സൌമ്യ ഓര്‍മയായി...
എന്നത്തെയും പോലെ ദാരുണമായ ശാരീരിക പീഠനങ്ങള്‍ക്കും ലൈഗിക അതിക്രമങ്ങള്‍ക്കും ഇരയായ മറ്റൊരു പെണ്‍കുട്ടി കൂടി. കോലാഹലങ്ങള്‍ തുടരുകയാണ്. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍. പ്രതി അതീവ സുരക്ഷിതനായി പോലീസിന്റെ കസ്റ്റഡിയില്‍.
ഈ ഭീകര ദുരന്തവും പതിയെ മറവിയുടെ ചെപ്പിനുള്ളിലേക്ക് പിന്‍വലിയും. കോലാഹലങ്ങളും വാഗ്വാദങ്ങളും പതിയെ ശാന്തമാവും. ട്രെയിനുകള്‍ പതിവുപോലെ ഷൊര്‍ണൂര്‍ വഴി യാത്രതുടരും. ഒട്ടേറെ സ്ത്രീജനങ്ങള്‍ അവയിലൂടെ സഞ്ചരിക്കും. ഗോവിന്ദസ്വാമിമാരും ആരോഗ്യം ആന്റണിമാരും നിര്‍ബാധം വിളയാടുകയും ചെയൂം.
പക്ഷെ ഇവിടെ വീണ്ടും ഒരു ബലിയാടുകൂടി ഉണ്ടാവാന്‍ പാടില്ല. ഈ ദാരുണസംഭവത്തിന് ദൃക്‌സാക്ഷികളായ ആളുകള്‍ക്ക് ഈ ദുരന്തത്തിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാവുകയുമില്ല.പ്രതികരിക്കാനും പ്രവര്‍ത്തികാനും കേവലം ഒരു “ടോമി” മാത്രമായിരുന്നു അവിടെ ഉണ്ടായത്. എത്ര ലജ്ജാകരം.
ഇത്രത്തോളം അധപതിച്ച മാനസികാവസ്ഥ മലയാളികള്‍ക്ക് എങ്ങനെ ഉണ്ടായി..?
ഷോര്‍ണൂര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം "സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ റെയില്‍ വേ പോലീസ് നല്‍കാത്തതാണെന്ന് "ഒരു പക്ഷവും “കമ്പാര്‍ട്മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നത് യാത്രക്കാരായ സ്ത്രീകള്‍ തടയാന്‍ അനാസ്ഥ കാണിക്കുന്നതാണ്” എന്ന് റെയില്‍ വേയും പറയുന്നു. ഇവിടെ ആരാണ് ഉത്തരവാദി.? ചോദ്യം അവിടെ നില്‍കട്ടെ.
2005-ഡിസംബര്‍ 6- ഡോ. ബി ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മ്രിതിമണ്ഠപമായ ”ചൈത്യഭൂമിയിലേക്ക് യാത്രചെയ്ത നൂറുകണക്കിന് അനുയായികള്‍ “പവന്‍ എക്സ്പ്രസ് ട്രെയിനിലെ” റിസര്‍വേഷന്‍ കമ്പാര്‍ട്മെന്റുകളിലേക്ക് ഇടിച്ചുകയറി. “നാസിക്, ഇകത്പുരി സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ഈ കോലാഹലത്തിനിടയില്‍ 20 വയസ്സുള്ള ഒരു പെണ്‍കുട്ടി ലൈംഗിക പീഠനത്തിനിരയായി. ആള്‍ക്കൂട്ടം അത് അറിയാഞ്ഞതോ നിസംഗതയോടെ നോക്കിനിന്നതോ..?
2002-ആഗ്സ്റ്റ് 14.1:50 മലാഡ്, ബൊറിവിലി സ്റ്റേഷനുകള്‍ക്ക് മധ്യെ ഓടിക്കൊണ്ടിരുന്ന സബര്‍ബന്‍ ട്രെയിനില്‍ 12 വയസ്സുകാരിയും മാനസികതകരാറുള്ളവളുമായ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ അതും മറ്റ് യാത്രക്കാര്‍ സാക്ഷികളായിരിക്കെ സലിം ഷെയ്ക് എന്നയാള്‍ പീഠിപ്പിക്കുന്നു. കരായാനോ ഒച്ചവയ്കാനോ കെല്‍പ്പില്ലാതെ, സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാന്‍ പോലുമാകാതെ ആ കുട്ടി. തങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ "അക്രമി തങ്ങളെ ഭീഷണിപ്പെടുത്തിയതിനാല്‍ ഒന്നും ചെയ്യാനായില്ല" എന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ 5 പേര്‍ പറയുന്നു. അതേസമയം “തങ്ങള്‍ പേടിച്ച് ചലനമറ്റവരായി” എന്നും “ അക്രമി മദ്യപിച്ചിരുന്നു” എന്നും ദൃക്‌സാക്ഷിയായ ഒരു മുതിരന്ന പത്ര പ്രവര്‍ത്തകന്‍ പറയുന്നു.
