ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ബിസ്കറ്റുകള്‍ ബ്യൂറോക്രസ്സിയെ എങ്ങനെ സ്വാധീനിക്കുന്നു..? കൈസറിനോട് ചോദിക്കുക


വയല്‍ വരമ്പിലൂടെ നടന്ന് സുമതി റ്റീച്ചറുടെ അംഗന്‍വാടിയും കടന്ന് സാമൂഹ്യന്‍ മമ്മതിക്കാന്റെ ചായപ്പീടികയിലെത്തി. വെള്ളം കുറച്ച് കടുപ്പത്തില്‍ ഒരു ചായേന്റെ വെള്ളം തട്ടി.

പത്ത് മണീടെ ഉശിരന്‍ വെയില്‍. സാമൂഹ്യന്റെ പ്രപിതാമഹന്മാരുടെ പ്രായം വരുന്ന പുരാതന അരയാല്‍ ഒരെണ്ണം നില്‍ക്കുന്നുണ്ട് അവിടെ. തൊട്ടടുത്ത സര്‍ക്കാര്‍ ഉസ്കൂളിലെ കുട്ടി ഉശിരന്മാര്‍ വെയിലിനെ വെറും ഇസ്പേഡാക്കി ക്രിക്കറ്റ് വിളയാട്ടം നടത്തുന്നു. സമ്മതിക്കണം.

ചൂടു ചായക്കൊപ്പം കുറെക്കാലം മുന്‍പത്തെ ഒരു വെയില്‍ മനസ്സില്‍ തെളിയുന്നു. ലവലേശം മണലില്ലാതെ വെറും വെട്ടുകല്ലിന്റെ പ്രതലത്തില്‍ കിളിത്തട്ട് കളിക്കുന്ന, കൊച്ചുവറീതും ഉറുമീസും അസ്സനും മറ്റ് അസ്മാദികളും, കൂടെ സാമൂഹ്യന്‍ എന്ന വള്ളിനിക്കറുകാരനും. വെയില്‍ പോയിട്ട് ഉസ്കൂളിലെ വല്യ ചേങ്ങിലേന്റെ വലിയവായിലെ നിലവിളിപോലും ലവന്മാര്‍ക്ക് ഇസ്പേഡ്. കണാരന്മാഷുടെ രണ്ട് മണീക്കൂര്‍ ഗണിതക്ലാസ്സില്‍ കയറണമെന്ന് കലശലായ ആഗ്രഹമുണ്ടെങ്കിലും മാഷ് സമ്മതിക്കണ്ടേ. ഞങ്ങളോട് എന്തൊ പൂര്‍വകാല വൈരാഗ്യമുണ്ടെന്ന് തോന്നി. മാഷോട് അതിനെപ്പറ്റിയെങ്ങാന്‍ ചോദിച്ചാല്‍ അപ്പോ പറയും ഉസ്കൂള്‍ വര്‍ഷം തുടങ്ങിയ അന്നുമുതലുള്ള ഗൃഹപാഠം ഒരെണ്ണം വിടാതെ എഴുതി കൊണ്ടുവന്ന് കാണിക്കാതെ കയറ്റില്ലാ..ന്ന്. ഇതെന്ത് ന്യായം. ?

അങ്ങനെ എല്ലാ ദിവസവും കണക്ക് ക്ലാസ്സ് വെയില്‍ കൊള്ളാ‍നുള്ളതായി. കിളിത്തട്ട്, കാല്പന്ത് (ഫുട്ബോളല്ല വിജയാ. ഈ തുണി ഒരു വലിയ ഉഴുന്നുവടപരുവത്തില്‍ ചുറ്റിയെടുത്ത് അപ്രത്തെ തോമസ്സ് മുതലാളീടെ റബ്ബര്‍ത്തോട്ടത്തില്‍ ഒളിച്ചുകയറി അവിടെ ഇങ്ങനെ നിറഞ്ഞ് വരുന്നന്‍ റബ്ബര്‍പാലിന്റെ ചിരട്ടക്കുള്ളില്‍ മുക്കിയെടുത്ത് ഉണക്കി വീണ്ടും മുക്കി ഉണക്കി അങ്ങനെ അങ്ങനെ ദിവസങ്ങള്‍ നീണ്ട് നില്‍കുന്ന ഉത്പാദന പ്രക്രീയയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന ജബുലാനിയത്രെ സാധനം.) പിന്നെ അല്ലറചില്ലറ കള്ളനും പോലീസും. ഇങ്ങനെ കണക്ക് ക്ലാസ്സുകള്‍ ഉഷാറായി.

