ഇന്ന് അഞ്ചരക്ക് റിപ്പോർടർ ടി വി-യിൽ അനാമിക- ദ് പ്രേ..? എന്ന നമ്മുടെ ലഖുചിത്രം പ്രദർശിപ്പിച്ചു.
അനാമിക-ക്ക് ഗുരുവിന്റെ (ശ്രീ കമൽ സർ) വിലപ്പെട്ട വിമർശങ്ങളും അഭിനന്ദനങ്ങളും പെയ്തിറങ്ങിയത് ആത്മഹർഷത്തോടെ ടീം അനാമിക കണ്ടിരുന്നു. ഇത്രമാത്രം വിലയേറിയ ഒരു നിരൂപണം ഈ കൊച്ച് ചിത്രത്തിനു ലഭിച്ചത് തന്നെയാണ് അനാമികക്കുള്ള അംഗീകാരം.
ഞങ്ങൾ കൃതാർത്ഥരാണ്. ശ്രീ സിദ്ധാർത്ഥ് ഭരതന്റെ വിഷയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള നിരീക്ഷണങ്ങളും,അഭിപ്രായങ്ങളും എല്ലാം അനാമിക എന്ന ലഖുചിത്രത്തിനുള്ള അംഗീകാരം മാത്രമല്ല അനാമിക നേരിട്ട വിഷയങ്ങളോടൂം ചിത്രീകരിക്കാൻ ശ്രമിച്ച പ്രശ്നങ്ങളോടുമുള്ള ക്രിയാതമകമായ ഇടപെടലായി കാണാനും ഞങ്ങൾ താല്പര്യപ്പെടൂന്നു. നന്ദിയുണ്ട് റിപ്പോർട്ടർ ചാനലിനോടൂം അതിന്റെ ഭാരവാഹികളോടൂം എല്ലാം. കാരണം ലഖുചിത്രങ്ങളെ ഇത്രമാത്രം പ്രാധാന്യത്തോടെ നോക്കിക്കാണുവാനും വിലയിരുത്തുവാനും ഒരു വേദി മലയാള ടെലിവിഷൻ രംഗത്ത് ഇത് ഇദം പ്രധമം. നന്ദി.
“അനാമിക” - ഇന്ന് റിപ്പോർട്ടർ ടി വിയിൽ കണ്ട എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും റിപ്പോർടർ ഫേസ്ബുക് പേജിൽ അനാമികയുടെ പോസ്റ്ററിനു താഴെ രേഖപ്പെടുത്തുമല്ലോ. ചിത്രം ഇന്ന് കാണാൻ സാധിക്കാതിരുന്നവർ നാളെ രാവിലെ 9.25 മുതൽ കമൽ സാറിന്റെ വിലയിരുത്തലും ശ്രീ സിദ്ധാർത്ഥ് ഭരതൻ ടീം അനാമികയുമായി നടത്തിയ അഭിമുഖത്തോടുമൊപ്പം ചിത്രം പ്രദർശിപ്പിക്കുന്നത് കാണുക. റിപ്പോർടറിൽ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും പങ്കുവയ്കുക താഴെ കൊടുക്കുന്ന ലിങ്കിൽ
മൈമഹാരാജാസ് ഡോട്കോം പ്രവർത്തകരുടെ പുതിയ ഒരു ഉദ്യമം പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ. നമ്മുടെ പ്രവർത്തകരായായ ഡോക്ടർ സിജു വിജയൻ, റെനീഷ് പി എൻ, ശ്രീജ രാമചന്ദ്രൻ, ജീയോ ക്രിസ്റ്റി ഈപ്പൻ എന്നിവർ ചേർന്ന് ഒരു ലഖുചലചിത്രം ഇന്ത്യൻ സമൂഹത്തിനുമുന്നിലെത്തിക്കുകയാണിവിടെ. ബ്ലോഗ് സോഷ്യൽ നെറ്റ്വർക്കിങ് സൌഹൃദങ്ങളെ ക്രീയാത്മകമായി സമൂഹ നന്മക്കായി ഉപയോഗിക്കുകയായിരുന്നു ഞങ്ങൾ.