“ഈ ദൃക്സാക്ഷികളായ 5 പേരുടെ മൌനമായിരുന്നില്ലെ ഈ അതിക്രമത്തിന് വളമായത്"-എന്ന് ബൃന്ദ കാരാട്ട് ചോദിക്കുന്നു.
ഈ ഷൊര്‍ണൂര്‍ സംഭവത്തില്‍ റെയില്‍ വേ കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം ഇങ്ങനെ- വനിതാ കമ്പാര്‍ട്മെന്റുകളില്‍ സാമൂഹ്യ വിരുദ്ധര്‍ കയറുന്നത് സ്ത്രീകളുടെ അനസസ്ഥ മൂലം.ഭിക്ഷാടകര്‍ കമ്പാര്‍ടുമെന്റില്‍ കയറുന്നത് സ്ത്രീകള്‍ തടയുന്നില്ല“. എന്ന്. നാടോടികളും ഭിക്ഷാടകരും അനധൃകൃത കച്ചവടക്കരും പൈറേറ്റഡ് സി ഡി, ഡി വി ഡി വില്പനക്കരുമൊക്കെ നിര്‍ബാധം വിഹരിക്കുന്നതിന് റെയില്‍ വേ എന്ത് ന്യായീകരണം കൊടുക്കും..?
അവദൂതന്‍ അഭിമുഖീകരിച്ച ഒരു സംഭവം ഇവിടെ വിവരിക്കട്ടെ. 2010-ല്‍ കോഴിക്കോട് നിന്നും കണ്ണൂരേക്ക് മംഗള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്നു. വണ്ടിയില്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ വാതിലിനോട് ചേര്‍ന്ന് ശ്വാസം കഴിക്കാന്‍ തത്രപ്പെട്ട് വടകര വരെ എത്തി. വടകരയില്‍ വണ്ടിയിലെ തിരക്ക് ഒന്നൊഴിവായ സമയം ഒരു ഏകദേശം 34 വയസ്സ് തോന്നിക്കുന്ന മദ്യപാനി ആടിയാടി വന്ന് വണ്ടിയുടെ ചവിട്ട് പടിയില്‍ ഇരുന്നു.
വണ്ടി സ്റ്റേഷന്‍ വിടുമ്പൊഴും ഇയാള്‍ വളരെ ഭീതിതമായ രീതിയില്‍ കൈപ്പിടിയില്‍ പിടിച്ച് ആടുന്നുണ്ടായിരുന്നു. തൊട്ടടുത്ത സീറ്റില്‍ ഏതെങ്കിലും ഒഴിവായോ എന്ന് ഒന്നെത്തിനോക്കാന്‍ അവധൂതന്‍ അങ്ങോട്ടൊന്നു നീങ്ങിയതും എന്തോ പിന്‍ വശത്തെ ബോഗിയില്‍ അടിക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ച്. ഒട്ടൊരു വിഭ്രാന്തിയോടെ തിരിഞ്ഞ് നോക്കിയത് അല്പം മുന്‍പ് വരെ വാതില്പടിയില്‍ ഇരുന്ന മദ്യപാനിയിലേക്ക്.അയാളിരുന്ന ഇടം ശുന്യമാണ്. ബോഗിയില്‍ പെട്ടെന്നുണ്ടായ കണ്‍ഫ്യൂഷനിടക്ക് ഒരു പോലീസുകാരനെന്ന് തോന്നിച്ചയാള്‍ ചങ്ങല വലിച്ചു. അതിവേഗം പാഞ്ഞ്കൊണ്ടിരുന്ന വണ്ടി കുറച്ച്കൂടി ഓടി നിന്നു. ഓടി വന്ന ഗാര്‍ഡ് വിവരം തിരക്കി. “ആരാണ് ചങ്ങല വലിച്ചത്..?”
ബോഗിയിലെ ആള്‍ക്കൂട്ടത്തിന് ഉത്തരമില്ല.