വേനല്‍കാലത്ത് ഇനിയുമുണ്ട് സാമ്പത്തികാടിസ്ഥാനത്തിലുള്ള വിളയാട്ടകള്‍. റബ്ബറിന്റെ ഇലകള്‍ ഇങ്ങനെ ശറ പറാ‍ കൊഴിഞ്ഞ് തുടങ്ങും. ഇടക്കിടക്ക് ടപ് ടപ് എന്ന് ചില പൊട്ടലുകളും ചീറ്റലുകളും. റബ്ബര്‍ക്കായ്കള്‍ വിളഞ്ഞ് പൊട്ടുകയാണ്. ഈ വെടിക്കെട്ട് നിലക്കാത്ത ഒരു പ്രവാഹമായിക്കഴിഞ്ഞാല്‍ കണക്ക് ക്ലാസ് നേരെ റബ്ബര്‍ത്തോട്ടത്തിലേക്ക് ഞങ്ങള്‍ പറിച്ച് മാറ്റും. മത്സരിച്ച് റബ്ബര്‍ക്കായ് പെറുക്കും. പെറുക്കി പെറുക്കി ആദ്യം നിക്കറിന്റെ പോക്കറ്റ് പിന്നെ ഷര്‍ട് നിക്കറിലാക്കി അതിനെ ഉള്ളിലേക്ക് കോളറിലൂടെയും നിറക്കും. നിറവയറുമായി നേരെ കഞ്ഞിപ്പെരേടെ പുറത്ത് വിറക് വച്ചിരിക്കുന്ന ഷെഡ്ഡിലേക്ക്. അവിടെ പഴയ അരിച്ചാക്കിന്റെ അരമുറിക്കുള്ളിലേക്ക് തട്ടു. സംഭരണശാല ഇതാണ്. നാള്‍ക്ക് നാള്‍ ആ സംഭരണം പൊടിപൊടിക്കും. 5,10,15,20 കിലോ വീതം ആകുമ്പോഴേക്കും ചാക്കുകളും ചുമന്ന് നേരെ കവലക്കുള്ള സുഗുണേട്ടന്റെ മലഞ്ചരക്ക് പീടികയിലേക്ക്. കിലോ ഒന്നിന് 1 രുപ നിരക്കില്‍ പൊടിപൊടിച്ച കച്ചവടം.


 കൊച്ച് വറീതിന്റ് അപ്പന്‍ കവലേലെ ടൌണിലെ പേരെടുത്ത ചുമട്ട് തൊഴിലാളിയായതിനാലും കൊച്ചുവറീത് ടിയാന്റെ മൂത്തസന്താനമെന്ന് നന്നായറിയുന്നതിനാലും സുഗുണേട്ടന്‍ വിലപേശാന്‍ നില്‍ക്കില്ല. കിട്ടിയ പൈസ അത്രയും തുല്യമായി വീതം വയ്ക്കുന്ന സോഷ്യലിസവും, വില്പനയുടെയും ലാഭം പങ്കുവയ്കലിന്റെയും ലസാഗുവും ഞങ്ങള്‍ അങ്ങനെ പഠിച്ചു.

കണാരന്‍ മാഷിന് എന്തറിയാം..?

ഇത് തന്നെയാണ് അപ്രത്ത് സെന്റ്മേരീസ് പള്ളിയുടെ പള്ളിവക റബ്ബര്‍തോട്ടത്തിന്റെയും തേക്കിന്‍ തോട്ടത്തിന്റെയും അവസ്ഥ. തേക്കിന്‍ കായ് പെറുക്കല്‍ ഇത്തിരി കൂടി പ്രയസമേറീയ ഗറില്ലാപ്പണിയത്രെ. കപ്യാര്‍ ലാസറേട്ടന്റെ ചീത്തവിളീയും മഠത്തിലെ ഉശിരന്‍ കൈസറിന്റെ അപര കുരയും പേടിക്കണം. കുര കേട്ടാല്‍ തെറി ഒന്നരത്തരം ഉറപ്പ്.