ഈ ബ്ലോഗിലൂടെ തുടങ്ങിയ ഓൺലൈൻ സൌഹൃദം ഓർക്കുട് ഫേസ്ബുക്ക് വഴി വളർന്ന് റിപ്പോർടർ ചാനലിന്റെ സ്റ്റൂഡിയോ ഫ്ലോറിലേക്ക് എത്തിനിൽകുമ്പോൾ ആ കൂട്ടൂകെട്ടിന് ഒരു സിനിമയുടെ ചന്തവും ഗരിമയും ഉണ്ട്. സിനിമ ഉൾപ്പെടെ ആകാശത്തിനു കീഴിലും മേലെയും എല്ലാത്തിനെയും ചർച ചെയ്ത് സമയം കൊല്ലാൻ മാത്രമല്ല ഈ നാൽവർ സംഘത്തിന് തോന്നിയത്. അതിനെ ഒരു സിനിമക്കഥക്ക് സമം അവിശ്വസനീയമായ ഒരു അനുഭവത്തിലേക്ക് എത്തിക്കാനായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഈ നാല് പേർ കേരളത്തിലെ നാല് വ്യത്യസ്ത ജില്ലക്കാരാണ്. ഒരാൾ ഡോക്ടർ, ഒരാൾ സർക്കാർ സ്കൂൾ അദ്ധ്യാപിക, മറ്റൊരാൾ എം എൻ സി ജീവനക്കാരൻ, ഒരാൾ കേന്ദ്രസർക്കാർ തൊഴിലാളി. ശാരീരികമായ പ്രയാസങ്ങളോ കാലമോ ദൂരമോ ഇവരെ തെല്ലും ബാധിക്കാറില്ല. സൌഹൃദത്തെയും അതിൽനിന്നുണ്ടാകുന്ന കൂട്ടായ പ്രവർത്തനത്തെയും.
പറഞ്ഞുവന്നത് പടം പിടിത്തത്തെ പറ്റി. അതെ ഈ നാൽവർ സംഘം ഒരു പടം പിടിച്ചു. ഒരു പാതിരാത്രി റെനിയുടെ കോൾ ഡോക്ടർ സിജുവിന് എത്തുന്നു. “ദേ.റിപ്പോർട്ടർ ചാനൽ ‘സർഗവസന്തം’ എന്ന പേരിൽ ഷോർട് ഫിലിൽ ഫെസ്റ്റ് നടത്തുന്നു. നാളെ സിനോപ്സിസ് അയക്കണം. ലാസ്റ്റ് ഡേറ്റ് ആണെ.” എന്ന്. ഡോക്ടർ സിജു കേട്ട പാതി കേൾക്കാത്ത പാതി കൃസ്റ്റിക്ക് കൊടുക്കുന്നു ഒരു കോൾ. ശ്രീജയുമായ് ചേർന്ന് രൂപപ്പെടുത്തിയ ഒരു ത്രെഡ് മനസ്സിലിട്ട് പോളിഷ് ചെയ്യുന്ന ക്രീസ്റ്റി ഡോക്ടർ സിജുവിന് കഥ പറഞ്ഞ് കൊടുക്കുന്നു. അല്പസമയത്തിനുള്ളിൽ റെനിയുടെ കോൾ ക്രിസ്റ്റിക്ക്. അങ്ങനെ കഥ റെഡി. പിറ്റേന്ന് ഉച്ചക്ക് മുൻപ് സിനോപ്സിസ് റിപ്പോർടറുടെ മെയ്ല്ബോക്സിലേക്ക്. കൃത്യം ഒരാഴ്ച. റിപ്പോറ്ടറിൽ നിന്ന് ഒരു കോൾ. നാൽവർ സംഘത്തിന്റെ കഥ “മികച്ച 25 സിനോപ്സിസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു” എന്ന്.ചിത്രത്തിന്റെ പേര്..Anamika-The Prey..?
