ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011 നവംബർ 22, ചൊവ്വാഴ്ച

മുല്ലപ്പെരിയാറിൽ ഇനി....?

മുല്ലപ്പെരിയാറിന്മേൽ ഇന്ന് നടത്തുന്ന സർവകക്ഷി ചർച ആശാവഹം തന്നെ. അത് ചർചയിലൊതുങ്ങാതിരിക്കണം. സമ്പൂർണമായ ഒരു സംയൂക്ത നീക്കമാണിനി ആവശ്യം. നിയമവശങ്ങൾ പറഞ്ഞ് തമിഴ്നാടിനെ വാദിച്ചു തോല്പിക്കുന്നതിനുളള തന്ത്രം മെനയലല്ല. ജീവനും സ്വത്തിനും സംരക്ഷണം എന്ന മൌലികാവകാശം നേടുന്നതിനുള്ള യത്നമാവണം ഉണ്ടാകേണ്ടത്.

സോഹൻ റോയിയുടെ ചലചിത്രത്തിനോട് തമിഴ് രാഷ്ട്രീയത്തിന്റെ ഇടപെടൽ ഉണ്ടായി എന്ന വാർത്തയും കാണുന്നു. തമിഴ് നാട് സ്വന്തം ആളുകൾ നേരിടാവുന്ന  ദൂരവ്യാപകമായ വിപത്തിന്റെ മനസ്സിലാക്കാതെ മുല്ലപ്പെരിയാറിനുമേലുള്ള എല്ലാ നീക്കങ്ങളും തകർക്കാനുള്ള ശ്രമം നടത്തുകയാണ് എന്ന് വ്യക്തം. “മുല്ലപ്പെരിയാറിനെ പരാമർശിച്ചു” എന്ന പേരിൽ ഒരു ചലചിത്രത്തിനെതിരെ പോലും പടവാളെടുക്കുന്ന തമിഴ്നാടിനോട് പറയുക. “ഞങ്ങൾ കേവലം ഒരു ചലചിത്രമാവില്ല ഞങ്ങളുടെ സംരക്ഷണത്തിനായി ഉയർത്തുന്നത്. 15 ലക്ഷത്തോളം ജനങ്ങളുടെ കരങ്ങളാണ്. അത്രത്തോളം നാവുകളും.

 സ്വന്തം സംസ്ഥാനത്തിന്റെ പച്ചപ്പിന്റെ ജീവനാഡി മുല്ലപ്പെരിയാറും അതിൽ നിന്ന് കിഴക്കോട്ടൊഴുക്കുന്ന ജലവുമാണെന്ന് ഇവർ മനസ്സിലാക്കാഞ്ഞിട്ടോ, കേവലം തിണ്ണ മിടുക്കിന്റെ ഉമ്മാക്കി കാട്ടി കേന്ദ്ര സർക്കാരിന്റെ പേടിപ്പിക്കുന്നതോ എന്ന് മനസ്സിലാവുന്നില്ല.  ഇടുക്കി ജില്ല തമിഴ്നാട്ടീലായിരുന്നുവെങ്കിൽ ഇതിനോട് എന്ത് സമീപനം സ്വീകരിക്കുമായിരുന്ന് തമിഴ്നാട്.? “കേരളത്തിന് ഞങ്ങളെ സംരക്ഷിക്കാനാവുന്നില്ലെങ്കിൽ ഇടിക്കി ജില്ലയെ തമിഴ്നാട്ടിൽ ലയിപ്പിക്കൂ” എന്ന് വിലപിച്ച സമരസമിതിയിലെ പാവങ്ങളുടെ സ്വരം കാതിൽ ഇപ്പൊഴും മുഴങ്ങുന്നു.

മുല്ലപ്പെരിയാറിന്  ഒരു വിപത്ത് സംഭവിക്കുന്ന പക്ഷം തമിഴ്നാടിന്റെ 4 ജില്ലകൾ മരുഭൂമിയായി മാറും എന്നും പട്ടിണീയും പരിവട്ടങ്ങളും അവയെ കൊച്ച് സൊമാലിയകളാക്കി മാറ്റും എന്നും തമിഴ്നാട് തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ  ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഗൾഫാണ് കൊച്ചിയും, ആലുവയുമൊക്കെയെന്നും അവരും ഈ ഭീതിയുടെ നിഴലിൽ തന്നെയാണെന്നതും മനസ്സിലാക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാറും ഇടുക്കിയും ലോവർപ്പെരിയാറും, കല്ലാർകുട്ടിയുമൊക്കെ ലീതൽ വാട്ടർ ബോംബുകളായി രൂപാന്തരപ്പെടുന്ന ഒരു ചെയിൻ റിയാക്ഷൻ ചർചകൾക്കും കോടതി ഉത്തരവിനും, കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്കുമൊന്നും കാത്ത് നിൽകില്ല.  എത്രയും വേഗത്തിലുള്ള നീക്കങ്ങളും, കരുതൽ നടപടികളും, തരിതഗതിയിലുള്ള ഡാം നിർമാണവും, പഴയ അണക്കെട്ടിന്റെ കണ്ട്രോൾഡ് ഡിമോളീഷനുമാണ് വേണ്ടത്. അത്തരമൊരു നടപടിക്ക്  പെരിയാർ ടൈഗർ റിസർവിന്മേൽ ഏത് തരത്തിലുള്ള ഇഫക്ട് ആണുണ്ടാക്കുന്നതെന്ന് കണക്കാക്കേണ്ടതില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രയോരിറ്റി എന്ന് വരുമ്പോൾ. പരിസ്ഥിതിക്ക് ഒരു റിജുവനേഷൻ സാധ്യമാണ് പെരിയാർ ടൈഗർ റിസർവിൽ. പക്ഷെ ഒരു ദുരന്തം കേരളത്തിനു വരുത്തുന്ന നാശവും, ജീവ നഷ്ടവും, ദേശിയ സാമ്പത്തിക വ്യവസ്ഥക്കുമേലുള്ള തിരിച്ചടിയും തിരുത്താനും റിജുവനേഷനും സാധ്യമല്ല.