“ഈ ലാസറേട്ടന്‍ വേദപാഠ ക്ലാസ്സില്‍ പോയിട്ടില്ലേ ആവോ..? ഇത്തരും ചീത്ത പള്ളിപ്പറമ്പില്‍ ഉപയോഗിക്കാന്‍ പാടുണ്ടോ..?”- സംശയം സാമൂഹ്യന്‍ വക

"ടാ വറീതെ.. ഇനി നീ മലേപ്പറാ‍മ്പിലച്ചനെ കാണുമ്പൊ ഒന്ന് ചോദിച്ചേര്...?”

“ഏയ് എനിക്ക് മേല..ആ ചെകുത്താന്‍ കപ്യാരെ പള്ളിക്കാര്‍ക്ക് പേടിയാ. പള്ളീലെല്ലാരേയും മണിയടിച്ച് കൊല്ലുന്നത് അയാളാ..എന്നിട്ടൂം കലിതീരാതെ ചത്ത ശത്രൂനെ കുഴിയിലേക്ക് വച്ച് മണ്ണിട്ട് മൂടി കല്ലിട് ചവിട്ടി ഒതുക്കി മോളില്‍ മരത്തിന്റെ കുരിശ് വയ്ക്കുന്ന വരെ ചെകുത്താന്‍ ആ പള്ളിമണീന്റെ കയറില്‍ തൂങ്ങിയാടും.” അയാള്‍ക്ക് മാത്രം മരണമില്ലടാ..?”- വറീത്

അത് കേട്ടതും നേരിയ ഒരു പേടിയായി കപ്യാര്‍ മനസ്സില്‍ കയറി.

 “നിനക്ക് കേള്‍ക്കണൊ..” ഉറുമീസിന്റെ വക അടുത്ത വെടി.“ ഈ ലാസറ് കപ്യാരില്ലേ. ആരേലും മരിക്കാന്‍ കിടന്നാ അയാള്‍ അച്ചനേം കൂട്ടി അവിടെ ചെല്ലുമത്രെ. എന്നിട്ട് പള്ളീലെ വീഞ്ഞെന്നും പറഞ്ഞ് ഒരു വെള്ളം അച്ചനെക്കൊണ്ട് മരിക്കാന്‍ കിടക്കുന്ന ആളൂടെ തൊള്ളേലേക്ക് ഒഴിപ്പിക്കും. ആളപ്പൊഴേ വടി..”

 “എന്റെ ദൈവേ..ഇയാള്‍ ഭയങ്കരന്‍ തന്നെ..സൂക്ഷിക്കണം”..കപ്യാര്‍  ഒരു ഭീകര സത്വമായി ഞങ്ങളുടെയെല്ലാം മനസ്സിലേക്ക് ചുരമാന്തിക്കയറി.

പക്ഷെ. തേക്കിന്‍ കുരുവിന്റെ വ്യാവസായികമൂല്യം ഞങ്ങളെ തീവ്രവാദികളാക്കി.

ഗറില്ലാ അക്രമണ പരിപാടി ഏതാനും ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞ് വന്നു. ആക്ഷന്‍ നം.1: റബ്ബര്‍ക്കുരു വില്പനയില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ ഒരു ഭാഗത്തെ സംഘടനയുടെ പ്രവര്‍ത്തന മൂലധനമാക്കി വകയിരുത്തി. അതിലെ 5 രൂപക്ക് പോക്കര്‍ മുതലാളീടെ പലചരക്കുകടേന്ന് മീനിന്റേം നായ്ക്കുട്ടീടേം ഒക്കെ രുപത്തിലുള്ള ബിസ്കറ്റ് തൂക്കി വാങ്ങി.

ഏതാനും ബിസ്കറ്റ് കൊച്ചുവറീത് കളസത്തിനെ പാക്കറ്റില്‍ നിറച്ചു. നേരെ ഒറ്റ നടത്തം. പള്ളീറബ്ബര്‍തോട്ടത്തിലൂടെ നേരെ മഠത്തിനെ അരമതിലിലേക്ക്.

