ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 31, വെള്ളിയാഴ്‌ച

മലയാള സിനിമ - 2010



നമ്മുടെ സ്വന്തം മോളിവുഡ് -ന്റെ പിന്നിടുന്ന വര്‍ഷത്തെ പ്രധാന സംഭവങ്ങളുമായി ഒരു പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്. വലുതും ചെറുതുമായി എണ്‍പത്തി അഞ്ചോളം മലയാള ചിത്രങ്ങളാണ് പ്രേക്ഷകരെ തേടി പ്രദര്‍ശന ശാലകളില്‍ എത്തിയത്. ഇതില്‍ കേവലം പതിനാലു ചിത്രങ്ങള്‍ മാത്രമേ റിലീസിംഗ് തിയെറ്ററുകളില്‍  നിന്നും മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുള്ളൂ എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും തന്നെ എതിരാളികളെ ബഹുദൂരം അകലെ നിര്‍ത്തി, ഇപ്പോഴും അടക്കിവച്ചിരിക്കുന്ന ഈ ലോകത്തില്‍ മുപ്പതിലധികം പുതുമുഖ സംവിധായകരും, കുറച്ചു പുതിയ താരങ്ങളും ഭാഗ്യാന്യേഷകരായി എത്തി. അതില്‍ കുറച്ചുപേര്‍ വിജയം കണ്ടു എന്നത് പ്രതീക്ഷ നല്‍കുന്നു. നമുക്ക് ആദ്യം സൂപ്പര്‍ താര ചിത്രങ്ങളുടെ പ്രകടനം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.


മോഹന്‍ലാല്‍ .
മലയാളത്തിന്റെ ഈ താര രാജാവിന് അഞ്ചു ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ശിക്കാര്‍ , ഒരു നാള്‍ വരും, ജനകന്‍ , കാണ്ഡഹാര്‍ ,അലെക്സാണ്ടര്‍ ദ് ഗ്രേറ്റ്‌ . ഇതില്‍ ശിക്കാര്‍ മാത്രമേ ബോക്സ്‌ ഓഫീസില്‍ വിജയം നേടിയുള്ളൂ. ബാക്കി നാലെണ്ണവും കനത്ത പരാജയം ഏറ്റുവാങ്ങി. ലാല്‍ ഇപ്പോള്‍ തന്റെ ആ അനായാസ ശൈലിയൊക്കെ എവിടെയോ മറന്നു വെച്ച പോലെയാണ്. പഴയ ലാലിനെ ബുദ്ധിമുട്ടി അനുകരിക്കാന്‍ ശ്രമിക്കും പോലെ. തുടര്‍ച്ചയായി പരാജയങ്ങള്‍ തളര്‍ത്തിയ ഈ നടന്‍ തന്റെ ലക്ഷക്കണക്കിന്‌ ആരാധകരെ എങ്ങനെ എങ്കിലും ഒന്ന് തൃപ്തിപ്പെടുത്താന്‍ " മുണ്ട് മടക്കി കുത്തി, മീശ പിരിച്ചു " വരും. ഓരോ കാലഘട്ട്ത്തിലും ഈ തന്ത്രം ഏറ്റിട്ടുണ്ട്. രാവണ പ്രഭുവും, നരനും ഉദാഹരണം. ഇത്തവണയും ആ തന്ത്രം ഏറ്റു. അറ്റ കൈക്ക് ' ശിക്കാറില്‍ ' ഈ പറഞ്ഞതൊക്കെ ചെയ്തു, ആരാധകര്‍ ആവേശം കൊണ്ടു.. ചിത്രം ഹിറ്റായി.. ഈ വര്‍ഷത്തെ ലാലിന്റെ ഒരേ ഒരു ഹിറ്റ്‌.. പക്ഷെ ഒരു ചോദ്യം.. ഇങ്ങനെ ഈ 'പഴയ ' സിംഹത്തിനു എത്ര നാള്‍ മലയാള സിനിമയുടെ അമരത്ത് തുടരാന്‍ പറ്റും..?

മമ്മൂട്ടി.
വളരെ ശ്രദ്ധയോടെ മുന്നേറുകയാണ് മലയാളത്തിന്റെ ഈ മെഗാ താരം. പുതിയ കഥയും കഥാപാത്രവുമായി, പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുത്തു കൊണ്ടു , തുടര്‍ച്ചയായി കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുമ്പെന്നത്തെക്കാള്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ് മലയാളത്തിന്റെ ഈ പ്രിയ നടന്‍ . പോക്കിരി രാജാ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ് സെയ്ന്റ്,ബെസ്റ്റ് ആക്ടര്‍ ,പ്രമാണി, കുട്ടിസ്രാങ്ക്, യുഗ പുരുഷന്‍ , ദ്രോണ ഇവയാണ് മമ്മുട്ടിയുടെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ . ഇതില്‍ ആദ്യ മൂന്നു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. കുട്ടി സ്രാങ്കും , യുഗപുരുഷനും അംഗീകാരങ്ങള്‍  ഒരുപാടു നേടിയപ്പോള്‍ ദ്രോണ-ക്ക് വമ്പന്‍ തിരിച്ചടിയേറ്റു.

സുരേഷ് ഗോപി.
പഴയ പ്രതാപമൊന്നുമില്ലെങ്കിലും സൂപ്പര്‍ ഫ്ലോപ്പുകളായ ' ഏഴു' ചിത്രങ്ങളുമായി ഈ താരവും 2010 -ഇല്‍ 'നിറഞ്ഞു' നിന്നു. ജനകന്‍ , കടാക്ഷം , സദ്‌ ഗമയ , കന്യാകുമാരി എക്സ്പ്രസ്സ്‌ , സഹസ്രം, രാമ രാവണന്‍ ഇവയാണ് ആ ഏഴു ചിത്രങ്ങള്‍ . കുറചെങ്കിലും നല്ല അഭിപ്രായം കിട്ടിയത് സഹസ്രം എന്ന ചിത്രത്തിനാണ്.

ദിലീപ്.
2000 മുതല്‍ 2003 വരെ തുടര്‍ച്ചയായ കുറെ വിജയങ്ങളുമായി ഈ നടന്‍ നമ്മുടെ ജനപ്രിയ താരവും, ചെറിയൊരു സൂപ്പര്‍ താരവുമൊക്കെ ആയി. പിന്നീട് പരാജയങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. പിന്നീട് 2005 -ഇല്‍ ലാല്‍ ജോസിന്റെ 'രസികനും' പരാജയപ്പെട്ടതോടെ ദിലീപിനെ എല്ലാവരും എഴുതി തള്ളാന്‍ ഒരുങ്ങി. അതിനുശേഷം 2005-2010 -നിടയില്‍ വെറും രണ്ടു ഹിറ്റുകള്‍ മാത്രം. റണ്‍വേ -യും ചാന്തു പൊട്ടും .. എന്നിട്ടും ഈ നടന്റെ താര മൂല്യത്തിനു ഒരു ഇളക്കവും സംഭവിച്ചില്ല.. മലയാള സിനിമ കണ്ട തന്ത്ര ശാലിയായ ഈ നടന്‍ തന്റെ തന്ത്രങ്ങള്‍ കൊണ്ടു മാത്രം ഇക്കാലമത്രയും നിറഞ്ഞു നിന്നു.. പക്ഷെ ഭാഗ്യം വീണ്ടും ദിലീപിനൊപ്പം ആകുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അഞ്ചു ചിത്രങ്ങളില്‍ നാലും ഹിറ്റാക്കി പഴയ വിജയ പാതയിലേക്ക് തിരിച്ചു വരികയാണ്. ആഗതന്‍ , ബോഡി ഗാര്‍ഡ് , കാര്യസ്ഥന്‍ , പാപ്പി അപ്പച്ചാ , മേരിക്കുണ്ടൊരു കുഞ്ഞാട് .. ഇവയാണ് ദിലീപ് ചിത്രങ്ങള്‍ . ഇതില്‍ ആഗതന്‍ മാത്രമേ പരാജയപ്പെട്ടുള്ളൂ.

ജയറാം.
ഈ പഴയ ജനപ്രിയ താരത്തിനു മൂന്നു ചിത്രങ്ങളുണ്ടായിരുന്നു.. കഥ തുടരുന്നു, ഫോര്‍ ഫ്രെണ്ട്സ്, ഹാപ്പി ഹസ്ബന്റ്സ് ഇതില്‍ ഫോര്‍ ഫ്രെണ്ട്സ് പരാജയമായി. ഹാപ്പി ഹസ്ബന്റ്സ്. ഈ വര്‍ഷത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്.

പ്രിഥ്വിരാജ് .
മലയാളത്തിന്റെ ' യങ്ങ് ' സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഈ നടന്റെ മമ്മൂട്ടി ഒടൊപ്പം അഭിനയിച്ച ' പോക്കിരി രാജാ' ബോക്സ്‌ ഓഫീസില്‍ തകര്‍പ്പന്‍ ഹിറ്റ്‌ ആയപ്പോള്‍ താന്തോന്നി, അന്‍വര്‍ , ദ് ത്രില്ലെര്‍ എന്നീ മറ്റു സിനിമകള്‍ പരാജയപ്പെട്ടു.


യുവ താരങ്ങളിലെ പ്രമുഖരായ ജയസുര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഒരിപിടി  ചിത്രങ്ങളുമായി ഈ വര്ഷം സജീവമായിരുന്നു. മമ്മി & മി , എല്‍സമ്മ , സകുടുംബം ശ്യാമള തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. 

ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ അമിതാഭ് ബച്ചനും, കമല്‍ ഹാസ്സനും ഓരോ മലയാള ചിത്രത്തില്‍ അഭിനയിച്ചു എന്നതും ഈ വര്‍ഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവരുടെ സാന്നിധ്യ മുണ്ടായിട്ടും ആ രണ്ടു ചിത്രങ്ങളും( കാണ്ഡഹാര്‍ , ഫോര്‍ ഫ്രെണ്ട്സ് ) വലിയ പരാജയമായി.