ഒരാഴ്ചക്ക് ശേഷം റിപ്പോർടറിൽ നിന്ന് ആദ്യ ഫോൺ കോൾ. “അനാമിക” മികച്ച 25 സിനോപ്സിസുകളിൽ ഇടം പിടിച്ചിരിക്കുന്നു എന്ന്. ടീമംഗങ്ങൾ ജൂലൈ 10ന് റിപ്പോർടർ സ്റ്റൂഡിയോ ഫ്ലോർ കൊച്ചിയിൽ നടക്കുന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കണം എന്ന്. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. അങ്ങനെ ജൂലൈ പത്തിന് ഞങ്ങൾ റിപ്പോർട്ടറിൽ. ശ്രീ നികേഷ് കുമാറിന്റെ സ്വതസിദ്ധമായ വാക്ചാതുരിയിൽ ഞങ്ങൾക്കുള്ള സന്ദേശം. തദ്ദേശ്ശീയ ചാനലുകളിൽ നിന്നും വ്യത്യസ്തമായി റിപ്പോർട്ടർ മുന്നിട്ടുവയ്ക്കുന്ന ആശയങ്ങൾ. വാർത്താ ചാനലുകളിൽ നിന്നും ഫിക്ഷൻ അകന്നുപോയത് എങ്ങിനെ എന്നതിനെ സംബന്ധിച്ച് ഒരു അവലോകനം. ഫിക്ഷൻ സമൂഹ നന്മക്ക് വേണ്ടി ഉപയുക്തമാക്കാൻ റിപ്പോർട്ടർ മുന്നിട്ടിറങ്ങുന്നുവെന്ന ആശാവഹമായ വിവരവും അദ്ദേഹം കൈമാറി. തുടർന്ന് ശ്രി കമൽ ചലചിത്രത്തിന്റെ മാസ്മരികതയിലേക്ക് കൂട്ടിക്കൊണ്ടുപോയ നാഴിക. ഞങ്ങളുൾപ്പെടെ 25 ടീമുകൾ ഇരു ചെവിയും കൂർപ്പിച്ചിരുന്ന നാഴിക. ചലചിത്രസംവിധാനം ബൃഹത്തെങ്കിലും അതിന്റെ ഒരംശം വസ്തുതകളും ടെക്നിക്കുകളും കൈമാറാൻ മലയാളത്തിന്റെ പ്രിയ സംവിധായകനായി. നന്ദി സർ.
തുടർന്ന് മറ്റൊരു ഗുരു. ചലചിത്രമെഴുത്തിന്റെ കുറിപ്പടികളുമായി ശ്രീ ജോൺ പോൾ. എഴുത്തുപോലെ സുന്ദരമായ അദ്ദേഹത്തിനെ സംസാരം. ഒരു കഥപറച്ചിൽ പോലെ മായികം. ഒരു ടെക്നിക്കൽ സെഷനെക്കാൾ ഒരു സത്സംഗം കേൾക്കുന്നതുപോലെയോ മുത്തശ്ശൻ കഥപറയുന്നതിന്റെ ഗൃഹാതുരത്വം പോലെയോ ഒക്കെ തോന്നി. എഴുത്തിന്റെ വഴികൾ, ഗുരു ചലചിത്രമെഴുത്തിലേക്കെത്തിയ കഥകൾ ഒക്കെ ഞങ്ങൾക്ക് അമൃതാവുകയായിരുന്നു.
