ. ഓർക്കാട്ടെരി ഒഞ്ചിയം തുടങ്ങിയ ‘ഓ’ കാരങ്ങൾ ഹൃദയവേദനക്കും ചിലർക്ക് ഹൃദയാഘാതത്തിനും വഴിവെക്കുമത്രെ. അങ്ങനെ ആകെ ഹലാക്കായി മ്മള് കണ്ണൂർ കാൾടെക്സിൽ ബേം കീഞ്ഞ്. പാഞ്ഞ് ഒരു ഓട്ടലീക്കേറി ഒരു ബോട്ടില് സായ്പിന്റെ ബെള്ളം വാങ്ങി ഒരിറക്ക് കുടിച്ച്. ആശ്വാസം. ഹൌ. ഈ കണ്ണൂരെന്താ ഇങ്ങനെ..? എന്നൊരു സംശയവും. 

വടക്കൻ പാട്ടും തെയ്യക്കോലവും പിണറായി (കള്ള്) എഫക്ടും ചേരുമ്പടി ചേർന്നാൽ സായുധവിപ്ലവവും രാഷ്ട്രിയ കൊലപാതകവുമൊക്കെ ഉണ്ടാകുമായിരിക്കും. ആ ആർക്കറിയാം. ചെലപ്പോ പഴയ വിപ്ലവകാലത്തെ ചെറുത്ത് നിൽ‌പ്പിന്റെ ഭാഗമായി ഒന്നോ രണ്ടോ പേർ കൊല്ലപ്പെടുന്നതും ആകാല്ലോ.? ആ ആർക്കറിയാം. മ്മടെ എം വി ആറും, അബ്ദുള്ളക്കുട്ടീമൊക്കെ ഫുല്ല് ഫുല്ലേന്ന് പറഞ്ഞ് ഇതിലേ നടക്കുന്നത് ‘കുലം കുത്തികളല്ലാത്തത് കൊണ്ടാണോ ആവോ.? ആ അതും ആർക്കറിയാം. 

എന്തായാലും കണ്ണൂരല്ലെ അടുത്ത വണ്ടി പിടിച്ച് സുഹൃത്തിന്റെ ഗേഹം പിടിച്ച് കളയാം എന്ന് നിരീച്ച് 15 ഉറുപ്യ പീട്യക്കാരന് നീട്ടി സലാം വച്ച് തിരിഞ്ഞ്. 
“ങ്ങളെടാ പോന്നേ..” പീട്യക്കാരൻ ഒരൊറ്റ ചോദ്യം. ഞെട്ടിയില്ലേന്ന് ഉള്ളിന്റെ ഉള്ളിലൊരു സംശയം. “തളിപ്പറമ്പിന്”. 
“ങ്ങളീടെ ആദ്യയിറ്റാ..”..? അടുത്ത ചോദ്യം. ശ്ശേടാ എന്ത് പറയണം. ആണെന്നോ അല്ലെന്നോ..? ഒന്നും മിണ്ടിയില്ല. ഉത്തരം ആലോചിക്കുന്നതിനിടയിൽ അടുത്ത ചോദ്യം. 
"ങ്ങൾ തെക്കൂന്നാ..” കോട്ടയാറ്റോ.? (കൊട്ടയമോ മറ്റോ) ഭാഗ്യം മറുപടി പറയാവുന്ന ചോദ്യം. 
‘അല്ല ചേട്ടാ. ഇടുക്കീന്നാ”.
“അള്ളാ..” പീട്യക്കാരന്റെ കണ്ണ് തള്ളി. “ങ്ങള് ഇടുക്കീന്നാ. ഉഷാറാക്കീട്ടാ. ഹൌ.. “ 
ഇതെന്ത് കൂത്ത് കണ്ണൂർക്കാരനായ ഈ സഖാവെന്തിനാ ഇടുക്കിക്കരൻ കേട്ടിട്ട് ബേജാറാവുന്നെ. പാവം സാമൂഹ്യൻ എന്ത് ഉഷാറാക്കീന്നാണാവോ. ഒരു പിടിം കിട്ടാതെ നട്ടം തിരിഞ്ഞപ്പാ നമ്മള്. 
“ങ്ങള് കൊള്ളാട്ടോ.. എന്തന്നാ ഉശിര് എന്താ വിപ്ലവം. മ്മടെ കണ്ണുരെല്ലാം അത്രക്ക് പോരാന്ന്. ബടാ    ഇപ്പോ കമ്മ്യൂണിസം. ഇല്ല്യോളീ.” പീട്യക്കാരൻ ആവേശഭരിതനായി. 
കഷ്ടപ്പെട്ട് വാങ്ങിക്കുടിച്ച് ബൂർഷ്വാ കുപ്പിവെള്ളത്തിൽ വിപ്ലവം കലർന്ന് കയ്ചു. 
“ങ്ങള് ബാ. കുത്തിയിരിക്കീന്. ചായ എടുക്കട്ട്.” കട്ടനോ പാലോ..?
കയ്ച വെള്ളം വിളിച്ച് പറഞ്ഞ് “ഓടിക്കോ സാമൂഹ്യാ..” ഇത് വിപ്ലവത്തിന്റെ നാടാ. നിന്റെ ഇടുക്കിയല്ല. വേഗം വിട്ടോ എന്ന്. “വേണ്ട ചേട്ട. രാത്രിയല്ലേ. കെയെസ്സാർടീസീന്ന് ബസ് പുറപ്പെടാറായി. പോട്ടെ” എന്ന് പറഞ്ഞ് തിരിഞ്ഞില്ല അതിനുമുന്നെ കയ്യിൽ വീണു ഒരു വിപ്ലവപ്പിടി. 
അടുത്തതെന്താണെന്ന് ചിന്തിക്കാൻ സമയം കിട്ടിയില്ല അതിനു മുന്നേ വലിച് കടക്കാകത്തൊരു കസേരയിലേക്കിരുത്തി പീട്യക്കാരൻ. “അങ്ങനെ പോയാലോ ങ്ങള്. മ്മടെ എം എം മണിന്റെ നാട്ടിന്നല്ലെ.. ത്തിരി ചായേന്റെ ബെള്ളം കുടിച്ചിട്ട് പോയാമ്മതി. പൈശക്കല്ലപ്പാ. മ്മടെ ഒരു സന്തോഷത്തിനല്ലേ.” 