സംവിധായകര്‍ .
സൂപ്പര്‍ സംവിധായകന്‍  'ലാലിന്റെ' ഇന്‍  ഗോസ്റ്റ് ഹൌസ് ഇന്‍ സൂപ്പര്‍ ഹിറ്റ്‌ ആയപ്പോള്‍ മറ്റൊരു ചിത്രമായ ' ടൂര്‍ണമെന്റ്' വലിയ അഭിപ്രായമൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു. പുതുമയുള്ള തിരക്കഥയുമായി ' രഞ്ജിത്ത്' വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു.. 'തിരക്കഥ ക്കും' ' പാതിരാ കൊലപാതകത്തിനും' ശേഷം ഈ വര്‍ഷം ' പ്രാഞ്ചിയേട്ടനു' പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയെടുത്തു. സിദ്ദിക്-ന്റെ ബോഡി ഗാര്‍ഡും സാമാന്യ വിജയം നേടി. ഹിറ്റ്‌ ആയ ' ശിക്കാര്‍ ' ഒരുക്കിയത് പത്മകുമാര്‍ ആയിരുന്നു. കഥ തുടരുന്നു എന്ന ചിത്രവുമായി സത്യന്‍ അന്തികാടും, ഹാപ്പി ഹസ്ബന്റ്സുമ്മായി സജി സുരേന്ദ്രനും വിജയ നിരയില്‍ പെടുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ' അപൂര്‍വ രാഗവുമായി' സിബി മലയിലും വിജയം കണ്ടു. ലാല്‍ ജോസിന്റെ ' എല്‍സമ്മ എന്ന ആണ്കുട്ടിയം' സൂപ്പര്‍ ഹിറ്റാണ്.
പുതുമുഖ സംവിധായകരില്‍ വമ്പന്‍ വിജയം നേടിയത് ' പോക്കിരി രാജയുടെ' സംവിധായകന്‍ വൈശാഖ് ആണ്. തോംസണ്‍ , മമാസ്, വിനീത് ശ്രീനിവാസന്‍ , മാര്‍ട്ടിന്‍ പ്രക്കാട്ട് ഇവരുടെ ചിത്രങ്ങളായ ' കാര്യസ്ഥനും' 'പാപ്പി അപ്പച്ചയും ', 'മലര്‍വാടി ആര്‍ട്സ് ക്ലബും ', 'ബെസ്റ്റ്  ആക്ടര്‍ ' -ഉം  വിജയം നേടി.ഒരുനാള്‍ വരും എന്ന ചിത്രവുമായി ശ്രീനിവാസന്‍ തന്റെ മകന്‍ വിനീത് ശ്രീനിവാസന്റെ ' മലര്‍വാടി' യുമായി നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുയപ്പോള്‍ മകന്റെ സിനിമയ്ക്കുമുന്നില്‍ അച്ഛന്റെ സിനിമ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയും 2010 സമ്മാനിച്ചു.   ' കൊക്ക് ടയില്‍ ' എന്ന ചിത്രം സംവിധാനം ചെയ്ത അരുണ്‍കുമാര്‍ എന്ന നവാഗതനും പ്രശംസ പിടിച്ചു പറ്റി.

നായികമാര്‍ .
ചെറിയൊരു ഇടവേളയ്ക്കു ശേഷം കാവ്യാ മാധവന്‍ ' പാപ്പി അപ്പച്ചാ' എന്ന ദിലീപ് ചിത്രത്തിലൂടെ തിരിച്ചു വന്നു. ഭാമ, ശ്വേത മേനോന്‍ , ലകഷ്മി ഗോപാലസ്വാമി , ഉര്‍വശി തുടങ്ങിയവരും ഒന്നിലധികം ചിത്രങ്ങളുമായി സജീവമായിരുന്നു. അഖില, അനന്യ, ആന്‍ എന്നീ പുതുമുഖ നടിമാര്‍ ഈ വര്‍ഷം വിജയ ചിത്രങ്ങളിലൂടെ അരങ്ങേറ്റം നടത്തി.

ആദരാഞ്ജലികള്‍ .
മലയാളത്തിന്റെ പ്രതിഭകള്‍ ആയിരുന്ന സര്‍വ ശ്രീ . ഗിരീഷ്‌ പുത്തഞ്ചേരി , കൊച്ചിന്‍ ഹനീഫ , വേണു നാഗവള്ളി , എം .ജി . രാധാകൃഷ്ണന്‍ , പി. ജി. വിശ്വംഭരന്‍ , ശ്രീ നാഥ്‌ , സുബയിര്‍ , മങ്കട രവിവര്‍മ , ശാന്ത ദേവി , അടൂര്‍ പങ്കജം, സന്തോഷ്‌ ജോഗി എന്നിവര്‍ നമ്മെ വിട്ടു പിരിഞ്ഞതും ഈ വര്‍ഷത്തെ തീരാ നഷ്ടമാണ്.










- SIJU VIJAYAN

2010, ഡിസംബർ 30, വ്യാഴാഴ്‌ച

चांदनी

 एक सुंदर चॆहरा ,
 था,बहुत छो़टा.....
 झलकता था प्रकाश उस चॆहरॆ सॆ......
 क्या वह सूरज का प्रकाश था,
 नहीं वह चांदनी थी,
     
       दॆकॆ हमॆं वॆदना,लॆकॆ गया ईश्वर नॆ,
      चला गया था तू एक चांदनी राक मॆं.....
      विदा करकॆ सभी वॆदनाओं सॆ,
       खॆलता होगा अब तू तारों कॆ साथ.
       आया था तू ,मुझॆ दर्शन दॆनॆ...
 
तू ईश्वर ही था ..ऎसा मॆरा विश्वास है
 जी रही हूं मैं इस विश्वास पर....


-BINDU DEVARAJ

2010, ഡിസംബർ 29, ബുധനാഴ്‌ച

ഗള്‍ഫില്‍ നിന്നും ഉമ്മക്ക് എഴുതിയ ആദ്യ കത്ത് ...


19/01/1987 
അല്‍ ബഹ .

        ഒബില്ലാഹി  തൌഫീക്ക്
                    
എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉമ്മയും  ശേഷം പുരയില്‍  എല്ലാവരും വായിക്കുവാന്‍ വേണ്ടി മകന്‍ എഴുത്ത് എന്തെന്നാല്‍ ഞാന്‍ പതിനാറാം തിയതി രാവിലെ ഇവിടത്തെ സമയം പത്തു മണിക്ക് സുഖമായി  എത്തി .

കത്ത് എഴുതാന്‍ താമസിച്ചതില്‍ വെസനമുണ്ട്  ഇവിടെ ഞാന്‍ ഒരു ഓഫീസിലാന്നുള്ളത്    എന്‍റെ അറബി വന്നിട്ടില്ല  അയാള്‍ വന്നാല്‍ പണിയെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോക്കും എന്ന് ഇവിടെ ഉള്ളവര്‍ പറഞ്ഞു . ഓഫീസില്‍ പണിയെടുക്കുന്ന ഒരു തമിഴന്‍ ഉണ്ട്  അവന്‍റെ കൂടെ ആണ് ഇന്നലെയും മേനിഞാന്നും കയിച്ചുകൂട്ടിയത് ഭക്ഷണം ഒക്കെ ഇവിടെന്നു കിട്ടുന്നുണ്ട്‌ .
തമിഴന്‍റെ കയ്യില്‍ എന്‍റെ അടുത്ത് ബാക്കി ഉണ്ടായിരുന്ന പൈസ കൊടുത്തു അവനത്  റിയാലക്കി തന്നു. അതുകൊണ്ടാന്നു    കത്ത് എഴുതാന്‍ കടലാസും കവറും  മേടിച്ചത് . ഈ കൂട്ടത്തില്‍ തന്നെ  ഉപ്പക്കും  എന്‍റെ ചങ്ങായിമാര്‍ക്കും   കത്തുകള്‍ എഴുതുന്നുണ്ട് .



പിന്നെ ഫോണ്‍ ചെയ്യാന്‍  തൊനെ  പൈസവേണ്ടി വരും  ആയതിനാല്‍ ഞാന്‍ പണി എടുക്കുന്ന സ്ഥലത്ത് എത്തിട്ടു ബീവി അമ്മായിന്‍റെ  അവിടേക്ക്
വിളിക്കുന്നതാണ്.  അമ്മായിന്‍റെ  അവിടത്തെ നമ്പര്‍ എന്‍റെ അടുത്തുണ്ട് .
പിന്നെ ഉമ്മച്ചിയെ, ഇബടെ ഭയങ്കര തണുപ്പാണ്.. ഐസ് മഴ പെയ്യുന്നു..!! പുറത്തേക്ക്‌ നോക്കിടൊന്നും കാണുന്നില്ലിയാ  ആകെ മഞ്ഞു മൂടികിടക്കുന്നു. ഞാന്‍ ഈ കത്ത് എഴുതുന്നത്‌ ഓഫിസിലെ ഒരു ഹീറ്റെര്‍ന്‍റെ  മുന്‍പില്‍  ഇരുന്നാണ് .

പിന്നെ റിയാദ് വരെ ബിമാനത്തില്‍ നല്ല രസമായ്യിരുന്നു നരികുനി ഉള്ള ഒരു ഇകാക്കയും കുടുംബവും ഇണ്ടായിരുന്നു അവര്‍ എന്നേ നല്ലോണം സഹായിച്ചു അവര്‍  ഒരു ഹിന്ദിക്കാരനെ പരിജയപെടുത്തി തന്നു മുപ്പര് എന്നേ അല്‍ ബഹയിലേക്ക് ബിമാനം കേറുന്ന സ്ഥലത്ത് ആക്കി തന്നു .എയര്‍പോര്‍ട്ടില്‍ കുറച്ചു ബുദ്ധിമുട്ടായി കാരണം ബിമാനം ആറ് മണികൂര്‍ കയിഞ്ഞാണ് എന്ന്‌ പറഞ്ഞിരുന്നു പിറ്റേന്നു  പുലര്‍ചക്കാണ് അവിടെന്നു പുറപ്പെട്ടത്‌  മാത്രവുമല്ല അവര്‍ എന്‍റെ പേര് ബിളിക്കുന്നത്‌ തലകുത്തനെയായ്യിരുന്നു . അങ്ങിനെ കുറച്ചു സുയ്പ്പായി.

പിന്നെ ഉപ്പച്ചി ബോംബയില്‍ ഞാന്‍ താമസിച്ച  ലോഡ്ജിലേക്ക് കുറെ പ്രാവശ്യം ഫോണ്‍ ചെയ്തിരുന്നു നാട്ടിലേക്ക് തന്നെ മടങ്ങാന്‍ പറഞ്ഞു. കോയട്ടിക്കനോട് ഇപ്പച്ചി സംസാരിച്ചു  പിന്നെ വയക്കൊന്നും പറഞ്ഞില്ല . മുവായിരം ഉറുപ്പിക കോയട്ടിക്കന്‍റെ  പേരില്‍  പെട്ടന്ന് കിട്ടുന്ന വിതത്തില്‍ അയച്ചു തന്നിരുന്നു . അതുകൊണ്ട് ഞാനും കോയട്ടിക്കയും ബോംബായി മൊത്തം കറങ്ങി കണ്ടു  ഹാജി അലിപള്ളി കടലിന്‍റെ ഉള്ളിലാ അവിടെയും ഞങ്ങള്‍ പോയിരുന്നു . ബോംബയിലെ  സ്ഥലങ്ങള്‍ എന്ത് രസമാ കാണാന്‍ . ബലിയ ബലിയ കെട്ടിടങ്ങള്‍ എന്ത് ബലിയ റോഡ്കള്‍ ഹ ഭയങ്കര രസമായിരുന്നു .

