മലയരയ സംബന്ധം അയ്യപ്പചരിതത്തിലൂടെ സാമൂഹ്യന്‍ തുടങ്ങി വച്ച ചര്‍ച്ച നേരിയ തോതില്‍ ചൂടു പിടിച്ചു. പക്ഷെ ചൂട് വിശ്വാസം എന്ന തീമിലേക്ക് കളം മാറിയത് പെട്ടെന്നാണ്. ഒരേയൊരു പത്രലേഖകന് ആ ലേഖനം അതിയായി മുറിപ്പെടുത്തുന്നതായി തോന്നുകയും സാമൂഹ്യനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തത് നന്നായി. സാമൂഹ്യന്‍ ഇങ്ങനെ കളിക്കാന്‍ പാടുണ്ടോ സാമൂഹ്യാ..............?
സാമൂഹ്യന്‍ കപടമതേതരവാദിയാണ് എന്ന് പോലും പത്രക്കാരന്‍ കണ്ട് പിടിച്ച് കഴിഞ്ഞു.
അയ്യപ്പ ചരിതം എന്തുമാകട്ടെ അത് നമുക്ക് രാജന്‍ ഗുരുക്കള്‍ക്കും കോടതിക്കും തത്പരകക്ഷികള്‍ക്കും വിടാം. പക്ഷെ ഈ “വിശ്വാസം” സംഭവം അവധൂതനെ ഒന്ന് പിടിച്ച് കുലുക്കി. സത്യം..
അതൊന്ന്‍ കണ്ട് പിടിച്ചിട്ട് തന്നെ കാര്യും...
ഒരു കാര്യം നമ്മള്‍ സാക്ഷ്യപ്പെടുത്തി ഉണ്ടാക്കുന്ന രേഖയിലും, സത്യവാങ്മൂലത്തിലും സാധാ റെസ്യൂമെയിലും ഒക്കെ എഴുതും. “ട്രു റ്റു ദ് ബെസ്റ്റ് ഓഫ് മൈ നോളജ് ആന്റ് ബിലീഫ്”. അവിടെ എന്തിനാണാവോ “നോളജ്” എന്നും “ബിലീഫ്” എന്നും രണ്ടും രണ്ടായി കൊടുക്കുന്നത്.? “ഏകം തത് വിപ്രാ ബഹുദാ വദന്തി” എന്നല്ലേ.”ഒന്നായ നിന്നെയിഹ രണ്ടെന്ന്...” മലയാളത്തിലും പറയുന്നു. പക്ഷേ ഫിലോസഫി പഠിച്ച വിദ്വാന്മാര്‍ പറയും രണ്ടും രണ്ടാണെന്ന്. അവിടെ ഒരു വിശദീകരണം ഇങ്ങനെ. “വ്യക്തമായ തെളിവുകളോടെയുള്ള ശരിയായ വിശ്വാസം ആണ് നോളജ്” എന്ന്. അപ്പോ വിശ്വാസത്തിന്റെ ഉറപ്പാണ് നോളജ്.
ക്രിസ്തു വ്യക്തമായ ഒരു നിര്‍വചനം ഇതിന് കൊടുത്തിരിക്കുന്നത് ഇങ്ങനെ. “വിശ്വാസമെന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ തീര്‍ച്ചയും ആണ്”-എന്ന്. ഇതാണ് വിശ്വാസം. നാം എന്ത് ആഗ്രഹിക്കുന്നോ അത് എനിക്ക് ലഭിക്കുമെന്നുള്ള ഉറപ്പ്.അത് എനിക്ക് പ്രത്യക്ഷമല്ലെങ്കിലും അത് അവിടെ ഉണ്ട് എന്ന തീര്‍ച.ഇതുതന്നെയാണല്ലോ ദേവാലയങ്ങളില്‍ നാം തേടുന്നത്.
ശ്രീ. ബുദ്ധന്‍ “വിശ്വാസത്തെ" പറ്റി ഇങ്ങനെ പറയുന്നു.
“നിങ്ങള്‍ ഒരു കാര്യത്തെ കേട്ടു എന്നതുകോണ്ട് മാത്രം ഒന്നിനെയും വൃഥാ വിശ്വസിക്കരുത്. ഒരുകാര്യം പൊതുവായി പറയപ്പെടുന്നു എന്നതുകൊണ്ടോ ഒരുപാട് ആളുകള്‍ക്കിടയില്‍ കിംവദന്തിയായി വ്യാപിക്കുന്നതുകൊണ്ടോ ആയതിനെ വൃഥാ വിശ്വസിക്കരുത് .