“സര്‍ ..ഈ വാതില്പടിയിലിരുന്ന ഒരാള്‍ തെറിച്ച് വീണെന്ന് തോന്നുന്നു”- അവധൂതന്റെ വിവരണം. “നിങ്ങള്‍ കണ്ടോ..” ഗാര്‍ഡ്.
“വീഴുന്നത് ഞാന്‍ കണ്ടില്ല. പക്ഷെ ഒരാള്‍ ഇവിടെ ഇരുന്നിരുന്നു. എന്തോ പിന്നില്‍ ഇടിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ ആളെ കണ്ടില്ല”.
“നിങ്ങളാണോ ചെയ്ന്‍ വലിച്ചത്..?”
“ അല്ല..ഞാനല്ല”.
‘ഒരു കാര്യം ചെയ്യ്. താനിങ്ങിറങ്ങി വാ..” ഗാര്‍ഡിന്റെ ഓര്‍ഡര്‍ .
അവധൂതന്‍ പുറത്തിറങ്ങി.
“താനാ ലിവര്‍ വലിച്ചിട്.” വീണ്ടും ഗാര്‍ഡിന്റെ ഓര്‍ഡര്‍ .
അവദൂതന്‍ ബോഗിയുടെ പിന്നിലൂടെ മുകളിലേക്ക് പിടിച്ച് കയറി. ഒരുവിധത്തില്‍ കയ്യെത്തിച്ച് ലിവര്‍ പിടിച്ചിട്ടു. ചെയിനിന്റെ പ്രഷര്‍ റിലീസ് ചെയ്തു. ഗാര്‍ഡ് അവധൂതനെയും കൂട്ടി പാളത്തിലൂടെ കുറെ ദൂരം പിന്നിലേക്ക് നടന്നു. തെറിച്ച് വീണയാളുടെ പൊടിപോലുമില്ല. ഓടിക്കുടീയ ഏതാനും നാട്ടുകാരെയും തൊട്ടടുത്ത എടക്കാട് റെയില്‍ വേ സ്റ്റേഷനിലേക്കും വിവരം ധരിപ്പിച്ച് തിരിച്ചു നടന്നു. ഇരുട്ടില്‍ അതല്ലാതെന്തുവഴി..
ഗാര്‍ഡ് അവധൂതനെ ഗാര്‍ഡ് റുമിലേക്ക് കയറ്റി. ഒരു ഫോറത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു ഒരു പേനയോടൊപ്പം അവധൂതനി നീട്ടി.
“നിങ്ങള്‍ ഇതില്‍ ഒപ്പിടൂ..” എന്ന് ഓര്‍ഡര്‍.
“എന്താണിത്..? അവധൂതന്റെ സംശയം.
“ ചെയിന്‍ വലിച്ചത് നിങ്ങളാണെന്നും യാത്രക്കാരിലൊരാള്‍ പുറത്തേക്ക് വീണതായി സംശയിച്ച് വലിച്ചതാണെന്നും ഉള്ള വിശദീകരണമാണിത്.."
“ചെയ്ന്‍ വലിച്ചത് ഞാനല്ല, പിന്നെങ്ങനെ ഇത് ശരിയാവും". അവധൂതന്റെ അടുത്ത ചോദ്യം.
“ എടൊ. താനല്ല ചെയ്ന്‍ വലിച്ചത്. പക്ഷെ വലിച്ചയാള്‍ അത് സമ്മതിക്കുന്നില്ലല്ലോ. ഇത് മറ്റ് കുഴപ്പങ്ങള്‍ക്കൊന്നും ഇടയാക്കില്ല. ഒരാള്‍ തെറിച്ച് വീണതുകൊണ്ട് താന്‍ ചെയ്തല്ലെ. പക്ഷെ എനിക്ക് ചെയ്‌ന്‍ വലിച്ചതിനുള്ള എക്സ്പ്ലനേഷന്‍ കൊടുക്കണം. വലിച്ചയാളിന്റേത്. ഇവിടെ താന്‍ പേരും അഡ്രസും ഒന്നും വയ്ക്കണ്ട. ഒപ്പ് മാത്രം ഇടുക.”