പിന്നെ എന്‍റെ രണ്ടു പിടികയിലും  ഇടക്ക് ഇടക്ക് പോയിനോക്കാന്‍ അബൂബകര്‍ കോയനോട് പറയണം ട്ടോ .പിന്നെ എന്‍റെ മേശന്‍റെയും,  അലമാരയുടെയും  താക്കോല്‍  നടോകത്തു റെക്കിന്‍റെ മുകളില്‍  ഉണ്ട്.  അത് പോരുമ്പോ ഉമ്മചിക്ക് തെരാന്‍ നോക്കിയപ്പോള്‍ ഉമ്മച്ചി ഉശാര്‍ത്തു ഇല്ലാതെ കിടക്കയിരുന്നു   താക്കോല്‍ ഉമ്മച്ചി എടുത്തു വെക്കണട്ടോ .പിന്നെ  കുഞാച്ചുഉമ്മനോടും  ഇഞാമ്മരോടും    മുത്താപ്പമാരോടും അമ്മയിമാരോട് എന്‍റെ എല്ലാ ചങ്ങായിമാരോടും എന്‍റെ സലാം പറയണം കുഞ്ഞാമുകാക്കനെ പ്രത്യേക്കം അന്വേസിച്ചതായി പറയണം ഇകക്ക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കരയുകയായിരുന്നു .



 പിന്നെ എന്നേ  അന്വേസിക്കുന്നവരോടൊക്കെ എന്‍റെ അന്വേസണം പറയാന്‍  മറക്കരുത് .
 എന്‍റെ മുഴലുകളെ നല്ലോണം നോക്കണം സൈക്കിള്‍ അറയിലേക്ക് എടുത്തു ബെക്കണം ട്ടോ .പിന്നെ ഈ കത്ത് ന്‍റെ അഡ്രസ്സില്‍ മറുപടി അയക്കണ്ട കാരണം അറബി വന്നാല്‍ എന്നെ ബേറെ സ്ഥലത്തേക്ക് കൊണ്ട് പോക്കും ആയതുകൊണ്ട് എന്‍റെ അടുത്ത കത്തിന്നു മറുപടി അയച്ചാല്‍ മതി .

ഖത്തര്‍ലേക്ക് ഫോണ്‍ ചെയ്യാന്‍ കുറച്ചു പൈസ മതിന്നാ തമിഴന്‍ പറഞ്ഞത് .എന്‍റെ കയ്യില്‍ ഇനിയും ഇന്ത്യന്‍ പൈസ ബാക്കി ഉണ്ട് അത് മാറിട്ടു ഞാന്‍ ഉപ്പച്ചിക്ക് ഫോണ്‍ ചെയ്യുന്നതാണ്‌ . പിന്നെ   മജിദ്‌ എളാപ്പക്കും  ബഷീര്‍ കാക്കക്കും വിളിച്ചിട്ടില്ല അവരൊക്കെ  ഇവിടെന്നു കൊറേ ദൂരെയാണ് .


ഉമ്മച്ചിയെ കത്ത് എഴുതിട്ടു കയ്യി കടയുന്നു വേറെ വിശേസങ്ങള്‍ ഒന്നുമില്ല . ഉമ്മചിക്കും കുഞ്ഞോക്കും ബാവക്കും ഓരോ ചൂടുള്ള മുത്തം നല്‍കികൊണ്ട്
നിര്‍ത്തുന്നു. !


എന്ന് സ്വന്തം മകന്‍  ഉമ്മര്‍ കോയ.    അസ്സലാമു അലൈക്കും !!!



2010, ഡിസംബർ 28, ചൊവ്വാഴ്ച

1895 ഡിസംബര്‍ 28- സാമൂഹ്യന്‍ പാരിസ്സില്‍. (ആദ്യത്തെ ഫിലിം ഫെസ്റ്റിവലിലെ ആദ്യ മലയാളി ഡെലിഗേറ്റ്.)


                  


പാരിസിലെ ഗ്രാന്‍ഡ് കഫേയിലെ ഇന്ത്യന്‍  സലൂണ്‍ . ഡിസംബര്‍ 28, വര്‍ഷം 1895. ഇവിടെ ലോക ചരിത്രത്തെ ആകെ മാറ്റിമറിച്ച ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. സാമൂഹ്യന്റെ സിനിമാ കൂട്ടുകാരില്‍ വിവരമുള്ള ഒന്നു രണ്ട് സാമദ്രോഹികളത്രെ ഈ കിടിലന്‍ വാര്‍ത്ത തന്നത്. 1895-ല്‍ അല്ല..!! ഇന്നലെ.
അപ്പൊ ആ വഴിക്ക് ഗ്രാന്‍ഡ് കഫെ വരെ ഒന്നു പോയി. (ദിവാസ്വപ്നവാഹനത്തില്‍).

 കേരള ഫിലിം ഫെസ്റ്റിവെല്‍ വാര്‍ത്ത രമേശന്‍ പറഞ്ഞറിഞ്ഞതിന്റെ ഹാങോവറും ഒരു കാരണമാണ് ഈ സ്വപ്ന സഞ്ചാരത്തിന്. അവിടെ സംഭവം പ്രമാദമാണ്. സാമാന്യം “ഭയങ്കരമായ” [ഭയങ്കരം = ഭയം+കരം (ഭയം ജനിപ്പിക്കുന്നത്) മാത്രമല്ലല്ലോ മലയാളത്തില്‍, പകരം ഏതൊരു വികാരത്തിനും സാര്‍വത്രികമായി ഉപയോഗിക്കാവുന്ന ഒരു പദപ്രയോഗമത്രേ.( ഉദാ: ഭയങ്കരം മഴ, ഭയങ്കര സൌന്ദര്യം, ഭയങ്കര സുഖം, ഭയങ്കര രസം ഇത്യാതി...] ആള്‍ക്കുട്ടമുണ്ട്.

തദ്ദേശ പാരീസ് പ്രഭുക്കന്മാരില്‍ കൂറെയെണ്ണം ഉണ്ട് അവിടെ. അതീവ സുന്ദരികളായ തരുണീ രത്നങ്ങളും ഉണ്ട്. എന്തിനാണി പ്രഭുക്കൂട്ടം? അതല്ലെ രസം. പടം കാണാനാണ് നില്പ്. “സിലിമ..സിലിമ.. ”. ലവന്മാര്‍ കൂട്ടത്തോടെ അഹമഹമിഹയാ നില്‍ക്കുന്നത് ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാ കാണല്‍ ക്യൂ ആണെന്ന് ആവരില്‍ ആരും ഓര്‍ത്തുപോലും കാണില്ല. സത്യമാണേ..അതുതന്നായിരുന്നു ആദ്യത്തെ സിനിമാകൊട്ടക ക്യൂ.

സാമൂഹ്യന്‍ അവിടെ പോസ്റ്ററുകള്‍ വല്ലതുമൂണ്ടോ കീറാന്‍ എന്ന് ആലോചിച്ച് വട്ടം കറങ്ങി. മുന്നില്‍ നിന്ന തരുണീരത്നത്തിനെ നീളന്‍ ഗൌണില്‍ കയറി ഒന്ന് ചവിട്ടിയതും ലവള്‍ വീഴാനാഞ്ഞതും ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാക്യൂവിലെ തിക്കിത്തിരക്കും തട്ടിവീഴലും തെറികേള്‍ക്കലും ആയോ ആവോ. ലവള്‍ തെറി പറഞ്ഞില്ല. (പക്ഷെ ഫ്രഞ്ചില്‍ എന്തോ മൊഴിഞ്ഞു.ഏയ് തെറിയാവില്ല) ആ ങ്ങനെ ഒരുവിധത്തില്‍ ലവളും നമ്മളും ബാലന്‍സ് ഒപ്പിച്ച് മുന്നോട്ട് നീങ്ങി.

അങ്ങനെ വാതായനമെത്തിയപ്പൊ ദേ പോസ്റ്റര്‍. എന്റെ ദൈവേ...ഒന്നല്ല 10 പടങ്ങളാ കളിക്കുന്നെ. “10 പടങ്ങളേ..!!!!!!) അല്ലപ്പാ ആരിതിന്റെ സംവിധാന മഹാപ്രഭു..? ഏതായാലും ഉള്ളിലെത്തി. മൊത്തം ഇരുട്ട്. ഇനീം ഗൌണില്‍ ചവിട്ടീ ഫ്രഞ്ച് കേള്‍ക്കാനുള്ള അനാരോഗ്യം കണക്കിലെടുത്ത് ആദ്യം കണ്ട സീറ്റിലേക്ക് ഉക്കാറി..തൊട്ടടുത്ത് ഗൌണും. “ദൈവമെ.. ലോക ചരിത്രത്തില്‍  സിനിമാ കൊട്ടകക്കുള്ളിലെ...ആദ്യത്തെ....” മുഴുമിച്ചില്ല ചിന്ത. അതിനു മുന്നെ ലവളെ തള്ളിമാറ്റി വെറൊരുത്തന്‍ ഇടക്കിരുന്നു. ഗൌണിന്റെ കാമുകാനാണെന്ന് സ്വഭാവ ചലനങ്ങളില്‍ നിന്ന് വ്യക്തം.

ഇരുട്ടില്‍ ദാ തെളിയുന്നു ലോകചരിത്രത്തില്‍ ആദ്യത്തെ സിനിമാ വെള്ളിത്തിര. അതിന്റെ കൂടെ അനൌണ്‍സ്മെന്റ്. “ഞങ്ങള്‍ ലൂമിയര്‍ ബ്രദേര്‍സ് അഭിമാന പുരസ്സരം സമര്‍പ്പിക്കുന്നു... “സിനിമറ്റോഗ്രാഫ് ലൂമിയര്‍”. എന്റമ്മേ. ഇതാണപ്പാ ലോകത്തിലെ ആദ്യത്തെ സിനിമാ പ്രദര്‍ശനം . അതും കൊട്ടകേല്. പൈസ വച്ച്. പിന്നെയങ്ങോട്ട് കുറേ ബ്ലാക്ക് ആന്റ് വൈറ്റ് സംഭവങ്ങള്‍. മൊത്തം പത്തെണ്ണം. ലുമിയന്മാരും, റൊബര്‍ട്ട് റോ ബേര്‍ഡ്, സെസില്‍ റേ, ജോര്‍ജ് ഡെനി, ആല്‍ഫ്രെഡ് റെഞ്ച് തുടങ്ങിയ “ഭയങ്കരന്മാര്‍“ നിര്‍മ്മിച്ച “ഭയങ്കര സംഭവങ്ങള്‍. ഉള്ളത് പറയാമല്ലോ. ഒരൊറ്റയെണ്ണം ഒരു മണീക്കുര്‍ തികച്ചില്ല. (കേരള കഫേ- എത്രയോ ഭേദം”.)

