ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 8, ശനിയാഴ്‌ച

പ്രത്യാശയോടെ... പ്രീത



ആദ്യം ഞാന്‍ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ,കുടവൂര്‍ എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലെ താമസക്കാരിയാണ് ഞാന്‍ . വീട്ടില്‍ ഇപ്പോള്‍ എന്റെ കൂടെ അച്ഛനും അമ്മയും ആണുള്ളത്. ചേച്ചിയെ വിവാഹം ചെയ്തു അയച്ചു. 

 എന്റെ വീട് റോഡ് അരികില്‍ നിന്ന് കുറെ ഉള്ളിലാണ്. വാഹനങ്ങള്‍ ഒന്നും കടന്നു വരാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുവരവുന്ന വഴി മാത്രമാണ് വീട്ടിലേക്ക് ഉള്ളത് . ഞാന്‍ ഒരു വീല്‍ചെയര്‍ എങ്കിലും കടന്നു പോകുന്നതിനുള്ള വഴിക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വഴി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവളാണു ഞാന്‍ . മുഖ്യ മന്ത്രിയുടെ " സുതാര്യ കേരളം " പരിപാടിയിലേക്ക് വിളിച്ചു പറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല ,എന്റെ അമ്മ ഒരു ഹൃദ്രോഗി ആണ്.  ഒരിക്കല്‍  അമ്മ നെഞ്ചുവേദനയെടുത്ത് പുളഞ്ഞപ്പോള്‍ എനിക്ക് അത് കണ്ടുകൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വീല്‍ചെയറില്‍ ഇരുന്നു  എന്റെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു. അതിനുപോലും കഴിയാത്ത ഒരു മകളുടെ നിസ്സാഹായവസ്ഥ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.


"പാരാപ്ലീജിയ സ്കൊളിയോസിസ്" എന്ന രോഗത്തെ തുടര്‍ന്ന് അരയ്ക്കു കീഴ്പോട്ടു തളര്‍ന്നു പോയി. കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ ചികിത്സയിലാണ് ഞാനിപ്പോള്‍ . ചികിത്സയ്ക്കും വീട്ടിലെ ആവശ്യങ്ങള്‍ക്കുമുള്ള പണം ഞാന്‍ തന്നെ മുത്ത്‌ മാല, കമ്മല്‍ , പാദസരം, പാവക്കുട്ടികള്‍ , റോസാപ്പൂക്കള്‍ ഇവയൊക്കെ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വിറ്റാണ്  ഉണ്ടാക്കുന്നത്‌. അച്ഛന് പ്രായമായി, ഇടക്കൊകെ കൂലി പണിക്ക് പോകും..

സുഹൃത്തുക്കളാണ് എന്റെ ലോകം. ഓര്‍ക്കുട്ട്, ഫേസ് ബുക്ക്‌ ഇവയിലൂടെയും അല്ലാതെയും ഒരുപാട് കൂട്ടുകാര്‍ എനിക്കുണ്ട്. കഴിഞ്ഞ ആഴ്ച എറണാകുളത്ത് വച്ച് നടന്ന ഫേസ് ബുക്ക്‌ സംഗമത്തില്‍ സംഘാടകര്‍  എന്നെയും പങ്കെടുപ്പിച്ചു. ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ എല്ലാ പത്രങ്ങളിലും വന്നിരുന്നു.


ഇതുപോലെ എന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള മറ്റൊരു  കാര്യമാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത്...


2010 ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയതി ഉത്രാടത്തിന്റെ അന്ന് ഒരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപെട്ടു.കുറച്ചു പ്രശസ്തി നേടിയ ആ കുട്ടിയുടെ വളരെ കാലത്തെ ആഗ്രഹം ആയിരുന്നു പോലും എന്നെ പരിചെയപ്പെടണം എന്നുള്ളത്. ആ കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി.

