വീണ്ടും ഒരാവർത്തന കാലം കൂടീ. മുല്ലപ്പെരിയാർ പതിയെ വിസ്മൃതിയിലേക്ക് മറയുകയാണ് ശരാശരി മലയാളിയുടെ കാഴ്ചയിൽ നിന്നും. രാഷ്ട്രീയ കോമരങ്ങൾ തങ്ങളുടെ മുടിയഴിച്ചാട്ടം മതിയാക്കി ചിലമ്പഴിച്ചു. പള്ളിവാൾ നിലവറയിലൊതുക്കി. അരുളപ്പാടുകൾ മാറ്റൊലി പോലുമല്ലാതായി. മുല്ലപ്പെരിയാർ സമരപ്പന്തലുകൾ വാർഷിക തീർത്ഥാടന കേന്ദ്രങ്ങളായി മാറി. ഏതെങ്കിലുമൊരു കൊടിയും ഒരു ഡാം ബാനറും വച്ച ഇടുക്കിയിലേക്ക് ഒരു വിനോദസഞ്ചാരം തരപ്പെടുത്തിയാൽ മദ്യപിച്ച് മതിമറക്കാൻ അത് ലൈസൻസായി. പോകുന്ന വഴിയിൽ സമരപ്പന്തലിലൊരെത്തിനോട്ടം നടത്തിയാൽ ചുളുവിലൊരു മൊബൈൽ ക്യാം ഫോട്ടോ എടുക്കുകയും തത്സമയം ഫേസ്ബുക് അപ് ലോഡ് വഴി സാമൂഹ്യ പ്രതിബദ്ധത നാട്ടാരെ അറിയിക്കുകയുമാവാം. തണുപ്പിച്ചാറിച്ച മുല്ലപ്പെരിയാറിലേക്ക് ഇനി തീർത്ഥാടനവും കോമരങ്ങളുടെ ഉറഞ്ഞ് തുള്ളലും അടുത്ത മഴക്കാലത്ത് വീണ്ടുമാവർത്തിക്കും. അതു വരെ സ്വസ്ഥം.
ഇവിടെ ഇടുക്കിക്കാർക്ക് ഈ തീർത്ഥാടനകാലം എന്താണ് സമ്മാനിച്ചത് എന്നൊന്ന് തിരിഞ്ഞ് നോക്കാൻ ഒരു ഇടുക്കിക്കാരൻ ഒരു ഉദ്യമം നടത്തുകയാണ്. അനവസരത്തിലാണെങ്കിൽ ക്ഷമിച്ചേക്കുക.
മയിലപ്പൻ തുടങ്ങിവച്ച് ഇടുക്കിക്കാരന്റെ മഴപ്പേടിയിൽ നിന്നുയിരെടുത്ത ഒരു സമരം ഒരു ഭൂമികുലുക്കക്കാലത്ത് പൊട്ടിമുളച്ച അരിക്കൂണൂകൾ കണക്കെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഖദറുകളും, ളോഹകളും, കൊടിതോരണങ്ങളും ഏറ്റെടുത്ത് വളരെ ക്രീയാതമകമായി അലങ്കോലപ്പെടുത്തി. ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരപ്പന്തലിലേക്ക് പ്രവഹിച്ച സമരഭടന്മാരുടെ തേരുകളിൽ അടുക്കിയിരുന്ന മദ്യക്കുപ്പികളും, കുഴഞ്ഞ വായ കൊണ്ട് പാണ്ടിയെ തെറിവിളിക്കുന്ന മുദ്രാവാക്യങ്ങളും എല്ലാം ചേർന്ന് സമരത്തെ ആഭാസമാക്കി. നിരാഹാരം കിടന്ന മഹാന്മാർ സമരത്തിനിടവേളകൊടുത്ത് ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചു. സിനിമക്കാരൻ മുല്ലപ്പെരിയാറിനെ പരാമർശിക്കാത്തതിൽ മനസ്സ് നൊന്ത മലയാളികൾ അവരെ വിമർശിച്ച് ഡാം 999 കാണാൻ പോയി. അതിലൊരു സംവിധായകൻ രാവിലെ (.) സ്റ്റാറ്റസ് ഇട്ടപ്പോൾ അതിൽ പ്രവഹിച്ച നൂറുകണക്കിനു കമന്റുകൾ ആ “കുത്തിന്റെ” അർത്ഥതലങ്ങൾ തേടി.ചാണ്ടിച്ചനും തോമച്ചായനും തിരുവഞ്ചൂരുമെല്ലാം മറക്കാതെ കൃത്യസമയത്ത് താര പുത്ര വിവാഹത്തിനു വിരുന്നു പോയി. ലാലും താരങ്ങളും വളരെ ഊർജസ്വലരായി ക്രിക്കറ്റ് പഠിക്കുന്നതിൽ നമ്മളൊക്കെ ആവേശം കൊള്ളുകയാണ്. എത്ര സുന്ദരമായ അന്തരീക്ഷം.