10 പടങ്ങളില്‍ ആദ്യത്തെത് “എക്സിറ്റ് ലൈറ്റ് ഫാക്റ്ററി ഇന്‍ ലിയോണ്‍ ” (ലിയോണിലുള്ള ലൂമിയര്‍ ഫാക്റ്ററിയില്‍ നിന്ന് പുറത്തെക്ക് വരുന്ന തൊഴിലാളികള്‍. അവസാനത്തെത് “കടല്‍ ”- ലോകത്തില്‍ ആദ്യത്തെ കുളീസീന്‍ പടം. ഹീയ്യാ..കടലിലെ കുളിയാണ് പ്രമേയം. അടിപൊളിയേയ്..!!! ആദ്യത്തെ പടം, നിര്‍മ്മാണം, സംവിധാനം, ചിത്രീകരണം , വിതരണം ഉള്‍പ്പെടെ ലൂമിയര്‍ 'ബാലചന്ദ്രമേനോന്' പഠിച്ച് റെക്കാര്‍ഡാക്കി. ക്യമറ സ്വന്തം. പ്രൊജെക്ടര്‍ വേണ്ട. കാരണം ആ പണിയും ഈ ഗഡാകണ്ടന്‍ ക്യാമറ ചെയ്തോളും. “ഭയങ്കര ബുദ്ധി” എന്റമ്മച്ചീ...

ലവന്മാര്‍ക്ക് ഈ സിനിമാപ്പടം എങ്ങനെ വിജയിപ്പിക്കണമെന്നതിന്റെ “ഭയങ്കര” ഐഡിയ അന്നേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്ന ആദ്യത്തെ പടത്തിലെ തൊഴിലാളികല്‍ മിക്കവരും പെണ്ണുങ്ങളായിരുന്നതും അവസാനത്തെ കടല്‍ക്കുളിയില്‍ ഒരു തരുണീരത്നത്തെ പാലത്തീന്ന് വെള്ളത്തില്‍ ചാടിചതും. “ഭയങ്കരന്മാര്‍..!!!”

അങ്ങനെ പടങ്ങളെല്ലാം കണ്ട് കണ്ണ് നിറഞ്ഞ് “ഭയങ്കരമായ” സന്തോഷത്തോടെ ഗൌണില്‍ ചവിട്ടാതെ പുറത്ത് ചാടിയതും ഒരു “ഭീകര” ബോധോദയം ഉണ്ടായി. കടവുളേ, ഇതല്ലാരുന്നോ “ലോക ചരിത്രത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍“ എന്ന്.  ഈ പാവം സാമൂഹ്യന്‍ അതിലെ ആദ്യത്തെ മലയാളി (ഇന്ത്യന്‍) ഡെലിഗേറ്റ്. ഹൈ ഹൈ..“തന്നെ തന്നെ”-തോളില്‍ തട്ടി പറഞ്ഞത് വേറാരുമായിരുന്നില്ല. സാക്ഷാല്‍ ലൂയി ലൂമിയര്‍. ആട്ടൊഗ്രാഫ് വാങ്ങണമെന്നുണ്ടായിരുന്നു. നടന്നില്ല. ”ഭയങ്കര” തിരക്കല്ലായിരുന്നോ..? ഹൊ.!!                                                                                                അങ്ങനെ “അതി ഭയങ്കരമായ” ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പുറത്തിറങ്ങി അടുത്ത ബാറിലേക്ക് നടന്നു.

ലോക്കലാ..ആ ഇരുട്ടില്‍ ഒരു ഫ്രെഞ്ച് വിസ്കിക്ക് (ലൊക്കല്‍) ഓര്‍ഡര്‍ കൊടുത്ത് ചാരി നിന്നു. തോട്ടടുത്ത് നില്‍ക്കുന്നു ഒരു ഫ്രഞ്ച് പ്രാക്രുതന്‍. അയാല്‍ ഫ്രഞ്ചില്‍ എന്തോ പുലമ്പുന്നുണ്ട്. ഇടക്ക് “ലൂമിയര്‍“ എന്നു, “സിനിമറ്റോഗ്രാഫ്” എന്നുമൊക്കെ പുലമ്പുന്നു. എല്ലാം തീരുന്നത് നല്ല കടുപ്പത്തിലുള്ള ഫ്രഞ്ചില്‍. ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം വക്തം. ഞാ‍ന്‍ ചവിട്ടിയ ഫ്രഞ്ച് ഗൌണിന്റെ ഉടമയായ പെണ്‍കൊടി പറഞ്ഞ ചില വാക്കുകള്‍ ഇയാളും ഉപയോഗിക്കുന്നുണ്ട്. “സോറി “ എന്ന് പറയുന്നതാവും. എത്ര “ഭയങ്കരമായ” മാന്യത..!!

അപ്പൊഴേക്കു വിസികി എത്തി. ലോക്കലാണേലും സാധനം ഫ്രഞ്ച് തന്നെ..അതങ്ങനെ സിപ്പ് സിപ്പേന്ന് സേവിച്ചു. അപ്പൊഴേക്കും ഒരു ഭയങ്കര സംഭവം ഉണ്ടായിഷ്ടാ..ഹൊ. “അത് വരെ എനിക്ക് കമാന്ന് മനസ്സിലാകാതിരുന്ന വഴ-വഴാ ഫ്രഞ്ച്-ദാ മെല്ലെ മെല്ലെ മനസ്സിലാവാ‍ന്‍ തുടങ്ങുന്നു.” മൊത്തം കൂടിയന്മാരും പറയുന്ന ഫ്രഞ്ച് കലപിലാന്ന് തലക്കാത്ത് കയറുന്നു. ഞാ‍നും ഒന്ന് ട്രൈ ചെയ്താലൊ..? ഒന്നു പറഞ്ഞ് നോക്കി. ഹൈ ഹൈ. ദാ വരുന്നു നല്ല അസ്സല്‍ ഫ്രഞ്ച്. വഴ- വഴാന്ന്. (ചുമ്മാതല്ല. സാര്‍വത്രിക കുടിയന്മാരും വഴ-വഴാന്ന് കലമ്പുന്നത്. സ്വാമീ. അത് മൊത്തം ഫ്രഞ്ച് തന്നല്ല്യോ..)

 എവിടുന്നൊ “ഭയങ്കരമായ ധൈര്യം കിട്ടി. പ്രാക്രുതനോട് പേര് ചോദിച്ച്. “ഭയങ്കരം” പുള്ളിക്ക് മനസ്സിലായി. പേര് പറഞ്ഞു. “ലിയോണ്‍ ബൂലി” ( Léon Guillaume Bouly). പിന്നെ ഞാന്‍ ത്രിണം ത്രിണംന്ന് ചോദ്യം തുടങ്ങി. അപ്പോഴല്ലേ ആ “അതി ഭികര സത്യം” ക്ലിയര്‍ ആയത്.. എന്താന്നൊ..?  ഈ ബൂലിയാണത്രെ സിനിമാപിടിക്കുകേം അത് പ്രൊജക്ട് ചെയുകേം ചെയ്യുന്ന ഈ “ഭയങ്കര” യന്ത്രം “സിനമറ്റോഗ്രാഫ്” യതാര്‍ഥത്തില്‍ കണ്ട് പിടിച്ചത്. ആ പാവം പേറ്റന്റിന് അപേക്ഷിക്കുകേം ചെയ്തത്രെ. പേറ്റന്റ് കിട്ടി-“സിനിമറ്റോഗ്രാഫ് ലിയോണ്‍ ബൂലി” എന്ന പേരില്‍. 

പക്ഷെ പാവത്തിന് ലഗ്നത്തില്‍ കുചന്‍ ആരുന്നു. പേറ്റന്റ് വാടക അടക്കാന്‍ കക്ഷിടെ കീശയില്‍ കാശ് തികഞ്ഞില്ല. ഇതറിഞ്ഞ ലൂമിയറുമാര്‍ ടി ലൈസന്‍സ് പണം കെട്ടി വാങ്ങുകേം ചെയ്തു. പടവും പിടിച്ചു. പ്രദര്‍ശനോം നടത്തി നാളിതുവരെയും റോയല്‍റ്റി വാങ്ങിയിം അനുഭവിച്ചും വരുന്നു. “ഭയങ്കരന്മാര്‍” ഇത് അധികമാരും അറിയാത്ത സിനിമാ ചരിത്രം.ലോക ചരിത്രത്തില്‍ “ആദ്യത്തെ സിനിമാ ചതി”. അടികൊള്ളാന്‍ ചെണ്ട. പണം വാങ്ങാന്‍........”  ഇത് കേട്ട് “ഭയങ്കരമായ“ സങ്കടം വന്ന ഞാന്‍ അവസാനത്തെ ഫ്രാങ്കിനും ഫ്രഞ്ച് വിസികി വാങ്ങി ലിയോണിനെ കുടിപ്പിച്ചു. ഒരെണ്ണം സ്വയം തട്ടി. അയാളെ സമാധാനിപ്പിച്ച് ബാറിന്റെ വെളിയിലേക്ക്. 

റോഡ് ക്രൊസ്സ് ചെയ്തതും ഒരു കുതിര വണ്ടി ദേ വരുന്നു. വന്നതും തട്ടിയതും ഒരുമിച്ച്. കിടന്ന കിടപ്പില്‍ വണ്ടിക്കാരനെ ചീത്ത വിളിച്ചു. പച്ചക്ക്. ഫ്രെഞ്ചില്‍. ആ ഗൌണ്‍ പെണ്‍കുട്ടി ഉപയോഗിച്ച “സോറീ” ഇതാരുന്നെന്ന തിരിച്ചറിവോടെ എണീക്കന്‍ ശ്രമിച്ചപ്പോഴാ വെളിവ് വന്നത്. ദാ കിടക്കുന്നു ഞാന്‍. ഇങ്ങ് കേരളത്തിലെ ഓണം കേറാ മുലയിലെ സ്വവസതിലെ കട്ടിലിന് കീഴില്‍...!!!

എന്നാലും എന്റെ ദൈവങ്ങളേ.. ഇങ്ങനുണ്ടൊ.. ഒരു സിനിമാ ചരിത്രം..അറിയപ്പെടുന്ന സിനിമാ ചരിത്രവും റെക്കോര്‍ഡുകളും അറിയപ്പെടാ‍ത്ത ചരിത്രങ്ങളും ഒരുപിടി പുതിയ റെക്കോര്‍ഡുകളുമായി (സാമൂഹ്യന്‍ കണ്ടെത്തിയത്) 1895 ലെ “സിനിമറ്റോഗ്രാഫ് ലൂമിയര്‍” “ഭയങ്കരം”.   (ഒരു പടം പിടിക്കണം ഈ ത്രെഡ് വച്ച്ര. കേട്ടോ രഞ്ചിത്തേ..?)                                                                                                                                               

സസ്നേഹം സാമൂഹ്യന്‍ . 

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ബോംബയിലേക്കുള്ള ഞമ്മളെ ആദ്യത്തെ തീവണ്ടി യാത്ര



കോഴികോട്ടങ്ങാടിയില്‍ നിന്ന് മോന്തിയേരം  മംഗലാപുരത്ത് നിന്നും വരുന്ന  
ബോംബയിലേക്കുള്ള  വണ്ടിയിലാ ഞമ്മള് കേറിയത്‌.
റയില്‍വേ സ്റ്റേഷന്‍ വരേയ്ക്കും ഞമ്മളെ ചങ്ങായിമാരും കുടുംബക്കാരും 
ഒക്കെ ഉണ്ടായിരുന്നു  യാത്ര അയക്കാന്‍ മേണ്ടി . 