മറ്റൊരു ഗുരു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുത്രൻ ശ്രി ജെയിൻ ജോസഫ്. ഛായാഗ്രഹണത്തിന്റെ സൂത്രവിദ്യകളിലൂടെ ഞങ്ങളെ കൊണ്ടുപോയി. തുലോം പരിമിതമായ മുതൽ മുടക്കിൽ ഷോർട് ഫിലിൽ പിടിക്കാനിറങ്ങുന്ന ഞങ്ങൾക്ക് പ്രതിബന്ധങ്ങളും പരിമിതികളും മാത്രമാണുള്ളതെന്ന് മനസ്സിലാക്കിത്തന്നത് അദ്ദേഹം. പക്ഷെ ഈ പോരായ്മയിൽ നിന്നുകൊണ്ട് എങ്ങിനെ ഒരു മികച്ച ചിത്രമെടുക്കാം എന്ന് ഒരു മാന്ത്രികന്റെ മനസ്സോടെ അദ്ദേഹം ഓതിത്തന്നത് ഞങ്ങൾക്ക് വിലപ്പെട്ട പാഠം.
സംവിധായകൻ ശ്രി പ്രമോദ് പയ്യന്നൂരിന്റെ സന്ദേശവും നിർദേശങ്ങളും ഏറ്റുവാങ്ങി ഞങ്ങൾ റിപ്പോർട്ടറിൽ നിന്നും മടങ്ങി.
പിന്നീടാണ് പരീക്ഷണകാലം. ജൂലൈ 25 എന്ന ഡെഡ്ലൈനിൽ ചിത്രം പൂർത്തിയാക്കി ആവശ്യമായ സാങ്കേതിക പൂർണതകളോടെ സമർപ്പിക്കണം. അവസാന പത്തിലേക്കെത്താൻ. അത്തം മുതൽ തിരുവോണം വരെയുള്ള ഓണം നാളുകളിൽ ടെലിക്കാസ്റ്റ് ചെയ്യും ഈ ചിത്രങ്ങൾ. പടം പിടിത്തം തുടങ്ങാൻ ഇനി എന്തൊക്കെ വേണം. സ്ക്രിപ്റ്റ്, കാസ്റ്റ്, ടെക്നികൽ സ്റ്റാഫ്, ക്യാമറ, കോസ്റ്റ്യൂംസ്, പ്രോപർടീസ്, ലൈറ്റ്സ്, വാഹന സൌകര്യങ്ങൾ അങ്ങനെ എന്തെല്ലാം.. ഇതൊക്കെ വേണമെങ്കിൽ മൂലധനവും വേണമല്ലോ. അതെല്ലെ എല്ലാം.
പക്ഷെ പിന്മാറൻ ഞങ്ങൾക്കായില്ല. നുള്ളിപ്പെറുക്കിയ 15,000 രൂപയുമായി പണി തുടങ്ങി. അവിടെ ദൈവം കൊണ്ടുത്തന്നു ഒരു പ്രൊഡ്യുസറെ. കണ്ണൂറ് എയിറോസിസ് കോളജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം. എയിറോസിസിലെ ചുണക്കുട്ടീകളെയും “അനാമിക”-യിൽ ഭാഗഭാക്കാക്കിക്കൊണ്ട് ജൂലൈ 21 ശനിയാഴ്ച ഞങ്ങൾ ഷൂട് തുടങ്ങി. രാത്രിയും പകലും. 22 ഞായറാഴ്ച രാത്രി കൊണ്ട് ഔട്ഡോർ തീർത്ത് 23 പുലർചെ 3 മണിക്ക് ഇൻഡോർ ഷൂട് ഫിനിഷ്ഡ്. പിറ്റേന്ന് എഡിറ്റിങ് ഫസ്റ്റ് കട്ട്. 