പാരിസിലെ ഗ്രാന്‍ഡ് കഫേയിലെ ഇന്ത്യന്‍ സലൂണ്‍ . ഡിസംബര്‍ 28, വര്‍ഷം 1895. ഇവിടെ ലോക ചരിത്രത്തെ ആകെ മാറ്റിമറിച്ച ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. സാമൂഹ്യന്റെ സിനിമാ കൂട്ടുകാരില്‍ വിവരമുള്ള ഒന്നു രണ്ട് സാമദ്രോഹികളത്രെ ഈ കിടിലന്‍ വാര്‍ത്ത തന്നത്. 1895-ല്‍ അല്ല..!! ഇന്നലെ.
അപ്പൊ ആ വഴിക്ക് ഗ്രാന്‍ഡ് കഫെ വരെ ഒന്നു പോയി. (ദിവാസ്വപ്നവാഹനത്തില്‍).
കേരള ഫിലിം ഫെസ്റ്റിവെല്‍ വാര്‍ത്ത രമേശന്‍ പറഞ്ഞറിഞ്ഞതിന്റെ ഹാങോവറും ഒരു കാരണമാണ് ഈ സ്വപ്ന സഞ്ചാരത്തിന്. അവിടെ സംഭവം പ്രമാദമാണ്. സാമാന്യം “ഭയങ്കരമായ” [ഭയങ്കരം = ഭയം+കരം (ഭയം ജനിപ്പിക്കുന്നത്) മാത്രമല്ലല്ലോ മലയാളത്തില്‍, പകരം ഏതൊരു വികാരത്തിനും സാര്‍വത്രികമായി ഉപയോഗിക്കാവുന്ന ഒരു പദപ്രയോഗമത്രേ.( ഉദാ: ഭയങ്കരം മഴ, ഭയങ്കര സൌന്ദര്യം, ഭയങ്കര സുഖം, ഭയങ്കര രസം ഇത്യാതി...] ആള്‍ക്കുട്ടമുണ്ട്.
തദ്ദേശ പാരീസ് പ്രഭുക്കന്മാരില്‍ കൂറെയെണ്ണം ഉണ്ട് അവിടെ. അതീവ സുന്ദരികളായ തരുണീ രത്നങ്ങളും ഉണ്ട്. എന്തിനാണി പ്രഭുക്കൂട്ടം? അതല്ലെ രസം. പടം കാണാനാണ് നില്പ്. “സിലിമ..സിലിമ.. ”. ലവന്മാര്‍ കൂട്ടത്തോടെ അഹമഹമിഹയാ നില്‍ക്കുന്നത് ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാ കാണല്‍ ക്യൂ ആണെന്ന് ആവരില്‍ ആരും ഓര്‍ത്തുപോലും കാണില്ല. സത്യമാണേ..അതുതന്നായിരുന്നു ആദ്യത്തെ സിനിമാകൊട്ടക ക്യൂ.
സാമൂഹ്യന്‍ അവിടെ പോസ്റ്ററുകള്‍ വല്ലതുമൂണ്ടോ കീറാന്‍ എന്ന് ആലോചിച്ച് വട്ടം കറങ്ങി. മുന്നില്‍ നിന്ന തരുണീരത്നത്തിനെ നീളന്‍ ഗൌണില്‍ കയറി ഒന്ന് ചവിട്ടിയതും ലവള്‍ വീഴാനാഞ്ഞതും ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാക്യൂവിലെ തിക്കിത്തിരക്കും തട്ടിവീഴലും തെറികേള്‍ക്കലും ആയോ ആവോ. ലവള്‍ തെറി പറഞ്ഞില്ല. (പക്ഷെ ഫ്രഞ്ചില്‍ എന്തോ മൊഴിഞ്ഞു.ഏയ് തെറിയാവില്ല) ആ ങ്ങനെ ഒരുവിധത്തില്‍ ലവളും നമ്മളും ബാലന്‍സ് ഒപ്പിച്ച് മുന്നോട്ട് നീങ്ങി.