ഒപ്പിട്ടുകൊടുത്തു. വേറെന്ത് വഴി. കണ്ണുര്‍ സ്റ്റേഷനില്‍ ഇറങ്ങി നടക്കുമ്പോഴും അന്നത്തെ രാത്രി കണ്ണടക്കുമ്പോഴും ആ വാതില്‍ പടിയില്‍ ഒരാള്‍ ആടുന്നത് കണ്ടു. ഇടക്കെല്ലാം പുറകിലത്തെ ബോഗിയില്‍ ഒരു പച്ച ശരീരം ആഞ്ഞടിക്കുന്നതും പുറത്തേക്ക് ചതഞ്ഞ് തെറിക്കുന്നതും ഞെട്ടലോടെ കണ്ടു.(പിറ്റേന്ന് തന്നെ പത്രത്തില്‍ കണ്ടു വണ്ടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരനെ പാളത്തിനു വെളിയില്‍ കുറ്റികാട്ടില്‍ കുടുങ്ങിയ നിലയില്‍ നാട്ട്കാര്‍ കണ്ടെത്തിയെന്നും അരക്ക് കീഴ്പോട്ട് തളര്‍ന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു എന്നും.ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാള്‍ മരിച്ചതായും അറിഞ്ഞു).
ഇവിടെ അവധൂതന്റെ ചോദ്യം ഇതാണ്.
ചെയ്ന്‍ വലിച്ചയാള്‍ ഒരു പോലീസുകാരനാണ്. അയാള്‍ ജോലി ചെയ്യുന്ന കോഴിക്കോടുള്ള ഏതോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം ധരിപ്പിക്കുന്നതും അവധൂതന്‍ കണ്ടിരുന്നു. എന്നിട്ടൂം ‘ചെയ്ന്‍ വലിച്ചത് ഞാനാണ് ' എന്ന് സമ്മതിക്കാന്‍ അയാള്‍ എന്ത്കൊണ്ട് വിസമ്മതിച്ചു.?
ഇവിടെ ആ പോലീസുകാരന്റെ ചിത്രത്തെ മറച്ച് കൊണ്ട് വയനാട് കാരന്‍ “ടോമി” തെളിഞ്ഞ് വരുന്നു. ടോമി പറയുന്നു. “ആ കുട്ടിയുടെ നിലവിളി എന്റെ കമ്പാര്‍ട്മെന്റില്‍ വരെ കേട്ടു. പക്ഷെ കേട്ടവരാരും സഹായിക്കാന്‍ മുതിര്‍ന്നില്ല. ഇത് സംഭവിച്ചത് നിങ്ങളുടെ അമ്മക്കോ പെങ്ങള്‍ക്കോ ആയിരുന്നെങ്കിലോ..?
ടോമിയുടെ ചോദ്യം എന്റെയും നിങ്ങളുടെയും നേര്‍ക്കാണ്.
ഈ ചോദ്യത്തിന്റെ തീപ്പോള്ളലില്‍ നിന്ന് എനിക്കും നിങ്ങള്‍ക്കു ഒഴിവാകനാകില്ല. ടോമി എന്ന ഒരാള്‍ മാത്രമായിരുന്നു അവിടെ “മനുഷ്യന്‍”.
വീട്ടിലെത്തി സ്വന്തം ഭാര്യയോടും അമ്മയോടും മകളോടുമൊപ്പം കളിതമാശ പറഞ്ഞ് അത്താഴമുണ്ണാനുള്ള വ്യഗ്രതയില്‍ വണ്ടി വൈകുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച മറ്റുള്ളവര്‍ക്ക് “അക്രമിക്കപ്പെട്ടത് ഏതൊ ഭിക്ഷകാരിയോ, നാടോടിയോ” ഒക്കെയായിരുന്നു. രക്ഷപെടാനുള്ള പരക്കം പാച്ചിലില്‍ വണ്ടിയില്‍ നിന്ന് ചാടിയതും കല്ലുകൊണ്ട് അടിയേറ്റ് തലതകര്‍ന്ന് അര്‍ധപ്രാണാവസ്ഥയില്‍ ക്രുരമായി പീഠിപ്പിക്കപ്പെട്ടതും ഒരു മനുഷ്യജീവിപോലുമായിരുന്നില്ലല്ലോ നമുക്ക്..
ലജ്ജിക്കുക. നാമോരോരുത്തരും.
മറ്റൊരു അപകടദൃശ്യത്തിന് സാക്ഷിയായതോര്‍ക്കുന്നു അവധൂതന്‍ . കണ്ണൂരിനും തളിപ്പറമ്പിനും മധ്യേ രണ്ട് ബസ്സുകള്‍ തമ്മില്‍ അമിത വേഗതയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. നിരവധി യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ബസ്സിനുള്ളിലും രണ്ട് ബസ്സിനുള്ളിലും ഡ്രൈവര്‍മാര്‍ നിശ്ചേഷ്ടരായി ഇരിക്കുന്നുണ്ട്. യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് നീക്കി.