25ൻ ഫൈനൽ എഡിറ്റ്, ബീ ജി മിസ്കിങ്. ഷൈൻ കൃഷ്ണ, കണ്ണൻ എന്നിവരുടെ ക്യാമറക്കണ്ണിലൂടെ “അനാമിക-ദ പ്രേ..?” എന്ന തിരക്കഥ ചലചിത്ര രൂപം പ്രാപിച്ചു. മുഖ്യ കഥാപാത്രമായ അനാമികക്കൊപ്പം. സംവിധായകന്മാർ കഥാപാത്രങ്ങളായി. അസി. ക്യാമറാമാൻ, അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്മാൻ, പ്രൊഡക്ഷൻ കണ്ട്രോളർതുടങ്ങിയവരും അഭിനേതാക്കളായി. യൂണിറ്റ് വാഹനങ്ങളായ ബൈക്കും, മാരുതി 800-ഉം, ഒരു ഓട്ടോറിക്ഷയും സ്ക്രീനിലെത്തി. കൂടാതെ മഹാരാജാസ്സിൽ നിന്ന് ശരവണനും (ബിനീഷ്), പോൾസനും, ലോകോളജിൽ നിന്ന് (മഹരാജാസ് പൂർവവിദ്യാർത്ഥി) ശരത്, എയിറോസിസിലെ വിദ്ധ്യാർത്ഥികൾ തുടങ്ങിയവരും ഉൾപ്പെടെ ഉള്ളവർ വേഷമിട്ട ചിത്രം, മറൈൻ ഡ്രൈവ്, കുണ്ടന്നൂർ, തമ്മനം, ലൂർദ് ഹോസ്പിറ്റൽ പരിസരം, ഹൈകോർട്, ഏറണാകുളം മാർകറ്റ്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചു. സ്വാഭാവിക ലൈറ്റും, സ്ട്രീറ്റ് ലൈറ്റും, നാചുറൽ ആമ്പിയൻസും പരമാവധി ഉപയോഗിച്ച് ചെയ്ത ചിത്രം ഒരു സ്പൈക്യാം വീഡിയോ സ്റ്റൈലിൽ പിന്തുടരുന്നതായി തോന്നും. പരിമിതികളിലൂടെ ഒരു ചിത്രം.
അങ്ങനെ “അനാമിക-ദ പ്രേ..?” ഇപ്പോൾ റിപ്പോറ്ടറിൽ. ചിത്രം മികച്ച പത്തിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചലചിത്രനിർമാണം ഇത്ര കുഴപ്പം പിടിച്ച പണിയാണോ..? എന്ന് ഈ ചെറിയ സെറ്റപ്പിൽ പോലും ശങ്കിച്ചവരും തിരിച്ചറിഞ്ഞവരും ഞങ്ങളിലുണ്ട്. അതിന്റെ വേദനയും നോവും അധ്വാനവും, വിയർപ്പും, വിശപ്പും, വിഷമതകളും അറിയുകയും ചെയ്തു. ചലചിത്രം ആസ്വദിക്കേണ്ടതെങ്ങിനെ എന്ന് മനസ്സിലാക്കാനും സാധിച്ചു എന്നത് വലിയ കാര്യം. ഇവിടെ പ്രിയ വായനക്കാരുടെ ആശീർവാദങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്കാവശ്യമാണ്. ഈ ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ ഏകദേശവിവരണം ഇതോടൊപ്പമുള്ള ട്രെയ്ലറിന്റെ യൂട്യൂബ് ലിങ്കിൽ ഉണ്ട്. കേരളത്തിൽ സമീപകാലത്ത് നടന്ന സ്ത്രീപീഠനങ്ങളും കൊലപാതകങ്ങളും പരാമർശിക്കുന്ന ചിത്രത്തിൽ ആ സ്ഥലങ്ങളിൽ, അതേ സമയത്ത് (നാളുകൾക്ക് ശേഷം) അതേ സാഹചര്യങ്ങൾ നേരിടാൻ എത്തുകയാണ് അനാമിക. റിപോർടറുടെ വിധിപ്രഖ്യാപനത്തിനു ശേഷം ചിത്രം ചാനലിലൂടെ നിങ്ങൾക്ക് മുന്നിലെത്തും എന്ന ശുഭപ്രതീക്ഷയോടെ..
(കുറിപ്പ്: ഇതോടൊപ്പമുള്ള 3ഡി ട്രെയ്ലർ കാണാൻ റെഡ് സയാൻ 3ഡി കണ്ണടകൾ ഉപയോഗിക്കുക)