നിങ്ങളുടെ മത ഗ്രന്ഥങ്ങളില്‍ പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നു എന്നത്കൊണ്ട് മാത്രം നിങ്ങള്‍ ആയതിനെ വൃഥാ വിശ്വസിക്കരുത്.
നിങ്ങളുടെ മൂത്തവരോ ഗുരുവോ പറഞ്ഞ്തന്നതുകൊണ്ട് മാത്രം അതിനെ നിങ്ങള്‍ വൃഥാ വിശ്വസിക്കരുത്.
പാരമ്പര്യങ്ങളെ നിങ്ങള്‍ വൃഥാ വിശ്വസിക്കരുത് കാരണം അത് തലമുറകളിലൂടെ പകര്‍ന്നു വന്നതാണ്.
പക്ഷെ നിങ്ങള്‍ക്ക് ഒന്നില്‍ വിശ്വസിക്കാം അതിനനുസരിച്ച് ജീവിക്കുകയും ആവാം; മതിയായ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം അത് യുക്തിക്ക് നിരക്കുന്നതും എല്ലാവരുടെയും നന്മക്കും ഗുണത്തിനും ഉപാകരപ്പെടുന്നതും ആണ് എന്ന് നിങ്ങള്‍ കണ്ടെത്തുമ്പോള്‍.”
എത്രയോ ശരിയാണ് ഈ കാഴ്ചപ്പാട്. ഒരുവന്റെ ദൈവവിശ്വാസം (മത വിശ്വാസാവും) എന്നത് പ്രധാനമായും അവന്റെ കുടുംബത്തില്‍ നിന്ന് (മാതാപിതാക്കളില്‍ നിന്നൊ ബന്ധുക്കളില്‍ നിന്നോ) അല്ലെങ്കില്‍ ഗുരുക്കന്മാരില്‍ നിന്ന് അല്ലെങ്കില്‍ സമുദായത്തില്‍ നിന്ന് അവന്‍ നേടുന്ന അറിവില്‍ അടിസ്ഥാനപ്പെടുത്തിയാണ്. അത് അവന്‍ സ്വയം സ്വായത്തമാക്കിയ അറിവാകണം എന്നില്ല.സാധാരണ ഗതിയില്‍ അത് മതഗ്രന്ഥങ്ങളെ ആതിഷ്ഠിതമാക്കിത്തന്നെയാണ്. അത് യുക്തിഭദ്രമാണോ എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താനും സമസ്ഥലോകത്തിന്റെയും നന്മക്ക് ഉപയുക്തമാണോ എന്ന് വിലയിരുത്താനും ചുരുക്കം ചിലരൊഴികെ ആരും ശ്രമിക്കാറുമില്ല. ഇതാണ് തെറ്റ്. അതിനു ശ്രമിക്കുന്ന “ചിലര്‍” ആകട്ടെ താന്‍ പഠിച്ചതോ കേട്ടറിഞ്ഞതോ ആയ മതകാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സത്യാന്വേഷണം നടത്താറുള്ളതും.
ഒരുദാഹരണമെടുത്താല്‍, ക്രിസ്ത്യന്‍ കാഴ്ചപ്പാടുള്ള ഒരാള്‍ ദൈവാന്വേഷണം ആരംഭിക്കുന്നത് അയാള്‍ പഠിച്ച വേദത്തെ അടിസ്ഥാനമാക്കിയല്ലേ. അതുപോലെ അവന് വെളിപ്പെടണം എന്ന് അവന്‍ ആഗ്രഹിക്കുന്ന ദൈവചൈതന്യം അവന്‍ കണ്ട് പരിചയിച്ച ദൈവരൂപങ്ങളെയോ ചിത്രങ്ങളെയോ ബന്ധപ്പെടുത്തി ആണ് താനും. ഒരു മൂര്‍ത്തിയെ ഒഴിവാക്കി നിര്‍ത്തി ദൈവാന്വേഷണത്തിന് തുനിയുന്നവര്‍ക്ക് പക്ഷെ അനുഭവങ്ങളിലൂടെ ആ ചൈതന്യും വെളിപ്പെടുന്നതായും കാണാം. അതു പോലെ ഹൈന്ദവവിശ്വാസത്തില്‍ ദൈവാന്വേഷണം വേദങ്ങളിലും ഉപനിഷത്തുകളിലും ഒക്കെയുള്ള മൂര്‍ത്തികളെയോ രൂപങ്ങളെയോ ചിത്രങ്ങളെയൊ ദൈവചൈതന്യം വ്യാപരിക്കുന്ന ഇടങ്ങളെയോ അടിസ്ഥാനപ്പെടുത്തിയാണ് . മറന്നുപോകുന്ന ഒരു വസ്ഥുത- ഈ മൂര്‍ത്തികളും ചിത്രങ്ങളും ഒക്കെ കേവലം മനുഷ്യന്റെ തന്നെ സൃഷ്ടികള്‍ തന്നെ എന്നതാണ്.