അതിനിടെയാണ് ഞങ്ങള്‍ ഈ ഡ്രൈവര്‍മാരെ ശ്രദ്ധിച്ചത്. ബസുകളുടെ മുന്‍ ഭാഗം സ്റ്റിയറിങ് ഉള്‍പ്പടെ ഉള്ളിലേക്ക് അമര്‍ന്നതില്‍ കുടുങ്ങിയിരിക്കുകയാണ് അവര്‍. സമീപത്തുണ്ടായിരുന്ന ജെ സി ബി ഉപയോഗിച്ച് ഏതാണ്ട് മുക്കാല്‍ മണിക്കൂറ് നേരത്തെ പരിശ്രമത്തിലാണ് ഇവരെ രക്ഷപെടുത്താനായത്. അവിടെ ഇടക്കെല്ലാം മിന്നിമറഞ്ഞ ക്യാമറാ ഫ്ലാഷുകള്‍ അദ്ഭുതത്തേക്കാള്‍ പറഞ്ഞറിയിക്കാനാവത്ത ദേഷ്യമാണ് ഉളവാക്കിയത്. ലജ്ജയും. നമ്മോട് തന്നെ. അഭ്യസ്ഥവിദ്യരായ കേരളീയരോട്. “ സ്വന്തം മൊബൈല്‍ ക്യാമറയില്‍ ആ ചോരക്കളത്തിന്റെയും പ്രാണവേദനയുടെയും ലൈവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു” അവിടെ കുടിനിന്ന ജനക്കൂട്ടം. ലവലേശം ലജ്ജയില്ലാതെ. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഒച്ചപ്പാടുണ്ടാകാനും വാചകമേള നടത്താനും സ്ഥാപനങ്ങള്‍ അടിച്ചു പൊട്ടിക്കാനും ഹര്‍ത്താലാചരിക്കനും നമുക്ക് മിടുക്കുണ്ട്.അതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും. ഈ ഗോവിന്ദസ്വാമിയേപ്പോലുള്ളവരെ ഒറ്റയടിക്ക് കൊന്നിട്ട് ജയിലില്‍ പോകാന്‍ ആര്‍ക്കുണ്ട് തന്റേടം..?
എത്ര ഹീനമായ സംസ്കാരമാണ് നമ്മുടേത്. മനുഷ്യത്വമെന്നത് ഇത്രയേറെ അധ:പതിച്ചത് എന്നാണ്..?
കേവലം 12 വയസ്സുള്ള പെണ്‍കുട്ടിയെ വെറുമൊരു മദ്യപാനി പട്ടാപ്പകല്‍ ക്രൂരപീഠനത്തിനിരയാക്കുന്നത് കണ്ട് നിന്ന 5 കാഴ്ചക്കാരുള്ള നാടാണ് ഇന്ത്യ.
ആള്‍ക്കുട്ടത്തിനിടയില്‍ ഒരു പെണ്‍കുട്ടി പീഠിപ്പിക്കപ്പെടുന്നത് കണ്ടില്ലേന്ന് നടിച്ച കുറേ യാത്രക്കാരുടെ നാടാണ് ഇന്ത്യ.
അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ മത്സരിച്ച് അതിന്റെ ചിത്രവും വീഡീയോയും പകര്‍ത്തുന്ന നാണംകെട്ട ആള്‍ക്കുട്ടത്തിന്റെ നാടാണ് ഇന്ത്യ.
ഏറ്റവും പൈശാചികമായ രീതിയില്‍ പീഠിപ്പിക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ പ്രാണവേദനയോടെയുള്ള നിലവിളി ഏതോ ഭിക്ഷക്കാരിയുടെയോ നാടോടിയുടെയോ ആണെന്ന് അവഗണിച്ച അനവധി നിരവധി സംസ്കാര ശുന്യരുടെ നാടാണ് ഇന്ത്യ.
ലിസ്റ്റ് ചെയ്യപ്പെട്ട കൊടും കുറ്റവാളിയായ ഗോവിന്ദസ്വാമിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നത് കണ്ടിരിക്കുന്ന നിയമവും ഈ നാട്ടില്‍ തന്നെ.
ലജ്ജിക്കണം നാം.
മനുഷ്യത്വം മരവിച്ചെങ്കില്‍ പോയി ആത്മഹത്യ ചെയ്തുകൂടെ നമുക്ക്..?
- അവധൂതന്‍