ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 24, തിങ്കളാഴ്‌ച

രണ്ട് കവിതകള്‍



1. ദൈവം. 
ദു:ഖങ്ങള്‍ മനുഷ്യനെ പിടിമുറുക്കുമ്പോള്‍
ആശ്വസിക്കാന്‍ തേടുന്ന രണ്ടക്ഷരമല്ലോ ദൈവം
പകരം വീട്ടാന്‍ കഴിവില്ലാ പാവങ്ങള്‍ക്ക്
പറഞ്ഞാശ്വസിക്കാനുള്ളതല്ലേ ദൈവം
ഇരുളിന്റെ മറവില്‍ മാംസമുരക്കുന്ന
പതിനെട്ട് തികയാത്ത പാവാടക്കാരിക്ക്
ഇരുള്‍ നല്‍കി മറയുന്ന പ്രകൃതിയോ ദൈവം
പകലന്തിയോളം പണിയെടുക്കുന്ന
പാവങ്ങളുടെ വിയര്‍പ്പ് തുള്ളിയിലോ ദൈവം
സ്വന്തം മകളെ രതിസുഖമനുഭവിപ്പിക്കുന്ന
പിതാ‍വിന്റെ കര്‍മ്മ ബോധമോ ദൈവം
ആരാണ് ദൈവം..!!
പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട
സീതയുടെ ദുരവസ്ഥയോ ദൈവം.
ശാപ കഥ പാടി മാഞ്ഞ
ശകുന്തളയെന്ന കാട്ടുപെണ്ണിലോ ദൈവം
പെരുവിരല്‍ ഗുരുദക്ഷിണയായി കൊടുക്കേണ്ടി വന്ന
ശിഷ്യനിലോ ക്രൂരനാം ദൈവം
 അതോ
നിവൃത്തികേട് കൊണ്ട് പഴമക്കാര്‍ പറഞ്ഞ് മടുത്ത
 “വിധി” എന്ന രണ്ടക്ഷരത്തിലോ ദൈവം..!!




2. കാലത്തിന്റെ ചിറകടി 

മരക്കൊമ്പില്‍ തട്ടിത്തെറിച്ച  പക്ഷിത്തുവല്‍
ഇനിയീ നീലഗോളത്തില്‍ എവിടെ മയങ്ങും..?
കാറ്റിനോടെതിരിടുന്ന അപ്പൂപ്പന്‍ താടിക്ക്
ഇനിയീ ചക്രവാളത്തില്‍ എവിടെയാണൊരിടം..?

പൊക്കിള്‍ക്കൊടിയോടകലുന്ന കുഞ്ഞെന്ന പോലെ
ഈ വനാന്തരത്തിലെവിടെയോ
ഉപേക്ഷിക്കപ്പെട്ട സാധു ജീവിതങ്ങള്‍
ജന്മം കൊടുത്തവര്‍ കര്‍മ്മം കൊണ്ടകലുമ്പോള്‍
ഇരുണ്ട രാവുകള്‍ മാറു തുരക്കുന്ന വിരസ മനനങ്ങള്‍
പടിവാതില്‍ പാതിയടച്ച പകല്‍ക്കാറ്റിന്
പിറന്ന മണ്ണിന്റെ വിയര്‍പ്പ് മണം
വരണ്ടുണങ്ങിയ നീര്‍ച്ചാലുകളില്‍
അടര്‍ന്നു വീണു കണ്ണീര്‍ക്കണങ്ങള്‍ പിന്നെയും

ഇലകൊഴിഞ്ഞ മരങ്ങളില്‍ കിളികള്‍ക്ക് കൂടൊരുക്കാം
ഈ പിറവി മറന്ന മണ്ണില്‍
ഇനിയൊരു തണലെവിടെ

ഇനിയെത്ര ചിറകടിക്ക് കാതോര്‍ക്കണം ഞാന്‍..?
ഇനിയത്ര കാതങ്ങള്‍ നടന്നകലണം ഞാന്‍..?


- പ്രതീഷ് തുറവൂര്‍ 

രണ്ടാം വര്‍ഷ ബിരുദം (മലയാള സാഹിത്യം) മഹാരാജാസ്. (mob:09744899120)

അയച്ച് തന്നത് :   മില്‍ട്ടന്‍ പി മണി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...