ബര്‍ണാര്‍ഡ് ഷാ പറയുന്നതിങ്ങനെ-“ വിശ്വാസരാഹിത്യമല്ല നമ്മുടെ സമൂഹത്തിന് ആപത്കരമായിരിക്കുന്നത്; മറിച്ച് വിശ്വാസം തന്നെയാണ്”. നോക്കു. ഇത് തന്നെയല്ലെ മനുഷ്യരാശിയെ ചൂഴുന്ന ഭീകരതകള്‍ക്ക് മുഴുവന്‍ അടിസ്ഥാനം.?
നോബേല്‍ ജേതാവായ ജര്‍മന്‍ ശാസ്ത്രകാരന്‍ മാക്സ് ബോണ്‍ ഇങ്ങനെ പറയുന്നു-“ഒരേയൊരു സത്യം മാത്രമേയുള്ളു എന്ന വിശ്വാസവും ആ വിശ്വാസത്തിന് ഒരു ഉടമ (ഉടമകളോ) ഉണ്ട് എന്നതാണ് ലോകത്തെ എല്ല ദുഷ്ടതകള്‍ക്കും മൂലകാരണം” “ഒരേയൊരു സത്യം മാത്രമേ ഉള്ളു. അത് ഞാന്‍ വിശ്വസിക്കുന്ന മതവും അതിലെ ദൈവവും ആണ്” എന്ന തെറ്റായ കാഴ്ചപ്പാട് എങ്ങനെ വന്നു?.
“ദൈവം” എന്ന കണ്‍സപ്റ്റ് തന്നെ പ്രകൃതി ശക്തികളെ ഭയപ്പെട്ടതുകൊണ്ടും അതിലെ അത്ഭുതങ്ങളില്‍ നിന്നും ദൂര്‍ഗ്രാഹ്യമായ ഫിനോമിനകളില്‍ നിന്നും ഉണ്ടായ ആശ്ചര്യത്തില്‍ നിന്നും. അത്തരം ശക്തികളില്‍ നിന്ന് സംരക്ഷണത്തിനായുള്ള അന്വേഷണത്തില്‍ നിന്നും ആണെന്നും പറയപ്പെടുന്നു. പക്ഷെ മത ഗ്രന്ഥങ്ങളില്‍ ദൈവശൃഷ്ടിയായ മനുഷ്യനെയാണ് കാണുക. അതായത് ദൈവചൈതന്യത്തെ അവന്‍ ജനനം മുതല്‍ കാണുകയും പിന്നീട് മനസ്സിലാക്കുകയും ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു എന്ന്‍. പക്ഷെ. ഇവിടെയൊന്നും നാമകരണം ചെയ്യപ്പെട്ട ഒരു മതത്തേയും കാണാന്‍ കഴിയില്ല.
മതങ്ങളൂം അതിലെ ഡിനോമിനേഷനുകളും ഒക്കെ ഉണ്ടായത് അതതു സമൂഹത്തിലെ പണ്ഠിത, പുരോഹിത വര്‍ഗങ്ങളുടെ വെളിപാടുകള്‍ വഴിയും ഭരണാധികാരികളൂടെ താല്പര്യമനുസ്സരിച്ചും ആയിരുന്നു. ഒട്ടുവളരെ അവതാര പുരുഷന്മാരും അക്കാലത്ത് മതരൂപീകരണത്തില്‍ സ്വാധീനം ചെലുത്തി.