പക്ഷെ ഞങ്ങൾക്ക് ചിലത് നഷ്ടപ്പെട്ടു. നഷ്ടപ്പെടണമെന്നാഗ്രഹിക്കുന്ന ഒന്ന് പൂർവാധികം ശക്തിയോടെ ഞങ്ങളുടെ തലയിലേക്ക് വീണ്ടും ചുമത്തപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ടത് സമാധാനപൂർണമായി ഒരു പരിഹാരം കാണാൻ നടത്തിയ സമത്തിന്റെ അടിവേര്. തിരിച്ച് കിട്ടിയത് മരണസമാനമായ പേടിയും, ഉറക്കമൊഴിഞ്ഞ രാവുകളും, കോലാഹലമൊടുങ്ങിയ പോർക്കളത്തിൽ കൈകാൽ കുഴഞ്ഞ് കേഴുന്നവന്റെ ഏകാന്തതയും വിഭ്രാന്തിയും.
വീണ്ടും ഉന്നതാധികാര സമിതികൾ വരികയും പോവുകയുമൊക്കെ ചെയ്യുന്നു. പഠനങ്ങളും നിരീക്ഷണങ്ങളും വിവാദങ്ങളും തുടരുന്നു. ഉന്നതാധികാര സമിതി “ഞങ്ങളെ” തള്ളി എന്ന് നഴ്സറിക്കുടീയുടെ ചുണയോടെ വിലപിക്കുന്ന കേരളത്തിന്റെ ലതികമാർ. എല്ലാം പഴയതിന്റെ ആവർത്തനം. പക്ഷെ സമര സമിതിയിൽ അപസ്വരങ്ങളും കൈയ്യേറ്റ ശ്രമവും ഒരു പുതുമയായി.
പ്രൊഫ. സി പി റോയിയുടെ നിരീക്ഷണം തെറ്റെന്ന് പറയാൻ വയ്യ. കാരണം പുതിയ ഡാം പാരിസ്ഥിതികമായ ദോഷങ്ങളും, അത് ഭൂചലന സോണിൽ പണിയുന്നത് അപകടത്തിനു നാന്ദിയും കുറിക്കാം എന്നത്. പകരം വെള്ളം കുറച്ച് നിർത്താനും, കൂടുതൽ വെള്ളം തമിഴ്നാടിനു കൊടുക്കാനുള്ള കൂടുതൽ താഴ്ചയുള്ള കനാലുമാണ് വേണ്ടതെന്നതും അംഗീകരിക്കാം. പക്ഷെ ഇക്കാലമത്രയും “ഈ സമരസമിതിയുടെ നായകനായിരുന്ന” അങ്ങ് ഈ പുതിയ പദ്ധതി സൃഷ്ടിക്കാൻ ഇപ്പോഴുണ്ടായ കാരണത്തിനു പിന്നിൽ നിരപ്പേലച്ചൻ പറഞ്ഞതു പോലെ “തമിഴ്നാടിന്റെ കൈപിടിച്ച് കേരളത്തിന്റെ പിന്നിൽ കുത്തുന്ന” തത്വമുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. ആ വാക്കുകൾക്ക് തമിഴന്റെ സ്വരവും ആഗ്രഹവുമുണ്ട്. സി പി റോയിക്ക് ഈയടുത്തകാലത്തുണ്ടായ മനസ്താപത്തിന്റെ കഥ അന്വേഷിച്ചാൽ “സമരനായ സ്ഥാനത്ത്” രാഷ്ട്രീയക്കാരുൾപ്പടെ അനേകം “നായകർ’ അവരോധിക്കപ്പെട്ടപ്പോൾ “അല്പം പിന്തള്ളപ്പെട്ട് പോയോ എന്ന സംശയത്തിൽ നിന്നുളവായ ‘ സമാന്തര ചിന്ത’യുടെ രാവുകളിലേക്കാണ് എത്തിച്ചേരുക. “സമര സമിതി ചെയർമാൻ എന്ന നിലയിൽ “സമിതി അറിയാതെ” പ്രധാനമന്ത്രിക്ക് കത്തെഴുതാനും തമിഴ്നാടുമായി ചർച നടത്താനും സി പി തയ്യാറായി. ഒരു തമിഴനായിരുന്ന സർ സി പി (ദിവാൻ) കേരളത്തിന്റെ ഭാഗത്തുനിന്ന് മുല്ലപ്പെരിയാറിനുവേണ്ടി വാദിച്ചപ്പോൾ ഈ പ്രൊഫ. സി പി തമിഴ്നാടിന്റെ നാവായി മാറുന്ന ആന്റി ക്ലൈമാക്സ് ഞങ്ങൾക്ക് വേദന തരുന്നു പ്രൊഫസർ.