ഞാന്‍ ഒരു റേഡിയോസ്രോതാവാണ്. ഇടയ്ക്ക് ഞാന്‍ അനന്തപുരി എഫ്.എമ്മില്‍ വിളിച്ച് എന്റെ ഇഷ്ടഗാനം ചോദിക്കാറുണ്ട്. അങ്ങനെ അവളും എന്റ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടുണ്ട്. കുറച്ചു പ്രശസ്തി ഒക്കെയുള്ള ഒരു കുട്ടി എന്നെപോലെയുള്ള ഒരാളെ പരിചെയപ്പെടണമെന്നു പറയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. അവളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചുകാര്യങ്ങള്‍ എഴുതുകയാണ്.അവള്‍ കാഴ്ചയില്ലാത്ത കുട്ടിയാണ്.കടയ്ക്കല്‍ സ്വദേശിനി. നല്ല പാട്ടുകാരി. ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പാട്ടുപാടി പത്താം റൌണ്ട് വരെ വന്ന് അതില്‍ നിന്നും പുറത്തായവളാണ്. അവളുടെ വീട്ടില്‍ അച്ഛനും, അമ്മയും, അനുജത്തിയും ഉണ്ട്. അച്ഛന്‍ തടിപ്പണിക്കും, അമ്മ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും ജോലിക്കു പോകുന്നു. അനുജത്തിയുടെ വിവാഹം കഴിഞ്ഞു. ഇങ്ങനെ സ്റ്റാര്‍സിംഗറില്‍ പങ്കെടുത്ത കുട്ടിയാണ് എന്നെ പരചയപ്പെടണം എന്ന് പറഞ്ഞത്. അത് ഞാന്‍ എങ്ങനെ വിശ്വസിക്കും. അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

"ചേച്ചീ ഞാന്‍ സ്റ്റാര്‍സിംഗറില്‍ വന്നതുകൊണ്ടാണ് എല്ലാവരും അറിഞ്ഞത്. അതിനുമുമ്പേ ചേച്ചി റേഡിയോയിലൂടെ സ്റ്റാറായി"
എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം. ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് ഇനി കിട്ടാനുള്ളത്.  എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ഇനി എഴുതാനുള്ളത്.തെറ്റാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുക.

വൈകല്യം ഒരു ശാപമാണോ? ഒരു ആണിനു എന്തെങ്കിലും വൈകല്യം വന്നല്‍ ഒരു പെണ്ണ്  അയാളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകും എന്നാള്‍ ഒരു പെണ്ണിനു എന്തെങ്കിലും വൈകല്യം ഉണ്ടായാല്‍  ഒരു ആണ് എന്തുകൊണ്ട് അവളുടെ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി ഒരു ജീവിതം നകാന്‍ മുന്നോട്ട് വരുന്നില്ല. എല്ലാ ആണുങ്ങളും അങ്ങനെയല്ല. നേരത്തെ പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം തന്നെ എടുക്കം. ഇത്ര പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് അവളുടെ അവസ്ഥ മനസ്സിലാക്കി ഒരു ജീവിതം കൊടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല. ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ്. അതുകൊണ്ടാണോ? വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നാല്‍ അവളുടെ കാര്യം കൂടി അയാള്‍ നോക്കേണ്ടിവരും എന്നുള്ള ചിന്താഗതി കൊണ്ടാണോ?

സ്ത്രീ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ? അതുകൊണ്ടാണോ വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നത്.ഇത്രയും പ്രശസ്തി കിട്ടിയ അവള്‍ക്ക് ഇങ്ങനെയൊരു അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ എന്നെ പോലെയുള്ള ഏറ്റവും  താഴെ തട്ടിലുള്ള വൈകല്യമുള്ള പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടകാര്യമില്ലല്ലോ. ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒത്തിരി സ്നേഹവുമായി എന്നെങ്കിലും ഒരാള്‍ കടന്നു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം . തല്‍ക്കാലം ഞാന്‍ ഇത്രയും എഴുതി നിറുത്തന്നു.



സ്നേഹപൂര്‍വ്വം..  പ്രീത തോന്നക്കല്‍   
mail me : preethathonnakkal@gmail.com
              vavavengodu@yahoo.in
     blog : pravaahiny.blogspot.com

6 അഭിപ്രായങ്ങൾ:

  1. പ്രീത,
    സ്നേഹം സത്യമാവുമ്പോള്‍ ശാരീരിക വൈകല്യങ്ങളുടെ അതിര്‍ വരമ്പുകള്‍ അപ്രത്യക്ഷമാകും എന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹം കിട്ടാന്‍ ഐഡിയാ സ്റ്റാറില്‍ പാടേണ്ട ആവശ്യമില്ല. പ്രശസ്തിയുടെ ആവശ്യമില്ല. സ്നേഹമാണ് പ്രധാനം. അത് ഉണ്ടാവാന്‍ പ്രത്യേകിച്ച് മാനദണ്ടങ്ങള്‍ ഒന്നുമില്ല. വൈകല്യം ഇല്ലാത്തവര്‍ക്കും അത് കിട്ടാതെ പോകുന്നില്ലേ? ബാങ്ക് ബാലന്‍സ് കണ്ടും മേക്കപ്പ് കണ്ടും സ്നേഹിക്കുന്നവരേക്കുറിച്ചല്ല ഞാന്‍ പറയുന്നത്.

    ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ് എന്ന് ജെനറലൈസ് ചെയ്യരുത്. മനുഷ്യര്‍ പലവിധം അല്ലേ. സ്വാര്‍ത്ഥരല്ലാത്തവരും ഉണ്ട്. അങ്ങനെ വിശ്വസിക്ക്. ഒരാള്‍ വരും.

    "സ്ത്രീ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ?" ഇത് വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്ന ഒന്നാണ്. സ്ത്രീയാണ് ലോകത്ത് ഏറ്റവും പവര്‍ഫുള്‍ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. ഞാനും പങ്കെടുക്കാം.

    ശ്രീനു ലാ

    മറുപടിഇല്ലാതാക്കൂ
  2. പ്രീത ചേച്ചിയെ ഞാന്‍ പരിചയപ്പെട്ടിട്ട് നാളെ ഒരു വര്‍ഷമാകുന്നു. എപ്പോഴും ചിരിച്ചു കൊണ്ട് , കുറെ സുഹൃത്തുക്കളുടെ ഒപ്പം ചേര്‍ന്ന് തന്റെ ദുഃഖങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നു.. തന്റെ കാര്യങ്ങള്‍ മാറ്റി വച്ചുപോലും മറ്റുള്ളവരെ സഹായിക്കാന്‍ കാണിക്കുന്ന താല്പര്യം ഏവരെയും അത്ഭുതപ്പെടുത്തും.. പൂക്കളും, മാലകളും, പാവകളുമൊക്കെ ഉണ്ടാക്കി വിറ്റ് ജീവിക്കാനുള്ള മാര്‍ഗം തേടുന്നു.. ഈ ചേച്ചിക്കും ഉണ്ട് അത്ര വലുതല്ലാത്ത കുറച്ചു കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ .. നല്ലവരായ സുഹൃത്തുക്കള്‍ക്ക് നേരിട്ട് പരിചയപ്പെടനമെന്നുന്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക.. 9495300423 (siju)

    മറുപടിഇല്ലാതാക്കൂ
  3. വൈകല്യത്തെ തോല്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ആ മനക്കരുത്തിനെ ഹൃദ്യമായി ആശംസിക്കുന്നു...ഇനിയും ഉയരങ്ങളിലേക്ക് എത്താന്‍ കഴിയട്ടെ....

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ പ്രീത ചേച്ചിയെ പരിചയപ്പെട്ടിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളു ഫേസ്‌ ടു ഫേസ്‌ മീറ്റിന്റെ പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ നിന്നാണു ഞാന്‍ അദ്യമായി കാണുന്നത്‌, മനസ്സില്‍ ഒത്തിരി വേദനകള്‍ ഉണ്ടാവാം പക്ഷെ അതെല്ലാം മറച്ചു പിടിച്ചു കൊണ്ടു ചിരിക്കുന്ന മുഖവും കൊച്ചു കൊച്ചു അഗ്രഹങ്ങളുമയി നിഷ്ക്കളങ്കയായ ഒരു പെണ്കുട്ടി.
    ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ നമുക്കും പരിശ്രമിക്കാം...

    മറുപടിഇല്ലാതാക്കൂ
  5. എം.എ.ലത്തീഫ്2011, ജനുവരി 12 4:33 AM

    പ്രീതയ്ക്കു എല്ലാ നന്മകളും നേരുന്നു.. ഭാവുകങ്ങളും.. പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.. അതു നിലനിര്‍ത്തുക..

    മറുപടിഇല്ലാതാക്കൂ
  6. ഓരോ ബന്ധങ്ങളും ദൈവത്തിന്‍റെ തീരുമാനങ്ങളാണ് അങ്ങനെയാവണം ഞാനും പ്രീതയുടെ കൂട്ടുകാരനായത് സ്വന്തം വിഷമങ്ങള്‍ മാറ്റിവെച്ചു മറ്റുള്ളവരുടെ വിഷമങ്ങളില്‍ വേദനിക്കുന്ന ഈ കൂട്ടുകാരിയ്ക്ക് നല്ലത് വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...