ക്രിസ്ത്യന്‍ മുസ്ലീം മത ചരിത്രം നോക്കിയാല്‍, ആദിപിതാവായ അബ്രഹാം/ഇബ്രാഹീം എന്ന വിശ്വാസികളുടെ പിതാവിനെ കാണാം. അദ്ധേഹത്തിന് രണ്ട് ഭാര്യമാരിലുണ്ടായ ഇശ്മയീല്‍, ഇസഹാക് എന്നീ മക്കളിലാണ് നാം ഈ രണ്ട് മതങ്ങളുടെ വഴിപിരിയല്‍ കാണുന്നത്. അതും യഹൂദമതവും ഇസ്ലാം മതവുമായുള്ള പിളരല്‍. അതു വരെ ഒന്നായിരുന്ന ഒരു വിശ്വാസത്തിലേക്ക് ഇസ്ലാമികവും യഹൂദവുമായ കാഴ്ചപ്പാടുകള്‍ കടന്നു വരികയായിരുന്നു പിന്നീട്. പില്‍ക്കാലത്ത് ഈ രണ്ട് മതങ്ങള്‍ തമ്മില്‍ തീവ്രമായ യുദ്ധങ്ങളില്‍ പോലും ഏര്‍പ്പെടുന്നത് കാണാം. ആ പോര് ഈ വര്‍ത്തമാനത്തിലും തുടരുകയാണ്. അതുപോലെ തന്നെയാണ് ഹൈന്ദവ മതവും ഇസ്ലാം മതവും തമ്മിലുണ്ടാകുന്ന ഉരസലുകള്‍. അതിനിടയിലേക്ക് ക്രിസ്തുമതവും കടന്നു വരുന്നു. ബുദ്ധമതത്തിലും ഉണ്ടായില്ലെ ഇത്തരം ഒരു പിളര്‍പ്പ്. ഇന്നു തുടരുന്ന വാഗ്വാദവും. ഇതിനിടയില്‍ സയന്റോളജി, സൈറ്റനിക് വര്‍ഷിപ്, സൈയോണിസം തുടങ്ങി ഒട്ടനേകം പുതു മതങ്ങളും ഉളവാകുകയും ഇപ്പോഴും ഉരുത്തിരിയുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ സഭകളിലും എത്രയധികം ഡിനോമിനേഷനുകള്‍. കാത്തലിക് എന്നും പ്രൊട്ടസ്റ്റന്റ് എന്നും രണ്ടായി പിളര്‍ന്നത് കൂടാതെ തന്നെ..ഇത്തരം പിളര്‍പ്പുകള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലും വിശ്വാസ സംഹിതകളിലും അടിസ്ഥാനപ്പെടുകയും “ഇതാണ് ശരി, ഇതുമാത്രമാണ് ശരി” എന്ന തീവ്ര നിലപാടിലേക്കെത്തുകയും ചെയ്യുമ്പോഴാണ് അത് കലാപഭാവം പ്രാപിക്കുന്നത്. എന്റെ മതസംഹിത എല്ലവരും അംഗീകരിക്കണം. മറ്റൊന്നിലും അവര്‍ വിശ്വസിക്കാന്‍ പാടില്ല.എന്റെ മതത്തിന്റെ മാമൂലുകളാവണം ഈ സമൂഹത്തിന്റെ നിയമം.എന്റെ ദൈവങ്ങളാവണം ഈ ആളുകളുടെയും ദൈവം.ഇവിടെ മറ്റൊരു ദൈവസങ്കല്പമോ ആരാധനാലയമോ ഉണ്ടായിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതിനെ ഞാന്‍ ആയുധമുപയോഗിച്ച് നേരിടും.തുടങ്ങിയ കാഴ്ചപ്പാടുകളിലേക്ക് മതപണ്ഠിതരും അനുയായികളും എത്തുകായാണ് ഇന്ന്. അതിന്റെ ഭീകരതകളെ നാം നേരിടുകയും ചെയ്യുന്നു.
ബെര്‍ട്രന്റ് റസ്സല്‍ പറയുന്നു- “ഞാന്‍ എന്റെ വിശ്വാസങ്ങള്‍ക്ക് വേണ്ടി മരിക്കില്ല കാരണം എന്റെ വിശ്വസങ്ങള്‍ തെറ്റായേക്കാം”. റസ്സല്‍ പറഞ്ഞത് എത്രത്തോളം ശരിയാണ് എന്ന് ചിന്തിക്കുക.