ഏർളി വാർണിങ് സിസ്റ്റവും ഇവാക്യൂവേഷൻ നടപടികളും
മുല്ലപ്പെരിയാറിനുമേൽ എത് തരത്തിലുള്ള നടപടികളുണ്ടായാലും അതിന് അതിന്റേതായ കാലവധി ആവശ്യമുണ്ടെന്നത് വാസ്തവമാണല്ലോ. അതായത് ഒരു വർഷത്തിലേറെ നീളാവുന്ന ഒരു കാലാവധി. ഇതിനിടയിൽ ഭൂകമ്പങ്ങളും രൂക്ഷമായ മഴയും ഒക്കെ ആവർത്തിക്കാവുന്നതുമാണ്. ഇത്തരമൊരു അവസ്ഥയിലാണ് ഏർളി വാർണിങ് സിസ്റ്റത്തിന്റെ ആവശ്യം. മുല്ലപ്പെരിയാറിന്റെ ഡാം സ്ട്രക്ചറിൽ ഉണ്ടാവുന്ന ഏതൊരു വ്യതിയാനവും, കർശനമായി നിരീക്ഷിക്കുകയും, ഇടുക്കി ജില്ലയിൽ നിശ്ചിത സ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഭൂകമ്പ മാപിനികളും, ജി. പി. എസ് അധിഷ്ഠിതമായ ഭൂവൽക ചലന/ഭ്രംശ മാപിനികളും വഴി അപകടത്തെ മുങ്കൂട്ടീ മനസ്സിലാക്കുകയും അത് ദുരന്തത്തിന്റെ നിഴലിൽ വരുന്ന ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത്. ജപ്പാൻ മാതൃകയിൽ, അതുമല്ലെങ്കിൽ, അഗ്നിപർവതങ്ങളുടെ മടിത്തട്ടിലിരിക്കുന്ന ഇറ്റലി പോലുള്ള നഗരങ്ങളൂടെ മാതൃകയിൽ.  ദുരന്തമുണ്ടാവുന്ന പക്ഷം വളരെ വേഗത്തിൽ വണ്ടിപ്പെരിയാർ, ഉപ്പുതറ പോലെ മുല്ലപ്പെരിയാറിന്റെ പരിധിയിൽ വരുന്ന പട്ടണങ്ങളിലെയും ചുറ്റുപാടുകളിലെ ജനങ്ങളെയും അറിയിക്കുന്നതിനുള്ള ഒരു സംവിധാനം. “സയറൺ” പോലെ. ഇത്തരത്തിൽ നമുക്ക് ദുരന്തത്തീനെ മുങ്കൂട്ടി അറിയാവുന്ന ഓരോ നിമിഷങ്ങൾക്കും ലക്ഷക്കണക്കിനാളുകളൂടെ ജീവന്റെ വിലയുണ്ട്. ഇടുക്കി മുതൽ ദുരന്ത നിഴലിൽ വരുന്ന എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കിയുടെ തന്നെ ഇതര ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇത്തരമൊരു സംവിധാനം അത്യാവശ്യമുണ്ടായിരിക്കേണ്ടതുണ്ട്.