അങ്ങനെ വാതായനമെത്തിയപ്പൊ ദേ പോസ്റ്റര്‍. എന്റെ ദൈവേ...ഒന്നല്ല 10 പടങ്ങളാ കളിക്കുന്നെ. “10 പടങ്ങളേ..!!!!!!) അല്ലപ്പാ ആരിതിന്റെ സംവിധാന മഹാപ്രഭു..? ഏതായാലും ഉള്ളിലെത്തി. മൊത്തം ഇരുട്ട്. ഇനീം ഗൌണില്‍ ചവിട്ടീ ഫ്രഞ്ച് കേള്‍ക്കാനുള്ള അനാരോഗ്യം കണക്കിലെടുത്ത് ആദ്യം കണ്ട സീറ്റിലേക്ക് ഉക്കാറി..തൊട്ടടുത്ത് ഗൌണും. “ദൈവമെ.. ലോക ചരിത്രത്തില്‍ സിനിമാ കൊട്ടകക്കുള്ളിലെ...ആദ്യത്തെ....” മുഴുമിച്ചില്ല ചിന്ത. അതിനു മുന്നെ ലവളെ തള്ളിമാറ്റി വെറൊരുത്തന്‍ ഇടക്കിരുന്നു. ഗൌണിന്റെ കാമുകാനാണെന്ന് സ്വഭാവ ചലനങ്ങളില്‍ നിന്ന് വ്യക്തം.
ഇരുട്ടില്‍ ദാ തെളിയുന്നു ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാ വെള്ളിത്തിര. അതിന്റെ കൂടെ അനൌണ്‍സ്മെന്റ്. “ഞങ്ങള്‍ ലൂമിയര്‍ ബ്രദേര്‍സ് അഭിമാന പുരസ്സരം സമര്‍പ്പിക്കുന്നു... “സിനിമറ്റോഗ്രാഫ് ലൂമിയര്‍”. എന്റമ്മേ. ഇതാണപ്പാ ലോകത്തിലെ ആദ്യത്തെ സിനിമാ പ്രദര്‍ശനം . അതും കൊട്ടകേല്. പൈസ വച്ച്. പിന്നെയങ്ങോട്ട് കുറേ ബ്ലാക്ക് ആന്റ് വൈറ്റ് സംഭവങ്ങള്‍. മൊത്തം പത്തെണ്ണം. ലുമിയന്മാരും, റൊബര്‍ട്ട് റോ ബേര്‍ഡ്, സെസില്‍ റേ, ജോര്‍ജ് ഡെനി, ആല്‍ഫ്രെഡ് റെഞ്ച് തുടങ്ങിയ “ഭയങ്കരന്മാര്‍“ നിര്‍മ്മിച്ച “ഭയങ്കര സംഭവങ്ങള്‍. ഉള്ളത് പറയാമല്ലോ. ഒരൊറ്റയെണ്ണം ഒരു മണീക്കുര്‍ തികച്ചില്ല. (കേരള കഫേ- എത്രയോ ഭേദം”.)
10 പടങ്ങളില്‍ ആദ്യത്തെത് “എക്സിറ്റ് ലൈറ്റ് ഫാക്റ്ററി ഇന്‍ ലിയോണ്‍ ” (ലിയോണിലുള്ള ലൂമിയര്‍ ഫാക്റ്ററിയില്‍ നിന്ന് പുറത്തെക്ക് വരുന്ന തൊഴിലാളികള്‍. അവസാനത്തെത് “കടല്‍ ”- ലോകത്തില്‍ ആദ്യത്തെ കുളീസീന്‍ പടം. ഹീയ്യാ..കടലിലെ കുളിയാണ് പ്രമേയം. അടിപൊളിയേയ്..!!! ആദ്യത്തെ പടം, നിര്‍മ്മാണം, സംവിധാനം, ചിത്രീകരണം , വിതരണം ഉള്‍പ്പെടെ ലൂമിയര്‍ 'ബാലചന്ദ്രമേനോന്' പഠിച്ച് റെക്കാര്‍ഡാക്കി. ക്യമറ സ്വന്തം. പ്രൊജെക്ടര്‍ വേണ്ട. കാരണം ആ പണിയും ഈ ഗഡാകണ്ടന്‍ ക്യാമറ ചെയ്തോളും. “ഭയങ്കര ബുദ്ധി” എന്റമ്മച്ചീ...
ലവന്മാര്‍ക്ക് ഈ സിനിമാപ്പടം എങ്ങനെ വിജയിപ്പിക്കണമെന്നതിന്റെ “ഭയങ്കര” ഐഡിയ അന്നേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്ന ആദ്യത്തെ പടത്തിലെ തൊഴിലാളികല്‍ മിക്കവരും പെണ്ണുങ്ങളായിരുന്നതും അവസാനത്തെ കടല്‍ക്കുളിയില്‍ ഒരു തരുണീരത്നത്തെ പാലത്തീന്ന് വെള്ളത്തില്‍ ചാടിചതും. “ഭയങ്കരന്മാര്‍..!!!”