വണ്ടിയില്‍ കയറിയപ്പോള്‍ പൊരിഞ്ഞ തിരക്കായിരുന്നു ടി .ടി .ആര്‍ . ടിക്കറ്റ്‌  
മേടിച്ചുനോക്കി ഓരോരുത്തരെ അവനാ‍ന്‍റെ സീറ്റില്‍ ഇരുത്തുന്നുടായിരുന്നു . 
അതിലിടക്ക് ചായക്കാരനും കോഴിക്കോടന്‍  ഹലുവയുമായി വേറെരുത്തന്‍  
കടലക്കച്ചോടക്കാരന്‍  എന്നിങ്ങനെ കുറെ പേര്‍ .   
പത്രം വായിക്കുന്നവര്‍  ചീട്ടു കളിക്കുന്നവര്‍ ബോഗിയുടെ നാല് വാതിക്കലും ചുമ്മാ കാറ്റുകൊള്ളാന്‍ നില്‍ക്കുന്നവര്‍ ബാത്ത് റൂമിലേക്കും മറ്റു നടക്കുന്നവര്‍ .


വണ്ടി അതിവേഗത്തില്‍ സ്റ്റേഷ്‍നുകള്‍  താണ്ടി പായുകയാണ്  
അതിനൊപ്പം സമയവും പാഞ്ഞു കൊണ്ടിരുന്നു .
കുടുംബത്തെയും കൂട്ടുക്കരെയും നാട്ടുക്കാരെയും പിരിയുന്നതില്‍ ഒരല്‍പം വിഷമം  ഇല്ലാതില്ല .
 ഉറക്കം വരുന്നു മുകളിലെ ബര്‍ത്തില്‍ കയറിക്കിടന്നു ഉറങ്ങി പോയതറിഞ്ഞില്ല .


നേരം വെളുത്ത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാണുന്നത് 
കുറ്റികാടുകള്‍ നിറഞ്ഞ ഒരു മൂലയില്‍ ഞാന്‍ കിടന്ന ബോഗി മാത്രം ;
മറുവശത്തെ ജനാല പതുക്കെ പൊക്കിനോക്കുമ്പോള്‍ 
അങ്ങിങ്ങായി പല ബോഗികളും ഒറ്റയും ഇരട്ടയും ഒക്കെയായി ചിന്നി ചിതറി കിടക്കുന്നു . 
നേരെ ഓടിപോയി വാതില്‍ തുറക്കാന്‍ നോക്കി ,
പറ്റുന്നില്ല ... നാല് വാതിലും അടഞ്ഞ നിലയില്‍ തന്നെ...!!!

ഒരു നിമിഷം ഉമ്മാനെ  മനസ്സില്‍ കണ്ടു പോയി..

 കാല്‍ ഇടരുന്നതായി ,
തോന്നി തൊണ്ട വരളുന്നു ..പേടികൂടി വരുന്നു...
 ഉമ്മ പറഞ്ഞതോര്‍മ്മ വരുന്നു .   "മോനെ കണ്ണെത്താ ദുരതെക്ക്  ഇജു പോണ്ടാ...
 ഉമ്മചിക്ക് അന്നേ എപ്പോളും കാണണം...  
അനക്ക് ഇബടെ റേഡിയോ  നന്നാക്കിണ പിടിയാ ഇല്ലേ ?  
പോരാത്തതിനു ഇപ്പച്ചി ഗള്‍ഫില്‍ കഷ്ട്ട പെടുന്നുല്യേ.. ?
 പിന്നെന്തിനാ ഇജു ഇപ്പം ബോംബയിലേക്ക് പോകുന്നത് ..?
 ഗള്‍ഫിലേക്ക് പോകാന്‍ ഉള്ള വിസ ഉപ്പച്ചി അനക്ക് സെരിയാക്കി തരാത്തത് 
അവിടത്തെ  കഷ്ട്ടപാടുകള്‍ ഓര്‍ത്തിട്ടാണ് എന്ന്  ഇപ്പന്‍റെ  ഈ ആഴ്ച ബന്ന കത്തിലും എഴുതീട്ടുണ്ട് ..
 പൊന്നു  മോന്‍ ഉമ്മ പറയുന്നതും കേട്ട് ഇബടെ നിക്ക് ...!!!"
 ഈ വാക്കുകള്‍ മാത്രമേ കാതില്‍ ഒള്ളു.


തിരിച്ചു ഞാന്‍ കിടന്ന ബര്‍ത്തിന്‍റെ   അടുത്തേക്ക്‌ പതുക്കെ നടന്നു .
  ചുറ്റുപാടും ഒന്ന് നോക്കി ..
ഞാന്‍ കോഴിക്കോട് നിന്നും വണ്ടിയില്‍ കയറുമ്പോള്‍ ഉണ്ടായിരുന്നവര്‍ 
എല്ലാവരും വണ്ടിയില്‍ ഉണ്ട്.  എല്ലാവരും ഇരുന്ന സീറ്റുകള്‍ 
മുന്നായി തിരിച്ചു നല്ല ഉറക്കത്തിലാ.
പടച്ചോനെ രണ്ടു ദിവസം കഴിഞ്ഞേ ബോംബയില്‍ എത്തും എന്നാണല്ലോ എല്ലാരും പറഞ്ഞത്. 

 ഇനി ഇപ്പം ബോംബയില്‍ എത്തിയോ ?  
ഇവരാരും എന്താ ഇറങ്ങാത്തത് ..?
 പല ആള്‍ക്കാരും പറയുന്നത് കേട്ടിടുണ്ട് ബോംബയില്‍ ഭയങ്കര കൊള്ളക്കാര്‍ ഉള്ള സ്ഥലമാണ് ,
തിവണ്ടിയും ബസും തട്ടിക്കൊണ്ടു പോകും എന്നൊക്കെ ...
 ഇനിയിപ്പം വണ്ടി കൊള്ളക്കാര്‍ തട്ടി കൊണ്ട് വന്നു നിര്‍ത്തിയതാണോ
ഹേയ് അങ്ങിനെയാവാന്‍ വഴിയ്യില്ല ..
അപ്പുറത്ത് കുറെ വണ്ടിയുടെ കഷ്ണങ്ങള്‍ കാണുന്നുണ്ട്.  കിടക്കുന്നവരെ ആരെങ്കിലും ഉണര്തിയാലോ ?


അതിന്നു മുന്‍ബ്  അരയില്‍ ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞു കെട്ടി വെച്ച   
ഇരുപതിനായിരം ഉറുപിക ..
ഹാവൂ അത് അവിടെ തന്നെ ഉണ്ട് .
നാവി ഭാഗത്ത്‌ ആയതിനാല്‍ ഒരു അസോസ്ഥധ   തോന്നുന്നു..
മൂത്ര സങ്കയും ഇല്ലാതില്ല..!!
കോയട്ടിക്ക  പ്രത്യേകം പറഞ്ഞിടുന്ദ്  "പൈസ ഭദ്രമായി  ഒളിപ്പിച്ചു ബെചോണ്ടി ...
ഇല്ലെങ്കില്‍   പോക്കറ്റ് അടിക്കാര്‍ അടിച്ചോണ്ട് പോകും."
ആയതിനാലാണ് തുണി സഞ്ചി പ്രത്യകം അടിപ്പിച്ചു അരയില്‍ കെട്ടിയത് .
ബയിക്ക ചിലവിനുള്ള കുറച്ചു പൈസ പാക്കട്ടയില്‍ ഉണ്ട് ..!!



 ബണ്ടി വീ ടീ  സ്റെഷനില്‍  എത്തുമ്പോ  മുപ്പര്‍ അവിടെ കാത്തു നില്‍ക്കന്നു പറഞ്ഞിട്ടുണ്ട് .
പുറപ്പെടുന്നതിനു മുന്‍ബ്  മുപ്പര്‍ക്ക് ടെലെഗ്രാം  അടിചിടുന്ദ്.
ഇനിയെന്ത് ചെയ്യും ബദിരിങ്ങളെ  ഞാന്‍ ഇത് എവിടെയാണ് ..
ഉമ്മച്ചി പറഞ്ഞത് കേട്ടാ മതിയായിരുന്നു എന്നൊക്കെ ചിന്ദിക്കുന്നതിനിടയില്‍ ..
" ട്ടോ..."  എന്നൊരു ശബ്ദത്തോടെ  ബണ്ടി ആകെ ഒന്ന് കുലുങ്ങി  
പിറകിലേക്ക് നിങ്ങാന്‍ തുടങ്ങി .വണ്ടിയുടെ ഇടി ശബ്ദവും തുടര്‍ന്നുള്ള നീക്കവും  എല്ലാം കൊണ്ട് അതില്‍ ഉറങ്ങിയിരുന്ന മുഴുവന്‍ ആളുകളും ഉണര്‍ന്നിരുന്നു...!!!

എന്‍റെ സീറ്റില്‍ ഇരുന്നു കൊണ്ട് ഒരാള്‍ എന്നോട് ചോദിക്കുകയാ "ഹോ.. ആര്‍കോണം എത്തിലേ?"

തികച്ചും  അറിയുന്ന ആളെ പോലെ ഞാന്‍ തലയാട്ടി അതെ എന്നാ ഭാവത്തില്‍.. ! 
അവിടെന്നു മദിരാശിയില്‍  നിന്ന് വന്ന ഒരു വണ്ടിയുടെ പിറകില്‍ കെട്ടി ,
തമഴി നാടും, കര്‍ണാടകയും, ആന്ദ്രയും, മഹാരാഷ്ട്രയും  കടന്നു ബോംബയിയെ ലക്ഷിയം വെച്ച്  ആ വണ്ടി പോയികൊണ്ടേ ഇരുന്നു....


-ഉമ്മര്‍ കോയ (കുവൈറ്റ്)    

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ലീഡര്‍ യശശ്ശരീനായി.