അമ്മച്ചീ. കയ്പ് അലിഞ്ഞില്ലാതായി. സർവത്ര പ്രഭാപൂരിതമായി അന്തരീക്ഷം. ചുറ്റുപാടും ചുവപ്പ് മാത്രം. ഹൌ. ചെഞ്ചോര, ചെമ്മണ്ണ്, ചെങ്കോടി, ചെങ്കോട്ട, ചെന്താമര, ചെന്തെങ് സർവത്ര ചുവപ്പിന്റെ ചന്തം. ചോര വീണ മണ്ണീൽ നിന്നുയർന്നു പൊങ്ങിയ പനച്ചൂരാൻ പാട്ട് അവിടെല്ലാം അലയടിച്ചു. തമ്പേറിന്റെയും ചെമ്പ്ട ബൂട്ടീന്റെയും തടപ് തടപ് ശബ്ദം ഈ പാവം സാമൂഹ്യന്റെ ദിൽ തടപ് തട്പ് ആയി. അതിനിടയിൽ ദാ വരുന്നു നല്ല ചുവപ്പ് കട്ടൻ ചായ. പരിപ്പുവടയും. ചൂടോടേ തിന്നു. ഉഷാറായി. നേരെ വിലവിവരപ്പട്ടികയിലേക്ക്. ഒന്ന്.. രണ്ട്.. മൂന്ന്. അവിടെ പരിപ്പു വടക്കും ചാ‍യക്കും പകരം എം എം മണീടെ ലിസ്റ്റ്. 1.. വെട്ടിക്കൊന്നു.. 2 വെടി വെച്ച് കൊന്നു.3 തല്ലിക്കൊന്നു.... അങ്ങനെ അങ്ങനെ. കേരളമെന്ന പേർ കേട്ട് അഭീമാന പൂരിതമായ അന്തരംഗവുമായി സീറ്റ് വിട്ടെണീറ്റു. നീട്ടീയ കാശ് കടക്കാരൻ തിരികെ പോക്കറ്റിലിട്ട് തന്നു. “ഇത്രടം വരെ വരുമ്പോ ഒന്ന് കേറണം ട്ടോ.” എന്നൊരു ക്ഷണവും. 