ഇവിടെ മറ്റൊരു കാര്യം കൂടി ഉണ്ട്. മതഗ്രന്ഥങ്ങളിലെ വചനങ്ങളെയു പ്രസ്ഥാവനകളെയും വ്യാഖ്യാനിക്കുന്നതിന്റെ പ്രാധാന്യം.
മത പണ്ഠിതന്മാരും ഗുരുക്കന്മാരും പുരോഹിതരുമൊക്കെ അവരുടെതായ പ്രജുഡിസിലൂടെയോ വ്യാകരണത്തിലൂടെയോ ആണ് കാര്യങ്ങള്‍ വിശദീകരിക്കുക. “ജിഹാദ്” എന്ന വാക്കിന്റെ ക്രിത്യമായ വ്യാഖ്യാനം ഇല്ലായ്മയല്ലേ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീകരത.? അതുപോലെ തന്നെ എല്ലാ മതങ്ങളിലുമുണ്ട് യുക്തിരഹിതമായ വ്യാഖ്യാനങ്ങള്‍. ഒരുദാഹരണം മാത്രമാണ് “രാമരാജ്യം”. മറ്റൊന്ന് “കുരിശു യുദ്ധം”. ബൈബിളില്‍ ഒരു സ്നാപക യോഹന്നാന്‍ ഉണ്ട്. ക്രിസ്തുവിന് വഴിയൊരുക്കാന്‍ വന്ന പ്രൊഫെറ്റ്. അദ്ധേഹത്തിന്റെ വാസം മരുഭൂമിയില്‍. ആഹാരം “വെട്ടൂക്കിളിയും കാട്ട് തേനും”. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ഇതിനെ “പുല്‍ചാടി വര്‍ഗത്തില്‍ പെട്ട വെട്ടൂക്കിളി” ആക്കി വ്യാഖ്യാനിക്കുന്നു. സ്നാപകയോഹന്നാന്‍ എത്ര പ്രാകൃതന്‍ ..!! പക്ഷെ ഇസ്രയേലില്‍ “ഈ വെട്ടക്കിളി-വെട്ടൂക്കിളിയുടെ രൂപമുള്ള ഒരു പയര്‍ ആണ്”. അത് പുതിയനിയമത്തിന്റെ ആദിമ കയ്യെഴുത്തുപ്രതികളിലെ വെട്ടുക്കിളിയും ആംഗലേയത്തില്‍ “ലോകസ്റ്റും “ ആയി. നമ്മുടെ പുരോഹിതന്മാര്‍ക്ക് അത് പുല്‍ചാടി വര്‍ഗത്തില്‍ പെട്ട “വെട്ടൂക്കിളി” എന്ന ജീവിയും. ഇത് ഒരു ചെറിയ ഉദാഹരണം മാത്രം. 1995 ജപ്പാനിലെ റ്റൊക്യോ സബ് വേയില്‍ ഷോക്കോ അസാഹരയുടെ ആഹ്വാനമനുസ്സരിച്ച് “ഓമു ഷിന്രിക്കോ“ വിശ്വാസികള്‍ നടത്തിയ സെറിന്‍ ഗ്യാസ് കൂട്ടക്കൊലയും ഹരാകിരിയുമെല്ലാം ഓര്‍മിക്കുക. റസ്സലിന്റെ വാക്കുകളുള്‍ അതിനോട് ചേര്‍ത്ത് വായിക്കുക.
രസകരമായ മറ്റൊരു പ്രസ്താവന കൂടി ഉണ്ട്; സ്റ്റുവര്‍ട് ചേസിന്റെ വക: “വിശ്വാസികളെ സംബന്ധിച്ചിടത്തോളം, തെളിവുകള്‍ അത്യന്താപേക്ഷിതം അല്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം, തെളിവുകള്‍ ലഭിക്കാറുമില്ല.”