കൈസര്‍ നല്ല ഉറക്കമാണ്. റബ്ബര്‍ക്കാ പൊട്ടൂന്നതിന്റെ ശബ്ദമാവാം കൈസറിന്റ ശ്രദ്ധക്കുറവിന് കാരണം. അരമതിലില്‍ കൊച്ച് വറീത് എത്തിയതും നേരെ കുനിഞ്ഞ് ഒറ്റയിരുത്തം.
കുറേ ദൂരെ ബാക്കി നക്സലൈറ്റുകള്‍ കൈതക്കാടിന് പിന്നില്‍ ഒളിഞ്ഞിരിക്കുകയാണ്. ഉശിരന്‍ ഉറുമീസ് അതിനോടു ചേര്‍ന്ന മഹാഗണിയുടെ മുകളീലും. കൊച്ചുവറീതിനും ഉറുമീസിനും പരസ്പരം കാണാം. ഉറുമീസിന് കൈസറിനെയും. ഒരു ചെറിയ പാളല്‍ മതി പണി മൊത്തത്തില്‍ പാളാന്‍.
ചെകുത്താന്‍ കപ്യാര്‍ പള്ളീടെ തിണ്ണ അടിച്ച് വാരുന്ന ഭീകര കാഴ്ച ഉറുമീസ് കണ്ടതപ്പോഴത്രെ.

വിപ്ലവച്ചൂടില്‍ ഉറുമീസ് അപാരമായ ധൈര്യം കൈവരിച്ചു. വറീതിന് സിഗ്നല്‍ നല്‍കി. അക്രമണം തുടങ്ങുകയാണ്.
അരമതിലിനു മുകളിലൂടെ ബിസ്കൂത്ത് ഒരെണ്ണം കൈസറിന്റെ മൂക്കിന്‍ തുമ്പിലേക്ക് പറന്ന് വീണു. കൈസര്‍ ശഠേന്ന് എണീറ്റു, കപ്യാരെ വിളിക്കാനായി വായ് തുറന്നു. പക്ഷെ ജന്തുസഹജമായ ഒരു ആകാക്ഷയില്‍ കുര വെറും ഒരു കോട്ടൂവാ പോലെ ചതഞ്ഞു.

 കൈസര്‍ ബിസ്കറ്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. “ഇതെന്ത് സാധനം..ഇവിടെ കിട്ടൂന്ന ചാളയും റെസ്കും പിന്നെ ഞായറാഴചതോറും കപ്യാര്‍ എത്തിക്ക്യുന്ന എല്ലുമ്മുട്ടീം ഇത്യാതി ബൂര്‍ഷ്വാ സാധനങ്ങളുടെ പട്ടികയില്‍ ഈ സാധനം ഇല്ല.”

ആ ആകാംഷക്കിടയില്‍ സാധനം വായിലുടെ വയറ്റിലേക്ക് നിക്ഷ്ക്രമിച്ചു.
സംഭവം വന്ന വഴിയിലേക്ക് ഒന്ന് നോക്കി.
സംഭവം അകത്തായതിന്റെ ഊര്‍ജത്തില്‍ മുന്‍ കാലുകള്‍ നീട്ടി ഒന്നു നടു നീര്‍ത്തു.

 ഉറുമീസ് ഹാപ്പിയായി.സിഗ്നല്‍ വീണ്ടും. ബിസ്കറ്റ് നമ്പര്‍ 2 പറന്ന് കൈസറിനരികിലേക്ക്. കൈസറുടെ പരിശോധന മുറപടിയായി നടന്നു. മറുപടിയായി വറീതിന്റെ കീശ ഒഴിഞ്ഞും വന്നു. ഇടയ്ക്കിടെ വറീതിന്റെ തലയും മതിലിന് മുകളിലൂടെ കൈസറിനു കാണായി. പക്ഷെ പരിശോദിച്ച് തൃപ്തി വന്ന സാധനത്തിനെ സോഴ്സ് വറീതാണെന്ന് മനസ്സിലാക്കിയ കൈസര്‍ ബ്യൂറോക്രാറ്റായി വശംവദനായി.

വറീത് പൊസിഷനില്‍ നിന്ന് എണീറ്റ് നടന്നു. കൈതക്കാട്ടിലേക്ക്. കൈസറിന്റെ ഇത്തോളജി മഹാഗണിയുടെ ഇലപ്പടര്‍പ്പില്‍ നിന്ന് ഉറുമീസ് വിലയിരുത്തുന്നുണ്ടായിരുന്നു. കൈസര്‍ ഒരു ചെറിയ കുസൃതിയുടെയോ ബ്യൂറോക്രസിയുടെ ആക്രാന്തത്തിന്റെയോ ആയ ഒരു മുക്കല്‍ മൂളല്‍ പുറപ്പെടുവിക്കുന്നുമുണ്ടായിരുന്നു.

