മുല്ലപ്പെരിയാർ സമര സമിതി 1948 ദിനങ്ങൾ പിന്നിട്ട ദിവസം ഭൌമദിനമായിരുന്നു. മാസങ്ങൾക്കു മുമ്പ് ചാനൽ പടകളുടെയും പത്രമാധ്യമങ്ങളുടെയും തിക്കും തിരക്കുമായിരുന്നു ഇവിടെ. അണമുറിയാത്ത ജനപ്രവാഹം ജലപ്രവാഹത്തെ അതിശയിപ്പിക്കുമാറ് ഇവിടേക്കൊഴുകിയത് നാം കണ്ടു. രാഷ്ട്രീയ സമുദായ സാംസ്കാരിക മത ശക്തികൾ ആവേശഭരിതരായി മുല്ലപ്പെരിയാർ സമരോത്സവം കൊണ്ടാടി. വിപ്ലവ വീര്യം നുരഞ്ഞ് പതഞ്ഞ് നിറയുകയും കവിയുകയും ചെയ്തു.
എല്ലാം നല്ലത്. നല്ലത് മാത്രം.
ഇന്ന് അവിടെ പാവം ഉപ്പുതറ/ചപ്പാത്ത് നിവാസികളും നിരപ്പേലച്ചനും സാബുച്ചേട്ടനും മയിലപ്പനുമൊക്കെ മാത്രം. എല്ലാം പഴയതു പോലെ. “ഇന്ന് ഉപവാസമിരിക്കാൻ ആരും എത്തിയില്ലേ എന്ന ചോദ്യത്തിനു മുന്നിൽ മയിലപ്പൻ പേരപ്പൻ വന്നു നിന്നു. ആ പഴയ ചുവപ്പുമാല സഹപോരാളിയിൽ നിന്നും കഴുത്തിലേക്ക് ഏറ്റുവാങ്ങി പേരപ്പൻ ഉപവാസമിരിക്കുന്നു. “ഈയാഴ്ച നടപടി ഉണ്ടാവും തീർച. ഉന്നതാധികാര സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും. പുതിയ ഡാമിനും പുതിയ കരാറിനുവേണ്ടിയുള്ള പരാമർശവും അതിലുണ്ടാവും തീർച“-സമരപ്പന്തലിലെ വായു പോലും മന്ത്രിക്കുന്നത് കേട്ടൂ. മയിലപ്പൻ ചേട്ടൻ തന്റെ കപ്പ വില്പന തിർക്കിട്ട് തീർത് പന്തലിലേക്കെത്തുന്നതുവരെ അവിടെ ഇരുന്ന ടാക്സിക്കാരൻ ചേട്ടൻ “ഞാനൊന്ന് ഓട്ടം പോയിട്ട് വരാം” എന്ന് പറഞ്ഞ് ജീപ്പുമായി പോയി. നിരപ്പേലച്ചൻ കുർബാനയും സഭയിലെ അത്യാവശങ്ങളും നിർവഹിച്ച് ഉടനെയെത്തും എന്ന് പറഞ്ഞു. അന്ന് സമര സമിതി ഇൻ-ചാർജായിരുന്ന് ജോൺസൻ കൂട്ടുകാരന്റെ അപകടമരണവാർത്തയറിഞ്ഞ് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് തിരക്കുന്നു.”മരിച്ച് അല്ലെ. പാവം. എവിടെയാ ഇപ്പൊ..ഞങ്ങൾ ഇവിടെ എന്തെങ്കിലും ഒരുക്കേണ്ടതുണ്ടോ..?”