ഇതും ഒരു സമരഭൂമിക കാണാം. ഈശ്വര വാദവും, യുക്തിവാദവും തമ്മിലുള്ള സമരം. തെളിവുകള്‍ തേടല്‍, യുക്തിയില്‍ ആശ്രയിച്ച് കൊണ്ട് ദൈവമില്ല എന്ന വാദത്തിനെ ഉയര്‍ത്തിക്കൊണ്ട് വരല്‍. ബുദ്ധന്റെ വാക്കുകള്‍ ഓര്‍മ്മിക്കുകയാണ് ഇവിടെ യുക്തി.പല സോഴ്സുകളിലൂടെ നേടിയ വിവരങ്ങളെ യുക്തിഭദ്രമായി വിലയിരുത്താതെ അന്ധമായി വിശ്വസിക്കുന്നത്രതന്നെ അബദ്ധമല്ലേ, “ദൈവമില്ല” എന്ന ചിന്തയെ ആശ്രയിച്ച് ഉണ്ടാക്കിയെടുക്കുന്ന നിലപ്പാടുതറയില്‍ നിന്ന്കൊണ്ട് “ദൈവമില്ലായ്മക്ക് തെളിവ് തെളിവ് തേടല്‍”..? അല്ലെങ്കില്‍ “ദൈവം” എന്നതിന് തെളിവില്ലായ്മ തേടല്‍.? രണ്ടും യുക്തിരഹിതമാണ്.
പിന്നെന്താണ് “യുക്തി”..?
ജൈവികമായ ഏതൊന്നിന്റെയും അടിസ്ഥാനമായ ഡി. എന്‍. എ യുടെ ചില അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്തിയ മഹാനായ ഒരു ശാസ്ത്രജ്ഞനെ ആദരിക്കുന്ന ചടങ്ങ് നടക്കുകയാണ്. പുരസ്കാരമേറ്റു വാങ്ങിയ ശാസ്ത്രകാരന്‍ മറുപടിപ്രസംഗം നടത്തി. അതിനൊടുവില്‍ പുരസ്കാരജേതാവിനോട് സംവദിക്കാനുള്ള ഒരു അവസരവും ഉണ്ടായിരുന്നു. ഒടുവിലായി ഉന്നയിക്കപ്പെട്ട ഒരു ചോദ്യം ഇങ്ങനെ.”സര്‍ .. ജൈവികതയുടെ അടിസ്ഥാനമായ ഡി എന്‍ എ യുടെ രഹസ്യം മനുഷ്യരാശി കണ്ടെത്തി. അതിലെ മൂല ഘടകങ്ങളെയും. ഈ മൂലഘടകങ്ങളെ നമുക്ക് കൃത്രിമമായി ഉണ്ടാക്കാനും കഴിയുന്നുണ്ടല്ലോ. പക്ഷെ അതില്‍നിന്നുണ്ടാക്കിയ ഒരു കൃത്രിമ ഡി എന്‍ എ-ക്ക് ജീവന്‍ എന്നൊന്ന് കൊടുക്കാന്‍ നമുക്ക് കഴിയാത്തതെന്തേ..?” ശാസ്ത്രകാരന്‍ ഒരു നിമിഷം മൌനമായി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. “ ജീവന്‍ എന്നൊന്ന് നല്‍കാന്‍ പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന ആ ദിവ്യശക്തിക്കുമാത്രമേ കഴിയൂ”. ഈ പ്രസ്ഥാവനയില്‍ ദൈവവാദമുണ്ട്. യുക്തിവാദവുമുണ്ട്. നമുക്ക് ആവശ്യം എന്തെന്ന് നാം തന്നെ കണ്ടെത്തുക.
പുര്‍വികരുടെയും ഗുരുക്കളുടെയും പാരമ്പര്യങ്ങളൂടെയും ഗ്രന്ധങ്ങളുടെയും കേട്ടുകേള്‍വിയുടെയും നിലപാടുതറയില്‍ ഇളകാതെ നിന്നുകൊണ്ടല്ല. വിവേചനബോധത്തിന്റെയും, യുക്തിഭദ്രമായ അന്വേഷണത്തിലൂടെയും പരീക്ഷണ നിരീക്ഷണത്തിലൂടെയുമാണ്.
മതപുരോഹിതരും പ്രവാചകരും പറഞ്ഞ് തന്നതിനെ അപ്പാടെ ഉള്‍ക്കൊള്ളുകയല്ല. മറിച്ച് അതിലെ തെറ്റിനെയും ശരിയേയും നമ്മുടെ വിവേകം ഉപയോഗിച്ച് വിവേചിച്ച് മനസ്സിലാക്കുകയാണ്.
ഒരു തരത്തില്‍ ആത്മാന്വേഷണം തന്നെയാണ് ഇത്. നമ്മെ കണ്ടെത്തല്‍. സത്യത്തെ തിരിച്ചറിയല്‍. അങ്ങനെ തിരിച്ചറിവിനൊടുവില്‍ നാം കണ്ടെത്തുന്നതില്‍ ഒരു കാര്യം ഇങ്ങനെ ആയിരിക്കും.