അങ്ങനെ പടങ്ങളെല്ലാം കണ്ട് കണ്ണ് നിറഞ്ഞ് “ഭയങ്കരമായ” സന്തോഷത്തോടെ ഗൌണില്‍ ചവിട്ടാതെ പുറത്ത് ചാടിയതും ഒരു “ഭീകര” ബോധോദയം ഉണ്ടായി. കടവുളേ, ഇതല്ലാരുന്നോ “ലോക ചരിത്രത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍“ എന്ന്. ഈ പാവം സാമൂഹ്യന്‍ അതിലെ ആദ്യത്തെ മലയാളി (ഇന്ത്യന്‍) ഡെലിഗേറ്റ്. ഹൈ ഹൈ..“തന്നെ തന്നെ”-തോളില്‍ തട്ടി പറഞ്ഞത് വേറാരുമായിരുന്നില്ല. സാക്ഷാല്‍ ലൂയി ലൂമിയര്‍. ആട്ടൊഗ്രാഫ് വാങ്ങണമെന്നുണ്ടായിരുന്നു. നടന്നില്ല. ”ഭയങ്കര” തിരക്കല്ലായിരുന്നോ..? ഹൊ.!! അങ്ങനെ “അതി ഭയങ്കരമായ” ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പുറത്തിറങ്ങി അടുത്ത ബാറിലേക്ക് നടന്നു.
ലോക്കലാ..ആ ഇരുട്ടില്‍ ഒരു ഫ്രെഞ്ച് വിസ്കിക്ക് (ലൊക്കല്‍) ഓര്‍ഡര്‍ കൊടുത്ത് ചാരി നിന്നു. തോട്ടടുത്ത് നില്‍ക്കുന്നു ഒരു ഫ്രഞ്ച് പ്രാക്രുതന്‍. അയാല്‍ ഫ്രഞ്ചില്‍ എന്തോ പുലമ്പുന്നുണ്ട്. ഇടക്ക് “ലൂമിയര്‍“ എന്നു, “സിനിമറ്റോഗ്രാഫ്” എന്നുമൊക്കെ പുലമ്പുന്നു. എല്ലാം തീരുന്നത് നല്ല കടുപ്പത്തിലുള്ള ഫ്രഞ്ചില്‍. ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം വക്തം. ഞാന്‍ ചവിട്ടിയ ഫ്രഞ്ച് ഗൌണിന്റെ ഉടമയായ പെണ്‍കൊടി പറഞ്ഞ ചില വാക്കുകള്‍ ഇയാളും ഉപയോഗിക്കുന്നുണ്ട്. “സോറി “ എന്ന് പറയുന്നതാവും. എത്ര “ഭയങ്കരമായ” മാന്യത..!!
അപ്പൊഴേക്കു വിസികി എത്തി. ലോക്കലാണേലും സാധനം ഫ്രഞ്ച് തന്നെ..അതങ്ങനെ സിപ്പ് സിപ്പേന്ന് സേവിച്ചു. അപ്പൊഴേക്കും ഒരു ഭയങ്കര സംഭവം ഉണ്ടായിഷ്ടാ..ഹൊ. “അത് വരെ എനിക്ക് കമാന്ന് മനസ്സിലാകാതിരുന്ന വഴ-വഴാ ഫ്രഞ്ച്-ദാ മെല്ലെ മെല്ലെ മനസ്സിലാവാന്‍ തുടങ്ങുന്നു.” മൊത്തം കൂടിയന്മാരും പറയുന്ന ഫ്രഞ്ച് കലപിലാന്ന് തലക്കാത്ത് കയറുന്നു. ഞാനും ഒന്ന് ട്രൈ ചെയ്താലൊ..? ഒന്നു പറഞ്ഞ് നോക്കി. ഹൈ ഹൈ. ദാ വരുന്നു നല്ല അസ്സല്‍ ഫ്രഞ്ച്. വഴ- വഴാന്ന്. (ചുമ്മാതല്ല. സാര്‍വത്രിക കുടിയന്മാരും വഴ-വഴാന്ന് കലമ്പുന്നത്. സ്വാമീ. അത് മൊത്തം ഫ്രഞ്ച് തന്നല്ല്യോ..)
