ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 21, ചൊവ്വാഴ്ച

ഒരു കവിയുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നത് എങ്ങനെ...?



“കവിതയാണെഴുതേണ്ടത്”... മനസ്സ് പറയുന്നു.
വ്രുത്തസ്സമാസങ്ങളിഴചേര്‍ത്തടുക്കി.
ദ്വിതിയാക്ഷരപ്രാസമഴകായിണക്കി
സത്യാസത്യങ്ങള്‍ പാറ്റിപ്പെറുക്കി
മിഥ്യാതത്വങ്ങള്‍ പാടെ അടര്‍ത്തി
കവിത...നല്ല കവിത.എന്റെ കവിത.
വെളുത്ത കടലാസ്സിലഴകൊത്ത വരികള്‍
കറുത്ത നിറത്തില്‍ മുഴുപ്പൊത്തയക്ഷരം
മടക്കത്തപാലിന്ന് സ്റ്റാമ്പും പതിച്ച് 
വിലാസം കുറിച്ച കവര്‍ ചേര്‍ത്തയക്കണം

കവിത...പത്രാധിപര്‍ക്ക്.

“കവിതയാണെഴുതേണ്ടത്”.
മനസ്സ് പറയുന്നു

പത്ത് കാശൊക്കവേ വില്പനക്കെത്തും
പത്രാസ്സ് പേറും പത്രികത്താളില്‍ 
അച്ചടിച്ചൊത്തൊരു ചിത്രസ്സമേതം
അടിവരയിട്ടൊരന്‍ കവി നാമമോടെഎത്തണം
കവിത...വായനക്കാരനില്‍.

“കവിതയാണെഴുതേണ്ടത്”... 
മനസ്സ് പറയുന്നു. 

അനുഭൂതി നിറയുന്ന കവിത..
മനമെരിതിന്നു പെറ്റോരു കവിത..
അഭിനന്ദനം കൊയ്യുന്ന കവിത...
അവാര്‍ഡൊന്ന് നേടുന്ന കവിത.

”കവിതയാണെഴുതേണ്ടത്”..
മനസ്സ് പറയുന്നു.

കവറില്ല, സ്റ്റാമ്പും; വിലാസമെന്നൊന്നില്ല..
മഷിയില്ല...കീര്‍ക്കടലാസ്സില്ല കൈയ്യില്‍  
അസ്തിത്വമെങ്ങോ കളഞ്ഞ് പോയ്, 
ശിഷ്ഠ മസ്തിഷ്കമെപ്പൊഴേ നിശ്ചലം ശൂന്യം. 

“കവിതയാണെഴുതേണ്ടത്”.. 
മനസ്സ് പറയുന്നു..  

പക്ഷെ."ഭാഷയില്ലല്ലോ..!! അക്ഷരവും..!!! 

 അവധൂതന്‍
 (ഈ കവിതയുടെ ഓഡിയൊ ശ്രവിക്കാന്‍ മുകളില്‍ വലത് വശത്തുള്ള “കവിതയാണെഴുതേണ്ടത്” എന്ന വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക)                                                                                                                                                                                                           

3 അഭിപ്രായങ്ങൾ:

Related Posts Plugin for WordPress, Blogger...