കൈതക്കാടിനു സെമിത്തേരി മതിലിനും ഇടക്ക് വറീത് എത്തിയതും കൈസര്‍ ബ്യൂറോക്രസ്സിയുടെ തനിക്കൊണം കാണിച്ചു. ദിഗന്തങ്ങള്‍ പൊട്ടൂമാറുച്ചത്തില്‍ അപാരമായ ഒരു കുര. “ശിര്‍ര്‍ര്‍ര്‍....ഉറുമീസ് മഹാഗണിയില്‍ നിന്ന് താഴെ. വറീത് സെമിത്തേരി മതിലിനു മുകളിലൂടെ അകത്തേക്ക്. പുറകെ ഗറില്ലകളും. അവിടുന്ന് അതി സൂക്ഷമമായ ഒരു നീക്കത്തിലുടെ അസ്തിക്കുഴിയിലേക്കുള്ള മതിലില്ലാത്ത ഭാഗത്തുകൂടെ നിഷ്ക്രമണം..

അങ്ങനെ ആക്ഷന്‍ നമ്പര്‍ 1 ഏകദേശം വിജയിച്ചതായി വിലയിരുത്തപ്പെട്ടു. പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിലും ആക്ഷനുകല്‍ തുടര്‍ന്നു.
ക്രമേണ കൈസര്‍ തനി ബ്യൂറോക്രാറ്റാവുകയും ഗറില്ലകള്‍ തേക്കിന്‍ കുരു പെറുക്കുന്നത് ബിസ്കറ്റ് തിന്നുന്നതിനിടയില്‍ വെറുതെ നോക്കിയിരിക്കുകയും ചെകുത്താന്‍ കപ്യാരുടെ ശ്രദ്ധ അവിടേക്ക് പതിയാതെ സൂക്ഷിക്കുകയും ചെയ്തു.
 ഒരു തവണ കപ്യാര്‍ തീറ്റ കൊടുക്കാന്‍ വരുന്നതിന്റെ കാല്പതനം മനസ്സിലാക്കിയ കൈസര്‍ ആയതിനെ ഒരു ട്രിക്കി ശബ്ദസംവിധാനത്തിലൂടെ ഗറില്ലകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക പോലും ചെയ്തു. ബിസ്കറ്റുകള്‍ ബ്യൂറോക്രസ്സിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ‘ഉസാഗു” ഞങ്ങള്‍ പഠിക്കുകയായിരുന്നു.

 “കണാരന്‍ മാഷിന് എന്തറിയാം..?”

തേക്കിന്‍ കുരു എന്ന മൂല്യവര്‍ദ്ധിത ഉത്പന്നം മണ്ണാകാട്ട് മാത്തുക്കുട്ടിയുടെ നഴ്സറിയില്‍ ഉശിരോടെ വളരുകയും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കോന്നിക്കാടുകളിലേക്കു പറിച്ച് നടപ്പെടുകയും അവിടേ വളര്‍ന്ന് ലക്ഷങ്ങളൂടെ മുതലുകളായി മാറുകയും ചെയ്തു.അവരില്‍ ചിലര്‍ അഭിനവ പ്രഭുക്കന്മാരുടെ കട്ടിലും സെറ്റിയും എന്തിന് വാതിലുകള്‍ പോലുമായി മൂല്യവത്കരിക്കപ്പെട്ട.

പക്ഷെ അവര്‍ അറിയുന്നുണ്ടൊ അവരുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരേട്..? ബൂര്‍ഷ്വാസിക്കുനേരെ ഞങ്ങള്‍ നയിച്ച അതി ധീരമായ ഗറില്ലാ വിപ്ലവത്തിന്റെ കഥകള്‍..?
വറീത് മുതല്‍ സാമൂഹ്യന്‍ ടി പി വരെയുള്ള ഗറില്ലാപ്പടയുടെ വള്ളിനിക്കരിന്റെ പോക്കറ്റിലെ വിയര്‍പ്പിന്റെ ഉപ്പ് രസം..?

ആ‍..... ആര്‍ക്കറിയാം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...