കടവിട്ട് വഴിവിളക്കിന്റെ വെളിച്ചത്തിലേക്കിറങ്ങി. കയ്പുമില്ല വെപ്രാളവുമില്ല വേദനയുമില്ല. “ഞാനൊരു ഇടുക്കിക്കാരനാടാ” എന്നൊരു തന്റേടം . വിപ്ലവത്തിന്റെ കണ്ണൂരിലെ പ്രിയ സഖാക്കൾ ഇടുക്കിക്ക് മൂല്യവും മുന്തൂക്കവും പോളിറ്റ് ബ്യൂറോ അംഗത്വവും ചാർത്തി തന്നിരിക്കുന്നു. “ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന്“ പാട്ട് ഇപ്പോ സമൂഹ്യന്റെ നെഞ്ചകത്തീന്ന്. കയ്യും തെറുത്ത് കയറ്റി റോഡ് ക്രോസ് ചെയ്ത് മീഡീയനിൽ കയറി ഒന്നു മൂരി നിവർത്തി. കണ്ണൂരിന്റെ നെഞ്ചിൽ നിന്ന്. എന്നിട്ട് കയ്യും വീശി നേരെ വച്ച് പിടിച്ച്. കെയെസ്സാർടീസിയിലേക്കോ തളിപ്പറമ്പീലേക്കോ അല്ല. നേരെ ഇടുക്കിക്ക്. പിണറായി, തലശ്ശേരി കോടിയേരി പാനൂർ, ഒർക്കാട്ടേരി, ഒഞ്ചിയം വടകരം കൊയിലാണ്ടി കോഴിക്കോട് വഴി.... ഇടുക്കിക്ക്. കാൽനടയായി. ഇടുക്കിയെ കണ്ടെത്തിയതിന്റെ ആവേശത്തിൽ. അതും കണ്ണൂര് നിന്ന് കണ്ടെത്തി. 
ഒരേ ഒരു സംശയം മാത്രം അവശേഷിച്ചു. എവിടെയോ.. അതും സാമൂഹ്യന്റെ ഒരു സാധാരണ സംശയം മാത്രം..

“എന്നാലും ആ മണി മുഴങ്ങിയത് ആർക്ക് വേണ്ടി..?” 


6 അഭിപ്രായങ്ങൾ:

  1. അങ്ങനെ അറിയാൻ ഇനിയും ഒരുപാട് കാര്യങ്ങൾ കേരള രാഷ്ട്രീയത്തിൽ ഉണ്ട്,
    രാഷ്ട്രീയം ഒരു മായയാണ്, അല്ലേ ആ

    മറുപടിഇല്ലാതാക്കൂ
  2. രാഷ്ട്രീയം മാത്രമാണ് ഈ ഭൂമി മലയാളത്തിൽ സംഭവിക്കുന്നതെന്ന് ചാനലുകളും പത്രങ്ങളും ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് എന്തിനാണാവോ ഷാജു..? ഈ ചോദ്യത്തിനും ഒരുത്തരമേ ഉള്ളുന്നാ പഴമനസ്സിൽ അടിയനു തോന്നുന്നത്.. “ആ....”

    മറുപടിഇല്ലാതാക്കൂ
  3. മഹാരാജാസ് കോളേജിന്റെ സൈറ്റില്‍ ദയവു ചെയ്തു രാഷ്ട്രീയം ലേഖനങ്ങള്‍ ഒഴിവാക്കുക സോദര.കാരണം രാഷ്ട്രീയമായി തെറി പറയാനുള്ള വേദിയല്ല ഇത്. നമോരോരോതര്‍ക്കും ഓരോ ഓരോ രാഷ്ട്രീയ കഴ്ച്ചപാടുണ്ട് .അത് ഇതിലേക്കായി വലിച്ചിഴക്കരുത് .... ഇപ്പോള്‍ നമുക്ക് വേണ്ടത് മഹാരാജ്സ് സ്പിരിറ്റ്‌ മാത്രം മതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ സഹോദരാ. രാക്ഷ്ട്രീയ തെറിവിളികൾ നടത്തുകയാണ് ഇവിടെ എന്ന് താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നുവോ എന്ന് സംശയം. ഇതൊരു അനുഭവകഥയാണ്. ഞാനും താങ്കളും പോലെ സത്യം. അത് വിവരിക്കുക മാത്രമാണ് ഇവിടെ ചെയ്തത്.

      ഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...