ഗവി മുതൽ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളിൽ ഒരു ഒഴിപ്പിക്കൽ സംവിധാനവും ആവശ്യമുണ്ട്. ദുരന്ത അറിയിപ്പുണ്ടാവുന്ന പക്ഷം, ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്കോ മറ്റോ മാറുന്നതിന് ജനങ്ങളെ പ്രാപ്തമാക്കുന്ന ഒരു മാസ്റ്റർ പ്ലാൻ. ഇവിടങ്ങളിൽ ഇത് സാധ്യമാണ് താനും. വ്യക്തമായ പരിശിലനം സിദ്ധിച്ച വൊളണ്ടിയർമാരും, സർക്കർ സംവിധാനവുമെല്ലാം ഇതിനായി ഉപയോഗിക്കണം. ഇത്തരം ഒരു സാഹചര്യത്തെ നേരിടുന്നതിനുള്ള തീവ്ര അവബോധ ക്യാമ്പെയിനുകളും സംഘടിപ്പിക്കണം. മോക് ഡ്രിൽ ഉൾപ്പടെ.
ഇതേ സംവിധാനങ്ങളുടെ എത്രയോ വലിയ ഒരു പതിപ്പാണ് കാര്യക്ഷമമായി ഇതര ജില്ലകളിൽ നടപ്പിലാക്കേണ്ടത് എന്ന് ആലോജിക്കുക. ആൾക്കൂട്ടതിലെ ഓരോ ജീവനും എന്റെ ചോര തന്നെയാണ് എന്ന ചിന്ത മാത്രം മതി ഇവയൊക്കെ പ്രാവർത്തികമാക്കാൻ. എല്ലാവരെയും ഇവാക്വേറ്റ് ചെയ്യുക എന്നത് അസാധ്യമാവുന്ന് വ്യക്തം. പ്രത്യേകിച്ചും കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും ഗതാഗതക്കുരുക്കും, ഗതാഗത സംവിധാനങ്ങളും. ഇവിടെയും സാധ്യമായ അനേകം നടപടികളുണ്ട്. ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം. സജ്ജമാക്കി നിർത്തിയിരിക്കുന്ന, ലാർജ് കപ്പാസിറ്റി റെയ്ല് സിസ്റ്റം ആണു ഒന്ന്. ഹെവി ഡ്യൂട്ടീക്ക് പര്യാപ്തമായ അനേകം ട്രെയ്നുകൾ ഓരോ സ്റ്റേഷനിലുമുണ്ടായിരിക്കുക.  കോട്ടയം, ആലപ്പുഴ ത്രൂശ്ശുർ റൂട്ടീലേക്കെല്ലാം സർവീസിനു തയ്യാറക്കിയത്. അതുപോലെ തന്നെ ഒരു എഫിഷ്യന്റ് ഇവാക്വേഷൻ റൂട്. ഒരു ദിശയിൽ മാത്രം ഗതാഗതം സാധ്യമാക്കാവുന്ന ഒരു റിസർവ് പാത. ഇപ്പോഴുള്ള പാതകളെ ആ വിധത്തിൽ സജ്ജീകരിക്കാനുള്ള അതിവേഗ സംവിധാനം മാത്രം മതി. ഇടുക്കിയിൽ നിന്ന് പ്രളയജലപ്രവാഹമെത്താൻ എടുക്കുന്ന അര മണിക്കൂറോളം സമയം കൊണ്ട് തന്നെ വളരെയേറെ ജീവനുകൾ സംരക്ഷിക്കാൻ നമുക്കാവും. വേണ്ടത്, ചിന്താ ശേഷിയും, ഒത്തൊരുമയും, വിവേക പൂർവമായ കർമവും, സർക്കാർ സംവിധാനങ്ങളുടെ ക്രിത്യമായ ഒപയോഗവും മാത്രം.

സുവ്യക്തമായ പദ്ധതി രൂപരേഘയും കർമധീരരായ വ്യക്തികളുൾപ്പെടുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനവും.
 തമിഴ്നാട് കുരക്കുകയോ കിതക്കുകയോ ചെയ്യട്ടെ. നമുക്കാവശ്യം നമ്മുടെ സുരക്ഷയാണ്. ബുദ്ധിപരവും വിവേകപൂർണവുമായ നീക്കങ്ങളാണ്. ഇത് ഇടുക്കി നിവാസികളുടെയും സമര സമിതിയുടെയും മാത്രം പ്രശ്നമല്ല എന്ന വസ്തുത നാം മനസ്സിലാക്കിയത് എത്രയോ മുൻപേ സംഭവിക്കേണ്ടതായിരുന്നു എന്നത് കാര്യമാക്കേണ്ടതില്ല. ഇനി നാം എന്ത് ചെയ്യണം എന്ന ചിന്തയാണ് വേണ്ടത്. സമൂഖത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകൾ സംഘടിക്കുക.
 നമുക്ക് പോകാം മുല്ലപ്പെരിയാറിലേക്ക്.
 ആ ഭീതിയുടെ നിഴലിൽ കഴിയാം നമുക്ക്. നടപടി ഉണ്ടാകുവോളം.

ഡാം നിർമാണത്തിൽ നാം പങ്കാളികളാവണം. നമുക്കും ഒരു കക്കോട്ടെടുക്കാം, ഒരോ പിടി മണ്ണിലും സിമന്റിലും നമ്മുടെ വിയർപ്പ് വീണ് കുതിരട്ടെ. പൊടിയുന്ന ഓരോ തുള്ളി ചോരയും ആ നിർമ്മിതിയുടെ കണികകളെ തമ്മിൽ കൊരുക്കട്ടെ. ഓരോ ശ്വാസവും അതിനെ ഉറപ്പിക്കട്ടെ. നാമാണ് നമുക്ക് രക്ഷ. നാമാണ് നമ്മുടെ ശക്തി. ഉണരുക ഒരുമിക്കുക, പ്രവർത്തിക്കുക. സേവ് മുല്ലപ്പെരിയാർ, സേവ് അവർ ലൈവ്സ്.

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...