ആത്മചൈതന്യം എന്നൊന്നുണ്ട്. അത് എന്നെ ഞാനാക്കുന്നു.
അതില്‍ നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാവം നിറയുമ്പോള്‍ ഞാന്‍ ഈശ്വരനെ കണ്ടെത്തും.
അതെ ആ പ്രപഞ്ചചാലകശക്തി എന്നിലുണ്ട്.
അതിന്റെ സൌരഭം എന്നില്‍ നിന്ന് പുറത്തേക്ക് വ്യാപരിക്കുന്നുണ്ട്.
മാത്രെമോ..ആ ചൈതന്യമല്ലേ ഈ സഹോദരനിലും ഉള്ളത്.?
എന്റെ ശ്വാസവായുവില്‍ ഉള്ളത്..?
ഈ ജലത്തിന്റെ തണുപ്പിലും വെയിലിന്റെ ചൂടിലും ഉള്ളത്റ്റ്..?
എനിക്കേറെ പ്രിയപ്പെട്ട ഈ പ്രകൃതിയില്‍ ഉള്ളത്.?
അതെ അവിടെ എനിക്ക് മതങ്ങളെയും ഗ്രന്ഥങ്ങളെയും ഗുരുപരമ്പരകളേയും പ്രവാചകരേയും പാരമ്പര്യങ്ങളെയും കാണാന്‍ കഴിയുന്നില്ല. അമൂര്‍ത്തങ്ങളായ മനുഷ്യസങ്കല്പങ്ങളെ, ചിത്രങ്ങളേ, മൂര്‍ത്തികളെ വിശുദ്ധസ്ഥലികളെ ഒന്നും കാണാനാവുന്നില്ല.
പക്ഷെ അവയൊക്കെയാണ് എന്നെ ഈ ജ്ഞാനത്തിലേക്ക് നയിച്ചത്. ആ വിശ്വാസങ്ങളാണ് എന്നെ തിരിച്ചറിവുള്ളവനും വിവേകിയും ആക്കിയത്. ആ യുക്തിയാണ് എന്നിലെ എന്നെ എനിക്ക് കാണിച്ച് തന്നത്. ഞാനും നീയും അവനും എല്ലാം ഒന്ന് തന്നെ. എന്റെ ഈശ്വരന്‍ എന്നില്‍തെന്നെയുള്ള ചൈതന്യുമാണ്. എനിക്ക് സംവദിക്കാനും, ചോദിച്ച് വാങ്ങാനും, ഇണങ്ങാനും പിണങ്ങാനും ഒക്കെ എന്നെ അനുവദിക്കുന്ന ഈശ്വര ചൈതന്യം. എന്നെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും അത്. എന്റെ മനസ്സാക്ഷിയുടെ സ്വരവും അത് തന്നെ. മനോഹരമായ ഒരു ഭൂപ്രകൃതിയെ നോക്കി നില്‍ക്കുമ്പോള്‍, കുളിരരുവിയുടെ നാദം കേള്‍ക്കുമ്പോള്‍, തുള്ളി മറിയുന്ന ഒരു പൈക്കിടാവിനെ കാണുമ്പോള്‍, സ്വഛമായിരുന്ന് കടല്‍കാറ്റേല്‍ക്കുമ്പോള്‍, മനോഹരമായ നാദം കേള്‍ക്കുമ്പോള്‍ ഒക്കെ ഈ ചൈതന്യമാണ് എന്ന് പുളകിതനാക്കുന്നത്. മനസ്സിനെ തുളുമ്പുന്ന അനുഭൂതിയിലേക്കെത്തിക്കുന്നത്.
അതിലൂടെ ഞാന്‍ ജീവിക്കും. ആനന്ദിക്കും
സ്നേഹ സൌരഭം പടര്‍ത്തും
അവസാനം
അവസാനം ഞാന്‍ ഇതേ പ്രകൃതിയിലേക്ക് വിലയം പ്രാപിക്കും.
നിര്‍വാണത്തിലേക്ക്, ജ്ഞാനത്തിനെ പാരമ്യത്തിലേക്ക്.
ചൈതന്യത്തിലേക്ക്.
അതെ “അഹം ബ്രഹ്മസ്മി”.
-അവധൂതന്‍ .