നിങ്ങളോട് എന്ത് തെറ്റാണ് ഞങ്ങൾ ഇടുക്കിക്കാരും ഈ വിപത്തറിയാതെ ഉറങ്ങുന്ന 29 ലക്ഷത്തിലേറെ സമീപ ജില്ലക്കാരും ചെയ്തത്. രാഷ്ട്രീയ കോമരങ്ങൾ മുന്നേറിയതിൽ നോവു പൂണ്ട താങ്കളുടെ വികാരം ഇത്രയേറെ പ്രതീകൂലമായി ഞങ്ങളെ ബാധിക്കുമെന്ന് താങ്കൾക്കറിവുള്ളപ്പോൾ ഈ ചെയ്തതിനെ വിശേഷിപ്പിക്കാൻ മലയാളത്തിൽ മറ്റു ചില പദങ്ങളുണ്ട്,
ഉന്നതാധികാര സമിതിയോട് ഇന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥ വിദുഷികൾ പറഞ്ഞിരിക്കുന്നു “മുല്ലപ്പെരിയാറിൽ ഭൂചലനം കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ല എന്ന്”. പിന്നെ എന്തോന്നിനു ഹേ നിങ്ങൾ പുതിയ ഡാം പുതിയ ഡാം എന്ന് നിലവിളിക്കുന്നത്.. “കേടുപാടുകൾ പോക്കിയാൽ മുല്ലപ്പെരിയാറിൽ മറ്റൊരു ഡാം ആവശ്യമില്ലെന്ന് ഉന്നതാധികാര സമിതി“- അപ്പോ 80-കളിലും കേട് പാട് പോക്കിയതല്ലെ. അന്ന് കേട് ഇല്ലായിരുന്നോ ഉന്നതാ...? വിവരമില്ലാത്ത കേരളത്തിന്റെ ഡാം സെൽ ഉഴൈപ്പാളികൾ ഇത്തരം വിവരദോഷം എഴുന്നെള്ളിച്ച് ഉന്നതാധികാര പ്രഭൂവിന്റെ ഉടുമുണ്ട് താങ്ങിക്കൊടുക്കുമ്പോൾ ചിരിക്കുന്നത് തമിഴ് നാട്ടിലെ ചാമുണ്ഠിയല്ലെ. അത് ശരിവച്ച് മേശമേൽ ചുറ്റികയടിച്ച് പാസാക്കും സുപ്രീം കോടതി. അളിഞ്ഞ ഡെമോക്രസി. ചെരുപ്പു നക്കികളും. സ്തുതിപാടകരും നീണാൾ വാഴുന്ന സമത്വ സുന്ദര ഇന്ത്യ. അവർക്ക് മാത്രം സമാധാനം. ധന ലബ്ധിക്കു വേണ്ടി “ബ്ലോ ജോബ് ചെയ്യുന്ന ബാക്സ്റ്റാബേർസ് നിറഞ്ഞ ബ്യൂറോക്രസി”. ആകാശമിടിഞ്ഞ് തലക്ക് മുകളിൽ നിപതിക്കുമ്പോഴും മാർകറ്റും സി പി എൽ സ്കോറും സിനിമാ മംഗളവും സോഷ്യം നെറ്റ് വർക്കും, വൈകിട്ടത്തെ പരിപാടിയുമായി കൊഴുക്കുന്ന പ്രബുദ്ധ സാക്ഷര കേരളം. തേങ്ങാക്കൊല. നശിക്കണം എല്ലാം. മുടിയണം എല്ലാവനും.
കേരളം പഠിക്കാനുണ്ട്. അതൊരു വിപത്തിലൂടെ മാത്രം. ഇടുക്കിക്കാരെ വിട്ടേക്ക് ജന്തുക്കളെ. ഇടുക്കിക്കാരൻ മുല്ലപ്പെരിയാറിന്റെ അപകടം തരണം ചെയ്യും. മലമ്പനിയോടും കോളറയോടും കോടമഞ്ഞിനോടും പടവെട്ടി അന്നം നേടിയ ഇടുക്കിക്കാരനു അറിയാം എങ്ങോട്ട് എങ്ങനെ രക്ഷപ്പെടണമെന്ന്. അതിനുള്ള വഴി ഞങ്ങൾ കണ്ടിട്ടുണ്ട്.