കേരള മുന്മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. കരുണാകരന്‍ യശശ്ശരീരനായി. വാര്‍ദ്ധക്യ സഹചമായെ കടുത്ത ശാരീരികസ്വാസ്ത്ഥ്യങ്ങളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 5.30-നാണ് ജീവന്‍ വെടിഞ്ഞത്. 92 വയസ്സായിരുന്നു.                                                                                                                                


ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു മാസം മുന്‍പു പോലും രാഷ്ട്രിയ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരിന്നു അദ്ദേഹം. എ ഐ സി സി നിര്‍വാഹക സമിതി അംഗമായിരിക്കെയായിരുന്നു അന്ത്യം.                                                                                             1965-ല്‍ നിയമസഭാംഗമായ കരുണാകരന്‍ തുടര്‍ന്നിങ്ങോട്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ച രാഷ്ട്രീയ മാന്ത്രികനായിരുന്നു. 4  തവണ മുഖ്യമന്ത്രി പദവും 1 തവണ കേന്ദ്ര വ്യവസായ വകുപ്പൂം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന നിലയില്‍ അനേകം രാഷ്ട്രീയ ഇടപെടലുകള്‍ വഴിയും, വിവാദങ്ങള്‍ വഴിയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന അദ്ദേഹം വളരെ നാടകീയമായ രാഷ്ട്രിയ തിരക്കഥകളുടെ ബുദ്ധികേന്ദ്രവും ആയിരുന്നു എന്നിരിക്കിലും സുവ്യക്തവും, അതി ദ്രുഡവുമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒരു കാലഘട്ടത്തിന്റെ വ്യക്തിയായി മാറി. കേരളത്തിന്റെ ഇന്നത്തെ പുരോഗമനത്തിനു വളരെ വ്യക്തമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.                                                                                                                         ശ്രി. കെ കരുണാകരന്റെ വിയോഗത്തില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ലീഡര്‍ക്ക് മഹാരാജാസ്സിന്റെ അനുശോചനങ്ങള്‍ ..


കേരളത്തിന്റെ കരുണാകരന് നാളെ (25/12/2010) 
അന്ത്യ വിശ്രമം. 

ജന്മം കൊണ്ട് കണ്ണൂര് കാരനും ,
പ്രവര്‍ത്തന മേഘലയുടെ ആരംഭം കുറിച്ച ആള്‍ എന്ന നിലയില്‍ 'മാള'- ക്കാരനും ,
അതി ശക്തനായ നേതാവ് എന്ന നിലയില്‍ കേരളീയനും,
സുദൃടവും അവസരോചിതമായ രാഷ്ട്രീയ കുശലതയുടെ ആള്‍ രൂപമെന്ന നിലയില്‍ അതുല്യനായ ഒരു ഇന്ത്യ ക്കാരനും .....
ഇതെല്ലാമായ ശ്രി. കെ. കരുണാകരന് , സ്വപത്നി കല്യാണിക്കുട്ടി അമ്മയോടൊപ്പം , മാളയിലെ മുരളി മന്ദിരത്തിലെ മണ്ണില്‍ അന്ത്യ വിശ്രമം.
                                                                                              

2010, ഡിസംബർ 21, ചൊവ്വാഴ്ച

ഒരു കവിയുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നത് എങ്ങനെ...?



“കവിതയാണെഴുതേണ്ടത്”... മനസ്സ് പറയുന്നു.
വ്രുത്തസ്സമാസങ്ങളിഴചേര്‍ത്തടുക്കി.
ദ്വിതിയാക്ഷരപ്രാസമഴകായിണക്കി
സത്യാസത്യങ്ങള്‍ പാറ്റിപ്പെറുക്കി
മിഥ്യാതത്വങ്ങള്‍ പാടെ അടര്‍ത്തി
കവിത...നല്ല കവിത.എന്റെ കവിത.
വെളുത്ത കടലാസ്സിലഴകൊത്ത വരികള്‍
കറുത്ത നിറത്തില്‍ മുഴുപ്പൊത്തയക്ഷരം
മടക്കത്തപാലിന്ന് സ്റ്റാമ്പും പതിച്ച് 
വിലാസം കുറിച്ച കവര്‍ ചേര്‍ത്തയക്കണം

കവിത...പത്രാധിപര്‍ക്ക്.

“കവിതയാണെഴുതേണ്ടത്”.
മനസ്സ് പറയുന്നു

പത്ത് കാശൊക്കവേ വില്പനക്കെത്തും
പത്രാസ്സ് പേറും പത്രികത്താളില്‍ 
അച്ചടിച്ചൊത്തൊരു ചിത്രസ്സമേതം
അടിവരയിട്ടൊരന്‍ കവി നാമമോടെഎത്തണം
കവിത...വായനക്കാരനില്‍.

“കവിതയാണെഴുതേണ്ടത്”... 
മനസ്സ് പറയുന്നു. 

അനുഭൂതി നിറയുന്ന കവിത..
മനമെരിതിന്നു പെറ്റോരു കവിത..
അഭിനന്ദനം കൊയ്യുന്ന കവിത...
അവാര്‍ഡൊന്ന് നേടുന്ന കവിത.

”കവിതയാണെഴുതേണ്ടത്”..
മനസ്സ് പറയുന്നു.

കവറില്ല, സ്റ്റാമ്പും; വിലാസമെന്നൊന്നില്ല..
മഷിയില്ല...കീര്‍ക്കടലാസ്സില്ല കൈയ്യില്‍  
അസ്തിത്വമെങ്ങോ കളഞ്ഞ് പോയ്, 
ശിഷ്ഠ മസ്തിഷ്കമെപ്പൊഴേ നിശ്ചലം ശൂന്യം. 

“കവിതയാണെഴുതേണ്ടത്”.. 
മനസ്സ് പറയുന്നു..  

പക്ഷെ."ഭാഷയില്ലല്ലോ..!! അക്ഷരവും..!!! 

 അവധൂതന്‍
 (ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള “കവിതയാണെഴുതേണ്ടത്” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)                                                                                                                                                                                                           

2010, ഡിസംബർ 20, തിങ്കളാഴ്‌ച

മഹാരാജാസ്സില്‍ ദേശീയ സെമിനാര്‍ ഡിസംബര്‍ 20,21,22 & 23 തീയതികളില്‍ ..



കേരളത്തിലെ  പഴയ കാല സംസ്കൃത നാടകങ്ങളുടെ ഇന്നത്തെ നിലനില്‍പ്പ്‌  " കൂടിയാട്ടം" ," മുടിയേറ്റ്‌" എന്നീ കലാ രൂപങ്ങളിലാണ്. ഇതിനെ ആസ്പദമാക്കി  " THEATRE TRADITIONS CLASSICAL, FOLK AND CONTEMPORARY " എന്ന വിഷയത്തില്‍ ഒരു ദേശീയ സെമിനാര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച്  ഡിസംബര്‍ 20,21,22 & 23 തീയതികളില്‍ നടക്കുന്നു.
മഹാരാജാസിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റ്റുകളുടെയും സഹകരണത്തോടെ സംസ്കൃത വിഭാഗമാണ്‌  ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്..  ഇന്നലെ കോളേജ് ഓഡിട്ടോറിയത്തില്‍ " ശ്രി. കാവാലം നാരായണ പണിക്കര്‍ " ഉത്ഘാടനം ചെയ്തു. ഡോ. കെ. ജി. പൌലോസ് ( കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ) അധ്യക്ഷന്‍ ആയിരുന്നു. പ്രൊഫ . എം .എസ്. വിശ്വംഭരന്‍ ( ചെയര്‍മാന്‍ ,എറണാകുളം ക്ലസ്റെര്‍ ഓഫ്  കോളേജ്സ്) സ്വാഗതം  പറഞ്ഞു.  പ്രഗത്ഭരായ അനേകം വിശിഷ്ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.

Convenor:
Dr. K.G Ramadasan
H.O.D of SANSKRIT
Maharaja's College, Ernakulam.
Phone: 0484 2791913
Mob: 9496118910    e-mail: ramateertham@gmail.com

പ്രധാന പരിപാടികള്‍ :-

20-12-2010   ഒന്നാം ദിവസം 

10 am : ഉത്ഘാടനം
11am : INTERACTIVE SESSION
2pm: നങ്ങ്യാര്‍ കൂത്ത്‌ 
3pm: കൂടിയാട്ടം

 21-12-2010  രണ്ടാം ദിവസം 

FOLK, POPULAR THEATRE
10am : key-note on "MUTIYETTU AS INTANGIBLE HERITAGE OF HUMANITY"
pepers : " നാടോടി നാടകങ്ങളിലെ വിനിമയ സങ്കേതങ്ങള്‍ "
3pm: കളമെഴുത്ത്, മുടിയേറ്റ്‌ .

22-12-2010  മൂന്നാം ദിവസം 

10am : C.J THOMAS COMMEMERATION LECTURE
papers: CONTEMPORARY INTERACTION OF GREEK CLASSICS
            CINEMA  AND  DRAMA
            WOMEN'S THEATRE
3pm: performance  ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങള്‍

23-12-2010   നാലാം ദിവസം 

CLASSICAL TRADITIONS
10am: PRESENTATION OF CLASSICAL DRAMAS ON TRADITIONAL AND CONTEMPORARY STAGE.
2pm: കഥകളി 
4pm: VALEDICTORY SESSION
6pm: ഊരുഭംഗം 
        സംവിധാനം : കാവാലം നാരായണ പണിക്കര്‍
        അവതരണം: സോപാനം തിരുവനന്തപുരം

ഈ സെമിനാറില്‍ പങ്കുചേരാന്‍ എല്ലാവരെയും മഹാരാജാസ്സിലെക്ക് ക്ഷണിക്കുന്നു

(സംഘാടകര്‍ക്ക് വേണ്ടി  ഹരിയും കൂട്ടുകാരും മഹാരാജാസില്‍ നിന്നും ...)

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

സസ്നേഹം കൂട്ടുകാരന്‍...

                                                                                            

  

 ഞാന്‍ നിന്റെ കൂട്ടുകാരന്‍ ..
നിലാവിനെ പ്രണയിച്ച,
കൂരിരുട്ടിന് കൂട്ടിരുന്ന,
പെരുമഴയില്‍
നിന്നോടൊപ്പം നനഞ്ഞ,
പുഴകളോടും
പൂക്കളോടും കിന്നാരം
പറഞ്ഞു നടന്ന നിന്റെ
 അതെ
കൂട്ടുകാരന്‍ ..
മാറ്റം ഇന്നെന്റെ
ശരീരത്തിന് മാത്രം..
മനസ്സിന് മാറ്റമില്ല..
ഓര്‍ക്കുന്നുണ്ടോ നീ?.
കാലുകീറിയ കറുത്ത

പാന്റിനുള്ളില്‍ വിയര്‍പ്പോട്ടിയ മുഷിഞ്ഞ കീശയില്‍ നിറച്ചു
ഞാന്‍ നിനക്ക് കൊണ്ട് തന്ന കടലപിണ്ണാക്ക് ഇടവഴിയിലും,കലശംകോണം പാലത്തിനടിയിലും,തൊട്ടടുത്ത
പാലമരച്ചോട്ടിലും ഒരുമിച്ചിരുന്നു പങ്കുവെച്ച് തിന്നത്..
അതിനെന്തു രുചിയായിരുന്നു അല്ലെ.!!
ഒരിക്കല്‍ നീ പറഞ്ഞു ഈ പാലമരത്തില്‍ യക്ഷിയുണ്ടെന്ന്..
അതോര്‍ത്തു ഞാനെത്ര രാത്രികളില്‍ യക്ഷികളെ സ്വപനം കണ്ടു
ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്..
പറണ്ടോടന്‍ ഉപ്പാപ്പയുടെ കാട്ടുവേലി കെട്ടിമറച്ച പറമ്പിനുള്ളിലെ
ചാമ്പക്കകള്‍ പഴുത്തുതുടുത്ത് നമ്മെ നോക്കി കൊതികാട്ടി
നിന്നപ്പോള്‍ പറിച്ചെടുത്തു നിനക്ക് മതിയാവോളം ഞാന്‍ തന്നതും,
ഉറുമ്പ്‌ കടിയേറ്റു പുളഞ്ഞ എന്റെ ദേഹത്ത് നീ കരണ്ടകംചിറയിലെ
തണുത്തവെള്ളം കോരി ഒഴിച്ചതും നീയിന്നും ഓര്‍ക്കുന്നുണ്ടോ?..
അപ്പോഴും,നീ ഒന്നുമാത്രം കാണാതെ പോയി..
ബട്ടന്‍സ് പൊട്ടിയ എന്റെ ആ കറുത്ത പാന്റ്സിനുള്ളില്‍
ചാക്കുനൂല്‍ കൊണ്ട് വരിഞ്ഞു കെട്ടിയ
വിശന്നോട്ടിയ എന്റെ വയറിനെ..
അതെ,നിന്നെ എനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നു..