ഞാൻ ആ പന്തലിലിരുന്ന് ഇങ്ങനെ ആലോചിച്ചു. 2007-ൽ സമരസമിതി എങ്ങനെ ആയിർന്നോ അതേ അവസ്തയിൽ തന്നെ ഇന്നും. നാമൊക്കെ കുറെ ഒച്ചപ്പാടുകളും ഫേസ്ബുക് വിപ്ലവവും തമിഴ്നാടിനെ തെറിവിളിക്കലും മെഴുകുതിരി പ്രാർഥനയുമൊക്കെ നടത്തി സമരപോരാളികളാണെന്ന് ഊറ്റം കൊള്ളുകയായിരുന്നില്ലേ. ഓഫീസിലും വീട്ടിലും ഒക്കെയിരുന്ന്. നമ്മെക്കൊണ്ടാവുന്നത് നാം ചെയ്തു എന്ന് മനസ്സിനെ ആശ്വസിപ്പിക്കാം. നല്ലത്. പക്ഷെ ഇവിടെ ഈ പാവം ജനങ്ങൾക്ക് സമരം ആത്മാവിന്റെ ഭാഗമാണ്. “ഭാഗമല്ല” ആത്മാവ് തന്നെയാണ്. നിത്യച്ചെലവ് നിർവഹിക്കാൻ പാടുപെടുന്ന ഈ സാധാരണക്കാർ അവരുടെ ഒരു ദിനത്തിന്റെ നല്ലൊരു ഭാഗം ഈ സമരസമിതിയോടൊത്ത് ചിലവഴിക്കുന്നു. ആർക്ക് വേണ്ടി.. അവർക്കു മാത്രമല്ല എനിക്കും നിങ്ങൾകും ഓരോ കേരളീയനും വേണ്ടി.
ലജ്ജിക്കേണ്ടതുണ്ട് നാം. ഫേസ്ബുക് വിപ്ലവം നമ്മെപ്പോലെ അനേകർക്ക് ഈ മുല്ലപെരിയാർ വിഷയത്തെപ്പറ്റി സാമാന്യമായ അവബോധം ജനിപ്പിക്കാൻ ഇടയാക്കി എന്ന വസ്തുത പറയാതെ വയ്യ. അതിന് ഇതിനേക്കാൾ നല്ല വഴി മറ്റൊന്നില്ല താനും. പക്ഷെ മുല്ലപ്പെരിയാർ സമരത്തിന്റെ ആത്യന്തികമായ ലക്ഷ്യപ്രാപ്തിക്ക് അത് എത്രത്തോളം ഉതകുന്ന് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലത്.
സമര സമിതിയുടെ ഈ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കുക. അവിടെ ഒഴിഞ്ഞ കസേരകളിലെ ശൂന്യതയിൽ സമരസമിതിയിലെ ഇടുക്കിക്കാരുടെ വിയർപും നെടുവീർപും നിറയുന്നുണ്ട്. അവരിപ്പോളെത്തും. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിട്ട്. പക്ഷെ ആ കസേരകളിൽ നിറയുന്ന ഒരു വലിയ ക്യാവിറ്റി ഉണ്ട്. നികത്താനാകുന്ന ഒരു ശുന്യത. അത് നമ്മളാണ്. നമ്മളാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. നാമാണ് ആ മുദ്രാവാക്യങ്ങൾ ഏറ്റുപാടേണ്ടിയിരുന്നത്.
ഈ പന്തലിലെ വായു എന്നോട് ഒന്നു കൂടി സൂചിപ്പിച്ചു.
“പത്രങ്ങളും ചാനലുകളും ഇവിടെ നിറഞ്ഞിരുന്നത് മുല്ല്ല്ലപ്പെരിയാർ വിപ്ലവം ജനങ്ങളിലേക്കെത്തിക്കാനായിരുന്നില്ല. മറിച്ച് അവിടെ ഉപവാസമനുഷ്ടിക്കാനെത്തിയ രാഷ്ട്രീയ ശക്തികളൂടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകാനായിരുന്നുവെന്ന്. ഇത്ര വലിയ സ്കൂപ് എവിടെക്കിട്ടൂം..? ലൈവായിരുന്നില്ലെ പരിപാടി. “ നല്ലത്. എല്ലാം നല്ലത്
ഒരു ചെറുകാറ്റ് വന്ന് മന്ത്രിച്ചു.
“കൂറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് വിയർപ്പിന്റെ ഗന്ധമായിരുന്നു. ജനസാഗരത്തിന്റെ വിയർപ്പിന്റെ ഗന്ധം. പക്ഷെ അതിനു വിപ്ലവച്ചുവയായിരുന്നില്ല. ഇതേ ചാനലുകളിലും പത്രത്തിൽ വരാവുന്ന ഒരു ഫോട്ടോയിലും പതിയാവുന്ന സ്വന്തം ചിത്രത്തിന്റെ വിപ്ലവ സാധ്യതയെക്കുറിച്ചുള്ള ചിന്തയും, കൂത്ത് കാണാനുള്ള ജിജ്ഞാസയും സമുദായ നേതാക്കന്മാരുടെ കല്ലെപ്പിളർക്കുന്ന കല്പനയുടെ ചൂടുമായിരുന്നു.” നല്ലത് അതും നല്ലത്.
പഴയത് പഴയത് തന്നെ. ഇപ്പൊ എന്താണവസ്ത...? ഞാൻ ചോദിച്ചു.
മറുപടി തന്നത് അപ്രതീക്ഷിതമായി എത്തിയ വേനൽമഴ.
“ കണ്ടില്ലേ നീ.. കാത്തിരുപ്പ്. അനന്തമായ കാത്തിരിപ്പ്. പുതിയ ഡാമിനും പുതിയ കരാറിനും വേണ്ടി ഈ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതര ജില്ലകളിലെ 3 മില്യൺ ജനങ്ങളുടെ സംരക്ഷണത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും കേർളത്തിലെ ആകമാനം ജനങ്ങളൂടെ ഊർജ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള നിർണായക ശുപാർശകൾ അടങ്ങിയ റിപോർട് ഉന്നതാതികാര സമിതി സമർപ്പിക്കുക്കയാണ് നാളെ. അതിലെ ഉചിതമായ ശുപാർശകൾക്ക് മേൽ സുപ്രീം കോടതി അതീവ പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ഈ പാവം ജനങ്ങളെ അവർ കൈവെടിയാതിരിക്കണെ എന്ന് ഞാനും പ്രാർഥിക്കട്ടെ കൂട്ടൂകാരാ.”
ആശ്വാസത്തോടെ എന്നാൽ അതിലേറെ വേദനയുടെ നെരിപ്പോടും നെഞ്ചിലേറ്റി സമരസമിതി വിട്ട് പുറത്തേക്കിറങ്ങിയ അവധൂതന്റെ മുന്നിൽ ഒരു വെള്ളിടി വെട്ടി. ഓടി പന്തലിനുള്ളിലേക്ക് കയറിയപ്പോൾ ഇടിമിന്നലിന്റെ ശബ്ദം ചെവിയിൽ പൊട്ടിച്ചിതറി.
“മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ ഡാം നിർമിക്കാവുന്നതുമാണ്” എന്ന് ഉന്നതാധികാരസമിതിയുടെ റിപ്പോർടിൽ പരാമർശമുണ്ടത്രെ.
ഒരു നിമിഷം പിന്നെ അവിടെ നിന്നില്ല. നേരെ വേനൽ മഴയിലേക്കിറങ്ങി. ഘോരമായ ഇടിമിന്നലോ മേഘനാദമോ കാറ്റോ മഴത്തുള്ളികളോ പറയുന്നത് എനിക്ക് കേൾക്കണമെന്നില്ലായിരുന്നു. അതിനും മുകളിൽ ഒരായിരും നിലവിളികൾ ഉയർന്ന് വരുന്നുണ്ടായിരുന്നു മനസ്സിന്റെ ഉള്ളിൽ നിന്ന്. “ എന്തിനാണ് നിങ്ങൾ ഞങ്ങളെ (കൊല്ലാതെ) കൊല്ലുന്നത്..?“