ഇടുക്കി ഡാമിനു താഴോട്ട് സുഖലോലുപരായി നീണാൾ വാഴുന്ന സഹോദരന്മാരോട് ഒരു വാക്ക്. ഇടുക്കിക്കാരനു ദൈവം കൊടുത്ത രക്ഷാ മാർഗം നിങ്ങൾക്കില്ല. ഓടാൻ വഴികളോ തേടാൻ മലകളോ ചുരുക്കം. മുല്ലപ്പെരിയാർ അപകടം ഇടുക്കിക്കല്ല കൊച്ചിക്കാണ് പരമാവധി അപകടകരമാവുക എന്ന വാർത്ത നിങ്ങൾ “വായിച്ച് കാണാനിടയില്ല.”. കൊച്ചിയിലെ കളക്ടറദ്ദേഹം എമർജൻസി മാനേജ്മെന്റ് നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ തുടങ്ങി വച്ചതും നിങ്ങൾ ശ്രദ്ധിച്ചുകാണില്ല.അറിയാത്ത പിള്ള ചൊറിഞ്ഞ് തന്നെ അറിയട്ടെ.
മുൻപൊരിക്കൽ പറഞ്ഞത് മറക്കണ്ട. എല്ലാ വിപത്തുകളും മുന്നറിയീക്കാൻ ചിലരുണ്ടാവും. പെട്ടകം പണീത് നോഹയും. അതിൽ എല്ലാ ജന്തുക്കളും ഇണകളായി കയറും. പക്ഷെ ബുദ്ധിശാലികളായ മനുഷ്യൻ അവസാന പാനപാത്രത്തിലെ ഒടുക്കത്തെ തുള്ളി വായിലിറ്റിക്കാനുള്ള തത്രപ്പാടിലായിരിക്കുമല്ലോ. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയുമായി പേടക കവാടത്തിലേക്ക് ഓടിയെത്തുമ്പോൾ അതിന്റെ കിളിവാതിലുകൾ പോലും കൊട്ടിയടക്കപ്പെട്ട് കഴിഞ്ഞിരിക്കും. പേടകത്തിനു വെളിയിൽ കരച്ചിലും പല്ല് കടിയും ഉയരും. മഹാപ്രവാഹത്തിന്റെ മുഴക്കം കിഴക്ക് നിന്നും ഉയരുന്നത് വരെ.
note: സോഷ്യൽ നെറ്റ് വർക്കുകളിലെ വാർത്താപ്രക്ഷേപണ സുഹൃത്തുക്കളോട് നന്ദിയുണ്ട്. മഹാപ്രവാഹത്തിന്റെ വാർത്ത കൊച്ചിയിൽ നിന്ന് തത്സമയം ഷെയർ ചെയ്യുമല്ലോ. ഞാൻ ഒരു സോളാർ പാനൽ ഇടുക്കിയിലെ വീട്ടിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അൺലിമിറ്റഡ് നെറ്റ്വർകും. ഞാനത് ഒരു ആയിരം തവണ ലൈക് ചെയ്യാം. ചാനലുകൾ തൃശ്ശൂരും മറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിലും കോതമംഗലത്തെയും ഇടുക്കിയിലേയും ഉയർന്ന മലകളിൽ ലൈവ് ടെലികാസ്റ്റിനു സെറ്റപ് ചെയ്തിട്ടുണ്ടല്ലോ. ഇടക്കൊന്ന് പീരുമേട്ടിലേക്ക് വന്നാൽ ഒരു കട്ടൻ അടിച്ചിട്ട് പോകാം. മേൽ പറഞ്ഞതൊക്കെ ഒരു വെളിവുകെട്ടവന്റെ ശാപമല്ലേ എന്ന് സംശയിക്കുന്നവരോടും ഒരു വാക്ക്. “അതെ. ഇത് വെളിവുകേട് തന്നെ. മുന്നറിയിപ്പ്... പ്രവർത്തനം.. ആകാക്ഷ... കബളിപ്പിക്കപ്പെടൽ.. പ്രതീക്ഷയില്ലായ്ക.. അങ്ങനെ അങ്ങനെ അവസാനം ഒരു ഇടുക്കികാരന്റെ ചെറിയ മനസ്സ് ശപിക്കാൻ തുടങ്ങും. അത് വെളിവുകേടെങ്കിൽ അങ്ങനെ തന്നെ വിളിക്കാം. ഇടുക്കി ഒഴികെ മറ്റ് 4 ജില്ലക്കാരോടും ഒരു വാക്ക്. ഇതൊരു ശാപം തന്നെയാണെന്ന് നിങ്ങൾക്ക് തോന്നുകയും വേദനയും ദേഷ്യവും ഉണ്ടാവുകയും ചെയ്യും. അവധൂതനെ ചീത്തവിളിക്കാൻ നാവ് പൊന്തിക്കുന്നതിനും മുൻപ് ഇരുന്നൊന്ന് ആലോചിക്ക്. ഒരു നിമിഷം. എന്നിട്ട് രക്ഷപ്പെടാനുള്ള വഴി നോക്ക്.
വിജയിപ്പൂതാക
സമസ്തലോകത്തോടും വെറുപ്പോടെ
അവധൂതൻ