എബനീസര്‍ അണ്ണന്റെ സൈക്കിള്‍ കടയില്‍ നിന്നും
മണിക്കൂറിനു രണ്ടുരൂപ വാടകയ്ക്ക് എടുത്ത അര സൈക്കളില്‍
ഞാനും,നീയും ചവിട്ടാന്‍ പഠിച്ചു..
പെരുമഴയത്ത് നിറഞ്ഞോഴുകുകയായിരുന്ന മുണ്ടണിതോട്ടില്‍
ഒരു ദിവസം നമ്മള്‍ രണ്ടാളും സൈക്കിളിനോടൊപ്പം വീണു..
എന്റെ നെറ്റി പൊട്ടി രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെങ്കിലും
ഇടങ്കൈ കൊണ്ട് അതു പൊത്തി പിടിച്ച് ആ കുത്തൊഴുക്കില്‍
ഞാനാദ്യം തിരഞ്ഞത് നിന്നെ ആയിരുന്നു..
ഭാഗ്യം,നിനക്കൊന്നും പറ്റിയില്ലല്ലോ..!

തിളക്കമുള്ള നിന്റെ കുപ്പായങ്ങളില്‍ തുന്നിച്ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍ കണ്ടു ഞാനും കൊതിച്ചിട്ടുണ്ട്..എനിക്കും
അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിലെന്ന്..അത് വെറും ആഗ്രഹം മാത്രമായിരുന്നു..
ഇന്ന് വിലകൂടിയ വസ്ത്രങ്ങള്‍ എന്റെ ശരീരത്തോട് ചേര്‍ന്ന്
കിടക്കുമ്പോഴും
അന്ന് നിനക്കുണ്ടായിരുന്ന ഭംഗി എനിക്ക് കിട്ടുന്നില്ല..
എന്റെ കണ്ണുകളില്‍ ഇന്നും നിന്റെ ആ രൂപമാണ്..

കളഞ്ഞുപോയ ഒറ്റരൂപ നാണയം തിരിച്ചുകിട്ടില്ലെന്നു
ഉറപ്പായപ്പോള്‍
നീ എനിക്ക് പകരം ഒരു ഒറ്റരൂപ നാണയംതന്നു..
അന്നെനിക്കത് വെറും ഒറ്റരൂപ ആയിരുന്നില്ല..
ഒരു ദിവസത്തെ അധ്വാനത്തിന്റെ വിലയായിരുന്നു.
ഇന്ന്,
ശീതീകരിച്ച മുറിക്കുള്ളിലിരുന്നു ഇരുപത്തിഅഞ്ചു രൂപയുടെ
ജ്യൂസ്‌ കുടിക്കുമ്പോഴും,
എമ്പത് രൂപയുടെ മട്ടന്‍ബിരിയാണി കഴിക്കുമ്പോഴും ഞാനത്
ഓര്‍ക്കാറുണ്ട്..
എങ്ങനെ ഓര്‍ക്കാതിരിക്കും..
വക്കുകള്‍ചപ്പിച്ചുനുങ്ങിയ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍
എന്റെ ഉമ്മ ഉച്ചക്ക് കഴിക്കാന്‍ തരുമായിരുന്ന റേഷനരിചോറും,
തേങ്ങാചമ്മന്തിയും നിനക്കും ഇഷ്ട്ടമായിരുന്നു..
എന്നും എന്റെ ചോറ്റുപാത്രത്തില്‍ അതുമാത്രമായിരുന്നു..
നിന്റെ പാത്രത്തിലെ പൊരിച്ചമീന്‍ കഷണങ്ങള്‍ക്ക്
ഞാനും പങ്കുകാരനായി..
ചില ദിവസങ്ങളില്‍ നീ അറിയാതെ ഞാന്‍ വിശപ്പിന്റെ
വിളി അറിഞ്ഞു..
ഇരുമ്പിന്റെ ചുവയുള്ള പൈപ്പ് വെള്ളം കുടിച്ച്ഞാനെത്രനാള്‍
വിശപ്പ്‌ അകറ്റിയിരിക്കുന്നു..

നാലാം ക്ലാസ്സിലെ സുന്ദരിപെണ്ണിനോട്
നിനക്ക് പ്രണയം തോന്നിയപ്പോഴും,
പരീക്ഷകളില്‍ വടിവൊത്ത
അക്ഷരങ്ങള്‍ പതിഞ്ഞ
എന്റെ ഉത്തരകടലാസ്സുകള്‍ പകര്‍ത്തി എഴുതാന്‍
നിനക്ക് നല്‍കിയപ്പോഴും,
നീയും എന്നെപ്പോലെ ഒന്നാമനയപ്പോഴും
അഭിമാനത്തോടെ കൂടെനിന്ന അതെ കൂട്ടുകാരന്‍...
ക്ലാസ്സില്‍ നീകാട്ടിയ കുറുമ്പ് ഞാന്‍
ഏറ്റുവാങ്ങിയപ്പോള്‍
ബാബു സര്‍ എന്റെ കുഞ്ഞു കൈവെള്ളയില്‍
പകര്‍ന്നു തന്ന
ചൂരല്‍പ്രയോഗം രക്തതുള്ളികളായി നിലത്തേക്ക്
അടര്‍ന്നു വീണപ്പോഴും കരയാതെ നിന്നെ
ഞാനെന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു..
അല്ല അതിനുള്ളിലെ ആര്‍ദ്രമായ
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...
കാരണം,നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍...
ഇന്നും ഞാന്‍ നിന്നെ എന്റെ
ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു...
മറക്കില്ല ഞാന്‍ ആ ബാല്യകാലം...
അങ്ങനെ മറക്കാനാകുമോ...?

-asim kottoor

2010, ഡിസംബർ 14, ചൊവ്വാഴ്ച

ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും.


അവധൂതന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒന്നു വഴിമാറി നടക്കുകയാണ്. കുറെയേറെ സഹജീവികള്‍ ഓര്‍മ്മ മാത്രമായി മാറാതിരിക്കാന്‍ വേണ്ടി. നമ്മല്‍ കഥയും കവിതയും ഒക്കെയായി ഒരു സൌഹ്രുദക്കൂട്ടം മെനഞ്ഞെടുത്ത് വരുമ്പോള്‍ സാമൂഹ്യന്‍ വളരെ സുപ്രധാനമായ ഒരു വിഷയവുമായി എത്തിയത്. മുല്ലപ്പെരിയാര്‍ എന്ന ഭീകരതയും, ഒരിക്കലും ഒഴിയാ‍പ്പേടി നിഴലിക്കുന്ന കുഴിക്കണ്ണുകളുമായി കുറെ ജീവിതങ്ങളും നാം കണ്ടു. ഇതൊന്നും അറിയാനോ, അന്വേഷിക്കാനോ മെനക്കെടാതെ ജീവിതം ആഘോഷിക്കുന്ന ചിലരെയും അവിടെ കണ്ടു.- തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നതറിയാതെ അപരന്റെ പ്രശ്നമെന്നെണ്ണി പൊട്ടിച്ചിരിക്കുന്നവര്‍. ഇത്രയേറെ ഭീതികരമായ ഒരു പ്രശ്നം പോലും വെറും ഒരു ബ്ലോഗ് പോസ്റ്റ് എന്ന് നിസ്സാരവല്‍ക്കരിച്ച് മൌനിയാകുന്നവരില്‍ നമ്മില്‍ പലരുമുണ്ട് എന്ന് മനസ്സിലാക്കുക.                                                                                                                                            

ഒരു സംഭവം വിവരിക്കട്ടെ അവധൂതന്‍ . ഇന്നും ഒട്ടേറെ കുറ്റബോധത്തോടെ അവധൂതന്‍ ഏറ്റുപറയുകയാണ് ഒരു സത്യം. അറിയാതെയെങ്കിലും കുറെ ജീവനുകള്‍ രക്ഷിക്കാന്‍ ഒരു അവസരം പടച്ചവന്‍ തന്നത് വെറുതെ തിരസ്കരിച്ചവന്റെ വേദന. കുറ്റബോധം. അത് ഒന്ന് മാത്രമാണ് ഈ കുറിപ്പെഴുതാന്‍ അടിയനെ പ്രേരിപ്പിക്കുന്നത്. 2004 ഡിസംബര്‍ 26-ലെ (ഞായറാഴ്ച) ക്രിസ്മസ്സ് പിറ്റേന്നുള്ള ആലസ്സ്യത്തില്‍, ഡി ഡി ന്യുസ്സിലെ ഒരു ആരോഗ്യപരിപാടി കാണാന്‍ ഇരുന്നു അടിയന്‍. കേരളക്കരയാകെ ഒരു പക്ഷെ ഞായറാഴ്ചപ്പടം കാണാന്‍ തുടങ്ങുന്ന സമയം. ഒരു ചെറിയ ബ്രേക്കിങ് ന്യൂസ് താഴെ ഒഴുകുന്നു. സുമാത്രയില്‍ ഭുകമ്പ. പ്രളയത്തിന് സാധ്യത-എന്ന്. സുനാമി എന്ന പേരുപോലും പിന്നെയാണ് എത്തിയത്.ഒരു 20 മിനിട്ടില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ദ്രുശ്യങ്ങള്‍. ഒരു 35 മിനുട്ടില്‍ നിക്കോബാറിലെ മരണക്കാഴ്ചകള്‍. മനസ്സില്‍ ഒരു ഭയം തോന്നി. ഇത് ഇന്ത്യയിലേക്കെത്തും എന്ന മുന്നറിയിപ്പ് എത്തിത്തുടങ്ങി. ഭയം ഒരുതരം മായാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുന്നതറിഞ്ഞു. ടെലഫോണ്‍ ഡയറി എടുത്തു. തിരുവനന്തപുരം, ആലപ്പുഴ ഭാഗങ്ങളില്‍ ഉള്ള ചില സുഹ്രുത്തുക്കളെ അറിയിക്കാന്‍. എന്തിനോ അങ്ങാനെ തോന്നി. പക്ഷെ ആരെയും കിട്ടിയില്ല ലൈനില്‍. പൊലീസ് ഒരു മാര്‍ഗം ആയി മുന്നില്‍ തെളീഞ്ഞെങ്കിലും മടിയോടെ അത് വേണ്ടന്നു വച്ചു. “ഏയ്. സുനാമി ഇവിടൊന്നും എത്തില്ല” അത് തമിഴ്നാടിന്റെ തീരപ്രദേശത്തെത്തുമ്പോഴേക്കും ദുര്‍ബലമാകും” എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു. വീണ്ടും ടി വി യിലേക്ക്. 3 മണിയോടെ എന്റെ വിഡ്ഠിത്തത്തിന് ഉത്തരം കിട്ടി. ഈ ജീവിതം മുഴുവന്‍ ഞാന്‍ പേറേണ്ട കുറ്റബോധവും നേടി ഞാന്‍. ഒന്നൊ രണ്ടോ ഫോണ്‍ വിളികളികള്‍ ഞാന്‍ നടത്തിയിരുന്നെങ്കില്‍, എന്റെ കുറച്ച് കൂട്ടൂകാരോ, പോലിസ്സോ, ഈ അത്യാഹിതം മുന്‍കൂട്ടി അറിയുമായിരുന്നു. അവര്‍ക്ക് ഒരു പക്ഷെ കുറെ തീരവാസികള്‍ക്ക് ഈ വിപത്തിന്റെ സൂചന കൈമാറാമായിരുന്നു. അതും സുനാമി കേരളക്കരയെത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ്. അങ്ങിനെയെങ്കില്‍ കുറേ ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. അപ്പോള്‍ ആരാണ് അത്രയും ജീവഹാനിക്ക് ഉത്തരവാദി. അവദൂതനും അതില്‍ ഒരാളല്ലെ.? അതെ. തീര്‍ച്ചയായും.                          