എവിടുന്നൊ “ഭയങ്കരമായ ധൈര്യം കിട്ടി. പ്രാക്രുതനോട് പേര് ചോദിച്ച്. “ഭയങ്കരം” പുള്ളിക്ക് മനസ്സിലായി. പേര് പറഞ്ഞു. “ലിയോണ്‍ ബൂലി” ( Léon Guillaume Bouly). പിന്നെ ഞാന്‍ ത്രിണം ത്രിണംന്ന് ചോദ്യം തുടങ്ങി. അപ്പോഴല്ലേ ആ “അതി ഭികര സത്യം” ക്ലിയര്‍ ആയത്.. എന്താന്നൊ..? ഈ ബൂലിയാണത്രെ സിനിമാപിടിക്കുകേം അത് പ്രൊജക്ട് ചെയുകേം ചെയ്യുന്ന ഈ “ഭയങ്കര” യന്ത്രം “സിനമറ്റോഗ്രാഫ്” യതാര്‍ഥത്തില്‍ കണ്ട് പിടിച്ചത്. ആ പാവം പേറ്റന്റിന് അപേക്ഷിക്കുകേം ചെയ്തത്രെ. പേറ്റന്റ് കിട്ടി-“സിനിമറ്റോഗ്രാഫ് ലിയോണ്‍ ബൂലി” എന്ന പേരില്‍.
പക്ഷെ പാവത്തിന് ലഗ്നത്തില്‍ കുചന്‍ ആരുന്നു. പേറ്റന്റ് വാടക അടക്കാന്‍ കക്ഷിടെ കീശയില്‍ കാശ് തികഞ്ഞില്ല. ഇതറിഞ്ഞ ലൂമിയറുമാര്‍ ടി ലൈസന്‍സ് പണം കെട്ടി വാങ്ങുകേം ചെയ്തു. പടവും പിടിച്ചു. പ്രദര്‍ശനോം നടത്തി നാളിതുവരെയും റോയല്‍റ്റി വാങ്ങിയിം അനുഭവിച്ചും വരുന്നു. “ഭയങ്കരന്മാര്‍” ഇത് അധികമാരും അറിയാത്ത സിനിമാ ചരിത്രം.ലോക ചരിത്രത്തില്‍ “ആദ്യത്തെ സിനിമാ ചതി”. അടികൊള്ളാന്‍ ചെണ്ട. പണം വാങ്ങാന്‍........” ഇത് കേട്ട് “ഭയങ്കരമായ“ സങ്കടം വന്ന ഞാന്‍ അവസാനത്തെ ഫ്രാങ്കിനും ഫ്രഞ്ച് വിസികി വാങ്ങി ലിയോണിനെ കുടിപ്പിച്ചു. ഒരെണ്ണം സ്വയം തട്ടി. അയാളെ സമാധാനിപ്പിച്ച് ബാറിന്റെ വെളിയിലേക്ക്.
റോഡ് ക്രൊസ്സ് ചെയ്തതും ഒരു കുതിര വണ്ടി ദേ വരുന്നു. വന്നതും തട്ടിയതും ഒരുമിച്ച്. കിടന്ന കിടപ്പില്‍ വണ്ടിക്കാരനെ ചീത്ത വിളിച്ചു. പച്ചക്ക്. ഫ്രെഞ്ചില്‍. ആ ഗൌണ്‍ പെണ്‍കുട്ടി ഉപയോഗിച്ച “സോറീ” ഇതാരുന്നെന്ന തിരിച്ചറിവോടെ എണീക്കന്‍ ശ്രമിച്ചപ്പോഴാ വെളിവ് വന്നത്. ദാ കിടക്കുന്നു ഞാന്‍. ഇങ്ങ് കേരളത്തിലെ ഓണം കേറാ മുലയിലെ സ്വവസതിലെ കട്ടിലിന് കീഴില്‍...!!!
എന്നാലും എന്റെ ദൈവങ്ങളേ.. ഇങ്ങനുണ്ടൊ.. ഒരു സിനിമാ ചരിത്രം..അറിയപ്പെടുന്ന സിനിമാ ചരിത്രവും റെക്കോര്‍ഡുകളും അറിയപ്പെടാത്ത ചരിത്രങ്ങളും ഒരുപിടി പുതിയ റെക്കോര്‍ഡുകളുമായി (സാമൂഹ്യന്‍ കണ്ടെത്തിയത്) 1895 ലെ “സിനിമറ്റോഗ്രാഫ് ലൂമിയര്‍” “ഭയങ്കരം”. (ഒരു പടം പിടിക്കണം ഈ ത്രെഡ് വച്ച്ര. കേട്ടോ രഞ്ചിത്തേ..?)
സസ്നേഹം സാമൂഹ്യന്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