ഇതിന് ശേഷം ഇക്കഴിഞ്ഞ മാസങ്ങളീലും ഉണ്ടായി ഒരു സുനാമി. രാത്രി 10 മണിക്ക് ശേഷം രണ്ടാമത്തെ ഭൂചലന വാര്‍ത്ത മുതല്‍ അവധൂതന്‍ ഫോണ്‍ വിളികള്‍ തുടങ്ങി. പോണ്ടിച്ചേരിയിലെ കാരക്കല്‍, തമിഴ്നാട്ടില്‍ കടലൂര്‍, ചിദംബരം, സീര്‍കാഴി തുടങ്ങിയ കടലോര പ്രദേശങ്ങളിലുള്ള കൂട്ടുകാരെയും പരിചയക്കാരെയും വിവരമറിയിക്കാന്‍. അവര്‍ ഒരുപക്ഷെ ഉറക്കമാണെങ്കിലോ..? ഇതൊന്നും അറിഞ്ഞില്ലെങ്കിലോ.? സുനാമിയിടെ രാക്ഷസ്സത്തിരകള്‍ അവിടെ എത്തിയെങ്കിലോ..?   ആദ്യത്തെ തികച്ചും നിരുത്തരവാദപരമായ നിഷ്ക്രിയത്തത്തിന്റെ കുറ്റബോധം ക്രിയാത്മകമായ ഒരു മുന്നറിയിപ്പ് സന്ദേശമാകുന്നത് അവധൂതന്‍ മനസ്സിലാക്കി. ഒടുവില്‍ നമ്മുടെ തീരമെങ്കിലും സുരക്ഷിതമാണ് എന്നറിഞ്ഞപ്പോള്‍  മനസ്സിലെ അലയാഴി ശാന്തമായതും ഒരു ഒരു നെടുവീര്‍പ്പുതിര്‍ന്നതും അവധൂതന്‍ അറിഞ്ഞു.                                                                                        

ഇപ്പോള്‍ അവധൂതന്റെ മനസ്സ് ശാന്തമല്ല. അത് വല്ലാതെ ഭയന്നിരിക്കുന്നു. വല്ലാത്തൊരു മരണഭീതി അതിനെ ആകെ ഗ്രസ്സിച്ചിരിക്കുന്നു. അസിമും, സാമൂഹ്യനും എല്ലാം അതിന് കാരണക്കാരാണ്. ആ ഭയത്തെ മറികടന്ന്‍ വല്ലാത്ത ഒരു അവജ്ഞയും എനിക്ക് തോന്നുന്നു. എന്നോട്, നമ്മളോട്, ഈ സമൂഹത്തോട്.                                                                                                                                           മുല്ലപ്പെരിയാര്‍ വിപത്തിന്റെ സൂചനകള്‍ സാമൂഹ്യനില്‍ നിന്നും നാം മനസ്സിലാക്കി. ഇതിന്റെ വെളിച്ചത്തില്‍ അവധൂതന്‍ നടത്തിയ ചില അന്വേഷണങ്ങള്‍ ആണ് ചുവടേ. വിസ്താരഭയം ഉണ്ട്. പ്രിയ വായനക്കാര്‍ ക്ഷമിക്കുക.                                                                                                                 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു. ഇവര്‍ രണ്ട് പേര്‍ കേരളത്തിന്റെ ഭാഗത്ത് സുപ്രീം കോടതിയില്‍ ഉള്ള സാക്ഷികള്‍ ആണ് എന്നത് ആശ്വാസകരം. അതേ സമയം തമിഴ്നാടിന്റെ സാക്ഷി- അണ്ണാ യൂണിവാഴ്സിറ്റി വിദഗ്ദന്‍. ഡോ. സാന്തകുമാര്‍ അയാള്‍ നടത്തിയ എഫ്. ഇ എം അനാലിസിസ് റിപ്പോര്‍ട് (1998) ചൂണ്ടിക്കാട്ടി പറയുന്നതിങ്ങനെ. “ മുല്ലപ്പെരിയാര്‍ ഡാം എല്ലാ സാധ്യമായ ലോഡ് (ജലനിരപ്പ്) കളിലും ഏതൊരു സാഹചര്യത്തിലും (ഭൂചലനമുള്‍പ്പടെ) തികച്ചും സുരക്ഷിതമാണ് “ എന്ന്. ബേബി ഡാമിന്റെ സുരക്ഷ പോലും എത്രത്തോളമാണെന്ന് കണക്കിലെടുത്തില്ല ഇയാള്‍.  നവ.25 ലെ മാധ്യമ റിപ്പൊര്‍ട് പ്രകാരം ഇതെ വിദഗ്ദന്റെ നേത്രുത്വത്തില്‍ മറ്റൊരു പഠനം കൂടി നടത്താനുള്ള തയാറെടുപ്പിലാ‍ണ് തമിഴ്നാട്. “ഇത്തവണ ബേബി ഡാമിന്റെ അവസ്ഥകൂടി പരിഗണിക്കുന്ന പുതിയ പഠനമാണോ അതോ 1998-ന്റെ തുടര്‍ച്ചയാണോ എന്ന ചോദ്യത്തിന് തമിഴ്നാടി അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളുടെ സാരഥ്യം വഹിക്കുന്ന “കാവേരി സാങ്കേതിക സെല്‍” ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്-“ നിങ്ങള്‍ പത്രക്കാര്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ എഴുതിക്കോളൂ. പ്രത്യേകിച്ച് നിങ്ങള്‍ പത്രക്കാരാണ് ഈ വിഷയത്തില്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് എന്ന്. (റീമാ നരേന്ദ്രന്റെ റിപ്പോര്‍ട്)                                                                                                                                                                                                                                      മറ്റൊരു വാര്‍ത്തകൂടി ലഭ്യമായി. 152 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുകൂല വിധി നേടുന്ന പക്ഷം ചൈന മാത്രുകയില്‍ “ക്ലൌഡ് സീഡിങ്”, (മുല്ലപ്പെരിയാര്‍ ക്യാച്മെന്റ് ഏരിയയില്‍ ക്രുത്രിമ മഴപെയ്യിക്കല്‍) നടത്താനും തമിഴ്നാടിന് പദ്ധതിയുണ്ടെന്ന്. (IS MULLA PERIYAR DAM SAFE?Prof.T.Shivaji Rao, Director, Centre for Environmental Studies, GITAM, Visakhapatnam)                                                                                                              നോക്കൂ.. ഇതാണ് സാഹചര്യം.                                                                                                                        യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. ഈയിടെയായി ഇടുക്കിയില്‍ മഴയുടെ തോത് പോയ വര്‍ഷത്തേക്കാല്‍ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവില്‍ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത.


ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം. മേല്‍ പറഞ്ഞ അന്വേഷണ സമിതികളോന്നും ഈ കണക്കുകള്‍ പഠിച്ചിട്ടൂണ്ടൊ എന്ന് അവധൂതന്‍ സംശയിക്കുന്നു. ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല എന്നതാണ് പറഞ്ഞ് വന്ന വസ്തുത. കൂടുതല്‍ കണക്കുകളും വിവരങ്ങളും ഇനിയും അവധൂതന് പുറകെ തരാം.                  അവധൂതന് ഇനിയൊരു വിപത്തിന്റെ സാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കാരണം ഇത് എവിടെയോ സംഭവിക്കാനുള്ള ഒന്നല്ല. നമുക്ക്, നമ്മുടെ തൊട്ടടുത്ത് സംഭവിക്കാവുന്നത്.                                  ഇത് ഒരിക്കലും സംഭവിക്കരുത്. ഒരു ദു:സ്വപ്നത്തില്‍ പോലും. നാം പഠിക്കണം. ചര്‍ച്ച ചെയ്യണം. കൂട്ടൂകാരെ അറിയിക്കണം. സാമൂഹ്യന്‍ പറഞ്ഞ് നാമറിഞ്ഞ കുഞ്ഞുങ്ങള്‍ക്കും ഭീതിയുടെ നിഴലില്‍ കഴിയുന്ന സഹജീവികള്‍ക്കും ശക്തിയേകണം. ആശ്വാസമാകണം. എന്റ് പ്രിയ സഹജീവികളേ..ഉണരുക. പ്രതികരിക്കുക. നിങ്ങള്‍ ഇനി ഉറങ്ങിയാല്‍ പ്രതികരിക്കാത്ത ശിലകളായാല്‍ ഒരു വേള എന്റെ കുറ്റബോധത്തിര നിങ്ങള്‍ ചുമക്കേണ്ടി വരും. തീര്‍ച്ച. നമുക്ക് ഒരിറ്റ് സമയമെങ്കിലും നമ്മുടെ സഹജീവികള്‍ക്കായി മാറ്റിവച്ച്കൂടെ.? ഒരു വാക്കെങ്കിലും അവര്‍ക്കായി ഉച്ഛരിച്ചുകൂടെ. ? ഒരു ചുവട് ഒരു വലിയ രക്ഷാ ദൌത്യത്തിനായി വച്ചുകൂടെ..?                                                                                                                                                                                                    തുടരും
Related Posts Plugin for WordPress, Blogger...